UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശുദ്ധ ജേക്കബ് തോമസ്; ചില സ്ഥാനത്യാഗ ചിന്തകള്‍

Avatar

എ നാരായണന്‍

ഒരു സ്ഥാനത്ത് ആറുമാസത്തില്‍ കൂടുതല്‍ ഇരിക്കില്ലെന്ന ഡിജിപി ജേക്കബ് തോമസിന്റെ സര്‍വീസ് റെക്കോര്‍ഡ് മാറില്ലെന്ന് തോന്നുന്നു. വിജിലന്‍സ് വകുപ്പ് ഒഴിയാനായി അദ്ദേഹം സമര്‍പ്പിച്ച അപേക്ഷയില്‍ സര്‍ക്കാര്‍ എന്തു തീരുമാനം എടുക്കുമെന്നതിനെ ആശ്രയിച്ചാകും മേല്‍പറഞ്ഞ കാര്യത്തിലെ അവസാന വാക്ക്. ഇതിനു മുമ്പിലത്തെ ലേഖനത്തില്‍ (ഷോ പോര, ജേക്കബ് തോമസ് ചിലത് തെളിയിക്കേണ്ടതുണ്ട്സൂചിപ്പിച്ചിരുന്നതു പോലെ രാഷ്ട്രീയ പ്രഭാവത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ മാത്രം ഇച്ഛാശക്തി ജേക്കബ് തോമസിനുണ്ടോയെന്ന സംശയം ബാക്കിയായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ പുറത്തേക്കുള്ള വാതിലില്‍ എത്തി നില്‍ക്കുന്ന അദ്ദേഹം ഒരു ത്യാഗിയുടെ മേലങ്കിയണഞ്ഞാണ് വിജിലന്‍സിനു പുറത്തേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നത്.

തുറമുഖ വകുപ്പില്‍ ഡയറക്ടറായിരുന്ന കാലയളവില്‍ തിരുവനന്തപുരം മുതല്‍ ബേപ്പൂര്‍ വരെയുള്ള ഓഫീസുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചതില്‍ വന്ന അധികച്ചെലവാണ് ജേക്കബ് തോമസിനെതിരെ ഉന്നയിക്കപ്പെടുന്നത്. സാധാരണ സര്‍ക്കാര്‍ ഓഡിറ്റുകളില്‍ ഇത്തരം അധികച്ചെലവുകള്‍ കാണാറുണ്ട്. എന്നാല്‍ 2.18 കോടി രൂപയ്ക്ക് തീര്‍ക്കാമായിരുന്ന പദ്ധതി 5.94 കോടി രൂപ ചെലവഴിച്ചുവെന്നാണ് ധനകാര്യവകുപ്പ് കണ്ടെത്തിയത്. ഇതില്‍ അനര്‍ട്ടിന്റെ ഉപദേശം ഉണ്ടായിരുന്നില്ല, ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയും വാങ്ങിയില്ലെന്നും സമിതി കണ്ടെത്തി.

കെ ബാബുവിനും കെ എം മാണിക്കുമെതിരെ ജേക്കബ് തോമസ് നടത്തിയ കുരിശു യുദ്ധത്തിന്റെ പ്രതികാരം തീര്‍ക്കാനാണ് അന്നത്തെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ജേക്കബ് തോമസ് പറഞ്ഞു കഴിഞ്ഞു. എന്നാല്‍ അഴിമതിക്കെതിരെ ധീരമായി പോരാടുന്ന തന്നെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുമെന്നും അദ്ദേഹം കരുതി. പക്ഷെ റിപ്പോര്‍ട്ട് വന്ന് രണ്ട് ദിവസം കഴിഞ്ഞും അത്തരത്തില്‍ സൂചനകളോ നടപടികളോ കാണാതിരുന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസ് തന്നെ വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയത്. 

രണ്ട് കാര്യങ്ങള്‍ ഇവിടെ പ്രധാനമാണ്. മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രിയായിരുന്ന ഇപി ജയരാജനെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചത് ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരമാണ്. എന്നാല്‍ അഴിമതിക്കെതിരെ കര്‍ശന നിലപാടെടുത്തതു കൊണ്ടാണത് എന്ന ന്യായം പുറമേ തോന്നുമെങ്കിലും കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതില്‍ കഴമ്പില്ലെന്നു കാണാം. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കെല്ലാം പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇത് സാധാരണ ചെയ്യുക. അങ്ങിനെ വരുമ്പോള്‍ ചിറ്റപ്പന്‍ നിയമനം വിജിലന്‍സ് അറിഞ്ഞു കാണില്ലെന്നു പറയാനാകില്ല. മാത്രമല്ല, മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെ സമ്മര്‍ദ്ദവും ഉണ്ടാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയെടുത്ത വീര പരിവേഷം രക്ഷിക്കാന്‍ ജേക്കബ് തോമസിന് വിഷയത്തില്‍ ഇടപെടാതിരിക്കാനാകില്ലായിരുന്നു. അതിനു വേണ്ടിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണുകയും പ്രാഥമിക അന്വേഷണമെന്ന കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തത്. 

രണ്ടാമത്തെ കാര്യം സോളാര്‍ പാനല്‍ ഇടപാടില്‍ ഉണ്ടായ ധനനഷ്ടമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എളുപ്പത്തില്‍ ആരോപണങ്ങള്‍ ഉണ്ടാക്കാനാകില്ല. കാരണം ലാഭ നഷ്ട കണക്കെടുക്കാന്‍ സാധാരണ പ്രൈമറി സ്‌കൂള്‍ തലത്തിലെ കണക്കറിഞ്ഞാല്‍ മതിയാകും. അഴിമതി വിരുദ്ധ മുഖം കാണിച്ച് തന്റെ കൃത്യവിലോപത്തെ മറയ്ക്കാനാണോ ജേക്കബ് തോമസ് ശ്രമിക്കുന്നതെന്ന് അറിയേണ്ടിയിരിക്കുന്നു. നേരത്തെ ഹരിയാനയില്‍ അശോക് ഖേംഖയ്‌ക്കെതിരെ ഹൂഡ സര്‍ക്കാര്‍ കൊണ്ടു വന്ന അന്വേഷണങ്ങള്‍ ഇത്തരത്തില്‍ ഉള്ളതായിരുന്നു. പക്ഷെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഈ ബലൂണ്‍ പൊട്ടിപ്പോയി. എന്നാല്‍ ജേക്കബ് തോമസിനോട് അനുഭാവമുള്ള സര്‍ക്കാര്‍ ഭരണത്തിലിരിക്കെ ധനവകുപ്പ് ക്രമക്കേടില്‍ ഉറച്ചു നില്‍ക്കണമെങ്കില്‍ ആരോപണത്തില്‍ കഴമ്പുണ്ടാകുമെന്ന് അനുമാനിക്കാം. അതിനാല്‍ അഴിമതി വിരുദ്ധ പരിവേഷം കേസിനെ സ്വാധീനിക്കരുത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്നു മാറി നില്‍ക്കാനാവില്ല. കാരണം അത്രയധികം രാഷ്ട്രീയ സ്വാധീനം ബ്യൂറോക്രസിയെ ബാധിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ സുപ്രീം കോടതി പലവട്ടം നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് പാലിക്കപ്പെടുന്നില്ല. അതിന് കാരണം ലളിതമാണ്. ജീവിത സായാഹ്നങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ നേരായ ജീവിതം നയിക്കണമെന്ന് തോന്നുന്നത് മനുഷ്യസഹജമാണ്. എന്നാല്‍ ചോരത്തിളപ്പുള്ള പ്രായത്തില്‍ ജോലിക്ക് കയറുമ്പോള്‍ മുതല്‍ അഴിമതി വിരുദ്ധനാവാനും നേരെ വാ നേരെ പോ എന്ന നിലപാടെടുക്കാനും ബുദ്ധിമുട്ടാണ്. അങ്ങിനെയുള്ളവര്‍ക്ക് പ്രതിസന്ധികളെ നേരിടാന്‍ നാടകീയതയുടെ ആവശ്യമുണ്ടാകില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍