UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസ് Vs സി ബി ഐ; തത്തകളുടെ പൊരിഞ്ഞ പോരാട്ടം

ഒരു നല്ല കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ ശകുനം മുടക്കി കുറുകേ ചാടുന്ന കരിമ്പൂച്ചയെക്കുറിച്ചു കേട്ടിട്ടില്ലേ? വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള അഴിമതിയാരോപണങ്ങള്‍ ഇത്തരത്തിലുള്ള കരിമ്പൂച്ചകളാണ്. അദ്ദേഹത്തിന്റെ യാത്ര മുടക്കാനും ലക്ഷ്യം ഇല്ലാതാക്കാനും ഈ ദുഃശകുനങ്ങള്‍ക്ക് കഴിയുമോ എന്നത് കാത്തിരുന്നു കാണണം. എങ്കിലും അഴിമതിയുടെ കടല്‍ഞണ്ടുകളെ പിടികൂടി അപകടകരമായ മുന്‍കാലുകള്‍ അടര്‍ത്തിക്കളഞ്ഞ് നിയമത്തിന്റെ വഴിയിലേക്ക് വലിച്ചെറിഞ്ഞു രസിക്കുന്നതിനിടെയാണ് ജേക്കബ് തോമസിനെ തേടി വലയൊരുങ്ങിയത്.

സംസ്ഥാന പൊലീസ് സേനയില്‍ കഴിഞ്ഞ കാലങ്ങളില്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത പേരുകളിലൊന്നായിരുന്നു ജേക്കബ് തോമസിന്റേത്. പുതിയ ഐ.പി.എസുകാരുള്‍പ്പെടെയുള്ളവര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന പുതിയ കാലത്ത് ഒരു തരത്തിലും പേരു കേള്‍പ്പിക്കാതിരിക്കുന്നത് ഇത്തിരി പാടുള്ള കാര്യം തന്നെയാണ്. ബാര്‍ കോഴക്കേസുകളുടെ പിന്നാമ്പുറ കഥകളും അഴിമതിക്കഥകളുമൊക്കെ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്ന കാലത്താണ് ജേക്കബ് തോമസിനെ കേരളം കൂടുതല്‍ അടുത്തറിഞ്ഞത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരമെന്ന ആദര്‍ശത്തോടെ മുന്നോട്ടു വന്ന ജേക്കബ് തോമസ് ഒടുവില്‍ വിജിലന്‍സ് ഡയറക്ടറുടെ കസേരയിലുമെത്തി. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സി.ബി. ഐയെ ഉപയോഗിച്ച് എതിരാളികളെ നിശബ്ദരാക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സി.ബി.ഐയെ കൂട്ടിലടച്ച തത്തയാക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതേപോലെ സംസ്ഥാന രാഷ്ട്രീയത്തില്‍ എതിരാളികളെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപകമായപ്പോഴാണ് കൂട്ടിലടച്ച തത്തയെന്ന ഓമനപ്പേര് വിജിലന്‍സിനും ചാര്‍ത്തിക്കിട്ടിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ വിജിലന്‍സ് സ്വീകരിച്ച നിലപാട് പരിശോധിച്ചാല്‍ ഇതിലൊന്നും അതിശയോക്തിയില്ലെന്നും വ്യക്തമാകും. ഇത്തരത്തില്‍ സാമാന്യം മോശമല്ലാത്ത ചീത്തപ്പേരില്‍ വിജിലന്‍സ് വിരാചിക്കുന്ന സമയത്താണ് ജേക്കബ് തോമസ് തലപ്പത്ത് എത്തുന്നത്.

ഭൂതകാലം കണ്ടെത്തി ഭാവി പറയുന്ന തത്ത
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡി.ജി.പിയായിരുന്ന ടി.പി സെന്‍കുമാറിന്റെ ഉഗ്രശാസനങ്ങളെത്തുടര്‍ന്ന് സ്വയം നിശബ്ദനാകാന്‍ പ്‌ളാസ്റ്റര്‍ കയ്യില്‍ കരുതിയും ചുവപ്പും പച്ചയും കാര്‍ഡുകള്‍ പോക്കറ്റില്‍ സൂക്ഷിച്ചും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി തനിക്കു പറയാനുള്ളത് പറയാതെ പറഞ്ഞ പാരമ്പര്യം ജേക്കബ് തോമസിനുണ്ട്. കൂട്ടിലടച്ച തത്തയുടെ പക്കല്‍ ആരുടെയും ഭാവി തിരുത്താന്‍ പോരുന്ന കാര്‍ഡുകള്‍ കൈവശമുണ്ടെന്ന് കാലക്രമേണ വ്യക്തമാക്കപ്പെട്ടു. ഇടതു സര്‍ക്കാര്‍ വന്നതോടെ വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. കഴിഞ്ഞ സര്‍ക്കാരില്‍ ഉണ്ടായിരുന്ന കെ. എം. മാണി, കെ. ബാബു തുടങ്ങിയവര്‍ക്കെതിരായ അഴിമതിയാരോപണങ്ങളില്‍ വിജിലന്‍സ് കൂടുതല്‍ ശക്തമായി മുന്നോട്ടു പോവുകയും ചെയ്തു. ഈ ഘട്ടത്തിലാണ് വിജിലന്‍സിന്റെ കപ്പിത്താനെ ലക്ഷ്യമിട്ട് ചാട്ടുളി പാഞ്ഞു വരുന്നത്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഒരു ഹര്‍ജിയാണ് ഇതിന്റെ തുടക്കം. ജേക്കബ് തോമസ് എന്ന അഴിമതി വിരുദ്ധ യുദ്ധ നായകനെതിരെ അത്ര രസകരമല്ലാത്ത ചില ആരോപണങ്ങള്‍ ഉന്നയിച്ചാണ് സത്യന്‍ നരവൂര്‍ ഹൈക്കോടതിയിലെത്തിയത്.

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ എം.ഡിയായിരിക്കെ ഗവേഷണ പഠനത്തിനായി ശമ്പളമില്ലാത്ത അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത്തരത്തില്‍ അവധി ലഭിച്ചശേഷം അദ്ദേഹം കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള കൊല്ലളെ ടി.കെ. എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി നോക്കി. 2009 മാര്‍ച്ച് ആറു മുതല്‍ ജൂണ്‍ ആറുവരെ അദ്ദേഹം ഡയറക്ടറായി തുടര്‍ന്നു. ഇക്കാലയളവില്‍ പ്രതിമാസം 1,65,000 രൂപ നിരക്കില്‍ പ്രതിഫലവും കൈപ്പറ്റിയിരുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഇത്തരത്തില്‍ പ്രതിഫലം കൈപ്പറ്റി ജേക്കബ് തോമസ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയതെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം. 1968 ലെ ആള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സിലെ സെക്ഷന്‍ 13 (1 ) (ബി) അനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ സ്വകാര്യ ജോലിയില്‍ പ്രവേശിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യരുതെന്നുണ്ട്. ജേക്കബ് തോമസിന്റെ നടപടി വിവാദമായതോടെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ 2011 ല്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റിയ പ്രതിഫലം ജേക്കബ് തോമസ് തിരിച്ചടച്ചു തലയൂരി. പണം മുഴുവന്‍ തിരിച്ചടച്ച സാഹചര്യത്തില്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യമില്ലെന്നായിരുന്നു വിജിന്‍സ് ഡയറക്ടറുടെ ശുപാര്‍ശ. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ തുടര്‍ നടപടി വേണ്ടെന്നു തീരുമാനിച്ച സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെയും അറിയിച്ചു. ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്നു വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ക്‌ളാരിഫിക്കേഷന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. ഇതനുസരിച്ച് വിശദീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച തീരുമാനം ശരിവച്ചു. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയശേഷം സംഭവം വിവാദമായപ്പോള്‍ കൈപ്പറ്റിയ പ്രതിഫലം തിരിക നല്‍കുന്നതിലൂടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരായ കുറ്റം ഇല്ലാതാകുമോ എന്നതാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന നിയമ പ്രശ്‌നം. ജേക്കബ് തോമസ് തുറമുഖ വകുപ്പിലിരിക്കെ നടത്തിയ പര്‍ച്ചേസുകളും ഇതോടൊപ്പം വിവാദമായി ഉയര്‍ന്നിട്ടുണ്ട്.

എല്ലാം കോംപ്‌ളിമെന്റാക്കിയതല്ലേയെന്ന് സര്‍ക്കാര്‍
വിജിലന്‍സ് തലത്തില്‍ പരിശോധിച്ച് തീര്‍പ്പാക്കിയ ഒരു വിഷയം പുതിയ സാഹചര്യത്തില്‍ ഉന്നയിക്കുന്നതിലെ രഹസ്യ അജണ്ടയാണ് ഈ ഹര്‍ജിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഒരിക്കല്‍ തീര്‍പ്പാക്കിയ കേസ് വീണ്ടും ഹര്‍ജിയാക്കി ഹൈക്കോടതിയില്‍ എത്തിച്ചതിനു പിന്നില്‍ രാഷ്ട്രീയ താല്പര്യമുണ്ടെന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം. മാത്രമല്ല, തികച്ചും വകുപ്പു തല നടപടിയായ ഈ വിഷയം പൊതുതാല്പര്യ ഹര്‍ജിയായി എങ്ങനെ ഉന്നയിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ ചോദിക്കുന്നു. ഇതിനിടെ സത്യന്‍ നരവൂരിന്റെ ഹര്‍ജിയില്‍ സി.ബി. ഐ തങ്ങളുടെ നിലപാടു വ്യക്തമാക്കിയത് കേസില്‍ പുതിയ വഴിത്തിരവുണ്ടാക്കി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ അത്യന്തം ഗൗരവമുള്ള ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളതെന്നും ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.ബി. ഐ തയ്യാറാണെന്നുമായിരുന്നു സി.ബി. ഐയുടെ അഭിഭാഷകന്‍ ചന്ദ്രശേഖര പിള്ള ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. ഇത്തരത്തില്‍ സി.ബി. ഐ ഹൈക്കോടതിയില്‍ നിലപാടു വ്യക്തമാക്കിയത് ദുരൂഹമാണെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ പറയുന്നത്. സി.ബി. ഐയുടെ അഭിഭാഷകന്‍ ഈ വിശദീകരണം നല്‍കിയത് സി.ബി.ഐ ഡയറക്ടര്‍ അടക്കമുള്ള ഉന്നതരുടെ അറിവോടെയല്ലെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വാദിക്കുന്നു. സാധാരണ ഗതിയില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെടുന്ന ഏതു കേസിലും അന്വേഷണത്തിന് തയ്യാറല്ലെന്നും ഇപ്പോള്‍തന്നെ ധാരാളം കേസുകളുടെ ഭാരം സി.ബി. ഐയുടെ ചുമലിലുണ്ടെന്നുമാണ് അവര്‍ വിശദീകരിക്കുക. എന്നാല്‍ ജേക്കബ് തോമസിന്റെ കേസില്‍ ഒരു മടിയും കൂടാതെ അന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി. ഐ വ്യക്തമാക്കിയത് ദുരൂഹമാണെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സി.ബി. ഐയുടെ നിലപാടിന് മറ്റൊരു വശം കൂടിയുണ്ട്. കൊലപാതകമടക്കമുള്ള ക്രിമിനല്‍ കേസുകളിലാണ് സാധാരണ ജോലിഭാരം ചൂണ്ടിക്കാട്ടി സി.ബി. ഐ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാട് എടുക്കുക. നാട്ടില്‍ നടക്കുന്ന ഏതു ക്രിമിനല്‍ കേസുകളിലും സി. ബി. ഐ അന്വേഷണം വേണെമെന്നാവശ്യപ്പെടുന്നത് ഒരു ഫാഷനായിട്ടുണ്ടെന്നാണ് സി.ബി. ഐയുടെ വാദം. എന്നാല്‍ അഴിമതി കേസുകളില്‍ കുറേക്കൂടി വിശാലമായ കാഴ്ചപ്പാടാണ് ഇവര്‍ക്കുള്ളത്.

കൂട്ടിലടച്ച തത്തയുടെ സങ്കടക്കത്ത്
സി.ബി. ഐയുടെ നിലപാടിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നതിനിടെ ആരോപണ വിധേയനായ ജേക്കബ് തോമസ് കഴിഞ്ഞ ദിവസം സി.ബി. ഐ ഡയറക്ടര്‍ക്ക് ഒരു കത്തയച്ചു. തനിക്കെതിരായ കേസില്‍ സി.ബി. ഐ സ്വീകരിച്ച നിലപാട് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് കത്തു നല്‍കിയത്. ഹൈക്കോടതിയില്‍ നിലവിലുള്ള ഒരു കേസില്‍ സി.ബി. ഐ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് ഒരു കത്ത് അയച്ചത് കീഴ്‌വഴക്കം ലംഘിച്ചാണെന്നും സി.ബി. ഐ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹാജരാകേണ്ടതുണ്ടെന്നും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്ന് ഹൈക്കോടതി നവംബര്‍ മൂന്നിനു പരിഗണിക്കാന്‍ കേസ് മാറ്റിയിരിക്കുകയാണ്.

തികച്ചും യാദൃശ്ചികമാണെങ്കിലും സി.ബി.ഐയ്‌ക്കെതിരെ ഒരു കേസ് വിജിലന്‍സ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍ വാടക നല്‍കാതെ സി.ബി. ഐ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളോളം താമസിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസ് എടുക്കാന്‍ വിജിന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. മാറിയ സാഹചര്യത്തില്‍ ഈ കേസില്‍ ഉഗ്രമായ അന്വേഷണം നടക്കാനാണ് സാധ്യത. തത്തകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍