UPDATES

സിനിമ

ഹോളിവുഡില്‍ ഇപ്പോള്‍ (വെളുത്ത) സ്ത്രീകളുടെ കാലമാണ്

Avatar

ദാനിയേല്‍ പാക്കേറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആമി ഷൂമറുടെ ‘ട്രെയിന്റെക്കി’ലെ കിടിലന്‍ പത്രപ്രവര്‍ത്തക, ‘മാഡ് മാക്‌സ് ഫ്യൂരി റോഡി’ലെ ചാര്‍ലിസ് തെറോണിന്റെ റിബല്‍ നേതാവ് ഇമ്പെരാറ്റര്‍ ഫ്യൂരിയോസ, ‘സ്റ്റാര്‍വാര്‍സ് ദി ഫോര്‍സ് അവേക്കന്‍’സിലെ ഡേയ്‌സി റിഡ്‌ലിയുടെ റേ. ഹോളിവുഡ് കൂടുതലായി ത്രിമാനസ്വഭാവമുള്ള സ്ത്രീ കഥാപാത്രങ്ങളെ മുഖ്യവേഷങ്ങളില്‍ തെരഞ്ഞെടുക്കുന്നുണ്ട്; അതും വെളുത്ത സ്ത്രീകളെ.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച 110 ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഇരുപത്തിരണ്ടു ശതമാനം ലീഡ് റോളും നടിമാരുടെതായിരുന്നു. 2014ല്‍ നിന്നും ആറുശതമാനമാണ് ഉയര്‍ന്നിരിക്കുന്നത് എന്നാണ് സാന്‍ഡിയേഗോ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് വിമെന്‍ ഇന്‍ ടെലിവിഷന്‍ ആന്‍റ് ഫിലിം നടത്തിയ പഠനം സൂചിപ്പിക്കുന്നത്. 

ഇതൊരു പുരോഗതിയാണ് എന്ന് പഠനം നടത്തിയവര്‍ നിരീക്ഷിക്കുന്നു. മറ്റൊരുതരത്തില്‍ നോക്കിയാല്‍ 78 ശതമാനം മുഖ്യറോളുകളും പുരുഷന്മാരാണ് ഇതുവരെ കൈകാര്യം ചെയ്തതെന്നും പറയേണ്ടിവരും. 

ലീഡ് റോളില്‍ അല്ലാതെ പ്രധാന കഥാപാത്രങ്ങളായി 34 ശതമാനം സ്ത്രീകള്‍ അഭിനയിച്ച കണക്കും ഇതിനൊപ്പമുണ്ട്. 2014ല്‍ നിന്ന് അഞ്ചുശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍. സംഭാഷണമുള്ള കഥാപാത്രങ്ങളിലും മൂന്നുശതമാനം വര്‍ധനയോടെ മുപ്പത്തിമൂന്നു ശതമാനമായി മാറിയിട്ടുണ്ട്.

കാലം കഴിയുന്തോറും എന്തുകൊണ്ടാണ് ഓസ്‌കാര്‍ നോമിനിമാരുടെ നിറം വെളുപ്പാകുന്നത് എന്നും പഠനം ചര്‍ച്ച ചെയ്യുന്നുണ്ട്. സില്‍വര്‍ സ്‌ക്രീനില്‍ ഇപ്പൊള്‍ വലിയ വര്‍ണ്ണവൈവിധ്യമൊന്നും വേണ്ടെന്നായിരിക്കുന്നു. പ്രമുഖറോളുകളില്‍ ‘കറുത്ത സ്ത്രീ’കള്‍ 11 ശതമാനത്തില്‍ നിന്നും 13 ശതമാനമായെങ്കിലും ഏഷ്യന്‍ കഥാപാത്രങ്ങള്‍ നാലില്‍ നിന്ന് മൂന്നുശതമാനമായി കുറഞ്ഞു.

പ്രധാനറോളുകളിലേയ്ക്ക് സ്ത്രീകളെ എടുക്കുക എന്നത് പ്രശ്‌നത്തിന്റെ പാതി മാത്രമാണ്. സിനിമാസംവിധായകര്‍ പുരുഷ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ആഴമുള്ള കഥാപാത്രങ്ങള്‍ കൊടുക്കാറുണ്ട്.

പുരുഷന്മാരുടെ പ്രൊഫഷണല്‍ ജീവിതങ്ങള്‍ സിനിമകളില്‍ കൂടുതല്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ സ്ത്രീകളുടെ വൈവാഹിക ജീവിതത്തിനാണ് ഏറെ പ്രാധാന്യം കൊടുക്കുന്നത്. ജോലിസ്ഥലങ്ങളിലാകട്ടെ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരെയാണ് ചിത്രീകരിക്കാറുള്ളത്. 

2007 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പോപ്പുലര്‍ ആയ 700 ചിത്രങ്ങളിലെ സംഭാഷണമുള്ള 30 ശതമാനം കഥാപാത്രങ്ങളും കൈകാര്യം ചെയ്തത് സ്ത്രീകളായിരുന്നു എന്നാണ് യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. അതായത് ഓരോ 2.2 പ്രധാന പുരുഷകഥാപാത്രത്തിന് ഒരു പ്രധാന സ്ത്രീ കഥാപാത്രം എന്ന അനുപാതത്തില്‍.

ഈ പഠനത്തിലെ സ്ത്രീകള്‍ പ്രധാനമായും യുവതികളും വെളുത്തവരും എതിര്‍ലിംഗക്കാരോട് ലൈംഗികതാല്പ്പര്യമുള്ളവരുമാണ്. ചെറിയ ഉടുപ്പുകള്‍ ഇടുന്നവരും ഒപ്പം പ്രേമ റോളുകള്‍ അനായാസം ചെയ്യുന്നവരുമാണ് ആ സ്ത്രീകള്‍. 

എന്നാല്‍ ഈ പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച സ്റ്റെസി സ്മിത്ത് പറയുന്നത് സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെന്ന് മാത്രമല്ല അവരെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നു എന്നാണ്. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് കറുത്തവര്‍ഗസ്ത്രീകള്‍ക്ക് മുന്നില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഉദാഹരണങ്ങള്‍ നല്‍കുകയാണ് സിനിമ ചെയ്യുന്നത്. 

‘ആര്‍ക്കാണ് വിലയുള്ളതെന്നും ആര്‍ക്കാണ് വിലയില്ലാത്തതെന്നും ഒരു സന്ദേശം സിനിമയിലുണ്ട്’, സ്മിത്ത് പറയുന്നു.

രണ്ടുപഠനങ്ങളും ചില നന്മകളും സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ സിനിമ നിര്‍മ്മിക്കുമ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നു. ഒരു സ്ത്രീ സംവിധായികയോ ഒരു സ്ത്രീ എഴുത്തുകാരിയോ ഉണ്ടെങ്കില്‍ നാല്‍പ്പതു ശതമാനം സ്ത്രീകള്‍ക്കും സംഭാഷണങ്ങള്‍ ലഭിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍