UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരം: യാക്കോബായ സഭയില്‍ തര്‍ക്കം മൂക്കുന്നു

Avatar

അരവിന്ദ് വര്‍ഗ്ഗീസ്‌ 

കലഹങ്ങള്‍ പുത്തരിയല്ലാത്ത യാക്കോബായ സഭയില്‍ ഒരു മൃതദേഹത്തിന്റെ സംസ്‌കാരം സംബന്ധിച്ച തര്‍ക്കം പുതിയ കലഹങ്ങള്‍ക്കു വഴിമരുന്നിടുകയാണ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശിയായ മേരി ജോണ്‍ അഖൗരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സഭയുടെ ആഭ്യന്തര പ്രശ്‌നമായിക്കൂടി വളര്‍ന്നു കഴിഞ്ഞു.

സഭാ നിയമങ്ങള്‍ക്കു വിരുദ്ധമായി സംസ്‌കാരം നടത്താന്‍ സൗകര്യം ഒരുക്കി നല്‍കിയെന്ന് പറഞ്ഞ്‌ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസിനെതിരേ പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സഭ സൂനഹദോസ് നടപടിയെടുത്തിരുന്നു. ആറു മാസത്തേക്കു ഭദ്രാസനത്തിന്റെ ചുമതലകളില്‍ നിന്നു മാറ്റാനും ഭദ്രാസനത്തിന്റെ ഭരണം കാതോലിക്കാവ ബാവ ഏറ്റെടുക്കാനുമായിരുന്നു സൂനഹദോസിന്റെ തീരുമാനം. എന്നാല്‍ ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് അയച്ചെങ്കിലും കേരളത്തിലെ നേതൃത്വത്തെ അമ്പരപ്പിക്കുന്ന തീരുമാനമാണ് പാര്‍ത്രിയാര്‍ക്കീസ് ബാവയില്‍ നിന്നുണ്ടായത്. സൂനഹദോസ് തോമസ് മാര്‍ തിമോത്തിയോസിനെ മാറ്റാന്‍ എടുത്ത തീരുമാനം മരവിപ്പിച്ച പാര്‍ത്രിയാര്‍ക്കീസ് ബാവ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തി കേരളത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രിയങ്ക ചോപ്ര വിഷയം ആയുധമാക്കി കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസിനെതിരെ നടപടിയെടുക്കാനുള്ള കാതോലിക്കാ ബാവയുടെയും സംഘത്തിന്റെയും ശ്രമമാണ് ഇല്ലാതായതെന്നാണ് സഭാ വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന.

2014-ല്‍ രണ്ടു മെത്രാന്‍മാരെ സ്ഥലം മാറ്റിയ സംഭവത്തില്‍ സ്ഥലം മാറ്റം റദ്ദാക്കിയ സംഭവത്തിനു ശേഷം വീണ്ടും കേരള നേതൃത്വം എടുത്ത തീരുമാനം പാത്രിയാര്‍ക്കീസ് ബാവ റദ്ദാക്കുന്ന സംഭവമാണിത്. 2015-ല്‍ നടന്ന പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം ഇപ്പോള്‍ ആവശ്യമില്ലെന്നു കാട്ടി കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്കു കത്തയച്ചപ്പോള്‍ ഇതിനെതിരേ രംഗത്തു വരികയും പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം നടത്താന്‍ മുന്നില്‍ നിന്നതും കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസിന്റെ നേതൃത്വത്തിലായിരുന്നു. ഇതിനോടുള്ള പ്രതികാരമായാണ് തോമസ് മാര്‍ തിമോത്തിയോസിനെതിരേ ഇപ്പോള്‍ നടപടികളുമായി സഭാ നേതൃത്വം രംഗത്തെത്തിരിക്കുന്നതെന്നും സൂചനയുണ്ട്.

കഴിഞ്ഞയാഴ്ചയാണ് വിവാദത്തിനു കാരണമായ സംഭവമുണ്ടായത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം അവരുടെ അന്ത്യാഭിലാഷം അനുസരിച്ചു നടത്താനാണ് കോട്ടയം ജില്ലയിലെ ആറ്റാമംഗലം യാക്കോബായ പള്ളിയില്‍ ബന്ധുക്കളെത്തിയത്. എന്നാല്‍ ഹിന്ദുവിനെ വിവാഹം കഴിച്ചു സമുദായത്തില്‍ നിന്നു പുറത്തു പോയതിനാല്‍ പള്ളിയില്‍ സംസ്‌കാരം അനുവദിക്കാനാവില്ലെന്ന് ഇടവക സമിതിയും വികാരിയും നിലപാടെടുത്തതോടെ സംസ്‌കാരം നടത്താനായില്ല. തുടര്‍ന്നു യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ഇടപെട്ട് സംസ്‌കാരം പൊന്‍കുന്നം പള്ളിയില്‍ നടത്താനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ മേരി ജോണ്‍ അഖൗരിയുടെ മൃതദേഹ സംസ്‌കാരം യാക്കോബായ സഭയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭിന്നത മറനീക്കി വീണ്ടും പുറത്തുകൊണ്ടുവരികയാണ്.

പ്രിയങ്ക ചോപ്ര വിഷയത്തില്‍ സഭാ നേതൃത്വവും കോട്ടയം ഭദ്രാസനാധിപനും വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളതും വിശ്വാസികള്‍ ഉള്‍പ്പടെയുള്ളവരെ ആശങ്കയിലാക്കുന്നുണ്ട്. സഭാ നിയമവും പാരമ്പര്യവും അനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിച്ച് സഭയില്‍ നിന്നു പുറത്തുപോയ ഒരാളിനു വേണ്ടി പള്ളിയുടെ നിയമങ്ങള്‍ മാറ്റാനാവില്ലെന്നാണ് പള്ളി അധികൃതരും കാതോലിക്കാ ബാവ ഉള്‍പ്പടെയുള്ള സഭാ നേതൃത്വവും നല്‍കുന്ന വിശദീകരണം. എന്നാല്‍ സംസ്‌കാരം നിഷേധിക്കുന്നത് മനുഷ്യത്വപരമല്ലാത്ത നടപടിയാണെന്നും അക്രൈസ്തവമാണെന്നും അതുകൊണ്ടാണ താന്‍ ഇടപെട്ട് സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കൊടുത്തതെന്നുമാണ് തോമസ് മാര്‍ തിമോത്തിയോസിന്റെ വിശദീകരണം. ഹിന്ദു യുവാവിനോടൊപ്പം മനസമ്മതത്തിനു പള്ളിയില്‍ അനുവാദം നല്‍കിയ കത്തോലിക്കാ സഭയുടെ നിലപാടിനെതിരേ മാധ്യമങ്ങളും വിശ്വാസികളും ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയത് ഓര്‍മയുള്ളതിനാലാണ് സഭാ നേതൃത്വം സഭാ നിയമങ്ങള്‍ ആര്‍ക്കും വേണ്ടി മാറ്റാന്‍ തയ്യാറാകാതിരുന്നെതെന്നും സൂചനയുണ്ട്. 

മൃതദേഹ സംസ്‌കാരം ഉള്‍പ്പെടയുള്ളവയ്ക്കു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ മാനുഷിക പരിഗണനകളാണ് സഭാ
നേതൃത്വം ഉള്‍പ്പടെയുള്ളവരില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന സൂചനയാണ്‌ വിഷയത്തില്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരുന്നത്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍