UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറിലെ പൂച്ചകളെക്കാള്‍ കരുത്തനാകുമോ കേരള ഹസാരെ?

Avatar

ജേക്കബ് സുധീര്‍

എല്ലാ കാലങ്ങളിലും സിവില്‍ സര്‍വീസില്‍ ആക്റ്റിവിസത്തില്‍ വിശ്വസിക്കുന്ന ഭതചന്ദ്രന്‍ ഐപിഎസുമാരുണ്ടായിരുന്നിട്ടുണ്ട്. വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസും അവരിലൊരാളായി മികവ് തെളിയിക്കുമോ അതോ മുന്നാറിലെ പൂച്ചകളെ പോലെ കഥാന്ത്യം ഒതുങ്ങി പോകുമോ എന്നതാണ് ഇനി അറിയേണ്ടത്. വിഎസ് മന്ത്രിസഭയില്‍ നിന്നും പിണറായി മന്ത്രിസഭയിലേക്കെത്തി നില്‍ക്കുമ്പോള്‍ പൊതുവായി കാണുന്ന ചില ‘കോപ്പി – പേസ്റ്റ്’ നടപടികളാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുന്‍ മന്ത്രിസഭയുടെ അഴിമതിക്കെതിരെയും കയ്യേറ്റത്തിനെതിരെയും ആക്ഷേപം ചൊരിഞ്ഞ് അധികാരത്തെറിയവര്‍ക്ക് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു രാഷ്ട്രീയ തന്ത്രമായി ഇതിനെ കാണുന്നവരും ഉണ്ട്.

 

അതല്ല, അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധം മുഖം നോക്കാതെ, പക്ഷപാതമില്ലാതെ തുടരാനായാല്‍ അത് മന്ത്രിസഭയുടെ തിളക്കം കൂട്ടും എന്നതില്‍ സംശയമില്ല. പക്ഷേ മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയെപ്പോയി കണ്ടതില്‍ പിന്നെ മൈക്രോഫിനാന്‍സ് കേസ് മരവിച്ച നിലയിലായതും ബന്ധുനിയമന വിവാദത്തില്‍ ജയരാജന് എതിരെയുള്ള കേസിന്റെ മെല്ലെപ്പോക്കും ഒടുവിലായി അഡിഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) കെഎം അബ്രഹാമിനെതിരെയുള്ള അന്വേഷണത്തെ മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴും, കെഎം അബ്രഹാമിന്റെ വീട്ടില്‍ റെയിഡ് നടത്തിയതിനെതിരെ അദ്ദേഹം നല്‍കിയ പരാതി ഗൗരവകരമായ കാണുന്നു എന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവനയും തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് വിശദീകരണ നോട്ടീസ് നല്‍കിയ സംഭവവും ഒക്കെ കാണുമ്പോള്‍ കാര്യങ്ങള്‍ എത്രത്തോളം ശരിയാകും എന്ന ആശങ്ക ഉണ്ട്. 

 

മുന്നാറില്‍ അന്ന് വിഎസ് മൂന്നു പൂച്ചകളെ ഉപയോഗിച്ച് കയ്യേറ്റക്കാരെ നേരിടാന്‍ ജെസിബിയും മറ്റും കൊടുത്തു പറഞ്ഞയാച്ചെങ്കില്‍ പിണറായി ഒരു പടി കൂടി കടന്ന് വെറുമൊരു ‘തത്ത’യെ ഉപയോഗിച്ചാണ് ചുറ്റുമുള്ള അഴിമതി തുടച്ചു നീക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. പ്രഗത്ഭരായ രണ്ടു ഐഎഎസ് ഉദ്യോഗസ്ഥരെയും ഒരു ഐപിഎസ് ഉദ്യോഗസ്ഥനെയും ഉപയോഗിച്ച വി എസ്സിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ പരാജപെട്ടതു പോലെ വെറുമൊരു ഐപിഎസ് തത്തയെ ഉപയോഗിച്ച് പിണറായിയുടെ അഴിമതി വിരുദ്ധ ദൗത്യം പരാജയപ്പെടരുത് എന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും തുടക്കത്തില്‍ വിജിലന്‍സ് ഡയറക്റ്ററുടെ നീക്കങ്ങള്‍ക്കു പിന്തുണ ലഭിച്ചിരുന്നു എങ്കിലും കാലക്രമേണ മൂന്നാര്‍ ദൗത്യ സംഘത്തിന് നേരെയുണ്ടായതു പോലുള്ള നീരസം വിജിലന്‍സ് തത്തയുടെ നേരെയും പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. അവരൊക്കെ അഴിമതി നടന്നു കാണണം എന്നാഗ്രഹിക്കുന്നവരാണെന്നു അടച്ചാക്ഷേപിക്കാനും പറ്റില്ല.

 

 

ആഭ്യന്തര വകുപ്പും റവന്യൂ വകുപ്പും പോലും തന്റെ കീഴില്‍ അല്ലാതിരുന്നിട്ടും വിഎസ്സിന് മുന്നാറില്‍ കടപുഴകി വീഴും മുന്‍പ് കുറേ മുന്നേറാന്‍ ആയെങ്കില്‍ ആഭ്യന്തര വകുപ്പ് കയ്യിലുള്ള മുഖ്യമന്ത്രിയുടെ വിജിലന്‍സ് തത്ത തുടക്കത്തിലേ കാറ്റിലും കോളിലും പെട്ട് ആടിയുലയുന്ന കാഴ്ചയാണ് കാണുന്നത്. വിഎസ്സിന്റെ ദൗത്യസംഘത്തിനു നേതൃത്വം നല്‍കിയ സുരേഷ് കുമാര്‍ ഐഎഎസിന്റെ പേരില്‍ പാര്‍ട്ടി നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്തത് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു എന്നതിന്റെ പേരിലാണെങ്കില്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ് ഒരു മീഡിയ പബ്ലിസിറ്റി മാനിയാക് ആന്നെന്നു പോലും പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും പാര്‍ട്ടിയോ മുതിര്‍ന്ന നേതാക്കളോ ജേക്കബ് തോമസിന്റെ കാര്യത്തില്‍ ഇടപെടാത്തത് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിലും പാര്‍ട്ടിയിലും ഉള്ള അപ്രമാദിത്വവും അദ്ദേഹത്തിന്റെ കര്‍ക്കര്‍ശ്യസ്വഭാവവും അറിയുന്നത് കൊണ്ട് കൂടിയാകാം. പക്ഷേ ഇന്നല്ലെങ്കില്‍ നാളെ ഇത്തരം വിഷയങ്ങള്‍ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും ഒന്നും ചര്‍ച്ച ആയിക്കൂടായ്കയില്ല.

 

സമീപകാലത്ത് അഴിമതിക്കെതിരെയുള്ള പൊതുജനനിലപാടുകളെ വലിയ തോതില്‍ സ്വാധീനിച്ച വ്യക്തികളാണ് അണ്ണാ ഹസാരെ, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍. ആ കാലത്ത് ഇങ്ങകലെ കേരളത്തില്‍ ഒരു അണ്ണാ ഹസാരെയോ കേജ്രിവാളോ ഉദയം ചെയ്യുകയായിരുന്നു. സിവില്‍ സര്‍വീസ് രംഗത്ത് നിന്ന് തന്നെയാണ് കേരള ഹസാരെയുടെ ഉദയം. അണ്ണാ ഹസാരെ ഒരു പരിധി വരെ യുപിഎ സര്‍ക്കാരിന്റെ പതനത്തിനു കാരണമാകുകയും ബിജെപി സര്‍ക്കാരിന് തിരഞ്ഞെടുപ്പില്‍ മേല്‍ക്കയ്യ് ഉണ്ടാക്കാന്‍ സഹായിച്ചു. എങ്കിലും ഹസാരെയെ രാംലീലയില്‍ പിന്തുണച്ച ജനലക്ഷങ്ങള്‍ ആസാദ് മൈദാനിയില്‍ വന്നില്ല. കേരളത്തിലാകട്ടെ ബാര്‍ കോഴയും മറ്റും കൊടുമ്പിരി കൊണ്ട് നിന്ന കാലത്താണ് തന്റെ പ്രസ്താവനകളിലൂടെ വിജിലന്‍സ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് തന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന അണ്ണാ ഹസാരെയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. അതുവഴി അദ്ദേഹത്തിലൂടെ ഉദ്ദേശിച്ച തിരഞ്ഞെടുപ്പ് വിധിയും പ്രതിപക്ഷത്തിന് നേടാനായി. നിലവിലെ വ്യവസ്ഥിതി അനുസരിച്ച് അഴിമതി കേസുകള്‍ വിചാരണ ചെയ്യാനും ശിക്ഷിക്കാനുമൊക്കെയുള്ള സാഹചര്യങ്ങള്‍ പരിമിതമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിജിലന്‍സ് റെയ്ഡില്‍ അനധികൃത സ്വത്തു കണ്ടെത്തുകയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതുമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടിഒ സൂരജിനെതിരെയുള്ള വിജിലന്‍സ് കേസ് എവിടെവരെയായി, എപ്പോള്‍ വിചാരണ തുടങ്ങുമെന്നോ ശിക്ഷാ വിധിയുണ്ടാകുമെന്നതിനോ വ്യക്തതയില്ല.

 

അഴിമതി ആരോപണങ്ങളില്‍പെട്ടുലഞ്ഞ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍ നടത്തിയ ഒരു നിരീക്ഷണം ഈയവസരത്തില്‍ പ്രസക്തമാകുന്നു: “ഈ സര്‍ക്കാരിന്റെ കാലത്തുള്ള അതേ മാധ്യമ ജാഗ്രതയും ചര്‍ച്ചകളും വിജിലന്‍സ് സംവിധാനവും കോടതികളും എല്ലാം അടുത്ത സര്‍ക്കാരിന്റെ കാലത്തും ഉണ്ടാകും, ഇതിനേക്കാള്‍ വലിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളും വന്നേക്കാം, അത്തരം സാഹചര്യങ്ങള്‍ ഒക്കെ ഈ സര്‍ക്കാരിനെപ്പോലെയോ അല്ലെങ്കില്‍ അവരെക്കാള്‍ കൂടിയ അളവില്‍ പ്രതിരോധിച്ചോ മാത്രമേ പുതിയ സര്‍ക്കാരിനും മുന്നോട്ടു പോകാന്‍ കഴിയുകയുള്ളു” എന്നാണ് ജയശങ്കര്‍ അന്ന് നടത്തിയ നിരീക്ഷണം.

എല്ലാ ആരോപണങ്ങളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാലോ ഏതെങ്കിലും പൊതുപ്രവര്‍ത്തകര്‍ ഹരജി നല്‍കുകയും വിജിലന്‍സ് കോടതി അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്താല്‍ കേരളത്തിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. അതൊക്കെ ഇപ്പോഴുള്ള വിജിലന്‍സ് സംവിധാനത്തിന് താങ്ങാവുന്നതിലും അധിക ഭാരമാകും. അങ്ങനെ അന്വേഷണം നീളുകയാണെങ്കില്‍ ഉദ്യോഗസ്ഥരോ മന്ത്രിമാരോ തീരുമാനങ്ങളെടുക്കാന്‍ ഭയക്കും. അതൊക്കെ തന്നെ ഭരണ പ്രതിസന്ധി സൃഷ്ടിക്കും.
അഴിമതി നേരിടാന്‍ ഒരു കാലത്തു കേട്ട ‘ലോക്പാല്‍’ പോലുള്ള ശക്തമായ നിയമ നിര്‍മ്മാണം ഉണ്ടാകാത്തിടത്തോളം അഴിമതിയും ആരോപണവും അന്വേഷണവും ഒക്കെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കാലത്തു ഭരിക്കുന്നവരെ താഴെയിറക്കാനും അത് വഴി അധികാരം പിടിച്ചെടുക്കാനുമുള്ള ഒരുപാധി ആയി മാറും.

 

 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണങ്ങള്‍ക്ക് നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു ചോദിച്ച ഒരു ചോദ്യം പിന്നീട് പലപ്പോഴായി പരിഹസിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്‌തെങ്കില്‍ സഭയില്‍ തോട്ടണ്ടി ഇറക്കുമതി വിഷയത്തില്‍ അഴിമതി നടന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് എതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ചോദിച്ചത് തെളിവെവിടെ എന്നാണ്? ആ വിഷയത്തില്‍ അന്വേഷണം ആവശ്യമില്ല എന്ന് മുഖ്യമന്ത്രി മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ ആരോപണം നാളെ വിജിലന്‍സ് കോടതിയില്‍ എത്തുകയും അന്വേഷണത്തിനായി ഉത്തരവിടുകയും ചെയ്താല്‍ ആ അന്വേഷണത്തിന്റെ വേഗം എത്രയുണ്ടാകും, ആ അന്വേഷണത്തോട് ഭരണപക്ഷം എങ്ങിനെ പ്രതികരിക്കും എന്നൊക്കെ കാത്തിരുന്ന് കാണേണ്ടി ഇരിക്കുന്നു.

 

അഴിമതി കേസുകളുടെയും അനധികൃത സ്വത്തു സമ്പാദന കേസുകളുടെയും തീര്‍പ്പു കല്‍പ്പിക്കേണ്ടതും ശിക്ഷ വിധിക്കേണ്ടതും നമ്മുടെ കോടതികളിലാണ്. എന്നാല്‍ ജുഡീഷ്യറിയും തീര്‍ത്തും അഴിമതി മുക്തമാണെന്നു കരുതാനാകില്ല. സമീപകാല ചരിത്രത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന സൗമിത്ര സെന്‍ അഴിമതി കേസില്‍ പാര്‍ലിമെന്റില്‍ ഇംപീച്ച് ചെയ്യപ്പെട്ടുവെങ്കിലും മൂന്നാര്‍ കേസിലെ ഹൈക്കോടതി വിധിയും ജയലളിതയുടെ അനധികൃത സ്വത്തു സമ്പാദ്യ കേസുകളിലെ സുപ്രീം കോടതി വിധിയും ഒടുവിലായി മുന്‍ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയുടെ അഴിമതി കേസിലെ സിബിഐ കോടതി വിധിയും ഒക്കെ നമ്മോടു പറയുന്നത് ജുഡീഷ്യറിയിലും പുഴുക്കുത്തുകള്‍ ഉണ്ട് എന്നു ത്തന്നെയാണ്.

 

അഴിമതി കേസില്‍ സമീപ കാലത്തു ശിക്ഷ ലഭിച്ച ഒരേ ഒരു കേസ് ഇടമലയാര്‍ കേസ് മാത്രമാണ്; അതും വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷം. അങ്ങനെയുള്ളപ്പോള്‍ ഇപ്പോള്‍ നമ്മള്‍ അഴിമതിക്കാര്‍ എന്ന് മുദ്രകുത്തി ആരോപിക്കുന്നവരുടെ അന്തിമ വിധിയും മറിച്ചാകാന്‍ സാധ്യതയില്ല എന്ന് കരുതേണ്ടി വരും. ഏതാണ്ട് ഇപ്പോഴുള്ള അഴിമതി കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് ഈ കേസുകളുടെ അന്തിമ വിധിയെകുറിച്ചും ഒരു മുന്‍ധാരണ ഉണ്ടെന്നു കരുതേണ്ടി വരും. അത് കൊണ്ട് കൂടിയാകും വിജിലന്‍സ് കേസന്വേഷിച്ച പോകും മുന്‍പ് മാധ്യമങ്ങള്‍ക്കു വിവരം നല്‍കുന്നതും വിജിലന്‍സ് കണ്ടെടുത്ത കത്തുകളുടെ കോപ്പികള്‍, എഫ്ഐആര്‍ കോപ്പികള്‍ എന്നിവ മാധ്യമങ്ങളില്‍ തത്സമയം പ്രക്ഷേപണം ചെയ്യപെടുന്നതിന്റെയും കാരണങ്ങള്‍.

 

(മാഹി സ്വദേശി. ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഓപ്പറേഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍