UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആണ്‍കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറികളോ നമ്മുടെ വന്ധ്യതാനിവാരണ ക്ലിനിക്കുകള്‍?

Avatar

ampuser ampuser

ജിഷ ജോര്‍ജ്ജ് 

വന്ധ്യതാ ബിസ്സിനസ്സിന്റെയും വന്ധ്യതാ ടൂറിസത്തിന്റെയും ഇന്ത്യൻ സാധ്യതകൾ എന്തെല്ലാമാണ്? ചില പ്രധാന സൂചകങ്ങള്‍;

1. നിലവിൽ 2000 കോടിയുടെ മാർക്കറ്റ്‌‌, 2020-ഓടെ 15,000 കോടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2. 30 ദശലക്ഷം ദമ്പതികൾ ഇന്ത്യയിൽ വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നു. (ഉപഭോക്താക്കളുടെ എണ്ണത്തിൽ ഭാവിയിൽ വൻ വർദ്ധനവ്‌ പ്രതീക്ഷിക്കപ്പെടുന്നു)

3. ഇംഗ്ലീഷ്‌ സംസാരിക്കുന്ന ഡോക്ടർമാരും നിയമജ്ഞരും ഉള്ളതുകൊണ്ട്‌ വിദേശ കസ്റ്റമേഴ്സും ഇന്ത്യൻ മാർക്കറ്റിലേക്ക്‌ ആകൃഷ്ടരായി എത്തുന്നു.

4. ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രതിവർഷ വളർച്ചാ നിരക്ക്‌ 25 ശതമാനത്തില്‍ ഏറെ. (രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ. എന്നാല്‍ നാലിൽ മൂന്നു ശതമാനം സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തിയിട്ടില്ല)

5. വാടക ഗർഭധാരണത്തിൽ അടുത്തിടെ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഒഴിച്ചാൽ മറ്റു നിബന്ധനകളോ നിയന്ത്രണങ്ങളോ സര്‍ക്കാര്‍ തലത്തിൽ ഇല്ല.

6. പ്രധാന അസംസ്കൃത വസ്തുക്കളായ സ്ത്രീ അണ്ഡവും പുരുഷ ബീജവും നിസ്സാര തുകയ്ക്ക്‌ സുലഭമായി ലഭിക്കുന്നു. ഇതിന്റെ അനന്തര ഫലങ്ങളോ ദൂഷ്യവശങ്ങളോ അറിയാൻ കഴിവില്ലാത്ത നിരക്ഷരരായ പാവങ്ങളെ നന്നായി ചൂഷണം ചെയ്യാം (ഭാവിയിൽ ഇവരിൽ നിന്ന് പരാതികളോ നിയമ നടപടികളോ ഉണ്ടാവുമെന്ന ഭയം വേണ്ട).

7. ആൺകുഞ്ഞ്‌ എന്ന ഇന്ത്യൻ കുടുംബങ്ങളുടെ അഭിമാനത്തിന്റെ അടയാളത്തെ ആവശ്യാനുസരണം നിർമ്മിച്ചു കൊടുക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ IVF പോലെയുള്ള വന്ധ്യതാ ചികിത്സകളിൽ ഉണ്ട്‌.

8. അനപത്യതയെ ഏറ്റവും വലിയ ശാപമായി കാണുന്ന ഇന്ത്യൻ സമൂഹത്തിന്റെ വൈകാരികതയെ നന്നായി ചൂഷണം ചെയ്യാം. അതുകൊണ്ട്‌ തന്നെ ചികിത്സയിലെ ചതികളെ പറ്റി മനസ്സിലാക്കിയാലും പലരും നിശബ്ദരായിക്കൊള്ളും.

ആശങ്കാജനകമായ ചില കണക്കുകൾ
2011 ലെ സെൻസസ്‌ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീ പുരുഷ ലിംഗാനുപാതം ഏതാണ്ട്‌ ഏഴു പോയിന്റ്‌ വർദ്ധനവോടെ 933ൽ നിന്ന്‍ 940ൽ എത്തിച്ചേർന്നു. അതായത്‌ 1000 പുരുഷന്മാർക്ക്‌ 940 സ്ത്രീകൾ എന്ന അനുപാതം. എന്നാൽ ചൈൽഡ്‌ സെക്സ്‌ റേഷ്യൊ (CSR) എന്നറിയപ്പെടുന്ന 0 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളിലെ ലിംഗാനുപാതം 927ൽ നിന്നു 914 ലേക്ക് വീണു. ആയിരം ആൺകുട്ടികൾക്ക്‌ 914 പെൺകുട്ടികൾ. 1961ലെ സെൻസസ്‌ കണക്കുകൾ അനുസരിച്ച് കുട്ടികളിലെ ലിംഗാനുപാതം 976/1000 ആയിരുന്നു. അരനൂറ്റാണ്ടു കൊണ്ട്‌ സാമൂഹിക സാമ്പത്തിക ആരോഗ്യ മേഖലകളിൽ ഇന്ത്യയിൽ ഉണ്ടായ പുരോഗതിയ്ക്ക്‌ ആനുപാതികമായി ഉയരേണ്ടി ഇരുന്ന ഈ ലിംഗാനുപാതം 1961 നു ശേഷം പടിപടിയായി താഴേയ്ക്ക്‌ വന്ന് എറ്റവും കുറഞ്ഞ മൂല്യത്തിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ അഞ്ചു ദശകങ്ങളിൽ സ്ത്രീ പുരുഷ ലിംഗാനുപാതം പലപ്പോഴും പോസിറ്റീവ്‌ ട്രെന്റുകൾ കാണിച്ചപ്പൊഴും CSR ഒരിക്കൽ പോലും ഒരു പോയിന്റു പോലും ഉയരാതെ 914 എന്ന താഴ്‌ന്ന നിലയിൽ എത്തിനിൽക്കുന്നു.

ലിംഗാനുപാതത്തെ കുറിച്ച് നടത്തിയ പഠന റിപ്പോർട്ട്‌ ആയ Sex Ratios and Gender Based Sex Selection അടിസ്ഥാനത്തിൽ ഇത്തരത്തിൽ ആശങ്കാജനകമായ  ലിംഗാനുപാതം ഭാവിയിൽ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച്‌  ഐക്യരാഷ്ട്ര സംഘടന ഇന്ത്യയ്ക്ക്‌ ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. 2014 ഫെബ്രുവരി 11 നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ്‌ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം നിയന്ത്രണാതീതമായി നടക്കുന്നുണ്ട്‌ എന്ന് സമ്മതിക്കുന്നു. എന്നാൽ 2013 ഡിസംബറിൽ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്‌ രാജ്യ സഭയിൽ ഒരു സബ്മിഷനു നൽകിയ മറുപടി പ്രകാരം ലിംഗ നിർണ്ണയ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നിയമായ PCPNDT (Pre Conception and Pre Natal Diagnostics Techniques) ആക്ട്‌ 1996ൽ പ്രാബല്യത്തിൽ വന്നതു മുതൽ അന്നു വരെ ഈ നിയമത്തിന്റെ പരിധിയിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്‌ വെറും 143 പേരാണ്‌.

2003 ഫെബ്രുവരി 14 നാണ്‌ ‘pre conception’ എന്ന വാക്കു കൂട്ടി ചേർത്ത്‌ PNDT ആക്ട്‌ ഭേദഗതി ചെയ്തത്‌. ഇതിൻ പ്രകാരം ഗർഭാധാരണത്തിനു മുൻപോ (വന്ധ്യതാ ചികിത്സകളിൽ) അതിനു ശേഷമോ ഗർഭത്തിന്റെ ഏതെങ്കിലും കാലഘട്ടങ്ങളിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയത്തിനായി നടത്തുന്ന ഏതൊരു ശ്രമവും കുറ്റകരമാണ്. വന്ധ്യതാ ചികിത്സ എന്ന മാധ്യമത്തിലൂടെ അവതരിപ്പിക്കാവുന്ന പുതിയ ലിംഗ നിർണ്ണയ സാങ്കേതിക വിദ്യകളുടെ സാധ്യത തിരിച്ചറിഞ്ഞ ചില ഡോക്ടർമാർ ഇവയുടെ ഇന്ത്യൻ മാർക്കറ്റിലെ സാധ്യത മനസ്സിലാക്കി ഉപയോഗിച്ചു തുടങ്ങിയപ്പോൾ നിലവിലെ PNDT നിയമത്തിന്റെ പോരായ്മകൾ മനസിലാക്കിയ Dr. Sabu George രണ്ട്‌ NGO കളുമായി ചേർന്ന് (CEHAT – Center for Enquiry into Health and Allied Themes, MSUM -Mahila Sarvangeen Utkarsh Mandal) സുപ്രീം കോടതിയിൽ പ്രസ്തുത നിയമത്തിന്റെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി നൽകിയ പൊതു താത്പര്യ ഹർജികളുടെ ഫലമായിരുന്നു 2003 ലെ ഈ ഭേദഗതി.

ആൺകുഞ്ഞിനെ സൃഷിടിക്കുന്ന IVF ബിസ്സിനസ്സ്‌
Assisted Reproductive Technology അഥവ ART എന്ന ചുരുക്കപ്പെരിൽ അറിയപ്പെടുന്ന വന്ധ്യത ചികിത്സാ സാങ്കേതിക വിദ്യകൾ ലിംഗനിർണ്ണയം സാധ്യമാക്കുന്നത്‌ പ്രധാനമായും രണ്ട്‌ തലത്തിലാണ്‌. Sperm Sorting എന്ന് അറിയപ്പെടുന്ന ആദ്യ മാർഗ്ഗത്തിൽ പുരുഷ ബീജത്തിലെ X, Y ക്രോമൊസോമുകളെ തരം തിരിക്കാൻ സാധിക്കും. Y ക്രോമൊസോമിന്റെ കൂടിയ അളവിലെ സാന്നിദ്ധ്യം ആൺകുഞ്ഞിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ സൃഷ്ടിക്കുന്നത്‌ ഒന്നിലധികം ഭ്രൂണങ്ങളെയാവും. അടുത്ത ഘട്ടത്തിൽ ഈ ഭ്രൂണങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ലിംഗത്തെ ഗർഭപാത്രത്തിൽ വളർത്തുന്നു.

PCPNDT ആക്ട്‌ പ്രകാരം സ്കാനിംഗ്‌ സെന്ററുകളിൽ  ഇടയ്ക്കിടെ പരിശോധന നടത്തുന്ന ആരോഗ്യ വകുപ്പ്‌ വന്ധ്യത ചികിത്സാ കേന്ദ്രങ്ങളുടെ കാര്യത്തിൽ കുറ്റകരമായ അനാസ്ഥ വച്ചു പുലർത്തുന്നു.

ഈ വിഷയം ദേശിയ ശ്രദ്ധ നേടുന്നത്‌ 2013ൽ ബോളിവുഡ്‌ താരം ഷാരുഖ്‌ ഖാനുമായി ബന്ധപെട്ട വിവാദത്തിലൂടെയാണ്‌. വാടക ഗർഭാധാരണത്തിലൂടെ ജനിക്കുന്ന ഷാരുഖിന്റെ മൂന്നാമത്തെ കുഞ്ഞ്‌ ആൺകുഞ്ഞായിരിക്കും എന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിനെ ചോദ്യം ചെയ്ത്‌ ബോംബെ ഹൈക്കോടതിയിൽ നിവേദനം സമർപ്പിച്ച സാമൂഹിക പ്രവർത്തകയായ വർഷ ദേശ്‌പാണ്ഡെ, PCPNDT ആക്ടിനെ ധിക്കരിച്ചു പ്രവർത്തിക്കുന്ന IVF കേന്ദ്രങ്ങളെ കുറിച്ച്‌ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട്‌ മറ്റൊരു ഹർജിയും അതോടൊപ്പം ഫയൽ ചെയ്തു.

2010ൽ പബ്ലിക്‌ ഹെല്‍ത്ത് ഫൌണ്ടേഷൻ ഓഫ്‌ ഇന്ത്യUNFPA യുടെയും കേന്ദ്ര മനുഷ്യവകാശ കമ്മീഷന്റെയും സഹകരണത്തോടെ നടത്തിയ പഠനം Implementation of the PCPNDT act in India: perspective and challenges എന്ന പേരിൽ ഒരു റിപ്പോർട്ട്‌ ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വന്ധ്യത ചികിത്സയ്ക്ക്‌ എന്ന പേരിൽ ഉപയോഗിക്കുന്ന ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച്‌ ഗർഭധാരണത്തിനു മുൻപ്‌ തന്നെ കുഞ്ഞിന്റെ ലിംഗം തിരഞ്ഞെടുക്കുന്ന രീതികൾ ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്‌. Invitro fertilization (IVF), Ericsson’s technique of Semen separation, Pre implantation genetic diagnosis, (PGID) തുടങ്ങിയവ ഏതൊക്കെ രീതിയിൽ ആൺകുഞ്ഞുങ്ങളുടെ സൃഷ്ടിക്കായി ഉപയോഗപ്പെടുത്തുന്നു എന്നും ഈ റിപ്പോർട്ട്‌ വിശദമാക്കുന്നു.

“IVF-ART ക്ലിനിക്കുകൾ ജനിക്കാൻ പോവുന്ന കുഞ്ഞിന്റെ ലിംഗം മാതാപിതാക്കൾ മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു പ്രവണതയുണ്ട്‌. അൾട്രാസൗണ്ട്‌ സ്കാനിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഇത്തരം നൂതന മാർഗ്ഗങ്ങളിൽ കൂടി നടത്തുന്ന ലിംഗ തെരഞ്ഞെടുപ്പിനെ കുറിച്ച്‌ പലർക്കും ധാരണ ഇല്ല”. 2014 ഒക്ടോബറിൽ PCPNDT ആക്ട്‌ നടപ്പാക്കുന്ന സെന്‍ട്രൽ സൂപ്പർവൈസറി ബോർഡിന്റെ യോഗത്തെ അഭിസംബോധന ചെയ്ത്‌ സംസാരിച്ച അന്നത്തെ ആരോഗ്യമന്ത്രി ഹർഷ വർദ്ധനന്റെ വാക്കുകളാണിത്‌. കേന്ദ്ര ആരോഗ്യമന്ത്രി തുറന്ന് സമ്മതിച്ച ഈ ഒരു വിഷയത്തിൽ ഇതു വരെ കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തത്‌ തീർത്തും ആശങ്കാജനകമാണ്‌.

ART ബിൽ
വർദ്ധിച്ചു വരുന്ന വാടക ഗർഭധാരണത്തെയും വന്ധ്യതാ ചികിത്സയിലെ ചൂഷണത്തെയും സംബന്ധിച്ച്‌ 2008 ൽ സുപ്രീം കോടതി നടത്തിയ പരാമർശത്തെ തുടർന്ന് ആ വർഷം തന്നെ ART ബിൽ എന്ന പേരിൽ അറിയപ്പെടുന്ന അസ്സിസ്റ്റെഡ്‌ റീപ്രൊഡക്ടീവ്‌ ടെക്നോളജി റെഗുലഷൻ ബില്‍ ഡ്രാഫ്റ്റ്‌ ചെയ്യപ്പെട്ടു. പിന്നീട്‌ പല തവണ രൂപമാറ്റം വരുത്തിയ ART ബില്ലിന്റെ ഒരു ഭാഗം മാത്രമാണ്‌ 2016 ലെ സറോഗസി റെഗുലേഷൻ ബിൽ. അതുകൊണ്ട്‌ തന്നെ വാടക ഗർഭധാരണത്തെ നിയന്ത്രിക്കുന്ന ബിൽ നിയമമാക്കുമ്പോൾ വന്ധ്യത ചികിത്സയിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ ശക്തമാക്കുന്ന രീതിയിൽ ART ബില്ലും നടപ്പാക്കേണ്ടതാണ് എന്ന ആവശ്യം ശക്തമാവുന്നു.

അജ്ഞതയുടെ ചൂഷണം
വന്ധ്യത ചികിത്സയ്ക്കെത്തുന്ന നല്ലൊരു ശതമാനത്തിനും ചികിത്സാ രീതികളെ പറ്റിയും അതിന്റെ ദൂഷ്യവശങ്ങളെ പറ്റിയും ധാരണ ഇല്ല എന്നതാണ്‌ സത്യം. നാഷണൽ ആർട്ട്‌ രെജിസ്ട്രി ഓഫ്‌ ഇന്ത്യയിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ ആകെയുള്ള ചികിത്സാ കേന്ദ്രങ്ങളുടെ 30% പോലും വരില്ല എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ ഇവയുടെ പ്രവർത്തനങ്ങൾ ഏറെകുറെ നിഗൂഢമാണ്‌.

NARI രജിസ്ട്രേഷൻ നിർബന്ധമാക്കുക, ചികിത്സാ രീതികളും അവയുടെ ജയപരാജയ നിരക്കും പരസ്യപ്പെടുത്തുക, PGID  പോലുള്ള സങ്കേതങ്ങൾ കർശ്ശനമായി നിരോധിക്കുക, നിശ്ചിത കാലയളവിൽ മെഡിക്കൽ ഓഡിറ്റിംഗ്‌ നടത്തുക, ചികിത്സ തേടിവരുന്ന എല്ലാവരെയും വ്യക്തമായി ബോധവത്ക്കരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ വിവിധ ഏജൻസികൾ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിക്കപെട്ടിട്ടുണ്ട്‌.

PCPNDT ആക്ട്‌ പ്രകാരം കുറ്റക്കാർ എന്നു കണ്ടെത്തുന്നവർക്ക്‌ ലഭിക്കുന്ന ശിക്ഷ പരമാവധി മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള ശിക്ഷയോ പതിനായിരം മുതൽ അൻപതിനായിരം വരെയുള്ള പിഴയോ ആണ്‌. ബാലൻസ്‌ ഷീറ്റിൽ കോടികൾ എഴുതുന്ന ഇൻഫർറ്റിട്ടിലിറ്റി ബിസിനസ്സിനെ നിയന്ത്രിക്കാൻ ഇത്‌ അപര്യാപ്തമാണ്‌.

ഭ്രൂണ ബാങ്കുകൾ
IVF കേന്ദ്രങ്ങളുടെ കാര്യം ഇതാണെങ്കിൽ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്നവയാണ്‌ ഇന്ത്യയിലെ ഭ്രൂണ ബാങ്കുകൾ. ഇവയിൽ നടക്കുന്ന ചൂഷണങ്ങളും അധാർമ്മിക പ്രവർത്തങ്ങളും അതുകൊണ്ട്‌ തന്നെ നിയമ വ്യവസ്ഥയുടെ പരിധിക്ക്‌ അതീതമാവുന്നു. അണ്ഡ ദാതാക്കളായി എത്തുന്ന സ്ത്രീകളാണ്‌ പലപ്പോഴും ചൂഷണത്തിനു ഇരയാവുന്നത്‌. അമിതമായ ഹോർമോൺ ചികിത്സയ്ക്ക്‌ വിധേയരാകുന്ന ഇവർ ഭാവിയിൽ നേരിടുന്നത്‌ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാവും. തങ്ങളുടെ ശരീരത്തിനു എന്താണ്‌ സംഭവിക്കുക എന്നുപോലും മനസ്സിലാക്കാതെയാണ്‌ തുച്ഛമായ പ്രതിഫലത്തിനായി പല സ്ത്രീകളും അണ്ഡം ദാനം ചെയ്യുന്നത്‌.

മറ്റൊന്ന് ബീജ വിൽപനയാണ്‌. സ്വന്തം ബീജം ചികിത്സയ്ക്കായി ഉപയോഗിക്കാൻ പറ്റാത്ത പുരുഷൻമാർക്കു വേണ്ടി ഭ്രൂണ ബാങ്കിൽ നിന്നും ബീജം വാങ്ങുന്നു. ‘ബ്രാഹ്മണ ബീജം, IIT,IIM ‘ എന്ന ലേബലിൽ എത്തുന്നവയ്ക്ക്‌  ഇന്ത്യൻ. ദമ്പതികളുടെ ഇടയിൽ വലിയ ഡിമാന്‍റ് ഉള്ളതുകൊണ്ട്‌ വിലയും കൂടുന്നു.

വന്ധ്യത ചികിത്സയുടെ പേരിൽ വൻ ചൂഷണത്തിനു വിധേയയായ അനിത ജയദേവൻ  എഴുതിയ Malicious Medicine:My experience with Fraud and Falsehood in Infertility Clinics എന്ന പുസ്തകത്തിൽ അവർ കേരളത്തിൽ വച്ച്‌ നടത്തിയ വന്ധ്യത ചികിത്സയുടെ പേരിൽ നേരിട്ട മാനസിക ശാരീരിക സാമ്പത്തിക ചൂഷണങ്ങൾ വിവരിക്കുന്നു. തന്റെയും ഭർത്താവിന്റെയും ലിംഗ കോശങ്ങളിൽ നിന്നു ജനിച്ച സ്വന്തം കുഞ്ഞ്‌ എന്ന് പേരിൽ അവരുടെ ഗർഭപാത്രത്തിൽ വളർത്തിയ ഭ്രൂണം ഒരു ചികിത്സാ പിഴവിൽ നഷ്ടപ്പെട്ടു. തുടർന്ന് ചില സംശയങ്ങളുടെ പേരിൽ നടത്തിയ DNA ടെസ്റ്റിൽ ഭ്രൂണത്തിൽ ഉപയോഗിച്ച അണ്ഡകോശം അനിതയുടേതല്ലായിരുന്നു എന്ന് തെളിഞ്ഞു.

കേരള മോഡൽ
പൊതു ആരോഗ്യ രംഗത്തിനു കേരള മോഡൽ സംഭാവന ചെയ്ത നമുക്ക്‌ വന്ധ്യതാ ചികിത്സയ്ക്ക്‌ ഒരു കേരള മോഡൽ സംഭാവന ചെയ്യാൻ കഴിഞ്ഞില്ല എന്നത്‌ സത്യമാണ്‌. അനിതയുടെ പരാതിയിൽ പ്രതിസ്ഥാനത്ത്‌ ഉണ്ടായിരുന്നത്‌ CIMAR ആയിരുന്നു.

ആശാവഹമായ പ്രവർത്തനങ്ങളോ ഇടപെടലുകളോ കേരളത്തിലെ വന്ധ്യത ചികിത്സ രംഗത്തില്ല. വാടക ഗർഭപാത്രം തേടി സ്വദേശികളും വിദേശികളുമായ ധാരാളം പേർ ഗുജറാത്തിലെ ആനന്ദിൽ എത്തിയിരുന്ന പോലെ വന്ധ്യത ചികിത്സാ ടൂറിസം എന്ന പേരിൽ കേരളത്തിലേക്കും ഗൾഫ്‌ മേഖലയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം കസ്റ്റമേഴ്സ്‌ എത്തുന്നുണ്ട്‌. ഝാർഘണ്ട്‌, ഒഡീഷ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ്‌ ലിംഗ കോശങ്ങൾ ഇവിടേയ്ക്ക്‌ എത്തുന്നത്‌. സുതാര്യത ഇല്ലാത്ത ചികിത്സാ രീതികൾ കാരണം ചികിത്സയ്ക്ക്‌ വിധേയരാവുന്നവർ പോലും ഇത്‌ അറിയുന്നില്ല.

സെപ്തംബർ ആദ്യ വാരം മധ്യകേരളത്തിലെ പ്രമുഖ വന്ധ്യത ചികിത്സാ കേന്ദ്രമായ കൊടുങ്ങല്ലൂർ ക്രാഫ്റ്റ്‌ ഹോസ്പിറ്റലിൽ സ്കാനിംഗിൽ കൃത്രിമം നടക്കുന്നുണ്ടെന്നും ചികിത്സാ രേഖകൾ രോഗികൾക്ക്‌ ലഭ്യമാക്കുന്നില്ലെന്നും ഉള്ള ആരോപണത്തെ തുടർന്ന് ആരോഗ്യ വകുപ്പ്‌ നടത്തിയ്‌ റെയ്ഡിൽ സ്കാനിംഗ്‌ മെഷീനുകൾ കണ്ടുകെട്ടുകയും 9 ഡോക്ടർമാർക്ക്‌ എതിരെ കേസ്‌ രജിസ്റ്റർ ചെയ്യുകയും ഉണ്ടായി.

വന്ധ്യത ചികിത്സയെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ബിസിനസ്സ്‌ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ജനങ്ങളുടെ ആരോഗ്യത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ശീതീകരിച്ച ലിംഗ കോശങ്ങളിൽ നിന്ന് ആൺകുഞ്ഞുങ്ങളെ സൃഷ്ടിക്കാനുള്ള ഫാക്ടറികളായി മാറുന്ന ഈ ക്ലിനിക്കുകൾ സ്ത്രീ പുരുഷ ലിംഗാനുപാതത്തിൽ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍