UPDATES

അവാര്‍ഡുകള്‍ ഭാരമാകുമ്പോള്‍ പരിഗണിക്കപ്പെട്ടയാള്‍

Avatar

വി കെ അജിത്‌ കുമാര്‍

ഒരു പക്ഷെ മലയാള സിനിമയുടെ അവാര്‍ഡ് ചരിത്രത്തില്‍  ഇത്രയേറെ അവഗണിക്കപ്പെട്ട ഒരാള്‍ ഉണ്ടാകില്ല. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഒരാളെ ഏറെ സന്തോഷിപ്പിക്കുന്നത് സംവിധായകന്‍ എന്ന തലത്തില്‍  ലഭിക്കുന്ന അംഗീകാരമാണ്. 1989ല്‍ അത്രയൊന്നും സംവിധാന മികവ് കാണിക്കാതിരുന്ന, ഒരതുല്യ ചിത്രത്തിന്‍റെ സദൃശ്യത പേരില്‍ നിഴലിച്ച, മൃഗയ എന്ന ചിത്രത്തിനാണ് ആദ്യമായി ഐ വി ശശിയെന്ന സംവിധായകനെതേടി സംസ്ഥാന അവാര്‍ഡെത്തുന്നത് .ഇത് ഐ വി ശശിയെന്ന സംവിധായകന്‍റെയോ തിരക്കഥ രചിച്ച ലോഹിതദാസിന്റെയോ മികച്ചസിനിമയുമല്ലായിരുന്നു. മമ്മുട്ടിയുടെ വ്യത്യസ്തമായ ഒരു ഗെറ്റപ്പ് മാത്രമായിരുന്നു അത്. അതിലും മികച്ച ചിത്രങ്ങള്‍ ഈ സംവിധായകന്‍റെതായി വന്നപ്പോളെല്ലാം നമ്മുടെ അവാര്‍ഡു കമ്മിറ്റികള്‍ ഐ വി ശശിയെന്ന സംവിധായകന്‍റെ മികവ് കണ്ടില്ല. എന്നാല്‍ ആ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചവരേയും അതില്‍ അഭിനയിച്ചവരേയും അതില്‍ പട്ടെഴുതിയവരേയും മറ്റ് സാങ്കേതികത നല്‍കിയവരേയും  മാത്രം പരിഗണിച്ചുകൊണ്ടിരുന്നു.

എഴുപതുകളുടെ അന്ത്യത്തില്‍ മലയാളത്തിലെ വാണിജ്യ സിനിമയെന്ന നസീര്‍-ഭാസി- ശശികുമാര്‍ ത്രയത്തിലൂടെ നിലനിന്ന  സദാചാര കാഴ്ചകളെ തിരസ്കരിച്ചുകൊണ്ട് ഒരു നവ സിനിമാ സങ്കല്‍പ്പം തന്‍റേതായ രീതിയില്‍ കൊണ്ടുവന്നവരില്‍ ഏറെ പ്രമുഖനായിരുന്നു ഐ വി ശശി. ഉത്സവം എന്ന ആദ്യ സംരംഭത്തില്‍ തന്നെ നിലവിലുള്ള താര പ്രഭയെ  തിരുത്തിയെഴുതുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരുപക്ഷെ മലയാള പ്രേക്ഷകര്‍ സിനിമയെ സിനിമാ സംവിധായകന്‍റെ ലേബലില്‍ തിരിച്ചറിയാന്‍  തുടങ്ങിയത് ശശിയിലൂടെതന്നെയാണ്. ഇത് തന്നെയാണ്അദ്ദേഹത്തിന്‍റെ പ്രസക്തിയും.

ഒരു പ്രത്യേക ജനുസില്‍ ഒതുങ്ങുന്നതല്ലായിരുന്നു ഐ വി ശശി സിനിമകള്‍. ആദ്യകാലത്തെ അ കാര ചിത്രങ്ങളെല്ലാം  കുറഞ്ഞ ബഡ്ജറ്റില്‍ രൂപപ്പെട്ടവയായിരുന്നു. അന്ന് അത്രമേല്‍ പ്രശസ്തരല്ലാതിരുന്ന വിന്‍സന്‍റ്, രാഘവന്‍, രവികുമാര്‍, സോമന്‍ ഇവരെയൊക്കെ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ ആദ്യ സിനിമകള്‍ അന്നത്തെ യുവാക്കളായ പ്രേക്ഷകരെ മാത്രം മുന്‍പില്‍ കണ്ടുകൊണ്ടുള്ളതുമായിരുന്നു. ഒടുവില്‍ അത് ചെന്നവസാനിച്ചത്‌ മലയാളിയുടെ കപട സദാചാര ബോധത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള അവളുടെ രാവുകളിലും. അന്നുവരെയുള്ള മലയാള സിനിമാ ചരിത്രത്തില്‍ പെണ്‍ ശരീരത്തെ ബ്ലാക്ക് ആന്‍റ് വൈറ്റില്‍ സൌന്ദര്യാത്മകമായി വരച്ചു ചേര്‍ക്കാന്‍ ഐ വി ശശിക്ക് കഴിഞ്ഞു.

എന്നാല്‍, അദ്ദേഹത്തിലെ തികവുറ്റ ക്രാഫ്റ്റ്മാനെ പിന്തള്ളുന്ന കാഴ്ചകളാണ് പിന്നിടുണ്ടായത്. ടി ദാമോദരന്‍ എന്ന തിരക്കഥാകൃത്തും ഐവി ശശിയും ചേര്‍ന്നു വലിയ കാന്‍വാസില്‍ ചിത്രങ്ങള്‍ മെനയുവാന്‍ തുടങ്ങി. ജയനും സംഘവും കൂടിയെത്തിയപ്പോള്‍ മള്‍ട്ടി താരങ്ങള്‍ നിറയുന്ന ചിത്രങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടക്കുകയായിരുന്നു അവര്‍. എന്നാല്‍ ഇവിടെ തിരിച്ചറിയേണ്ടത് ഈ താരങ്ങളൊക്കെയും രൂപപ്പെട്ടത് ഐ വി ശശിയുടെ ചിത്രങ്ങളിലുടെ യായിരുന്നു എന്നതാണ്. അദ്ദേഹം താരങ്ങളെ നിര്‍മ്മിക്കുകയായിരുന്നു. തേടുകയല്ലായിരുന്നു.അതുകൊണ്ടുതന്നെയാണ് കമലഹാസന്‍ രജനികാന്ത് രാജേഷ്‌ ഖന്ന, മമ്മുട്ടി, മോഹന്‍ലാല്‍, ജയന്‍, സോമന്‍, സുകുമാരന്‍,  മധു, നസിര്‍ ഇവരെയെല്ലാം ഒരുപോലെ സംവിധാനം ചെയ്ത ആരെങ്കിലും ഉണ്ടെങ്കില്‍ അത് ഐവി ശശി മാത്രമാണ്. ബൃഹത്തായ ചിത്രങ്ങള്‍ സംവിധാനം ചെയ്യുമ്പോഴും എം ടിയും പദ്മരാജനും അദ്ദേഹത്തിനുവേണ്ടി കഥകള്‍ എഴുതിയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അക്ഷരങ്ങള്‍, ആള്‍ക്കുട്ടത്തില്‍ തനിയെ, കൈകേയി, കാണാമറയത്ത് ഇവയെല്ലാം  ഒരു വിധത്തില്‍ അദ്ദേഹത്തിലെ സംവിധായകന്‍ ആവശ്യപ്പെട്ട ചിത്രങ്ങളായിരുന്നു. അവയെല്ലാം പക്ഷെ നമ്മുടെ സംസ്ഥാന അവാര്‍ഡു കമ്മിറ്റികള്‍ക്ക് ശശിയെന്ന പ്രതിഭയെ മനസിലാക്കാന്‍ പര്യാപ്തമായിരുന്നില്ല.

ഇവയിലൂടെയൊക്കെ മറ്റ് പലയാളുകളും  അവാര്‍ഡുകള്‍ വരികൂട്ടുകയും ചെയ്തു. സിനിമ എങ്ങനെ കച്ചവടം ചെയ്യാം എന്ന അറിവായിരുന്നു അദ്ദേഹത്തിന്‍റെ പല കൊമേഴ്സ്യല്‍ ചിത്രങ്ങളും. ഏഴാം കടലിനക്കരെ. തുഷാരം തുടങ്ങിയവ ഇത്തരം ചിത്രങ്ങളായിരുന്നു. ഒരു പ്രത്യേക ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന ഒരാളായിരുന്നില്ല ഐവി ശശി. അദ്ദേഹത്തിന്‍റെ ഓരോ ചിത്രങ്ങളും ഇതോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് ഒരു സിനിമാ പ്രവര്‍ത്തകന് ആവശ്യവും. സ്വന്തം വിജയ ചിത്രങ്ങളുടെ പാറ്റേണും ലൊക്കേഷനുമെല്ലാമായി പിന്നെയും പിന്നെയും ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ പരാജയപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ നമ്മള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഐ വി ശശി വ്യത്യസ്തനാകുന്നത്. അവളുടെ രാവുകളും അക്ഷരങ്ങളും ദേവാസുരവും ഒരു പോലെ ഇഷ്ടപ്പെടുന്നിടത്താണ് അദ്ദേഹത്തിന്‍റെ വിജയവും. എന്നാല്‍ സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഭാരമായി മാറുകയും  അത് മടക്കി കൊടുക്കുകയും ചെയ്യുന്ന  ഈ സീസണിലാണ് ഐ വി ശശിയെ തേടി മലയാള സിനിമയുടെ വലിയ പുരസ്‌കാരമെത്തിയിരിക്കുന്നതെന്നതും വേദനിപ്പിക്കുന്നു. 

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍