UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍, ജേക്കബ് തോമസിനെ നടത്തിയ ‘വേറിട്ട വഴികള്‍’

Avatar

പി കെ ശ്യാം

‘പതിനേഴു വര്‍ഷമായി നിങ്ങളെന്നെ തട്ടിക്കളിക്കുകയാണ്. സാധാരണ ഐ.പി.എസുകാര്‍ കാക്കിയിട്ട് വിലസുമ്പോള്‍ വേറിട്ട വഴികളിലൂടെയാണ് സര്‍ക്കാര്‍ എന്നെ നടത്തിക്കുന്നത്. ഇങ്ങനെ കൈകാര്യം ചെയ്തശേഷം ഞാന്‍ എങ്ങനെ ഇങ്ങനെയായെന്ന് ചോദിച്ചാല്‍ അങ്ങനെ ചോദിക്കുന്നവര്‍ക്കല്ലേ കുഴപ്പമുള്ളത്. ആരാണ് എന്നെ വ്യത്യസ്തനാക്കി മാറ്റിയത്?’ : വികാരനിര്‍ഭരമായി ജേക്കബ് തോമസ് ചോദിക്കുന്നു. ശരിയാണ്, സംസ്ഥാന പൊലീസിലെ സമര്‍ത്ഥനും സത്യസന്ധനുമായ ഈ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മുപ്പതുവര്‍ഷത്തെ സേവനത്തില്‍ കേവലം മൂന്നുവര്‍ഷം മാത്രമാണ് ക്രമസമാധാന ചുമതലയുടെ കാക്കിയണിഞ്ഞത്. ജൂനിയര്‍ ഉദ്യോഗസ്ഥരേയും കഴിവുകെട്ടവരേയും ഒതുക്കുന്ന തസ്തികകളിലായിരുന്നു ജേക്കബ് തോമസിന്റെ സര്‍വീസില്‍ ഭൂരിഭാഗവും. തന്നേക്കാള്‍ വളരെ ജൂനിയറായ എ.ഡി.ജി.പി അനില്‍ കാന്ത് ഇരുന്ന പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ എം.ഡി കസേരയിലിരുത്തിയാണ് ബാര്‍ കോഴക്കേസില്‍ പ്രതികൂല നിലപാടെടുത്തതിന് ജേക്കബ് തോമസിനോട് സര്‍ക്കാര്‍ കണക്കുതീര്‍ത്തത്. 

ഈരാറ്റുപേട്ടയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് വെള്ളായണി കാര്‍ഷിക കോളജില്‍നിന്ന് റാങ്കോടെ ബിരുദവും ഡല്‍ഹി കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയശേഷം 25ാം വയസ്സിലാണ് ജേക്കബ് തോമസ് അഖിലേന്ത്യാ പൊലീസ് സര്‍വീസിലെത്തിയത്. തൊടുപുഴ എ.എസ്.പിയായി ആദ്യനിയമനം. ചുരുങ്ങിയ കാലത്തിനുള്ളില്‍ കാസര്‍ഗോഡേക്ക് സ്ഥലംമാറ്റപ്പെട്ടു. 1987ല്‍ കാസര്‍ഗോട്ടെ ഹംസയുടെ രാഷ്ട്രീയ കൊലപാതകത്തില്‍ പിടിമുറുക്കിയപ്പോള്‍ ക്രൈംബ്രാഞ്ചിലേക്ക് തെറിപ്പിച്ചു. ഒന്നരവര്‍ഷം അവിടെ. പിന്നീട് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥാനക്കയറ്റം നല്‍കി. അധികകാലം അവിടേയും തുടരാനായില്ല. 1991ല്‍ കാസര്‍ഗോഡ് എസ്.പിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് വന്നെങ്കിലും സ്ഥാനമേല്‍ക്കാനെത്തിയപ്പോള്‍ മറ്റൊരാള്‍ ആ കസേരയിലിരിക്കുന്നു. രായ്ക്കുരാമാനം ഉത്തരവ് റദ്ദാക്കപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ നിലപാട് കടുപ്പിച്ചതാണ് അദ്ദേഹത്തെ എല്ലാവരുടേയും കണ്ണിലെ കരടാക്കിയത്. 

പാലക്കാട് പൊലീസ് ക്യാമ്പിലേക്ക് മാറ്റിയെങ്കിലും അവിടേയും പരിഷ്‌കാരങ്ങള്‍ തുടര്‍ന്നതോടെ പൊലീസില്‍ നിന്നുതന്നെ തെറിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറായി നിയമിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ഉത്തരവ് റദ്ദാക്കി. കാര്‍ഷിക സര്‍വകലാശാലയിലെ ഗുരുക്കന്മാര്‍ക്ക് 29 വയസ്സ് മാത്രമുള്ള പഴയ ശിഷ്യന്റെ കീഴില്‍ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടായിരുന്നു റദ്ദാക്കലിനു പിന്നില്‍. പിന്നീട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എം.ഡിയായി നിയമനം. യൂറോപ്യന്‍ യൂണിയന്റെ സഹകരണത്തോടെ കാര്‍ഷികമേഖലയിലെ പദ്ധതിയുടെ പ്രോഗ്രാം ഡയറക്ടറാകാന്‍ ജേക്കബ് തോമസിനോട് നിര്‍ദ്ദേശിച്ചു. അന്നത്തെ ആശയങ്ങളാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സില്‍, സ്വാശ്രയ കര്‍ഷക വിപണി, കുടുംബശ്രീ മിഷന്‍ എന്നിവയ്‌ക്കെല്ലാം തറക്കല്ലായത്. 1996ല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസ്.പിയാക്കിയെങ്കിലും പന്തളം എന്‍.എസ്.എസ് കോളേജ് പീഢനക്കേസിലെ അന്വേഷണത്തിനിടെ തൊപ്പി തെറിച്ചു. 1997ല്‍ ഡി.ജി.പി സി.എ. ചാലി മുന്‍കൈയെടുത്ത് കൊച്ചി കമ്മിഷണറാക്കിയെങ്കിലും ക്ലബുകളിലെ റെയ്ഡിനെത്തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ടു. രാമവര്‍മ്മ ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം 40 പേരെയാണ് ജേക്കബ് തോമസ് പിടികൂടിയത്. മൂന്നു ലക്ഷം രൂപയും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും തൊണ്ടിയായി പിടിച്ചെടുത്തെങ്കിലും ജേക്കബ് തോമസിനെ കമ്മിഷണര്‍ സ്ഥാനത്തുനിന്ന് തെറിപ്പിച്ചു. 

1999ല്‍ ഡി.ഐ.ജിയാക്കിയെങ്കിലും കാര്യമായ പദവികളൊന്നും നല്‍കിയില്ല. തുടര്‍ന്ന് ഐ.ഐ.എമ്മില്‍നിന്ന് എം.ബി.എ നേടാന്‍ നാലുവര്‍ഷം അവധിയില്‍ പ്രവേശിച്ചു. 2003ല്‍ മടങ്ങിയെത്തിയപ്പോള്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാക്കിയെങ്കിലും ഉടനടി മാറ്റി. മനുഷ്യാവകാശ കമ്മീഷന്‍, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിയമിതനായി. 2004 ല്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ആക്കിയെങ്കിലും അഴിമതി കണ്ടെത്താന്‍ റെയ്ഡുകള്‍ തുടങ്ങിയതോടെ അവിടെ നിന്ന് തെറിപ്പിച്ചു. കെ.എസ്.എഫ്.ഡി.സി, കെ.ടി.ഡി.എഫ്.സി എം.ഡി കസേരകളിലായിരുന്നു പിന്നീട്. എല്‍ഡി.എഫ് സര്‍ക്കാര്‍ 2009ല്‍ അദ്ദേഹത്തെ തുറമുഖവകുപ്പ് ഡയറക്ടര്‍ ആക്കിയെങ്കിലും പിന്നീട് യു.ഡി.എഫ് വന്നപ്പോള്‍ മന്ത്രി കെ. ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അപമാനിതനായി ഇറങ്ങേണ്ടിവന്നു. ഷേഖ് പരീതിനെ തുറമുഖ ഡയറക്ടറാക്കി ഉത്തരവിറങ്ങിയശേഷമാണ് ജേക്കബ് തോമസ് തന്നെ മാറ്റിയ വിവരമറിഞ്ഞത്. സര്‍വീസില്‍ ഭൂരിഭാഗവും പ്ലാന്റേഷന്‍ കോര്‍പറേഷന്‍, ഹോര്‍ട്ടിക്രോപ്പ്, വനിത കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ഫുഡ് റിസര്‍ച്ച് കൗണ്‍സില്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കാര്‍ഷികോത്പാദന കമ്മിഷണര്‍, ചലച്ചിത്രവികസന കോര്‍പറേഷന്‍, കെ.ടി.ഡി.എഫ്.സി, ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍, മാരിടൈം സൊസൈറ്റി തുടങ്ങിയ അപ്രധാന തസ്തികകളിലേക്ക് ജേക്കബ് തോമസ് ഒതുക്കപ്പെട്ടു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തെറിപ്പിച്ചതില്‍ മനംമടുത്ത് എം.ബി.എ പഠനത്തിന് നാലുവര്‍ഷം അവധിയെടുത്തു. കേന്ദ്ര കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. കേരള സര്‍വകലാശാലയില്‍ യോഗ, മെഡിറ്റേഷന്‍ കോഴ്‌സിനു ചേര്‍ന്ന ജേക്കബ് തോമസ് ഒന്നാം റാങ്കോടെയാണ് അവിടെനിന്നും പാസായത്. 

ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസിന്റെ ത്വരിത അന്വേഷണത്തിനിടെ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ ദൃക്‌സാക്ഷി മൊഴി അവഗണിക്കാനാവില്ലെന്ന ജേക്കബ് തോമസിന്റെ ശക്തമായ നിലപാടാണ് മാണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനിടയാക്കിയത്. ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തെ വിജിലന്‍സ് സ്‌പെഷല്‍ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ബിജുവിന്റെ കാറിന്റെ നമ്പര്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ ക്ലിഫ് ഹൗസ് വളപ്പിലെ ഗാര്‍ഡ് റൂമില്‍ നിന്ന് പിടിച്ചെടുത്തത്. ബാറുടമകളെ കണ്ടിട്ടുപോലുമില്ലെന്ന് ആദ്യമൊഴി നല്‍കി കുരുക്കിലായ മാണിയെ രണ്ടാംവട്ടം ചോദ്യം ചെയ്യാന്‍ നടപടി തുടങ്ങിയപ്പോഴാണ് ജേക്കബ് തോമസിനെ ഒഴിവാക്കി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ കേസിന്റെ മേല്‍നോട്ടം ഏറ്റെടുത്തത്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ അനധികൃത സ്വത്തുസമ്പാദനക്കേസ്, എസ്.പി രാഹുല്‍. ആര്‍. നായര്‍ക്കെതിരായ കോഴക്കേസ് എന്നിവയുടെ മേല്‍നോട്ടവും ജേക്കബ് തോമസില്‍ നിന്ന് മാറ്റിയിരുന്നു.

കേരളത്തില്‍ ഒതുക്കപ്പെട്ടെങ്കിലും ദേശീയ തലത്തില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയിലേക്ക് ജേക്കബ് തോമസ് ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് സ്ഥാപനങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അഴിമതിവിരുദ്ധ വാരാചരണം ഉദ്ഘാടനം ചെയ്യാന്‍ ജേക്കബ് തോമസിനെയാണ് ക്ഷണിച്ചത്. സ്‌റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യ, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവിടങ്ങളിലും ജേക്കബ് തോമസിനെ അഴിമതി വിരുദ്ധ പ്രഭാഷണത്തിന് ക്ഷണിച്ചിരുന്നു. അരി മുതല്‍ ഉരുക്കുവരെ ഇറക്കുമതി ചെയ്യുന്ന വന്‍കിട കേന്ദ്രസ്ഥാപനമാണ് ട്രേഡിംഗ് കോര്‍പറേഷന്‍.’ അഴിമതി പ്രതിരോധം മികച്ച ഭരണത്തിനുള്ള ആയുധം’ എന്ന സന്ദേശമുയര്‍ത്തിയായിരുന്നു ഇക്കൊല്ലത്തെ അഴിമതിവിരുദ്ധ വാരാചരണം.

അതിനിടെ ജേക്കബ്‌തോമസിനെതിരേ പൊലീസിലെ ചില ഉന്നതര്‍ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ തലമുറകള്‍ നീണ്ട എന്‍ഡോസള്‍ഫാന്‍ ദുരന്തമുണ്ടാക്കിയതിന് പ്രധാന കാരണക്കാരന്‍ ജേക്കബ് തോമസാണെന്നാണ് ഒരു ആരോപണം. കാസര്‍ഗോഡ് മലയോരത്തെ കശുമാവ് തോട്ടങ്ങള്‍ക്കു മേല്‍ ഹെലികോപ്റ്റര്‍ വഴി ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ തളിച്ചത് ജേക്കബ് തോമസ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്ന 1991-92 കാലത്തിലാണത്രേ. രക്തത്തിലും മുലപ്പാലിലും വരെ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയിട്ടും കാസര്‍ഗോട്ടെ പ്ലാന്റേഷന്റെ ആറു ഡിവിഷനുകളിലും ഹെലികോപ്റ്ററില്‍ മരുന്നുതളി തുടര്‍ന്നുവെന്നും ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. വിദേശരാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യുന്ന വന്‍ ഏജന്‍സി ബിനാമികളെ ഉപയോഗിച്ച് ജേക്കബ് തോമസ് നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. വിദേശ സര്‍വകലാശാലകളുമായി വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും കൈമാറ്റം ചെയ്യുന്നതിന്റെ ഏജന്‍റാണ് ജേക്കബ് തോമസെന്നും അദ്ദേഹത്തിന് ബിനാമിയിടപാടുണ്ടെന്നുമാണ് ചില ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ആരോപണം. എല്ലാമാസവും 15 ദിവസം അവധിയെടുത്ത് കുടകിലെ 250 ഏക്കര്‍ തോട്ടത്തിലേക്ക് ഭാര്യയുമൊത്ത് ജേക്കബ് തോമസ് പോകുന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ഉന്നത പൊലീസുദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിരുന്നു. ബാര്‍കോഴക്കേസില്‍ ബിജു രമേശുമായി ജേക്കബ് തോമസ് തുടര്‍ച്ചയായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും തലസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ആരോപണമുണ്ട്. 

സെന്‍കുമാര്‍ vs ജേക്കബ് തോമസ്
ജേക്കബ് തോമസും പൊലീസ് മേധാവി ടി.പി സെന്‍കുമാറും വര്‍ഷങ്ങളായി ഉടക്കിലാണെന്നത് പരസ്യമായ രഹസ്യമാണ്. അറിയാത്ത കാര്യത്തെക്കുറിച്ച് പറഞ്ഞ് കൈയടി വാങ്ങരുതെന്നും ജേക്കബ് തോമസിനെതിരേ നടപടിയുണ്ടാവുമെന്നും സെന്‍കുമാര്‍ പരസ്യമായി പറഞ്ഞു. അച്ചടക്കത്തിന്റെ മാനദണ്ഡമെന്താണെന്ന് അഖിലേന്ത്യാ സര്‍വീസ് ചട്ടത്തില്‍ വ്യക്തമായി നിര്‍വചിക്കുന്നുണ്ട്. അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടപ്രകാരം ഒരു ഉദ്യോഗസ്ഥനും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കാനാവില്ല. ബാര്‍കോഴ അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ജേക്കബ് തോമസിന് മേല്‍നോട്ട ചുമതല ഉണ്ടായിരുന്നില്ല. ജേക്കബ് തോമസിനെതിരേ അച്ചടക്കനടപടി സംസ്ഥാനത്ത് കൈക്കൊള്ളാവുന്നതേയുള്ളൂവെന്നും സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സെന്‍കുമാറും തന്നെപ്പോലൊരു ഐ.പി.എസുകാരനാണെന്നും ഡി.ജി.പിയായി സെന്‍കുമാര്‍ ചുമതലയേറ്റപ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ചത് മാതൃകയാക്കിയാണ് താനും സംസാരിച്ചതെന്നുമാണ് ജേക്കബ് തോമസിന്റെ നിലപാട്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍