UPDATES

ട്രെന്‍ഡിങ്ങ്

മദനിയെ എന്തിന് അറസ്റ്റ് ചെയ്യണം എന്നു ചോദിച്ചു, അതോടെ കഷ്ടകാലവും തുടങ്ങി; ജേക്കബ് തോമസ് എല്ലാം തുറന്നെഴുതുന്നു

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്‌റ്റോറിയിലാണ് ജേക്കബ് തോമസ് ഈ കാര്യം പറയുന്നത്

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ എന്തിന് അറസ്റ്റ് ചെയ്യണമെന്ന ചോദ്യമാണ് പൊലീസ് സേനയില്‍ തന്റെ കഷ്ടകാലത്തിനു തുടക്കമിട്ടതെന്നു ഡിജിപി ഡോ. ജേക്കബ് തോമസ് ഐപിസ്. സ്വന്തം ഔദ്യോഗിക ജീവിതം പ്രതിപാദിക്കുന്ന ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന സര്‍വീസ് സ്‌റ്റോറിയിലാണ് ഈ കാര്യം ജേക്കബ് തോമസ് പ്രതിപാദിക്കുന്നത് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

1998 ല്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മദനിയെ അറസ്റ്റ് ചെയ്യണമെന്ന അന്നത്തെ ഉത്തരമേഖല ഐജി ജേക്കബ് പുന്നൂസിന്റെ നിര്‍ദേശത്തിന് ‘ എന്തിനാണ് അറസ്റ്റെന്ന’ തന്റെ മറുചോദ്യത്തോടെ സേനയിലെ തന്റെ കഷ്ടകാലത്തിന് തുടക്കമായെന്നും ജേക്കബ് തോമസ് പുസ്തകത്തില്‍ പറയുന്നു.
വ്യക്തമായ കാരണമില്ലാതെ മദനിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചതിനെ ചോദ്യം ചെയ്യാതിരിക്കാനാവുമായിരുന്നില്ല. എന്തിനാണ് അറസ്‌റ്റെന്നും തെളിവുകളുണ്ടോയെന്നും ഐജിയോട് ചോദിച്ചത് വലിയ അപരാധമായി പോയെന്ന വിലയിരുത്തലും ഉണ്ടായി. മദനിയെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. വാറന്റോ തെളിവുകളോ ഇല്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന തനിക്ക് അടുത്ത ദിവസം തന്നെ സിറ്റി പൊലീസ് കമ്മിഷണറുടെ പദവിയില്‍ നിന്നും ഒഴിയേണ്ടി വന്നു. മദനിയെ അറസ്റ്റ് ചെയ്യാതിരുന്നത് അതിനെ മനുഷ്യാവകാശ പ്രശ്‌നമായി കണ്ടാണ്. മനുഷ്യാവകാശം സംരക്ഷിക്കാന്‍ ഈ നിലപാടിലൂടെ കഴിഞ്ഞു. ഒമ്പതു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മദനി പുറത്തുവന്നതും തെളിവുകളുടെ അഭാവത്തിലായിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും തനിക്കെതിരായ റിപ്പോര്‍ട്ട് അംഗീകരിച്ചു. അതിനുശേഷം പൊലീസ് യുനിഫോം അണിയേണ്ടി വന്നിട്ടില്ലെന്നും ജോക്കബ് തോമസ് പറയുന്നു.

താന്‍ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സി ഐ ആയിരുന്ന എ വി ജോര്‍ജ് 1998 മാര്‍ച്ച് 31 ന് രാത്രി കൊച്ചിയിലെത്തി മദനിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട്ടേക്ക് കൊണ്ടുപോയെന്നും പുസ്തകത്തില്‍ ജേക്കബ് തോമസ് പറയുന്നതായി മാധ്യമം എഴുതുന്നു.
സപ്ലൈകോ സിഎംഡി ആയിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും അടുത്ത സഹപ്രവര്‍ത്തകരെക്കുറിച്ചും അഴിമതിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന പരാമര്‍ശങ്ങളും പൊലീസ് സേനയെക്കുറിച്ചും ഇപ്പോഴത്തെ പ്രതിസന്ധികളെക്കുറിച്ചും പുസ്തകത്തില്‍ ജേക്കബ് തോമസ് വിവരിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍