UPDATES

രണ്ടാമത്തെ വിക്കറ്റ് അമ്പയറുടേതാവരുത്; വി ടി ബല്‍റാം

അഴിമുഖം പ്രതിനിധി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയാനുള്ള ജേക്കബ് തോമസിന്റെ തീരുമാനത്തിന്റെ പിന്നിലെ യഥാര്‍ത്ഥകാരണം എന്താമെണന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉച്ചിയില്‍ വെച്ച കൈ കൊണ്ട് തന്നെ വിജിലന്‍സ് ഡയറക്റ്ററുടെ ഉദകക്രിയ നിര്‍വ്വഹിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചോ എന്നാണു ബല്‍റാം ചോദിക്കുന്നത്.

വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ടാമത്തെ വിക്കറ്റ് അമ്പയറുടേതാവാന്‍ ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ല. ആര് അമ്പയറായാലും കഴിഞ്ഞ അഞ്ചല്ല പത്ത് വര്‍ഷത്തെ മുഴുവന്‍ ബാറ്റിംഗും അന്വേഷിക്കട്ടെ എന്നാണ് നിലപാട്.

ഇന്നത്തെ പ്രതിപക്ഷം അഞ്ച് മാസം മുന്‍പ് ഭരണപക്ഷമായിരുന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെപ്പോലും പരസ്യ നിലപാട് സ്വീകരിച്ചയാളാണ് ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്റ്റര്‍. അതായത് ഇന്നത്തെ പ്രതിപക്ഷത്തെ ഒട്ടും ഭയമില്ലാത്ത ആളാണദ്ദേഹം എന്നര്‍ത്ഥം. ആ വ്യക്തി ഇപ്പോള്‍ സ്ഥാനമൊഴിയുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം പ്രതിപക്ഷത്തിനെതിരെ കേസെടുക്കുമ്പോള്‍ അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്ന പിന്തുണ പൊടുന്നനെ പിന്‍വലിക്കപ്പെട്ടിരിക്കുന്നു എന്നാണ്. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരും ധാര്‍മ്മികതയുടെ ആള്‍രൂപമായി സ്വയം ബ്രാന്‍ഡ് ചെയ്യുന്ന മുഖ്യമന്ത്രിയും തന്നെയാണ്.

ഇന്നലെയായിരുന്നു നിയമസഭയിലെ ജയരാജന്റെ രാജിപ്രസംഗവും ബന്ധുനിയമനങ്ങളെച്ചൊല്ലിയുള്ള അടിയന്തിര പ്രമേയാഭ്യര്‍ത്ഥനയും. ഇന്ന് നിയമസഭയില്‍ ഉയര്‍ത്തിയത് റബര്‍ വിലയിടിവുമായി ബന്ധപ്പെട്ട വിഷയമാണ്. വിജിലന്‍സ് ഡയറക്റ്റര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും ക്ലിഫ് ഹൗസിനുചുറ്റും പറന്നുനടക്കുന്ന തത്തയാവാതെ തന്റെ ആര്‍ജ്ജവം പ്രകടിപ്പിക്കണമെന്നുമായിരുന്നു ഇന്നലത്തെ പ്രതിപക്ഷ ആവശ്യം. ബന്ധുനിയമനങ്ങളുടെ ഫയല്‍ മുഖ്യമന്ത്രിയും കണ്ടിട്ടുണ്ടെന്ന് രേഖകള്‍ സഹിതം പ്രതിപക്ഷം നിയമസഭയെ ബോധ്യപ്പെടുത്തി. സ്വാഭാവികമായും ജയരാജനെതിരായ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുമെന്നും ഉറപ്പായി. ജയരാജന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ കുറ്റം സമ്മതിച്ചെന്ന് പരസ്യമായി പറഞ്ഞ കോടിയേരി ബാലകൃഷ്ണനെ സാക്ഷിയായി വിസ്തരിക്കേണ്ടിയും വരും.

ഇതിലൊന്നും കുലുങ്ങാതെ ഇന്നലെ വൈകീട്ടും ഇന്ന് പകല്‍ മുഴുവനും തന്റെ ദൗത്യത്തെക്കുറിച്ച് അങ്ങേയറ്റം ആത്മവിശ്വാസം പ്രകടിപ്പിച്ച വിജിലന്‍സ് ഡയറക്റ്റര്‍ ഇത്ര പൊടുന്നനെ രാജിവെക്കാന്‍ മാത്രമുള്ള അവസ്ഥയിലേക്ക് മാറ്റപ്പെട്ടതെങ്ങനെ?

ഉച്ചിയില്‍ വെച്ച കൈ കൊണ്ട് തന്നെ വിജിലന്‍സ് ഡയറക്റ്ററുടെ ഉദകക്രിയ നിര്‍വ്വഹിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചോ എന്ന് മാത്രമാണ് അറിയേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍