UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാരക്കേസ്: ആരാണ് യഥാര്‍ത്ഥ പ്രതി?

ചാരക്കേസ് കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ട് 18 വര്‍ഷം കഴിഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട ധാരാളം ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ മരിച്ചു പോയി. ചില ചോദ്യങ്ങളാകട്ടെ, ശവശരീരം വിട്ട്  ജീവനുള്ള ശരീരങ്ങള്‍ തേടിപ്പോകുന്ന ദുരന്തവാഹിനികളായ അണുക്കളെപ്പോലെ പറന്നുയരുന്നു.

ചാരക്കേസ് ഉണ്ടാക്കിയത് സി.ഐ.എ. ആയിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രയോജനിക് റോക്കറ്റ് ടെക്‌നോളജി കൈമാറ്റം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് സി.ഐ.എ. അതു ചെയ്തത്. ഐ.ബി.യിലെ ഏറ്റവും മുതിര്‍ന്ന ചില ഉദ്യോഗസ്ഥരിലൂടെ ഐ.ബി.യുടെ ചട്ടുകമായി പ്രവര്‍ത്തിച്ചത് കേരള പോലീസിലെ ചില ഉന്നതര്‍. ഇതൊക്കെ വസ്തുതകളാണ്. എന്നാല്‍ ഇതൊക്കെ സത്യത്തിന്റെ ഒരു മുഖം മാത്രമാണ്.

1991 ജനുവരി 18-ാം തീയതി ഐ.എസ്.ആര്‍.ഒ.യും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ ഗ്ലാവ്‌കോസ്മോസുമായി 800-1/50 എന്ന കരാര്‍ നിലവില്‍ വന്നു. കരാര്‍ പ്രകാരം ഗ്ലാസ്‌കോസ്മോസ് മൂന്ന് കെ.വി.ഡി.-1 എന്‍ജിനുകളും അതിന്റെ സാങ്കേതികവിദ്യയും 235 കോടി രൂപയ്ക്ക് കൈമാറും.

ഏറെ താമസിയാതെ തന്നെ, കരാറിന്മേലുള്ള  തങ്ങളുടെ അപ്രിയം വ്യക്തമാക്കിക്കൊണ്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ കത്ത് റഷ്യയില്‍ എത്തി. കരാര്‍ നടപ്പിലായാല്‍ അമേരിക്കന്‍ കച്ചവട താല്‍പ്പര്യങ്ങളെ രണ്ടുരീതിയില്‍ ബാധിക്കുമായിരുന്നു.

ഒന്ന്, കരാര്‍ തുകയായ 235 കോടി രൂപ ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറുന്നതിന് അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഡൈനമിക്‌സ് ക്വാട്ട് ചെയ്തതിനേക്കാള്‍ 400 ശതമാനം കുറവായിരുന്നു. മറ്റു രാജ്യങ്ങളിലേക്ക് സാങ്കേതികവിദ്യ കൈമാറുന്നതിന് റഷ്യയുടെ ഈ അണ്ടര്‍കട്ട് അമേരിക്കന്‍ വിലപേശലിനെ സാരമായി ബാധിക്കും.

രണ്ട്, ഇന്ത്യയുടെ  നിര്‍ദ്ദിഷ്ട ജി.എസ്.എല്‍.വി. പദ്ധതി പ്രകാരം  ഭൂമിയില്‍ നിന്ന് 36,000 കി.മി. അകലത്തില്‍ വാര്‍ത്താവിനിമയ ഉപഗ്രഹമെത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന തുക അമേരിക്ക ഈടാക്കിവന്ന തുകയുടെ പകുതിയിലും താഴെയേ വരികയുള്ളു. അങ്ങനെ വന്നാല്‍ ബഹിരാകാശവ്യാപാരത്തിന്റെ നല്ലൊരു പങ്ക് ജി.എസ്.എല്‍.വി. പദ്ധതിയിലൂടെ  ഇന്ത്യ തട്ടിയെടുക്കും എന്ന് അമേരിക്ക ന്യായമായും സംശയിച്ചു.

ജി.എസ്.എല്‍.വി. പദ്ധതി അട്ടിമറിക്കുക എന്നതായി അമേരിക്കയുടെ ലക്ഷ്യം. അതിനുള്ള വഴി റഷ്യന്‍ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്താതിരിക്കുക എന്നതാണ്. ഇതിനിടയ്ക്ക് സോവിയറ്റ് യൂണിയന്‍ തകര്‍ന്നിരുന്നു. കരാറിന്റെ ചുമതല റഷ്യയ്ക്കായി. കരാര്‍ റദ്ദാക്കാന്‍ അമേരിക്ക റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അമേരിക്കന്‍ താളത്തിനൊത്തു തുള്ളുന്നയാളായിരുന്നു റഷ്യന്‍ പ്രസിഡന്റ് യെല്‍സിന്‍.

1993 ഏപ്രില്‍ 3-4 തീയതികളില്‍ കാനഡയുടെ തലസ്ഥാനമായ വാന്‍കൂറില്‍ വച്ചു നടന്ന  ക്ലിന്റണ്‍ – യെല്‍സിന്‍ കൂടിക്കാഴ്ചയില്‍ കരാറിലെ സാങ്കേതിക വിദ്യാകൈമാറ്റം എന്ന ഘടകം റദ്ദാക്കാന്‍ റഷ്യ സമ്മതിച്ചു. 1993 ജൂലൈയില്‍ തീരുമാനം നടപ്പിലാക്കി. സാങ്കേതികവിദ്യയുടെ കൈമാറ്റം അടഞ്ഞ അധ്യായമായി. ജി.എസ്.എല്‍.വി. സ്വപ്നം തല്‍ക്കാലത്തേയ്‌ക്കെങ്കിലും പൊലിഞ്ഞു.

എങ്കില്‍ പിന്നെ എന്തിനാണ്, കരാര്‍ പൊളിച്ച്  15 മാസം കഴിഞ്ഞിട്ട്, 1994 ഒക്‌ടോബറില്‍ സി.ഐ.എ. ചാരക്കഥ ഉണ്ടാക്കിയത്?

ഇതിനുത്തരം തേടണമെങ്കില്‍ 1992 മാര്‍ച്ച് നാലിനും 1997 ജൂലൈ 17 നും ഇടയ്ക്കുള്ള മാസങ്ങളില്‍ ഐ.എസ്.ആര്‍.ഒയും ഗ്ലാവ്‌കോസ്മോസും തമ്മില്‍ നടത്തിയ ചില രഹസ്യനീക്കങ്ങളുടെ ഉള്ളുകളികള്‍ അറിയണം.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ കത്ത് റഷ്യക്ക് ലഭിച്ചപ്പോള്‍ തന്നെ കരാര്‍ അട്ടിമറിക്കപ്പെടാന്‍ പോകുകയാണെന്ന് ഐ.എസ്.ആര്‍.ഒ.യ്ക്കും ഗ്ലാവ്‌കോസ്‌മോസിനും ബോധ്യമായി. വരാന്‍ പോകുന്ന അമേരിക്കന്‍ നീക്കത്തെ മുന്നില്‍ കണ്ടുകൊണ്ട് ഒരു മുഴം നീട്ടിയെറിയാന്‍ ഇരുവരും തീരുമാനിച്ചു. നേരായ വഴിയിലൂടെ  നടക്കാന്‍ സാധ്യതയില്ലാത്ത കാര്യം നേരല്ലാത്ത വഴിയിലൂടെ നടത്താന്‍ ഉള്ള പദ്ധതി ഇരുവരും ചേര്‍ന്ന് തയ്യാറാക്കി.

കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് നല്‍കാനുള്ള മൂന്ന് ക്രയോജനിക് എഞ്ചിനുകളുടെ നിര്‍മ്മാണം തിരുവനന്തപുരത്തെ കെല്‍ടെക്കില്‍ (ഇപ്പോഴത്തെ ബ്രഹ്മോസ്) വച്ച് നടത്താന്‍ ഐ.എസ്.ആര്‍.ഒ.യും ഗ്ലാവ്‌കോസ്‌മോസും തീരുമാനിച്ചു. ഇതിനുള്ള ആദ്യവട്ട ചര്‍ച്ച 1992 മാര്‍ച്ച്  നാലിനാണ് നടന്നത്. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍  ഇരുസ്ഥാപനങ്ങളും ചേര്‍ന്ന് ഒരു കമ്പനി ഉണ്ടാക്കാനും തീരുമാനിച്ചു.

ഉദ്ദേശ്യം ഇതാണ്. പുതിയ കമ്പനിയില്‍ എഞ്ചിനുണ്ടാക്കുമ്പോള്‍ ആ കമ്പനിക്ക് സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാതെ വയ്യ. കമ്പനിയില്‍ നിന്ന് സാങ്കേതിക വിദ്യ ഐ.എസ്.ആര്‍.ഒ. യില്‍  എത്തിച്ചേര്‍ന്നാല്‍ അതിന് ഗ്ലാവ്‌കോസ് മോസിനെ കുറ്റംപറയാന്‍ കഴിയില്ല. കെല്‍ടെക്കും ഗ്ലാവ്‌കോസ്‌മോസും തമ്മിലുള്ള കത്തിടപാടുകളുടെ പകര്‍പ്പ് ഐ.എസ്.ആര്‍.ഒ.  ചെയര്‍മാന് അയച്ചുകൊടുത്തിരുന്നു എന്നത് ഇതിന് അടിവരയിടുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

നമ്മുടെ കോടതികളെ ആര് രക്ഷിക്കും?
ദേശീത കടന്നു വരുന്ന നിമിഷങ്ങള്‍ അഥവാ ദേശദ്രോഹികള്‍ സൃഷ്ടിക്കപ്പെടുന്ന വിധം
മൂന്നാര്‍ വിധി: അസംബന്ധമോ? സ്വാഭാവിക നീതിയോ?
നിങ്ങള്‍ എന്തു വായിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിക്കും
ഐ എസ് ആർ ഓയുടെ ബ്രാഹ്മണക്കുറി

ഇതിനോടൊപ്പം തന്നെ മറ്റൊരു വഴിയിലൂടെ, തീര്‍ത്തും ന്യായവിരുദ്ധമായിത്തന്നെ, ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറാന്‍  ഗ്ലാവ്‌കോസ്‌മോസും ഐ.എസ്.ആര്‍.ഒ.യും തമ്മില്‍ ധാരണയായി. ക്രയോജനിക് എഞ്ചിന്റെ  സാധനസാമഗ്രികളും (instruments and equipments) ഡ്രായിംഗുകളും കരാര്‍ പ്രകാരമല്ലാതെ തീര്‍ത്തും നിയമവിരുദ്ധമായി, ഐ.എസ്.ആര്‍.ഒ.യ്ക്ക് കൈമാറാന്‍ ഗ്ലാവ്‌കോസ്‌മോസ് തയ്യാറായി. പക്ഷെ, സാധനസാമഗ്രികള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം ഐ.എസ്.ആര്‍.ഒ.യ്ക്കാണ്.

ഐ.എസ്.ആര്‍.ഒ. ആദ്യം സമീപിച്ചത് എയര്‍ ഇന്ത്യയെയാണ്. വ്യക്തമായ രേഖകളും നിയമാനുസൃതമായ കസ്റ്റംസ് പരിശോധനകളുമില്ലാതെ സാധനസാമഗ്രികള്‍ കൊണ്ടുവരാന്‍ കഴിയില്ല എന്ന് എയര്‍ ഇന്ത്യ പറഞ്ഞു. ഐ.എസ്.ആര്‍.ഒ. അതോടെ Url Aviation എന്ന റഷ്യയിലെ ഒരു സ്വകാര്യ വിമാന കമ്പനിയെ സമീപിച്ചു. നിയമവിരുദ്ധമായ transportationന് കുറച്ചധികം പണം Url ആവശ്യപ്പെട്ടു. ഐ.എസ്.ആര്‍.ഒ. സമ്മതിച്ചു.

Url -224 എന്ന വിമാനം 1994ജനുവരി 23നും Url -9001 മാര്‍ച്ച് 11 നും Url -3791 ജൂലൈ 17നും തിരുവനന്തപുരത്തെത്തി. യാതൊരു കസ്റ്റംസ് ക്ലിയറന്‍സുമില്ലാതെ സാധനങ്ങള്‍ തിരുവനന്തപുരത്തിറക്കി. ഇതില്‍ ഒരു വിമാനത്തില്‍ ഐ.എസ്.ആര്‍.ഒ.യിലെ ഒരു ഉന്നത ശാസ്ത്രജ്ഞനും ഒപ്പമുണ്ടായിരുന്നു.

നാലാമത്തെ വിമാനം വന്നില്ല. അതിനു മുമ്പ്, 1994 ഒക്‌ടോബര്‍ 20 ന്, ചാരക്കഥ വാര്‍ത്തയായി.

ചാരക്കഥ പ്രകാരം ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ ചെയ്ത കുറ്റങ്ങള്‍ രണ്ടെണ്ണമാണ്. ഒന്ന്, ക്രയോജനിക് സാങ്കേതിക വിദ്യ മാലിവനിതകള്‍ വഴി പാകിസ്ഥാന് കൈമാറി. രണ്ട്,  വികാസ് എഞ്ചിന്റെ സാങ്കേതിക വിദ്യ Url ഏവിയേഷന്‍ വഴി റഷ്യയ്ക്ക് കൈമാറി.

രണ്ട് ആരോപണങ്ങളും അടിമുടി അസംബന്ധമാണ്. 1994 ല്‍ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതിക വിദ്യ ഇല്ലായിരുന്നു. (ഇന്നും ഇല്ല.)  ഇല്ലാത്ത സാങ്കേതിക വിദ്യ എങ്ങനെ ചോര്‍ത്തിക്കൊടുക്കും? വികാസ് എഞ്ചിന്‍ 1977 -ല്‍ ഇന്ത്യ  ഫ്രാന്‍സില്‍ നിന്ന് നിയമാനുസൃതം കരസ്ഥമാക്കിയ വൈകിംഗ് എന്ന ദ്രവ്യ ഇന്ധന (Liquid Propulsion) എഞ്ചിന്റെ തദ്ദേശീയരൂപമാണ്. Liquid Propulsion System ത്തിന്റെ സാങ്കേതിക വിദ്യ 1977 ന് വളരെ മുമ്പ് തന്നെ സ്വായത്തമാക്കിയ റഷ്യയിലേക്ക് എന്തിനാണ് ഇന്ത്യ രഹസ്യമായി അയച്ചുകൊടുത്തത്?

വാസ്തവത്തില്‍ ഗ്ലാവ്‌കോസ്മോസും ഐ.എസ്.ആര്‍.ഒ.യും Url ഏവിയേഷനും വഴി നടത്തിയ നീക്കത്തിന് 180 ഡിഗ്രി ട്വിസ്റ്റ് കൊടുക്കുക മാത്രമാണ് സി.ഐ.എ. ചെയ്തത്.

ബുദ്ധിപൂര്‍വ്വമായ ചോദ്യങ്ങളെല്ലാം അപ്രസക്തമാക്കിയ ചാരക്കേസില്‍ ഇത്തരം ചോദ്യങ്ങള്‍ പക്ഷേ, ഒരിടത്തു നിന്നും ഉയര്‍ന്നു കേട്ടില്ല.

ക്രയോജനിക് സാങ്കേതിക വിദ്യയുടെ കൈമാറ്റം 1993 ജൂലൈയില്‍ തന്നെ അമേരിക്ക സ്വന്തം ഇടപാടുകളിലൂടെ തടഞ്ഞിരുന്നു.  എന്നിട്ടും, 15 മാസം കഴിഞ്ഞ് സി.ഐ.എ. ചാരക്കേസ് ഉണ്ടാകാന്‍ കാരണം കെല്‍ടെക് വഴിയും Url വഴിയും സാങ്കേതിക വിദ്യാ കൈമാറ്റം ചെയ്യാനായി നടത്തിയ നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ നടപടികളായിരുന്നു.

അവശേഷിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്. ഒരു ഗവേഷണ കേന്ദ്രമായി ഐ.എസ്.ആര്‍.ഒ. എന്തിനാണ് രഹസ്യനീക്കങ്ങളിലൂടെ, നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ, സാങ്കേതിക വിദ്യ കൈക്കലാക്കാന്‍ ശ്രമിച്ചത്? ആരാണ് ഐ.എസ്.ആര്‍.ഒയ്ക്ക് ഇതിന് അനുമതി നല്‍കിയത്? അതോ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഐ.എസ്.ആര്‍.ഒ.യിലെ ഏതാനും ശാസ്ത്രജ്ഞന്മാരാണോ ഇതൊക്കെ ചെയ്തത്? അങ്ങനെയെങ്കില്‍ ഇന്ത്യയും ഐ.എസ്.ആര്‍.ഒ.യും ചെന്നു വീണിരിക്കുന്ന പതനത്തിന് പ്രാഥമിക ഉത്തരവാദികള്‍ അവരല്ലേ? എങ്ങനെയാണ് ഐ.ബി.യിലെ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതരിലൂടെ സി.ഐ.എ. ഇത്തരം ഒരു അസംബന്ധ നാടകം നടത്തിയത്? ഉത്തരവാദികളായ ഐ.ബി. ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി എടുത്തു? എടുത്തില്ലെങ്കില്‍ എന്തുകൊണ്ട്? കേരളത്തിലെ ഉയര്‍ന്ന പൊലീസുകാര്‍ എന്തിനാണ് ഇങ്ങനെ ഒരു കഥയ്ക്ക് നിയമ പ്രാബല്യം ഉണ്ടാക്കിക്കൊടുത്തത്? അവര്‍ക്കെതിരെ എന്തുകൊണ്ടാണ് ഒരു നടപടിയും വേണ്ട എന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്?

ഇത്തരമൊരു കഥയ്ക്കു പിന്നാലെ മാധ്യമങ്ങള്‍ എന്തിന് പോയി? ഇന്നലത്തെ വില്ലന്‍മാരെ ഒറ്റയടിക്ക് ഇന്നത്തെ ഹീറോകളാക്കി മാറ്റുന്ന മാധ്യമങ്ങള്‍ അന്നും ഇന്നും കഥയറിയാതെ ആട്ടം കാണുകയാണോ?

(ചാരക്കഥ ഉണ്ടാക്കിയത് സി.ഐ.എ. ആയിരുന്നുവെന്ന് 16 വര്‍ഷം മുമ്പ് ഞാന്‍ Spies for Space: The ISRO Frame –up എന്ന പുസ്തകത്തില്‍ എഴുതിയപ്പോള്‍ അത് വിശ്വസിക്കാന്‍ ഏറെപ്പേരില്ലായിരുന്നു. പുതിയ കാര്യങ്ങള്‍ വിശ്വസിക്കാന്‍ അത്രയും പോലും ആളുകള്‍ തയ്യാറായില്ല. പക്ഷേ വസ്തുതകള്‍ക്ക് ഒരു മുഖമേയുള്ളു: വസ്തുതകളുടെ.)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍