UPDATES

സിനിമ

ഇക്സ്കാനൂളും 100 യെന്‍ ലവും; സ്ത്രീ ജീവിതത്തിന്‍റെ സമാനതകള്‍

Avatar

മനു സെബാസ്റ്റ്യന്‍

ഈ വര്‍ഷത്തെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ പ്രമേയങ്ങളിലൊന്ന് സ്ത്രീ ശാക്തീകരണമാണ്. ആ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപെട്ട രണ്ടു ശ്രദ്ധേയ സിനിമകളാണ് ജപ്പാനില്‍ നിന്നുള്ള ‘100 യെന്‍  ലവും’ ഗ്വാട്ടിമാലയില്‍ നിന്നുള്ള ‘ഇക്സ്കാനുളും’(Ixcanul). പ്രതിബന്ധങ്ങള്‍ ഭേദിച്ച് പുറത്തുവരാന്‍ വെമ്പുന്ന സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളാണ് ഈ സിനിമകളില്‍ പ്രതിഫലിക്കുന്നത്.

സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലയെന്നും പുരുഷന്‍റെ നിയന്ത്രണത്തില്‍ മാത്രമേ അവള്‍ക്കു സന്തോഷവും സുരക്ഷയും ലഭിക്കുകയെന്നും ഉദ്ഘോഷിച്ച മനുസ്മൃതിവാദങ്ങളുടെ അലകള്‍ പരിപോഷിപ്പിച്ച ആര്‍ഷ സംസ്കാരമാണ് നമ്മുടേത്‌. അത്തരം ചിന്തകള്‍ ഇന്നും മുഖ്യധാരയില്‍ ശക്തമായി നില്കുന്നു. മറ്റു സംസ്കാരങ്ങളിലും സ്ത്രീകളുടെ സ്ഥിതി വലിയ വ്യതസ്തമല്ല എന്ന് ഈ സിനിമകളിലൂടെ വെളിവാകുന്നു. സാമ്പത്തികപുരോഗതി നേടിയ ജപ്പാനിലായാലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലായാലും. പൂര്‍ണവും ശുദ്ധവുമായ സ്വാതന്ത്ര്യം മിക്ക സംസ്കൃതികളിലും സ്ത്രീയ്ക്ക് അപ്രാപ്യമാണ്. സ്വാതന്ത്ര്യം എന്നത് കേവലം തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ള അവസ്ഥാവിശേഷമല്ല. ഉദാത്തമായ സ്വാതന്ത്ര്യം എന്നത് ഒരുവന് തന്റെ വ്യക്തിത്വതിറെ സത്ത എന്തെന്ന് തിരിച്ചറഞ്ഞ്, തന്‍റെ ആത്മാവിഷ്കാരം സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും സാക്ഷത്കാരത്തിലൂടെ സാധ്യമാക്കാന്‍ സഹായിക്കുന്ന സാഹചര്യങ്ങളാണ്. ആ ഒരു അവസ്ഥയില്‍ മാത്രമേ സ്ഥായിയായ സന്തോഷം കരസ്ഥമാകൂ. കുടുംബവും സമൂഹവും അടിച്ചേല്പിക്കുന്ന ചട്ടക്കൂടിനുള്ളില്‍ പലപ്പോഴും ഒരു സ്ത്രീയ്ക്ക് തന്‍റെ അനന്യതയും സവിശേഷതയും ഒളിപ്പിച്ചുവെച്ച്, പരമ്പരാഗതമായി അവള്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്ന വേഷങ്ങള്‍ അണിഞ്ഞു ജീവിക്കേണ്ടി വരുന്നു. അത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നവരാണ് ഈ സിനിമകളിലെ കേന്ദ്ര സ്ത്രീ കഥാപാത്രങ്ങള്‍.

ഗ്വാട്ടിമാലയിലെ ഗിരിവര്‍ഗക്കാരുടെ ഇടയിലാണ് ‘ഇക്സ്കാനുള്‍’ അരങ്ങേറുന്നത്. ഒരു അഗ്നിപര്‍വതത്തിന്‍റെ താഴ്വരയിലുള്ള കര്‍ഷക കുടുംബത്തിലെ അംഗമാണ് ഇതിലെ നായികയായ മരിയ. ഒരു കാപ്പിതോട്ടത്തില്‍ പണിയെടുത്താണ് അവര്‍ ഉപജീവനം തേടുന്നത്. മരിയയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ കപ്പിതോട്ടത്തിലെ മാനേജരുമായി അവളുടെ വിവാഹം ഉറപ്പിക്കപെടുന്നു. ആ വിവാഹബന്ധം തങ്ങളുടെ കുടുംബത്തിനു സ്ഥിരതയും പുരോഗതിയും നല്‍കുമെന്നതിനാല്‍ അവളുടെ കുടുംബം വളരെ സന്തോഷത്തില്‍ ആണ്. പക്ഷെ അവളുടെ മനസ്സു അവള്‍ക്ക് പോലും ഗ്രഹിക്കനാകാത്ത മറ്റ് എന്തിനെയോക്കെയാണ് തേടുന്നത്.

‘100 യെന്‍ ലവ്’ ജപ്പാനിലെ തൊഴിലാളിവര്‍ഗസമൂഹത്തിലാണ് അരങ്ങേറുന്നത്. അലസയും ഉദാസീനയുമാണ്‌ ഇതിലെ നായികയായ ഇച്ചിക്കോ. തന്‍റെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തുന്ന കടയുടെ നടത്തിപ്പിലൊന്നും യാതൊരു താല്‍പര്യവുമില്ലാതെ, ദിവസം മുഴുവന്‍ ബോക്സിംഗ് മാച്ചുകള്‍ കണ്ടു തള്ളിനീക്കുന്നു. വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്, അവള്‍ വീട്ടില്‍ നിന്ന് മാറി താമസിക്കുകയും, ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യറായി ജോലി ചെയ്തു സ്വന്തമായി ജീവിക്കുകയും ചെയ്യുന്നു.

ഈ രണ്ടു കഥാപാത്രങ്ങളും തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് അന്യതാബോധം അനുഭവിക്കുന്നവരും, തങ്ങളുടെ പരിതസ്ഥിതികളെ ഭേദിച്ചു പുറത്തേക്കു കുതിക്കാന്‍ വെമ്പുന്നവരുമാണ്. അഗ്നിപര്‍വതത്തിനു വെളിയിലുള്ള അമേരിക്ക എന്ന സ്വപ്നനാടിനെ കുറിച്ച് അറിയുന്ന മരിയ, അവിടേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നു. ഇച്ചിക്കോയ്ക്ക് ആകട്ടെ, ജീവിതത്തില്‍ ആകെപ്പാടെ അഭിനിവേശം തോന്നിയിട്ടുള്ളത് ബോക്സിങ്ങിനോടാണ്. ഇരുവരും തങ്ങളുടെ സ്വപ്നങ്ങളെ പ്രതിനിധാനം ചെയ്യുന്ന പുരുഷന്മാരോട് പ്രണയത്തിലാകുന്നു–അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന പെപെയോടു മരിയയും, ബോക്സിംഗ് മത്സരത്തിനു പരിശീലിക്കുന്ന യൂജിയുമായി ഇച്ചിക്കോയും. ആ പുരുഷന്മാരേക്കാള്‍ തങ്ങളുടെ തന്നെ സ്വപ്നങ്ങളെയാണ് അവര്‍ ഉപബോധമനസ്സില്‍ പ്രണയിക്കുന്നത്‌. എന്നാല്‍, ഈ രണ്ടു പുരുഷന്മാരും ദുര്‍ബലരും ഭീരുക്കളുമായി പരിണമിക്കുകയും, ഇരുവരെയും കൈയ്യൊഴിയുകയും ചെയ്യുന്നു.

ജീവിതം പ്രതിസന്ധിയിലാകുന്ന അത്തരം വേളയില്‍, രണ്ടു സ്ത്രീകളും കടുത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്നു. പെപെയുമായുള്ള ബന്ധത്തില്‍ മരിയ ഗര്‍ഭവതിയാകുന്നു. അതോടെ അവളുടെ കുടുംബം സമൂഹത്തില്‍ ഒറ്റപ്പെടുന്നു. അവളുടെ അച്ഛന് കപ്പിതോട്ടത്തിലെ ജോലി നഷ്ടമാകുന്നു. ജീവിക്കുവാന്‍ ഏക മാര്‍ഗം സ്വന്തമായി കൃഷി ചെയ്യുക എന്നതാണ്. പക്ഷെ ഉഗ്രവിഷമുള്ള പാമ്പുകളെ കൊണ്ട് നിറഞ്ഞ അവരുടെ സ്ഥലത്ത് കൃഷി ദുഷ്കരം. ഗര്‍ഭിണികള്‍ക്ക് പാമ്പുകളെ ഓടിക്കുവാനുള്ള സിദ്ധികളുണ്ടെന്ന ഗോത്രവിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍, അവയെ പലായനം ചെയ്യിക്കാനുള്ള ഒരു സാഹസത്തിനു മുതിര്‍ന്നു കൊണ്ട് മരിയ തന്‍റെ പോരാട്ടവീര്യം പ്രകടമാക്കുന്നു.

അതെ സമയം, ജീവിത്തില്‍ തികച്ചും ഒറ്റപ്പെടുന്ന ഇചിക്കോ, ബോക്സിംഗ് പരിശീലനത്തിന് ചേരുന്നു. ജീവിതത്തോടും സമൂഹത്തോടും ഉള്ള തന്‍റെ സര്‍വ ദ്വേഷവും അവള്‍ ബോക്സിങ്ങിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണ്.

പക്ഷെ, ഇരുവരും തങ്ങളുടെ പോരാട്ടത്തില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. മരിയയ്ക്ക് സര്‍പ്പദംശനമേല്‍ക്കുന്നു. ഇചിക്കോ ബോക്സിംഗ് മത്സരത്തില്‍ തോല്‍ക്കുന്നു. എന്നിരുന്നാലും, തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങള്‍ കൊണ്ട് മാത്രം കീഴ്പെട്ടു പോകുന്ന ഇവര്‍ പരാജയത്തിലും തലയുയര്‍ത്തി നില്കുന്നു. ഒന്നുമില്ലെങ്കിലും, തങ്ങളെന്താണെന്നും തങ്ങള്‍ക്കു ജീവിതത്തില്‍ എന്താണ് വേണ്ടതെന്നും വിളിച്ചുപറയാനുള്ള ആര്‍ജവം അവര്‍ പ്രകടമാക്കുന്നു.

ഘടനയിലും ആഖ്യാനത്തിലും ഇരു ചിത്രങ്ങളും വളരെ വ്യതസ്തമാണ്. ലളിതവും സരസവുമാണ് ‘100 യെന്‍ ലവ്’. അതെ സമയം, ഗഹനവും സങ്കീര്‍ണവുമായ ബിംബങ്ങള്‍ കൊണ്ട് സമ്പന്നമാണ് ‘ഇക്സ്കാനുല്‍’. അല്പം കൂടി കലാമേന്മ അവകാശപ്പെടാവുന്നതും ‘ഇക്സ്കാനുലിനു’ തന്നെയാണ്. തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം പ്രകടമാക്കാന്‍ ശ്രമിക്കുകയും, തങ്ങളുടെ അഭിലാഷങ്ങളെ നിര്‍ഭയം പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ രണ്ടു സ്ത്രീകഥാപാത്രങ്ങളും ആസ്വാദകരുടെ മനസ്സ് ആര്‍ദ്രമാക്കുന്നുണ്ട്. 

(ഹൈക്കോടതിയില്‍ അഡ്വക്കേറ്റാണ് ലേഖകന്‍)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍