UPDATES

വിദേശം

അമേരിക്ക പ്രതിഷേധിക്കുന്നു: ‘ഇപ്പോഴല്ലെങ്കില്‍ ഒരിക്കലുമില്ല

Avatar

മാര്‍ക്ക് ബെര്‍മാന്‍, വെസ്ലി ലോവേരി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

 

റോസ് സിറ്റിയിലെ ജനങ്ങളെ തെരുവിലേക്ക് ക്ഷണിച്ചുകൊണ്ട്, വ്യാഴാഴ്ച പോര്‍ട്ട്‌ലാന്റിലാണ് ഈ ആഹ്വാനം ഉണ്ടായത്; രാത്രിയിലെ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തിയ പോര്‍ട്ട്‌ലാന്റിന്റെ പ്രതിരോധം എന്ന സംഘടനയുടെ ഫേസ്ബുക്കില്‍ ‘ഇപ്പോഴല്ലെങ്കില്‍ ഒരിക്കലുമില്ല,’ എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു. ‘ട്രംപിന്റെ അജണ്ടകളെ നമ്മള്‍ പ്രതിരോധിക്കേണ്ടിയിരിക്കുന്നു!’.
ചോവ്വാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് അപ്രതീക്ഷിത വിജയം നേടിയതിനെ തുടര്‍ന്ന്, നിരവധി തവണ സ്ത്രീകളെയും കുടിയേറ്റക്കാരെയും മറ്റ് അനേകം ഗ്രൂപ്പുകളെയും അവഹേളിച്ച ഒരു മനുഷ്യന്റെ ആരോഹണത്തിനെതിരെ പോര്‍ട്ട്‌ലാന്റിലും മറ്റ് പ്രധാന നഗരങ്ങളിലും ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിക്കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.

മിക്കവാറും നൈസര്‍ഗികവും സമാധാനപരവുമായ ഈ പ്രകടനങ്ങളൊക്കെത്തന്നെ അത്യന്തം ഹീനവും വിഭാഗീയവുമായിരുന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തോട് ഭൂരിപക്ഷം ജനങ്ങള്‍ക്കും തോന്നിയ രോഷത്തിന്റെയും ഞെട്ടലിന്റെയും ഭീതിയുടെയും അസ്വസ്ഥതയുടെയും ബഹിര്‍സ്ഫുരണമായിരുന്നു. ഈ ആഴ്ച പ്രസിഡന്റ് ബാരക് ഒബാമയും ഹിലരി ക്ലിന്റണും ഐക്യത്തിനായി ആഹ്വാനം ചെയ്‌തെങ്കിലും അതൊന്നും വികാരശമനത്തിന് ഉപകരിച്ചില്ല. വെള്ളിയാഴ്ച രാത്രി ജനങ്ങള്‍ മിയാമിയിലും വാഷിംഗ്ടണിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ഇത് ആഴ്ചയുടെ അവസാനം വ്യാപിപ്പിക്കുകയാണ്. 

പുറത്തു നിന്നുള്ള ആളുകള്‍ നുഴഞ്ഞുകയറുകയും കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അക്രമാസക്തരാവുകയും ചെയ്തു എന്ന് സംഘാടകര്‍ ആരോപിച്ചതിന്റെ പിന്നാലെ, പോര്‍ട്ട്‌ലാന്റിലെ യോഗം കലാപകലുഷിതമായി എന്ന പോലീസ് ഭാഷ്യം പുറത്തുവന്നു. പോര്‍ട്ട്‌ലാന്റിലും ഓക്ലന്റിലും ലോസ് ആഞ്ചലസിലും ചിക്കാഗോയിലും ന്യൂയോര്‍ക്കിലും രാജ്യത്തിന്റെ മറ്റ് നഗരങ്ങളിലും പ്രതിഷേധവുമായി തെരുവിലിറങ്ങിതയതിന് അവര്‍ വ്യത്യസ്ത കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ട്രംപിനോടും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളോടുമുള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍, സമാനമനസ്‌കരോടൊപ്പം ഒത്തുചേരാനുള്ള ആഗ്രഹമാണ് മറ്റുചിലര്‍ പ്രകടിപ്പിക്കുന്നത്.

‘സ്ത്രീകള്‍ക്കും കരുതവര്‍ര്‍ക്കും മുസ്ലീങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും മറ്റ് അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ക്കും പ്രാന്തവല്‍കൃതര്‍ക്കുമെതിരെ ഏത് തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നയങ്ങള്‍ നിയുക്തപ്രസിഡന്റ് സ്വീകരിച്ചാലും, പരസ്പരം സഹായിക്കാന്‍ സാധിക്കുമെന്ന ഒരു വികാരം ജനിപ്പിക്കാനും എല്ലാവര്‍ക്കും ഒത്തുചേരാനും കഴിയുന്ന ഒരു മാര്‍ഗ്ഗമാണിത്,’ എന്ന് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള 27കാരി ജാനെറ്റ് ചിയെന്‍ വ്യാഴാഴ്ച പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.

പൊതുയോഗങ്ങള്‍ മുതല്‍ ദൈനംദിന ജീവിതത്തെ നേരിട്ടു തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ വരെയുള്ള ആക്രമോത്സുകമായ ശാരീരി പ്രതിഷേധങ്ങള്‍ ദശാബ്ദങ്ങളായി അടിത്തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആയുധമാണ്. 1960-കളിലെ പൗരാവകാശ, യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍മുതല്‍ സമീപകാലത്തെ വാള്‍ സ്ട്രീറ്റ് കൈയടക്കലും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധ പ്രസ്ഥാനങ്ങളും വരെ അമേരിക്കയിലെ കേന്ദ്ര-ഇടതു രാഷ്ട്രീയ രൂപകങ്ങളെ സംബന്ധിച്ചടത്തോളം പ്രത്യേകിച്ചും ഇതാണ് സ്ഥിതി.

ഒബാമ ഭരണകാലത്ത് പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങുകയും ദൈനംദിന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത പൗരാവകാശ, പാരിസ്ഥിതിക, കുടിയേറ്റ, തൊഴിലവകാശ സംഘടനകളും എല്‍ജിബിടി പ്രവര്‍ത്തകരും, ട്രംപ് ജയിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ഭീതിജനകമായ കാലത്തോടുള്ള പ്രതിഷേധത്തിന്റെ ആദ്യ സൂചകമെന്ന നിലയില്‍ സംഘടിതമായി തെരുവിലിറങ്ങി.
‘ട്രംപിനാല്‍ അപമാനിതരായ ജനവിഭാഗങ്ങള്‍ക്ക് ഭീഷണിയുയരുന്ന തരത്തിലുള്ളതോ, പാരിസ്ഥിതിക ക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതോ ആയ ഏതെങ്കിലും നയങ്ങള്‍ പുതിയ ഭരണകൂടം സ്വീകരിച്ചാല്‍ അതിനെ ചെറുക്കുന്നതിന് സാമൂഹിക പ്രസ്ഥാന സംഘങ്ങള്‍ തയ്യാറെടുക്കുന്നതിനാല്‍ ഭാവിയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാനുള്ള സൂചനകള്‍ ഉണ്ടെന്നുള്ളത് വ്യക്തമാണ്,’ എന്ന് ‘ദ ആര്‍ട്ട് ഓഫ് ദ പ്രൊട്ടസ്റ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവും വാഷിംഗ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാല പ്രൊഫസറുമായ ടി വി റീഡ് ചൂണ്ടിക്കാണിക്കുന്നു. ‘ട്രംപിന്റെ പ്രചാരണത്തില്‍ വ്യാപകമായി കണ്ടുവന്ന മതഭ്രാന്ത്, വംശീയത, വിദേശവിദ്വേഷം, സ്ത്രീവിരുദ്ധത തുടങ്ങിയ സ്ഥാപനവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന പുതിയ ഭരണകൂട നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരാവുന്ന ഊര്‍ജ്ജസ്വലവും വ്യാപകവുമായ പ്രതിഷേധങ്ങളുടെ സൂചകമാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് പോലെയുള്ള സമരങ്ങള്‍.’ അദ്ദേഹം പറഞ്ഞു.

 

 

പ്രകടനങ്ങള്‍ നേരിട്ടുകണ്ടതുകൊണ്ടോ അല്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നറിഞ്ഞതുകൊണ്ടോ ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലും ചിലര്‍ പ്രകടനങ്ങളില്‍ പങ്കെടുത്തതുള്‍പ്പെടെ കേട്ടറിഞ്ഞോ അല്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം കൊണ്ടോ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ നിരവധിയാണ്. മറ്റ് ചിലരാവട്ടെ സംഘടിതരായിരുന്നു. ബുധനാഴ്ച രാജ്യത്തെമ്പാടുമുള്ള നഗരങ്ങളില്‍ യോഗം ചേരാന്‍ ഒരു ലിബറല്‍ ഗ്രൂപ്പായ മൂവ്ഓണ്‍.ഓര്‍ഗ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. രാജ്യത്താകമാനം 275 നഗരങ്ങളിലും സമൂഹങ്ങളിലും വിവിധ ജനങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതായി മൂവ്ഓണിന്റെ വാഷിംഗ്ടണ്‍ ഡയറക്ടറായ ബെന്‍ വിക്ലെര്‍ പറഞ്ഞു. വ്യാപക പ്രകടനങ്ങള്‍ക്കപ്പുറം മെഴുകുതിരി കത്തിച്ചുള്ള ജാഗ്രത പ്രകടനങ്ങളും സമൂഹചര്‍ച്ചകളുമായിരുന്നു ഇവയില്‍ പലതുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ‘രാജ്യത്ത് നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നറിയുന്നത് തന്നെ വലിയൊരു ആശ്വാസമാണ്,’ എന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.

ചൊവ്വാഴ്ച അര്‍ദ്ധരാത്രി ട്രംപ് ജയിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് സ്ഥിതീകരിക്കുന്നതിന് മുമ്പ് തന്നെ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചു, പ്രതിഷേധങ്ങളുടെ പേരില്‍ ‘കൊച്ചു ബെയ്‌റൂട്ട്’ എന്ന് ഓമനപ്പേരുള്ള പോര്‍ട്ട്‌ലാന്റിലെ ആദ്യ രണ്ടുരാത്രികളിലെ പ്രകടനങ്ങളൊക്കെ അപൂര്‍വം ചില സംഭവങ്ങളൊഴിച്ചാല്‍ സമാധാനപരമായിരുന്നു.

യോഗത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കൂടി അറിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയെന്ന് സംഘാടകരും പ്രവര്‍ത്തകരും വിശേഷിപ്പിക്കുന്ന മൂന്നാമത്തെ രാത്രിയില്‍, അസ്വസ്ഥതകള്‍ ഒരു കലാപരൂപം കൈവരിച്ചു. ‘വ്യാപകമായ കുറ്റകൃത്യങ്ങളുടെയും ആപത്തിന്റെയും സ്വഭാവം’ കൈവരിച്ചതിനാല്‍, പ്രതിഷേധങ്ങളെ ‘ഇനി കലാപങ്ങളായി കണക്കാക്കും’, എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായി.

ആള്‍ക്കുട്ടത്തില്‍ ‘അരാജകവാദസംഘങ്ങള്‍’ കടന്നുകൂടിയെന്നും സമാധാനപരമായ പ്രകടനങ്ങളെ വിഭജിക്കുന്നതിനായി അവര്‍ പൊതുസ്വത്തുക്കള്‍ നശിപ്പിച്ചുവെന്നും ബേസ്‌ബോള്‍ ബാറ്റുപയോഗിച്ച് വൈദ്യുതോപകരണങ്ങള്‍ അടിച്ചുതകര്‍ത്തുവെന്നും കെട്ടിടങ്ങള്‍ സ്‌പ്രെ പെയിന്റടിച്ച് വികൃതമാക്കിയെന്നും അതിനാള്‍ തങ്ങള്‍ കുരുമുളക് പൊടിയും റബര്‍ വെടിയുണ്ടകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി എന്നും അധികൃതര്‍ വിശദീകരിക്കുന്നു.

‘പോര്‍ട്ടലാന്റിന്റെ പ്രതിരോധം’ പരിപാടിയെ കുറിച്ച് താനാണ് ഫേസ്ബുക്കില്‍ സന്ദേശങ്ങളിട്ടതെന്നും എന്നാല്‍ അക്രമണകാരികളുമായി തങ്ങളുടെ സംഘത്തിന് ബന്ധമൊന്നുമില്ലെന്നും ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് പ്രസ്ഥാനം പോര്‍ട്ട്‌ലാന്റില്‍ സംഘടിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന ഗ്രിഗൊറി മകെല്‍വി പറയുന്നു. ‘ഡൊണാള്‍ഡ് ട്രംപിന്റെ ഇരുണ്ട ഭരണകാലത്ത് വെളിച്ചവുമായി മുന്നില്‍ നിന്നും നയിക്കാന്‍ പോര്‍ട്ട്‌ലാന്റിന് അവസരം ലഭിച്ചിരിക്കുകയാണെന്ന് എന്ന് ഞാന്‍ കരുതുന്നു,’ വാടക നിയന്ത്രണം, ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍, സുരക്ഷിത തെരുവുകള്‍ തുടങ്ങി ഒരുപിടി ആവശ്യങ്ങള്‍ ഉന്നയിച്ച സംഘത്തിന്റെ വക്താവായ മകെല്‍വി പറയുന്നു. അക്രമകാരികളായ ആളുകള്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ അറിഞ്ഞപ്പോള്‍ തന്നെ അവരില്‍ നിന്നും ‘അകലം പാലിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചതായും’ മകെല്‍വി പറയുന്നു.

 

സമാധാനപരമായി പ്രതിഷേധിക്കുന്നവരുമായി ബന്ധപ്പെട്ടവരല്ല മറ്റുള്ളവരെന്നും ‘ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് പകരം വലിയൊരു ആള്‍ക്കൂട്ടമുണ്ട് എന്നതുകൊണ്ട് മാത്രം വന്നവരാണ്,’ എന്നും പോര്‍ട്ട്‌ലാന്റിലെ ഒരു സാമൂഹിക സംഘാടകയായ തെരേസ റെയ്‌ഫോഡ് പറഞ്ഞു. ‘കലാപകാരികള്‍ പൊതു ഇടങ്ങളും പ്രാദേശിക വാണീജ്യകേന്ദ്രങ്ങളും നശിപ്പിച്ചതില്‍ ഞാന്‍ ദുഃഖാകുലാനാണ്,’ എന്ന് പോര്‍ട്ട്‌ലാന്റ് മേയര്‍ ചാര്‍ലി ഹാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ‘നാലായിരത്തിലധികം വരുന്ന പ്രതിഷേധക്കാരില്‍ ഭൂരിപക്ഷം സമാധാനം സൂക്ഷിക്കുകയും പോര്‍ട്ട്‌ലാന്റ് പോലീസിന്റെ സുരക്ഷ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്‌തെങ്കിലും, അക്രമവും ഭീതിയും വ്യാപിപ്പിച്ചുകൊണ്ട് അരാജകവാദികള്‍ ഇവരെ നിശബ്ദരാക്കി.’

‘ചില കറുത്തവരുടെ സംഘടനകളുമായി കൈകോര്‍ത്ത’ അരാജകവാദികള്‍, ‘ശരീരം മുഴുവന്‍ മറയ്ക്കുകയും ആയുധങ്ങള്‍ ഒളിപ്പിക്കുകയും ചെയ്തുകൊണ്ട്’ പ്രകടനങ്ങളില്‍ നുഴഞ്ഞുകയറിയതായി പോര്‍ട്ട്‌ലാന്റ് പോലീസ് വക്താവ് പെറ്റെ സിംസണ്‍ പറ്ഞ്ഞു. ‘പുറത്തിറങ്ങി പൊതുമുതല്‍ നശിപ്പിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം’ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനപരമായി പ്രകടനം നടത്തുന്നവര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ‘അവര്‍ക്ക് ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായില്ല’ സിംസണ്‍ പറഞ്ഞു.

പരസ്പരം തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ മുഖംമൂടി ധരിക്കുകയും ശരീരം മുഴുവന്‍ കറുത്ത കുപ്പായം കൊണ്ട് മൂടുകയും ചെയ്യുക എന്നതാണ് ‘കറുത്ത ബ്ലോക്ക്’ എന്ന് വിളിക്കപ്പെടുന്നവരുടെ തന്ത്രമെന്ന് ഇത്തരം സംഘങ്ങളുടെ വലിയ ആക്രമണം നടക്കുന്ന സിയാറ്റിലിലെ എഫ്ബിഐയുടെ ഭീകരവിരുദ്ധ സേനയുടെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്‍ ഡേവിഡ് ഗോംസ് വിശദീകരിക്കുന്നു.
‘സാധനങ്ങള്‍ നശിപ്പിക്കാനും തങ്ങളുടെ അരാജകത്വവേരുകള്‍ ഉറപ്പിക്കുന്നതിനുമായി അവര്‍ നിയമപരമായി പ്രതിഷേധം പ്രകടിപ്പിക്കുന്നവരെ ചൂഷണം ചെയ്യുകയാണ്,’ ഗോംസ് പറയുന്നു. ‘അതുകൊണ്ട് തന്നെ ഒരു ചായകുടി പ്രതിഷേധ സ്ഥലത്ത് പ്രതിഷേധത്തെ എതിര്‍ക്കുന്നിനല്ലാതെ അവരെ കാണില്ല. എന്നാല്‍ സിയാറ്റില്‍, പോര്‍ട്ട്‌ലാന്റ് എന്നിവടങ്ങളിലെ പോലെ വളരെ പുരോഗമാനത്മകമായി പ്രതിഷേധങ്ങള്‍ സംഘടപ്പിക്കുന്ന സ്ഥലങ്ങളിലൊക്കെ അവരെ കാണാം.’
മറ്റുള്ളവര്‍ നേതാക്കളില്ലാത്ത സംഘങ്ങളായി മാറുമ്പോഴും ദശാബ്ദങ്ങളായി ഇത്തരം ഗ്രൂപ്പുകള്‍ യൂറോപ്പിലെമ്പാടും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. കണ്ണീര്‍ വാതകത്തിനും ലാത്തിക്കുമെതിരായി മുഖംമൂടികളും ഹെല്‍മെറ്റുകളും ധരിച്ച്, കറുത്ത വസ്ത്രമണിഞ്ഞ് ബൈക്കിലെത്തി പോലീസുമായി ഏറ്റുമുട്ടുന്ന സ്വയംപ്രഖ്യാപിത അരാജകവാദികള്‍ സമീപ ദശകങ്ങളില്‍ ഗ്രീസിലെ ഒരു സ്ഥിരം കാഴ്ചയാണ്.

 

 

വ്യവസ്ഥാപിതമല്ലാത്ത പെരുമാറ്റത്തിന്റെ പേരിലും സമാധാന പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെട്ടതിനും 25 പേരെ കലാപസമയത്ത് അറസ്റ്റ് ചെയ്തതായി പോര്‍ട്ട്‌ലാന്റ് പോലീസ് അറിയിച്ചു. ഈ ആഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ രാജ്യത്തെമ്പാടുമായി 350 പേരെ അറസ്റ്റ് ചെയ്തതായി വിവിധ പോലീസ് വകുപ്പുകള്‍ പറയുന്നു.

ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തുകയും, ഗതാഗതം തടസ്സപ്പെടുത്തുകയും വെടിമരുന്നുകള്‍ പ്രയോഗിക്കുകയും അപൂര്‍വം ചില അവസരങ്ങളില്‍ പോലീസിന് നേരെ കുപ്പികള്‍ വലിച്ചെറിയുകയും ചെയ്‌തെങ്കിലും പൊതുവില്‍ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന ലോസ് ആഞ്ചലസിലാണ് ഇതില്‍ പകുതിപ്പേരും അറസ്റ്റ് ചെയ്യപ്പെട്ടത്.

തിരഞ്ഞെടുപ്പിന് ശേഷം താന്‍ പ്രചോദിതനായതായി ലോസ് ആഞ്ചലസില്‍ നിന്നും ഒരുമണിക്കൂര്‍ മാത്രം ദൂരമുള്ള സാന്റ അനയില്‍ നിന്നുള്ള നൗവി ഹുയിറ്റിസിപ്പൊളാച്ച്റ്റിലി പറയുന്നു. മില്യണ്‍ കണക്കിനാളുകളെ നാടുകടത്തുമെന്ന് പ്രതിജ്ഞയെടുത്ത ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം തനിക്ക് അലസനായി ഇരിക്കാന്‍ സാധിക്കില്ലെന്ന് മെക്‌സിക്കോയില്‍ നിന്നുള്ള തദ്ദേശീയജനങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ, ജനങ്ങളോട് പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുന്ന ഒരു സന്ദേശം അദ്ദേഹം ഫേസ്ബുക്കിലിട്ടു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സാന്റ അനയിലെ ഒരു ഗ്യാസ് സ്റ്റേഷന് സമീപം നടന്ന പ്രതിഷേധത്തില്‍ ഏതാനും ഡസന്‍ ആളുകള്‍ പങ്കെടുത്തു. സന്ധ്യയായതോടെ ആള്‍ക്കൂട്ടം വളരുകയും ഒരു പ്രധാന തെരുവിലേക്ക് പ്രകടനം നീങ്ങുകയും ചെയ്തു. ഏകദേശം 650 ഓളം പേര്‍ പോലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും 10 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ‘ഇത് ഒരു പുതിയ പതിവായി മാറാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്,’ എന്ന് പ്രകടനത്തിന് ശേഷം സാന്റ അന പോലീസ് വകുപ്പിന്റെ ഒരു വക്താവായ ആന്റണി ബെല്‍ടാഗ്ന ചൂണ്ടിക്കാണിച്ചു.

ഒരു മണിക്കൂറോളം അവര്‍ തുടര്‍ച്ചയായി നാലും കൂടിയ കവലയില്‍ റോഡ് മുറിച്ചുകടക്കുകയും ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും ഓട്ടോ സ്പയര്‍പാര്‍ട്ട് കടയിലേക്കും അവിടെ നിന്നും ഭക്ഷ്യശാലയിലേക്കും നടക്കുകയും തിരിച്ചുനടക്കുകയും ചെയ്തു. അതിനുശേഷം തെരുവിലൂടെ നടന്ന അവര്‍ പോലീസുമായി ഏറ്റുമുട്ടുകയും ബീന്‍ ബാഗുകള്‍ വലിച്ചെറിയുകയും ചെയ്തു. വ്യാഴാഴ്ച അതിരാവിലെ ജനക്കൂട്ടം ഇഷ്ടികകളും കുപ്പികളും വലിച്ചെറിയുകയും നാലു കാറുകള്‍ക്കും രണ്ടു കടകള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി അധികൃതര്‍ പറയുന്നു. ‘ഞങ്ങള്‍ ഉറങ്ങുന്ന സിംഹമാണ്, ഞങ്ങളുടെ സമൂഹം വളരുകയാണ്. നമ്മള്‍ ഉണരേണ്ടിരിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഡൊണാള്‍ഡ് ട്രംപിന് ഒന്നും ചെയ്യാനാവില്ല,’ ഹുയിറ്റിസിപ്പൊളാച്ച്റ്റിലി പറയുന്നു. ‘ഇതൊരു മെക്‌സിക്കന്‍ സമൂഹമാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് കുടിയേറ്റക്കാരെ നാടുകടത്തും എന്ന് താന്‍ ഭയക്കുന്നതായി പ്രകടനത്തില്‍ പങ്കെടുത്ത ഒരു 15 കാരി പറഞ്ഞു. ‘വെള്ളക്കാരുടെ മേധാവിത്വം അവസാനിപ്പിക്കുക,’ എന്നെഴുതി ഒരു കാര്‍ഡ് അവരുടെ രണ്ടു വയസ്സുകാരിയായ അനിയത്തി കൈയില്‍പിടിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളിലും കേബില്‍ വാര്‍ത്ത ശൃംഖലകളിലും പ്രതിഷേധക്കാര്‍ വലിയ പ്രചാരണം നടത്തി. ചില ചാനലുകള്‍ ഒരേ സമയം നാലും ആറും യോഗങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. മിക്കയിടങ്ങളിലും വളരെ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച ബോസ്റ്റണില്‍ നടന്ന പ്രകടനത്തില്‍ 4000 പേര്‍ പങ്കെടുത്തെങ്കിലും അത് ‘ക്രമപ്രകാരവും സമാധാനപരവുമായിരുന്നു’ എന്ന് ഒരു പോലീസ് വക്താവ് പറഞ്ഞു. എന്നാല്‍ മറ്റു ചില സ്ഥലങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നു. ചിക്കാഗോ തെരുവിലെ ട്രംപ് ടവറിന് സമീപം വച്ച് ഒരു ട്രംപ് അനുകൂലി പ്രകടനക്കാരില്‍ ഒരാളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ‘ഇതൊരു വിപ്ലവത്തിന്റെ തുടക്കമാകാം,’ എന്ന് വ്യഴാഴ്ച അര്‍ദ്ധരാത്രി നടന്ന ചിക്കാഗോ പ്രതിഷേധപ്രകടനത്തിന് മുമ്പ് 19കാരനായ ജോനാഥന്‍ ഹാന്‍ പറഞ്ഞു. ‘കാലത്തില്‍ പ്രതിധ്വനിക്കുന്ന ഒരു സമയമാവും ഇത്. ഭാവിയില്‍ എന്താണ് കാത്തിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ട്രംപിന് ഉറക്കം നഷ്ടപ്പെടുന്ന രീതിയില്‍ നമ്മള്‍ സംഘടിക്കുകയും സ്‌നേഹവും കരുതലും മൈത്രിയും സമത്വവും പങ്കുവെയ്ക്കുകയും ചെയ്യണം.’ ട്രംപിന് പകരം ക്ലിന്റണെ തിരഞ്ഞെടുക്കാന്‍ ഇലക്ട്രല്‍ കോളേജ് തയ്യാറാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അതേ പ്രകടനത്തില്‍ പങ്കെടുത്ത 24കാരിയായ ജെസിക്ക ഓര്‍മാന്‍ പറഞ്ഞു. ‘അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല… പക്ഷെ നമ്മള്‍ പോരാടേണ്ടിയിരിക്കുന്നു. നമ്മള്‍ പ്രതിഷേധിക്കേണ്ടിയിരിക്കുന്നു,’ അവര്‍ പറഞ്ഞു. ‘ആളുകളെ വ്യത്യസ്തരായി കാണാന്‍ ഞാനിപ്പോള്‍ നിര്‍ബന്ധിതയായിരിക്കുന്നു,’ ഓര്‍മാന്‍ പറഞ്ഞു. ‘തെരുവില്‍ കാണുന്ന ആളുകളെ നോക്കി ഞാന്‍ ഇനിമേല്‍ ചിരിക്കില്ല. കാരണം അവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല.’

വ്യാഴാഴ്ചയും പ്രകടനങ്ങള്‍ തുടരുന്നതിനിടയില്‍ ട്രംപ് ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘നമ്മള്‍ വാഷിംഗ്ടണിലേക്ക് മാര്‍ച്ച് ചെയ്യുകയും ഈ പരിഹാസ്യത അവസാനിപ്പിക്കുകയും ചെയ്യണം,’ പക്ഷെ, വെള്ളിയാഴ്ച രാവിലെയോടെ അദ്ദേഹത്തിന്റെ ശബ്ദത്തിന് മാറ്റം വരികയും ഇങ്ങനെ എഴുതുകയും ചെയ്തു: ‘കഴിഞ്ഞ രാത്രിയില്‍ പ്രകടനം നടത്തിയ ചെറുസംഘങ്ങള്‍ക്ക് നമ്മുടെ മഹത്തായ രാജ്യത്തോട് അഭിനിവേശം ഉണ്ടെന്നുള്ള വസ്തുത എന്നെ സന്തോഷിപ്പിക്കുന്നു.’ കാപിറ്റോളിന്റെ മുന്നില്‍ നിന്ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ചില ഇടതുപക്ഷ അനുഭാവ സംഘടനകള്‍. ഇറാഖ് യുദ്ധം, മധ്യേഷ്യയില്‍ നടന്ന ഡ്രോണ്‍ ആക്രമണം, പലസ്തീനികളോടുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ സമീപനം എന്നിവയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച ആന്‍സര്‍ കൊളീഷന്‍ എന്ന സംഘടന, സത്യപ്രതിജ്ഞാ ദിവസം വാഷിംഗ്ടണില്‍ പ്രകടനം നടത്താനുള്ള തങ്ങളുടെ പരിപാടി പ്രഖ്യാപിച്ചുകഴിഞ്ഞു.

 

ട്രംപിന്റെ ഉദ്ഘാടന പരേഡ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ വാഷിംഗ്ടണിലെ ട്രംപ് ഹോട്ടലിന് താഴെയുള്ള പെന്‍സില്‍വാനിയ അവന്യൂവിലെ ഫ്രീഡം പ്ലാസയില്‍ ഒത്തുചേരാന്‍ അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘ട്രംപ് ഒരു വംശീയ, ലൈംഗീക ഭ്രാന്തനാണ്,’ തങ്ങളുടെ വെബ്‌സൈറ്റിലും ഫേസ്ബുക്കിലും പ്രതികരിക്കുന്ന ആയിരക്കണക്കിന് അനുയായികളുള്ള സംഘടനയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. ‘പുരോഗമനചിത്താരായ പതിനായിരക്കണക്കിന് ആളുകള്‍ ഉദ്ഘാടന ദിവസവും അതിന് ശേഷമുള്ള ആഴ്ചകളിലും മാസങ്ങളിലും തെരുവില്‍ അണിനിരക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍