UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരേ ആകാശത്തിനു കീഴില്‍ പറക്കാനുള്ള അനുവാദം; ജേക്കബ് തോമസിനു വേണ്ടത് ആ ഉറപ്പാണ്

Avatar

അഴിമുഖം പ്രതിനിധി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നൂവെന്ന് ജേക്കബ് തോമസ് പറയുമ്പോഴും അദ്ദേഹത്തിന്റെ നീക്കങ്ങളുടെ യഥാര്‍ത്ഥലക്ഷ്യം തന്റെ പോരാട്ടങ്ങളുടെ ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ച തന്നെയാണെന്നു കരുതാം. കണ്ടുമുട്ടിയതിനേക്കാള്‍ വലിയ ദുര്‍ഘടങ്ങള്‍ തന്റെ വഴിയില്‍ ഉണ്ടാകുമെന്നും അവയെല്ലാം മുറിച്ചുകടക്കാന്‍ പിന്തുണ വേണമെന്നും സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും നടത്തിയ മുന്‍പേര്‍ പറച്ചില്‍!

ഇനിയിപ്പോള്‍ തീരുമാനം സര്‍ക്കാരിന്റെതാണ്. ആ തീരുമാനം ജേക്കബ് തോമസിന് അനുകൂലമായി തന്നെ ഉണ്ടാകുമെന്നാണ് ഒടുവിലത്തെ വിവരങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ ജേക്കബ് തോമസ് മാറുന്നതിനോട് യോജിപ്പില്ല. അത്തരമൊരു മാറ്റം നടന്നാല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ സാരമായി ബാധിക്കും. പ്രത്യേകിച്ച് ഇ പി ജയരാജന്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയത്ത്. ഇ പി ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിനു തടയിടാന്‍ സമ്മര്‍ദ്ദ തന്ത്രമൊരുക്കി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയെന്നു പ്രതിപക്ഷം ആരോപിക്കും. പ്രതിപക്ഷത്തിന്റെ കൂടി രക്ഷക്കായി എല്‍ഡിഎഫും യുഡിഎഫും നടത്തിയ ഒത്തുകളിയിലൂടെ ജേക്കബ് തോമസ് പുറത്തായെന്നു ബിജെപി കൊട്ടിപ്പാടി നടക്കും. അതിനെല്ലാം പുറമെ ജനത്തിന്റെ സംശയത്തിന് ഉത്തരം പറയകയും വേണം. ഈ സാഹചര്യങ്ങളെല്ലാം മുന്നില്‍ നില്‍ക്കവെ ജേക്കബ് തോമസിനെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അത്തരമൊരു രംഗത്തേക്ക് കാര്യങ്ങളെത്തിക്കാന്‍ കഴിഞ്ഞത് ജേക്കബ് തോമസിന്റെ വിജയമായും കാണാം. ഇന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നു പറയുമ്പോഴും ഒടുവിലൊരു വഴങ്ങലിനു ജേക്കബ് തോമസ് നിന്നുകൊടുത്തേക്കും. പക്ഷേ അതിനു പകരമായി ചോദിക്കുക സ്വന്തമായ ആകാശത്തു പറക്കാനുള്ള ഉറപ്പായിരിക്കും.

മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെങ്കിലും ഈ സര്‍ക്കാരില്‍ നിന്നും തനിക്കും കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വവരുമെന്ന് ജേക്കബ് തോമസ് മനസിലാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയും ആണല്ലോ എന്ന ചോദ്യത്തിലൂടെ തന്നെ ജേക്കബ് തോമസ് മുനവയ്ക്കുന്നതും അത്തരം ചില സമ്മര്‍ദ്ദങ്ങളിലേക്കാണ്. തന്നെ വലയം ചെയ്തിരിക്കുന്ന ശത്രുക്കളുടെ എണ്ണവും കരുത്തും വര്‍ദ്ധിക്കുന്നതോടെ ഒറ്റയ്ക്കു പിടിച്ചു നില്‍ക്കുക അസംഭവ്യമായി തീരും. ഈയൊരു സന്നിഗ്ദാവസ്ഥയുടെ കടുപ്പം കുറയ്ക്കുക തന്നെയാണ് ജേക്കബ് തോമസിന് ആദ്യം ചെയ്യേണ്ടതും. അതിനാണിപ്പോള്‍ അദ്ദേഹം സര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കുന്നത്.

അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനിടയില്‍ കൊടുങ്കാറ്റ് അടിച്ചാലും വീഴാതെ നില്‍ക്കാന്‍ അറിയാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാനുള്ള അനുമതി തേടി ജേക്കബ് തോമസ് ഇന്നലെ സര്‍ക്കാരിനു കത്ത് നല്‍കിയത്. തികച്ചും അപ്രതീക്ഷിതം അല്ലെങ്കില്‍ ഞെട്ടിപ്പിക്കുന്നത് എന്ന് ജനസാമാന്യത്തിന് തോന്നിയത്, ഭരണ-രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയുടെ സ്ഥിരീകരണം മാത്രമായിരുന്നു. അഴിമതിക്കെതിരേ പല്ലും നഖവും ഉപയോഗിച്ച് പോരാട്ടം നടത്തുമെന്ന് വെല്ലുവിളിച്ചു നടക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ‘പൊതുശത്രുവായി’ പ്രഖ്യാപിച്ചു കഴിഞ്ഞ, ഒരേ ആവശ്യത്തിന്റെ ഗുണഭോക്താക്കളാകാന്‍ തങ്ങളില്‍ തങ്ങളില്‍ വ്യത്യാസം നോക്കാതെ നിലകൊണ്ട ഒരു വിഭാഗത്തിന് ജേക്കബ് തോമസിന്റെ ചിറകുകള്‍ എപ്രകാരം, എവിടെ വച്ചു തളരുമെന്ന് അറിയാമായിരുന്നുപോലും!

ജേക്കബ് തോമസ് പോക്കറ്റില്‍ നിന്നും കൈയിലെടുത്ത് പിടിച്ചിരിക്കുന്ന ചുവപ്പ് കാര്‍ഡുകളുടെ അവകാശികളായി ഏറ്റവും ഒടുവിലായി വരിയിലെത്തിയ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ശങ്കര്‍ റെഡിയില്‍ നിന്നും പിന്നോട്ട് വന്ന് മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ എം മാണി, കെ ബാബു, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വെള്ളാപ്പള്ളി നടേശന്‍, അഡീഷണണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജ്, കശുവണ്ടി കോര്‍പ്പറേഷന്‍ മുന്‍ എം ഡി ഡോ. കെ എ രതീഷ്, ചെയര്‍മാര്‍ ആര്‍ ചന്ദ്രശേഖരന്‍ എന്നിവരിലൂടെ നീളുകയാണ്. ഭരണത്തിലും ബ്യൂറോക്രസിയിലും രാഷ്ട്രീയ മണ്ഡലത്തിലും ഗജരാജപ്രതാപികളായി നില്‍ക്കുന്നവരാണെല്ലാവരും. അതിനാല്‍ തന്നെ ജേക്കബ് തോമസ് ഇന്നലെയെടുത്ത അപ്രതീക്ഷിത തീരുമാനം മറ്റു പലരും മുന്‍പേ പ്രതീക്ഷിച്ചിരുന്നതാണ്.

ജേക്കബ് തോമസ് ശത്രുവായിരുന്നവര്‍ക്കുപോലും അദ്ദേഹത്തിനെതിരെ പരസ്യമായി ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല എന്നൊരു അനിതരസാധാരണമായ സാഹാചര്യം നിലനിന്നിരുന്നു. അതിനുകാരണം ജേക്കബ് തോമസിന് സമൂഹത്തില്‍ നിന്നും കിട്ടിയ ആദരവ് ആയിരുന്നു. അദ്ദേഹത്തിനെതിരേയുള്ള പരസ്യമായ നീക്കം ജനവികാരം തങ്ങള്‍ക്കെതിരാക്കുമായിരുന്നുവെന്ന് ഭരണകൂടം പോലും ഭയപ്പെട്ടിരുന്നു. മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കണമെന്ന തിയറിയാണ് അതിനാല്‍ ജേക്കബ് തോമസിനെതിരേ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നത്. മൂന്നു വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ആ ഉദ്യോഗസ്ഥന്‍ വിധേയനായതും അതുകൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു കോണ്‍ഫിഡന്‍ഷ്യല്‍ എന്‍ക്വയറിയും (വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍), രണ്ടു ത്വരിതാന്വേഷണങ്ങളും നടത്തുകയുണ്ടായി. പക്ഷേ ഫലമാഗ്രഹിച്ചവര്‍ നിരാശരായി. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും പിണറായി മുഖ്യമന്ത്രിയാവുകയും ചെയ്തതിനു പിന്നാലെ ഉണ്ടായ മാറ്റിമറിക്കലില്‍ ടി പി സെന്‍കുമാറിനെ തെറിപ്പിച്ച് ലോക്‌നാഥ് ബെഹ്റയെ പകരമിരുത്തിയ തീരുമാനത്തേക്കാള്‍ ജനം വായിച്ചതും ചര്‍ച്ച ചെയ്തതും വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് നിയമിതനായതായിരുന്നു. വിജിലന്‍സ് എന്ന തത്തയ്ക്ക് ഈ സര്‍ക്കാര്‍ കൂടുപണിയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനു പിന്നാലെ തന്നെ ജേക്കബ് തോമസ് പച്ചയും ചുവപ്പും നിറമുള്ള കാര്‍ഡുകളുമായി പുറത്തിറങ്ങി പറക്കാന്‍ തുടങ്ങിയതാണ്. മുന്‍ മന്ത്രിമാര്‍ മുതല്‍ വില്ലേജ് ഓഫിസര്‍മാരില്‍ വരെ ഭയം നിറച്ചുകൊണ്ട് ജേക്കബ് തോമസിന്റെ പ്രകടനം പൊതുജനങ്ങള്‍ക്കിടയില്‍ ആവേശം നിറച്ചെങ്കിലും മറ്റു പലരിലും, അഴിച്ചുവിട്ടവരില്‍ ഉള്‍പ്പടെ ഉള്‍ക്കിടിലങ്ങള്‍ ഉളവാക്കി. ഒടുവിലാ തത്ത ഇ പി ജയരാജന്‍ എന്ന വന്‍മരത്തിനു നേരെയും പറന്നടുക്കന്നതോടെയാണു പുതിയ ആകാശങ്ങള്‍ ജേക്കബ് തോമസിനു മുകളില്‍ ഉയരുന്നത്.

പലവര്‍ഷങ്ങളായി നടന്നുവന്നിരുന്ന ഗൂഢാലോചനകള്‍ക്ക് ഇരയായി തന്നെയാണ് ഇപ്പോള്‍ ജോക്കബ് തോമസ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കാലുകുത്തിനില്‍ക്കുന്ന ഇടത്തു നിന്നല്ലാതെ മറ്റൊരിടത്തു നിന്നും പിന്തുണ കിട്ടാത്തവണ്ണം ഒറ്റപ്പെട്ട അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ അദ്ദേഹത്തിന് എതിരായി. സ്വന്തം പ്രതിഛായയുടെ ബലമായിരുന്നു ഇതുവരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം കൈയില്‍ പിടിച്ചിരുന്ന ആയുധമെങ്കില്‍ ഇപ്പോള്‍ ആ പ്രതിഛായയില്‍ നിഴല്‍ വീഴ്ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞുവെന്നതാണ് സോളാര്‍ പാനല്‍ ഇടപാടിലെ ക്രമക്കേട്. തുറമുഖവകുപ്പ് ഡയറക്ടര്‍ ആയി ചുമതല നോക്കുന്ന കാലം ഡയറക്ടറേറ്റ് ആസ്ഥാനത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്നു ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണു ജേക്കബ് തോമസ് പ്രതിരോധത്തിലായിരിക്കുന്നത്. തനിക്കെതിരേ ആരോപിക്കപ്പെടുന്ന ക്രമക്കേടില്‍ വാസ്തവമില്ലെന്നും തെറ്റായമാര്‍ഗത്തില്‍ യാതൊന്നും ചെയ്തിട്ടില്ലെന്നും ജേക്കബ് തോമസ് പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ പെട്ടിരിക്കുന്ന കുരുക്ക് അഴിക്കുക എളുപ്പമല്ല. യഥാര്‍ത്ഥത്തില്‍ ഈ റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ ജേക്കബ് തോമസിനെതിരേയുള്ള വടിയായി കാത്തിരിപ്പുണ്ടായിരുന്നു. 2014 ല്‍ നടന്ന സംഭവത്തില്‍ ആറുമാസം മുമ്പാണ് ധനകാര്യപരിശോധന വിഭാഗം ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. എന്നാല്‍ ആ സമയത്ത് അത്തരമൊരു റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നു അദ്ദേഹത്തിനെതിരേ നടപടിയെടുക്കേണ്ടി വന്നാല്‍ തിരിച്ചടി സര്‍ക്കാരിനു തന്നെയാകുമെന്ന കണക്കുകൂട്ടലായിരുന്നു അന്നത്തെ മുഖ്യമന്ത്രിക്ക്. ഭരണം മാറുകയും ജേക്കബ് തോമസ് കൂടുതല്‍ ശക്തനാവുകയും തങ്ങള്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ ഒരു മറുകളി കളിക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷം മുതിര്‍ന്നിരിക്കുന്നത്. ജയരാജന്‍ കൂടി ജേക്കബ് തോമസിന്റെ കളത്തില്‍ വന്നതോടെ ഇതാണു പറ്റിയ സമയമെന്ന് എല്ലാ എതിരാളികളും കണക്കുകൂട്ടി. ഇത്തരമൊരു ഘട്ടത്തില്‍ ഒറ്റയ്ക്കു നിന്നു പൊരുതുക എളുപ്പമല്ല. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു കോണില്‍ നിന്നും സംരക്ഷണം കിട്ടിയേ തീരൂ. എന്നാല്‍ അതിന്മേല്‍ പകുതിയേ പ്രതീക്ഷിക്കാവൂ എന്ന് ജേക്കബ് തോമസ് തിരിച്ചറിയുകയും കൈവിട്ടുള്ളൊരു കളിക്കു തയ്യാറെടുക്കുകയുമായിരുന്നു.

പിണറായി വിജയനാണ് ഇനി വിസില്‍ ഊതേണ്ടത്. ജേക്കബ് തോമസിനു നേരെ തന്നെ ചുവപ്പ് കാര്‍ഡ് നീട്ടുന്ന മറുകളിക്ക് പിണറായി തയ്യാറാകില്ല എന്നു തന്നെ കരുതാം. അങ്ങനെതന്നെയാണ് സംഭവിക്കുന്നതെങ്കില്‍ ജേക്കബ് തോമസിന് അദ്ദേഹത്തിന്റെതായ ആകാശം വീണ്ടുകിട്ടും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍