UPDATES

സിനിമ

ഇയ്യോബും ബിരിയാണിയും; ഒരു ഡിസൈനര്‍ പടപ്പ്

Avatar

എന്‍ രവിശങ്കര്‍

‘ഇയ്യോബിന്റെ പുസ്തക’ത്തിലെ ‘വൃദ്ധനായത് കൊണ്ട് മാത്രം ഒരാള്‍ ജ്ഞാനിയാവണമെന്നില്ല,’ എന്ന വരികളോടെയാണ് ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രം ആരംഭിക്കുന്നത്. 1900ല്‍ ആരംഭിക്കുന്ന കഥ മൂന്നാറിലെ തേയില തോട്ടങ്ങള്‍ ഹാരിസണ്‍ സായിപ്പ് വച്ച് പിടിപ്പിച്ചത് മുതല്‍ 1975ലെ അടിയന്തിരാവസ്ഥ പ്രഖ്യാപനം വരെ നീണ്ട് നില്‍ക്കുന്നു. ഒന്ന്, രണ്ട് തലമുറകളുടെ ചരിത്രം വിവരിക്കുന്ന ചിത്രം അടുത്ത തലമുറയുടെ വരവോടെയാണ് അവസാനിക്കുന്നത്. ആ അര്‍ത്ഥത്തില്‍ സാഗ ചിത്രങ്ങളുടെ ജനുസിലാണ് ഈ ചിത്രത്തിന്റെ സ്ഥാനം എന്ന് പറയാം. തേയിലത്തോട്ടങ്ങളുടെ വെട്ടിപ്പിടിത്തം, അടിമത്തം, സങ്കരസന്തതികള്‍, രണ്ടാം ലോക മഹായുദ്ധം, കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവം, പാണ്ടികളുടെ കടന്നുവരവ് തുടങ്ങിയ പല ചരിത്ര നിമിഷങ്ങളെയും സ്പര്‍ശിച്ച് കടന്നുപോവുന്നുണ്ട് ചിത്രം. പക്ഷെ, അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് മനുഷ്യന്റെ ദുരയും പകപോക്കലുമൊക്കെ തന്നെ.

ഏതാണ്ട് ഒരു മുഴു നോവലിന്റെ കഥയാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് സംഭവബഹുലമാണ് കാര്യങ്ങള്‍. ഇത്രയധികം ചരിത്രം കുത്തിനിറക്കാന്‍ വെമ്പുന്ന ഒരു സംവിധായകനെയും കഥാകൃത്തിനെയുമാണ് നമ്മള്‍ കാണുന്നത്. അതോടൊപ്പം, മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, കാട്, കുന്ന്, പുല്‍മൈതാനങ്ങള്‍ക്കിടയിലെ ചെമ്മണ്‍ പാതകള്‍, കഥാപാത്രങ്ങളുടെ വിചിത്രമായ വേഷവിധാനങ്ങള്‍, വിന്റേജ് കാറുകള്‍, വെള്ളക്കുതിര, പാതി യൂറോപ്യനായ നായിക തുടങ്ങിയ പല രുചികരങ്ങളായ വിഭവങ്ങളേയും ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സംവിധായകന്‍ ശ്രദ്ധിക്കുന്നുണ്ട്. മനഃപൂര്‍വമെന്നോണം, ഇയ്യോബിന്റെ മക്കള്‍ക്ക് കാരമസോവ് സഹോദരന്മാരുടെ പേരുകള്‍ ഇട്ടത് (ദിമിത്രി, ഇവാന്‍, അലോഷി) തുടങ്ങി ചിത്രമവസാനിക്കുമ്പോള്‍ നറേഷനില്‍ പറയുന്ന ബഷീറിന്റെ പ്രേമലേഖനത്തിലെ വാചകങ്ങള്‍ വരെ പുസ്തകവും വായനയുമായി ബന്ധപ്പെട്ട നിരവധി റഫറന്‍സുകള്‍ ചിത്രത്തിലുണ്ട്. ‘Gone with the Wind’ പോലെയുണ്ടല്ലോ എന്ന് ചിന്തിക്കുമ്പോഴേക്കും ആ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഒരു പോസ്റ്റരും നമ്മെ കാണിച്ചു തരുന്നുണ്ട്.

ചുരുക്കത്തില്‍, ഒരു പീരിയഡ് പടത്തിന് വേണ്ട എല്ലാ ചേരുവകളും അടങ്ങിയ ചിത്രമാണ് ഇയ്യോബ്. ആ ഒരു ക്യാന്‍വാസിലാണ് ചിത്രം മെനഞ്ഞെടുത്തിട്ടുള്ളത്. ഇത്തരം ഒരു പടം എങ്ങനെ ആയിരിക്കണം എന്ന പൂര്‍ണ ബോധ്യത്തോടെയാണ് സംവിധായകന്‍ പണിയെടുത്തിട്ടുള്ളത് എന്ന് വ്യക്തം. അത് നല്ലത് തന്നെ. താന്‍ ഒരു ജനുസില്‍ പെട്ട ചിത്രമാണ് ഒരുക്കുന്നത് എന്ന ഉത്തമബോധ്യം സംവിധായകനുണ്ടായിരുന്നു എന്ന് അര്‍ത്ഥം.

ഇത്തരം ചിത്രങ്ങള്‍ക്ക് പറ്റുന്ന ഒരു ന്യൂനത ഒരു പീരിയഡിനെ എങ്ങിനെ പുനരാവിഷ്‌കരിക്കാം എന്നതിലാണ്. നിരവധി പൂര്‍വമാതൃകകള്‍ ഇവയ്ക്കുള്ളതിനാല്‍ അവയില്‍ പെട്ടുപോവുക സ്വാഭാവികം. അതുകൊണ്ടാണ് നാടകീയതയില്‍ അനുകരണവും നാടിനെ സ്പര്‍ശിക്കുന്ന കാര്യങ്ങളില്‍ ഭാവനാ ശൂന്യതയും പ്രകടമാവുന്നത്. ഉദാഹരണത്തിന്, കഥാപാത്രങ്ങളുടെ പേരുകള്‍ തൊട്ട് ഭാവഹാവാദികളില്‍ വരെ, പണ്ടു കണ്ട പലതും നിഴലിക്കുന്നു. വസ്ത്രധാരണത്തിലും മുഖങ്ങള്‍ ചമയിച്ചൊരുക്കുന്നതിലും വരെ ഇത് ദൃശ്യമാണ്. പലപ്പോഴും, കേരളത്തില്‍ നടക്കുന്ന ഒരു കഥയായി തോന്നാത്ത ഒരു പ്രതീതി ഉണ്ടാവുകയും ചെയ്യുന്നു. അടിമയായി വളര്‍ന്ന്, കാര്യസ്ഥനായി മാറി, എല്ലാം തട്ടിയെടുത്ത ഇയ്യോബാണല്ലോ ചിത്രത്തിന്റെ കേന്ദ്രബിന്ദു. ഇയാള്‍ തന്നെ പലപ്പോഴും ഒരു റഷ്യന്‍ പ്രഭുവിന്റെ സെറ്റപ്പില്‍ ആവുന്നത് സംവിധായകന്‍ കണ്ടുമറന്ന ഏതൊക്കെയോ മാതൃകകളുടെ പിന്‍ബലത്തിലാവണം. നായകനായ അലോഷി Tom Sawyer വായിക്കുന്നത് ഒന്നിലധികം തവണ കാണിക്കുന്നുണ്ട്. അതില്‍ നിന്നും ഹക്കിള്‍ബറി ഫിന്നിലേക്കും അതില്‍ വിവരിക്കുന്ന പ്രഭുക്കന്മാരുടെ മത്സര യുദ്ധങ്ങളിലേക്കും ശ്രദ്ധ പോവുക സ്വാഭാവികം. മൂന്നാര്‍-ദേവികുളം കേന്ദ്രമാക്കി ഒരു യൂറോപ്യന്‍/അമേരിക്കന്‍ കുടുംബയുദ്ധ കഥ പറയുന്നത് പോലെയാണ് ചിത്രം അനുഭവപ്പെടുന്നത്. യുദ്ധത്തിന് പോക്കും, യുദ്ധത്തില്‍ നിന്ന് മടങ്ങി വരുന്നയാള്‍ പുതിയൊരു മനുഷ്യനായി സമൂഹത്തില്‍ ഇടപഴകുന്നതും ഒക്കെ ഹോളിവുഡിന് പ്രിയ വിഷയങ്ങളാണല്ലൊ.

ഇപ്പറഞ്ഞതിനെ ഉദാഹരിക്കാന്‍ ചിത്രത്തിലെ രണ്ട് പ്രധാന വീഴ്ചകള്‍ ചൂണ്ടിക്കാട്ടാം. ഒന്ന്, തേയില തൊഴിലാളികളുടെ ഏതാണ്ട് പൂര്‍ണ്ണമായ അസാന്നിധ്യം. രണ്ട്, കമ്മ്യൂണിസ്റ്റുകളുടെ ഇല്ലായ്മയ്ക്ക് തുല്യമായ സാന്നിധ്യം. ഇവരെല്ലാം അവിടിവിടൊക്കെ ഉണ്ട്. പക്ഷെ, എല്ലാം നാമമാത്രം. അതും, നായകന്റെ നന്മയുമായി ബന്ധപ്പെടുന്ന നിലയില്‍ മാത്രം. കമ്മ്യൂണിസ്റ്റുകാരുടെ ഇടപെടലുകള്‍ അവസാനമാണ് യഥാര്‍ത്ഥത്തില്‍ പുറത്ത് വരുന്നത്- അതും മലനിരയില്‍ അവര്‍ ആയുധങ്ങളുമായി നിരന്നു നില്‍ക്കുന്ന (ചില റെഡ് ഇന്ത്യന്‍ ചിത്രങ്ങളിലെ പോലെ) ഒരു ദൃശ്യത്തില്‍. അല്ലാതെ, ഒരു വിധത്തിലുമുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനവും തൊഴിലാളികള്‍ക്കിടയില്‍ കാണാനാവുന്നില്ല. റിക്കോഡുകള്‍ ഭദ്രമാക്കാന്‍ വേണ്ടി കമ്മ്യൂണിസ്റ്റുകള്‍ അവിടെ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു എന്ന് പറയുന്നുണ്ട്. അതിന് ഉപോല്‍ബലകമായി ഒരു തൊഴിലാളി സമരം പോലും ആ പ്രദേശത്ത് നടന്നതായി ഒരു സൂചന പോലുമില്ല. ഈ പുസ്തകം എഴുതിയിരിക്കുന്നത് അടിയന്തിരാവസ്ഥയില്‍ പിടിക്കപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് എഴുത്തുകാരനാണ് എന്നത് കൊണ്ട് തന്നെ ഇത് ഒരു വലിയ അപരാധമായി മാറുന്നു.

ചുരുക്കത്തില്‍, ഫാബ് ഇന്ത്യയിലും മറ്റും നമുക്ക് വാങ്ങാന്‍ കിട്ടുന്ന ഡിസൈനര്‍ വസ്ത്രങ്ങള്‍ പോലെ, ഈ ചിത്രം ഒരു ഡിസൈനര്‍ പടപ്പാണ്. എത്രയോ പൂര്‍വമാതൃകകളുടെ തുണ്ടുകള്‍ ഈ വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നതായി കാണാം. പക്ഷെ, വസ്ത്രം ആകര്‍ഷകമാണ്. ശ്രദ്ധ പിടിച്ചു പറ്റും. സങ്കരവര്‍ഗ്ഗത്തില്‍ പെട്ട മാര്‍ത്തയെന്ന പാതി വെള്ളക്കാരി പെണ്‍കുട്ടി കാളകളെ കൊണ്ട് നിലമുഴുവിക്കുന്ന ആ കൃത്രിമ ദൃശ്യമാണ് ഈ ചിത്രത്തിന്റെ പൊതുസ്വഭാവം. എടുത്ത് പറയേണ്ട പല ഘടകങ്ങളില്‍ ഛായാഗ്രഹണം ഒന്ന് മാത്രം. പ്രത്യേകം പറയേണ്ടത് നേഹ നായരുടെ സംഗീതമാണ്. ‘രാവ്’ എന്ന ഗാനം ഇതിനകം വളരെ പ്രശസ്തമായി കഴിഞ്ഞു. മലയാള സിനിമയുടെ ഒരു ഓരത്ത് പ്രശസ്ത ഗാനങ്ങളുടെ പുനരാവിഷ്‌കാരവുമായി ഒതുങ്ങി കഴിഞ്ഞിരുന്ന ഈ പെണ്‍കുട്ടി ഒരു വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. സംഗീത സംവിധാനം കൊണ്ടും ഗാനാലാപനം കൊണ്ടും.

ലാലാണ് (ഇയ്യോബ്) ചിത്രത്തിന്റെ കേന്ദ്രബിന്ദുവെങ്കിലും, അദ്ദേഹത്തിന് പുതുതായൊന്നും ചെയ്യാനില്ല എന്ന് തോന്നുന്നു. കഥാപാത്രം അത്ര സ്റ്റീരിയോ ടൈപ്പ് ആയിപ്പോയി. ഫഹദ് ഫാസിലിന്റെ അലോഷിയ്ക്കും കാര്യമായൊന്നും ചെയ്യാനില്ല. അഭിനേതാക്കളെല്ലാം കഥാസന്ദര്‍ഭങ്ങളുടെ വെള്ളച്ചാട്ടത്തില്‍ ഒഴുകി പോയത് പോലെയാണ് തോന്നുന്നത്. പത്മപ്രിയയുടെ റാഹേല്‍ എന്ന കഥാപാത്രം മാത്രം ഒരു കാണിയെന്ന നിലയില്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. ലൈംഗിക ശേഷി നഷ്ടപ്പെട്ട ദിമിത്രിയായി ചെമ്പന്‍വിനോദ് ജോസും. അതുപോലെ, ജയസൂര്യയാണ് തനിക്ക് കിട്ടിയ റാവുത്തര്‍ എന്ന കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒന്ന് നോക്കിയാല്‍, ഇത് റാവുത്തരുടെയും റാഹേലിന്റെയും കഥയാണ്.

ഗാന്ധിജി എന്ന വാക്കുച്ചരിക്കാത്ത ഒരു ഇന്ത്യന്‍ പീരിയഡ് ചിത്രമാണിതെന്ന് പറയാം. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ഒരു ആശയമുണ്ടായിരുന്നുവെന്നും ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പുന്നപ്ര-വയലാറൊന്നും ബാധിക്കാത്ത കമ്മ്യൂണിസ്റ്റുകളാണെങ്കിലും, സര്‍ സിപിയുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് റാവുത്തര്‍ കേരളത്തിന് സംഭാവന ചെയുന്ന ഒരു പുതിയ ഭക്ഷണ വസ്തുവാണ് – ബിരിയാണി. 

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍