UPDATES

സിനിമ

മേല്‍ജാതി പരിപോഷിപ്പിച്ചെടുത്ത ആണ്‍സ്വത്വങ്ങള്‍ കഥ പറയുമ്പോള്‍ – ഇയ്യോബ് വിമര്‍ശിക്കപ്പെടുന്നു

Avatar

ശ്രീജിത പി.വി

കലാസൃഷ്ടിക്ക്, പ്രത്യേകിച്ച് സിനിമയ്ക്ക് ആസ്വാദാനത്തിന്റെ തലങ്ങള്‍ പലതാണ്. അതിന്റെ വിജയം തീര്‍ച്ചയായും കാണികളെ ആശ്രയിച്ചിരിക്കുന്നു. ഏറെക്കുറെ ആസ്വാദനം തരുന്ന സംഗീതം, ഛായഗ്രഹണം, ചരിത്രത്തില്‍ പലതിനോടുമുള്ള സാമീപ്യം എന്നിവ ചേര്‍ന്നാലും അതിന്റെ തന്നെ ആന്തരിക യാഥാര്‍ഥ്യവുമായി ഇവയെല്ലാം  ബന്ധിപ്പിച്ചില്ലെങ്കില്‍ അറ്റുപോകാവുന്നതേയുള്ളൂ കലയുടെ രസച്ചരട്. അതുപോലോരനുഭവമാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഇയോബിന്റെ പുസ്തകം എന്ന സിനിമ സമ്മാനിച്ചത്‌. ഈ വായന തീര്‍ത്തും സിനിമയില്‍ ഉണ്ടായിരിക്കേണ്ട അത്തരം ചില ന്യായബോധത്തെക്കുറിച്ചു മാത്രമാണ്. ഇയോബിന്റെ പുസ്തകം എന്തുകൊണ്ട് ചിലര്‍ക്കെങ്കിലും സൌന്ദര്യത്തിന്റെ പ്രതീക്ഷകള്‍ നല്‍കുകയും അവരെ ഗ്രാമത്തിലൂടെയും കാട്ടിലൂടെയും നടത്തി നിരാശപ്പെടുത്തുകയും ചെയ്തു എന്നതിനെ കുറിച്ച്. സിനിമ കണ്ടിറങ്ങിയ പലരോടും സംസാരിക്കുകയാല്‍ അവരുടെ ആശയങ്ങളും ഇതില്‍ നിഴലിച്ചു കാണാം.

 

ആണുങ്ങള്‍ക്ക് വേണ്ടി ആണുങ്ങള്‍ നിര്‍മിച്ചെടുക്കുന്ന സിനിമാലോകത്ത് ചരക്കായും അടിമകളായും സ്ത്രീകളെയും കീഴാളരെയും അണിനിരത്തി കലാകാരന്മാരും കലാലോകവും മടുത്തെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇന്ത്യന്‍ ജനത മോദി-തരംഗം അനുവദിച്ച് അധികാരത്തിലേറ്റിയ ബി.ജെ.പി സര്‍ക്കാരും, അതുവഴി അലയടിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മുമ്പത്തേക്കാളേറെ ചിന്തകരും കലാ, സാഹിത്യ സൃഷ്ടാക്കളും തെറ്റായരീതിയില്‍ ചരിത്രം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ബോധവതികളും ബോധവാന്മാരും ആകേണ്ട ഇക്കാലത്ത്, സ്ത്രീ-കീഴാള-ദേശീയ ചരിത്രം അത്യധികം ആഭാസകരമായി തന്നെ അവതരിപ്പിച്ചത് ഏതു വാണീജ്യതന്ത്രത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണെങ്കിലും അതിനെ ന്യയീകരിക്കുക വയ്യ. സ്നേഹവും വിശ്വസ്തതയും തരണം ചെയ്ത് ഒടുവില്‍ അധികാരം എവിടെയോ അവിടെ കസേരക്ക്‌ വലതുവശത്തായി എന്നും ഞാനുണ്ട്, എന്നു പറയുന്ന  ലാസറിന്റെ നിസ്സഹായതയോട് തോന്നുന്ന അത്രപോലും സഹിഷ്ണുത ഈ സിനിമയുടെ  മുഴുനീളന്‍ നിലപാടിനോട് എടുക്കാന്‍ കഴിയാതെ പോവുന്നതിന് കാരണമുണ്ട്. കഥയില്‍ ആത്മധൈര്യമുള്ള ഒരേയൊരു കീഴാള സ്ത്രീ – ചീരു- ഇവാന്‍റെ വെടിയേറ്റ് വീഴുമ്പോള്‍, ലാസര്‍ അല്പമെങ്കിലും ഞെട്ടല്‍ പ്രകടിപ്പിക്കുന്നുണ്ട്. അത്രപോലും ഞെട്ടലോ ഭയമോ കൂടാതെയാണ് ഈ കാലഘട്ടത്തില്‍, ചരിത്രരഹിതമായ രീതിയില്‍ തന്നെ സ്ത്രീകഥാപാത്രങ്ങളെയും, കൊഴുപ്പ് കൂട്ടാന്‍ വേണ്ടി വേഷവിധാനങ്ങളിലൂടെയും മറ്റും കൃത്രിമമായ ഒരു മസാല ചേര്‍ത്ത് കൊണ്ട് കീഴാളരെയും രജനികാന്ത് സ്റ്റൈലില്‍ എവിടെ നിന്നോ ചാടി വീണ ഒരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തെയും വിലകുറച്ച് അവതരിപ്പിക്കുമ്പോള്‍ അമല്‍ നീരദും സംഘവും ചെയ്യുന്നത്. അരാഷ്ട്രീയപരമായ ഈ  ആണ്‍-മേല്‍ജാതി- സംസ്കാരം എന്തിനാണ്  ഇത്തരം സിനിമകള്‍ വീണ്ടും വീണ്ടും ഉല്‍പ്പാദിപ്പിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

 

 

ആണുങ്ങളുടെ കണ്‍കുളിര്‍ക്കാന്‍ വേണ്ടി മാത്രം സ്ത്രീകളെ അവതരിപ്പിക്കുന്ന ഈ സിനിമ മലയാളി പുരുഷന്മാരുടെ മൊത്തം പ്രശ്നം എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാതെ പോവുന്ന ലിംഗമാണെന്ന കാര്യം ഒരു കഥാപാത്രത്തിലൂടെയെങ്കിലും ചുരുക്കി അവതരിപ്പിച്ച് ഏറ്റുപറഞ്ഞതില്‍ സന്തോഷമുണ്ട്. ഇരകളായോ കാമവെറി മൂത്ത യക്ഷികളായോ അല്ലാതെ സ്ത്രീകള്‍ എഴുന്നേറ്റു നില്‍ക്കാത്ത, സിനിമകളില്‍ ഇതിനെ പെടുത്താന്‍ കാരണമുണ്ട്. ഇതിലെ സ്ത്രീസാന്നിധ്യം, ഭാര്യ തല്ലിപ്പിരിഞ്ഞപ്പോള്‍ തകര്‍ന്നു പോയ യൂറോപ്യന്‍  ആണിന്റെ പെണ്‍-അസാനിധ്യം തീര്‍ത്ത് കൊടുക്കാന്‍ വേണ്ടി മാത്രം എങ്ങുനിന്നോ ഇറക്കുമതി ചെയ്യപ്പെട്ട കഴലി എന്ന കഥാപാത്രമായും, ആണ്‍വിജയങ്ങള്‍ ആഘോഷിക്കാന്‍ സ്ക്രീനില്‍ നിറസാന്നിധ്യമായി തിരകിക്കയറ്റെണ്ട ഐറ്റം നമ്പര്‍ ആയും, ശരീരമായി തുടങ്ങുകയും ശരീരമായിത്തന്നെ അവസാനിക്കുകയും ചെയ്ത മരുമകള്‍ റാഹേല്‍ ആയും ചരിത്രമില്ലാതെ നിലനില്‍ക്കുന്നു. റാഹേലിന്റെ ചരിത്രം പറയുന്നുണ്ടെങ്കിലും അത് വേണ്ട വിധേനെ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ വേണ്ട രാഷ്ട്രീയ ചങ്കൂറ്റം സിനിമ എടുക്കുന്നില്ല. ആണ്‍ലോകത്തിന്റെ ചരിത്രം ആണ്‍പക്ഷത്ത് നിന്ന് തന്നെ പറയണമെന്ന് എവിടെ നിന്നായിരുന്നു ഇത്രയേറെ സമ്മര്‍ദം?

 

വളരെ ശക്തമായ ജീവിതം ജീവിച്ച (അവരുടെ സാമൂഹികമായ ഭ്രഷ്ട് എന്ന  യാഥാര്‍ഥ്യത്തില്‍  നിന്ന് മാത്രം കാണികള്‍ ഗ്രഹിക്കേണ്ടത്) കഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീനില്‍ എങ്കിലും അല്പം ശ്രദ്ധ ചെലുത്താമായിരുന്നു. സായിപ്പിന്റെ ഭാര്യ തല്ലിപ്പിരിഞ്ഞു പോയി, ആയിടക്ക്‌… അങ്ങനെ ആയിടക്ക്‌ മാത്രം;  ചരിത്രത്തിന്റെ ഇടയില്‍ മാത്രം കയറിപ്പറ്റേണ്ടിയിരിക്കുന്ന സ്ത്രീയായി ശക്തവും എന്നാല്‍ സാമൂഹിക ദാരിദ്ര്യം കൊണ്ട് മാത്രം ഇരയാക്കപ്പെടുന്നതുമായ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ചോദിക്കാതെ വയ്യ. സ്ത്രീപക്ഷത്ത് നിന്നുകൊണ്ട്, ചരിത്രഹീനതയെ അതിജീവിച്ച് ആണ്‍ചരിത്ര നിര്‍മിതിയിലെ വിടവുകള്‍ പൂരിപ്പിച്ച് ഇവരെ അവതരിപ്പിച്ചാല്‍ എന്തായിരുന്നു കുഴപ്പം? പക്ഷെ ആര്‍ക്കു വേണ്ടി അല്ലേ? സ്ത്രീകള്‍ തുടക്കം മുതല്‍ അവസാനം വരെ ചരക്കുകളായി മാത്രം അവതരിപ്പിക്കപ്പെടുന്ന ഒരു കച്ചവട സിനിമയില്‍ അതിന് എന്ത് പ്രാധാന്യം? യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ, കണ്ണുകള്‍ക്ക്‌ ആനന്ദദായകമായ രീതിയില്‍ ഛായാഗ്രഹണ വൈദഗ്ദ്യത്തോടെ, തലയെടുപ്പോടെ സിനിമയിലേക്ക് ഇറക്കി വിട്ടാല്‍ മതിയല്ലോ ഇത്തരം കഥാപാത്രങ്ങളെ!

 

 

കീഴാളമുഖങ്ങള്‍ക്കു വേണ്ടി മലയാള സിനിമയിലെ പ്രതിഭാശാലികളായ പലരെയും അവരുടെ കറുത്ത നിവും ചുരുണ്ട മുടിയും കണക്കിലെടുത്ത് മാത്രം ഉപയോഗപ്പെടുത്തുമ്പോള്‍ കാണിക്കേണ്ട ചില രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ മറന്ന്‍, സിനിമയെടുക്കുമ്പോള്‍ ചലിക്കാത്ത നാവാണ് സിനിമയ്ക്കൊടുവില്‍ ചില കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ പ്രകീര്‍ത്തിച്ചു കൊണ്ട് ചലിക്കുന്നത്‌. രാഷ്ട്രീയവും ജീവിതവും വെവ്വേറെ അല്ലാതിതിരുന്നവരുടെ പ്രതിനിധിയായി അത്തരം നേതാക്കളെ ഉയര്‍ത്തുന്ന സിനിമ മിനിമം കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തോടെങ്കിലും ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ നായകനെ രക്ഷപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ എത്തിപ്പെടുന്ന രംഗം രജനി സിനിമയിലേത് പോലെ മാന്ത്രികതയും അവിശ്വസനീയതും നിറഞ്ഞതാവിയില്ലായിരുന്നു. ഈ രംഗത്തിനു ശേഷം നായകന്‍റെ വിജയം, തീരെയങ്ങ്  ബോധിക്കാതെ നായകന് തികഞ്ഞ ആണത്തത്തിലേക്ക് കുതിക്കാന്‍ സിനിമ ഉടന്‍ തന്നെ അവസരം ഒരുക്കുന്നുണ്ട്. തന്നെ വെടിവെക്കാന്‍ തോക്കെടുത്ത പോലീസിന് കൈകൊടുത്ത്, കൈവിരലുകള്‍ അടക്കാവെട്ടി കൊണ്ട് മുറിവേല്‍പ്പിക്കെ നായകന്‍ പറയാന്‍ മടിക്കുന്നില്ല: ആരെങ്കിലും ചോദിച്ചാല്‍ അലോഷ്യക്ക് കൈ കൊടുത്തതാണെന്ന് പറഞ്ഞാല്‍ മതി എന്ന്‍. ഇങ്ങനെ ആണത്തത്തിന്റെ നിലനില്‍ക്കുന്ന മാതൃകകള്‍ ഉടയാതെ സംരക്ഷിച്ച് സിനിമയും നായകനും ഉയരുമ്പോള്‍ വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന വലിയ ആശയമൊന്നുമല്ല സിനിമ ഉയര്‍ത്തിക്കാട്ടുന്നത്. മറിച്ച് നിലനില്‍ക്കുന്ന അധികാരഘടനയെ ചോദ്യം ചെയ്യുന്ന എല്ലാ സാധ്യതകളും അടച്ചു കൊണ്ട് രാഷ്ടീയത്തിന്റെ ശവം മൂടിവക്കുക മാത്രമാണ് സിനിമയും സിനിമയുടെ വിജയവും ചെയ്യുന്നത്.

 

അത്യധികം ക്രൂരമായി, ഗര്‍ഭിണിയായിരിക്കെ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ കഷ്ടപ്പെട്ട് വളര്‍ത്തിയ മകള്‍, അവരുടെ ദുരിതങ്ങള്‍ക്കെല്ലാം കാരണക്കാരനായ മനുഷ്യന്റെ പരമ്പര കാത്തു സംരക്ഷിക്കുന്നതിനു വേണ്ടി ഗര്‍ഭിണിയാകുന്നു. കീഴാള ജനങ്ങളുടെ മുഴുവന്‍ പ്രതിനിധിയായ ചെമ്പന്‍, അവരെ സംരക്ഷിക്കാന്‍ കാട്ടില്‍ മൃഗങ്ങളോട്  യുദ്ധം ചെയ്തു ജീവിതം ഉണ്ടാക്കിയെടുക്കുന്നു. അങ്ങനെ അടിമയുടെ മകനാണെങ്കിലും മേല്‍ജാതി ലുക്ക്‌ ഉള്ള നായകന്റെ വിജയത്തോടെ സിനിമ ശുഭമായി അവസാനിക്കുമ്പോള്‍ ഒരു ഞെട്ടല്‍ മാത്രമാണ് അനുഭവപ്പെടുന്നത്. ഈ സിനിമ വിജയിക്കുമ്പോള്‍, അതിന്റെ പലതരം സൌന്ദര്യങ്ങളെ പ്രകീര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ വിഡ്ഢിയാക്കപ്പെടുന്നത് ആരാണ്? സ്ത്രീകളോ കീഴളരോ അതോ മലയാള സിനിമ യോഗ്യരായ കാണികളെ പ്രതീക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്ന കലസ്നേഹികളോ? ഇനി, കലക്ക്യും സാഹിത്യത്തിനും സമൂഹത്തെ മാറ്റാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്ന സാമൂഹ്യജീവികളോ?

 

*Views are personal 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍