UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം; കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നു

ടി സന്ദീപ്

എന്റെ ആലയം നിങ്ങള്‍ കച്ചവട സ്ഥലമാക്കിയില്ലേയെന്നു ചോദിച്ച് കച്ചവടക്കാരെ പള്ളിയില്‍ നിന്ന് ചാട്ടവാറുപേയാഗിച്ച് അടിച്ചിറക്കിവിട്ട യേശുക്രിസ്തുവിന് ഒരിക്കല്‍ കൂടി ചാട്ടവാറെടുത്ത് കേരളത്തിലെത്തേണ്ട അവസ്ഥയാണിപ്പോള്‍. പള്ളിക്കു വേണ്ടി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ നടത്തുന്ന കോലാഹലങ്ങള്‍ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക, ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കണം തുടങ്ങിയ ബൈബിള്‍ വചനങ്ങളുമായി പെരുത്തപ്പെടുന്നതാണോ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ഇപ്പോഴത്തെ നിലപാടെന്ന് ഇരുവിഭാഗത്തിലെയും വിശ്വാസികളും സഭാ നേതൃത്വവും ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ചുരുങ്ങിയ ഇടവേളയ്ക്കു ശേഷം സര്‍ക്കാരിനും ജനങ്ങള്‍ക്കും തലവേദനയുണ്ടാക്കി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും തമ്മില്‍ തല്ലാന്‍ തുടങ്ങിയിരിക്കുന്നു. മലങ്കര സഭാ തലവന്‍ മാര്‍ അപ്രേം കരീം രണ്ടാമന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തോടെ സഭാ തര്‍ക്കം പരിഹരിക്കപ്പെടുമെന്നു കരുതിയിരുന്നുവെങ്കിലും അവയെല്ലാം അസ്ഥാനത്താക്കി പള്ളിയുടെ പേരില്‍ വീണ്ടും ഇരുവിഭാഗങ്ങളും പോരടിക്കാന്‍ തുടങ്ങിയതോടെ സഭാതര്‍ക്കം വരുംനാളുകളില്‍ തെരുവു യുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യമാണുള്ളത്.

ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം കോലഞ്ചേരി പള്ളിയിലുണ്ടായ സംഘര്‍ഷം. രണ്ടു വര്‍ഷമായി സഭാതര്‍ക്കത്തെത്തുടര്‍ന്നു പൂട്ടിക്കിടക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളി മുറ്റത്തു യാക്കോബായ വിഭാഗം പ്രാര്‍ത്ഥനയ്ക്കായി തയാറാക്കിയിരുന്ന താല്‍ക്കാലിക പന്തല്‍ കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ചിരുന്നു. കത്തി നശിച്ച പന്തല്‍ പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചത് ഓര്‍ത്തഡോക്‌സ് വിഭാഗം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്കു നീങ്ങിയത്. പോലീസിനു നേര്‍ക്കു കല്ലേറും ഒടുവില്‍ ലാത്തിച്ചാര്‍ജിലും നിരോധനാജ്ഞയിലും വരെയെത്തി നില്‍ക്കുന്നു കോലഞ്ചേരിയിലെ നിലവിലെ അവസ്ഥ. സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും മെത്രാപ്പോലീത്തമാരും വൈദികരും, പോലീസുകാരും ഉള്‍പ്പടെയുള്ളവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പന്തല്‍കെട്ടാന്‍ അനുവദിക്കില്ലെന്നും കോലഞ്ചേരി പള്ളിയും അനുബന്ധ വസ്തുക്കളും ഓര്‍ത്തഡോക്‌സ് സഭയ്ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുമ്പോള്‍ കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയാറല്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം.

യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളുമായി പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം മുന്നോട്ടു പോകുമ്പോള്‍ ഇതിനു തുരങ്കം വച്ച് എക്കാലവും ഇരുവിഭാഗങ്ങളും തമ്മില്‍ പോരടിക്കുന്ന വിധത്തിലുള്ള നടപടികളിലൂടെ ഓര്‍ത്തഡോക്‌സ് സഭ പോകുകയാണെന്ന് യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനും മുന്‍ സഭാ മുഖ്യ വക്താവുമായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി കോലഞ്ചേരി പള്ളി മുറ്റത്ത് താല്‍ക്കാലിക പന്തല്‍ കെട്ടി സമാധാനപരമായി പ്രാര്‍ത്ഥന നടത്തി വരികയായിരുന്നു ഞങ്ങള്‍. എന്നാല്‍ പന്തല്‍ കത്തിയതിനെത്തുടര്‍ന്നു പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമവുമായി രംഗത്തു വരുന്നത് സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ കാണാനാവൂ. തെരഞ്ഞെടുപ്പു കാലമടുക്കുമ്പോള്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും സഹായത്തോടെ സംഘര്‍ഷമുണ്ടാക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം മനപൂര്‍വം ശ്രമിക്കുകയാണെന്ന് ഇപ്പോഴത്തെ സംഭവങ്ങളില്‍ നിന്നു മനസിലാക്കാനാവും. കോലഞ്ചേരി പള്ളി പ്രശ്‌നം പരിഹരിക്കണമെങ്കില്‍ കോടതി വിധികള്‍ക്കുപരിയായി ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന നടത്തി സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കുകയാണു വേണ്ടത്. കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിനാണു മുന്‍തൂക്കമെന്നറിയാവുന്നതിനാലാണ് ഇത്തരമൊരു പ്രശ്‌ന പരിഹാര നിര്‍ദേശത്തില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം മുഖം തിരിക്കുന്നത്. യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി ഞാനും അഡ്വക്കേറ്റ് ജയശങ്കറും ചേര്‍ന്നു തയാറാക്കിയ സമാധാന വഴികള്‍ എന്ന പുസ്തകം പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്കു നല്‍കി ഇതു പ്രകാരമുള്ള സമാധാന നിര്‍ദേശങ്ങളുമായി ഞങ്ങള്‍ മുന്നോട്ടു പോവുകയായിരുന്നു. ഇത്തരം സമാധാന നീക്കങ്ങള്‍ക്കു തുരങ്കം വയക്കുകയെന്ന ലക്ഷ്യവും കോലഞ്ചേരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു– ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം യാക്കോബായ വിഭാഗം കോടതിവിധിയും എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ടു കോലഞ്ചേരി പള്ളി മുറ്റത്ത് പന്തല്‍ കെട്ടാനും വീണ്ടും സമര മുഖം തുറക്കാനും നടത്തിയ നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്ന് ഓര്‍ത്തഡോക്‌സ് സഭ പിആര്‍ഒ പ്രഫസര്‍ പി സി ഏലിയാസ് പറയുന്നു. കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‌സ് സഭയുടേതാണെന്നു വ്യക്തമായ കോടതിവിധിയുണ്ട്. മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച നടത്തി ഈ വിഷയത്തില്‍ ധാരണയായിട്ടുള്ളതാണ്. എന്നാല്‍ ഈ ധാരണയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ യാക്കോബായ സഭ സമാധാനം ആഗ്രഹിക്കുന്നില്ലായെന്നതിനുള്ള വ്യക്തമായ സൂചനകളാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നില്‍. തൊട്ടടുത്തു തന്നെ കാതോലിക്കേറ്റ് സെന്ററുള്ളപ്പോള്‍ തങ്ങള്‍ക്ക് അവകാശമില്ലാത്ത കോലഞ്ചേരി പള്ളിയില്‍ തന്നെ ആരാധന നടത്തണമെന്നു യാക്കോബായ വിഭാഗം നിര്‍ബബന്ധം പിടിക്കുന്നതിനു പിന്നിലെ യുക്തി മനസിലാക്കാനാവുന്നില്ല. കോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായതോടെ യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി കേസ് മനപ്പൂര്‍വം വൈകിപ്പിക്കുന്നത് ഈ വിഷയം മുതലെടുക്കാനുള്ള ശ്രമം തന്നെയാണെന്നുറപ്പാണ്. 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവാകശപ്പെട്ട പള്ളിയില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നതുപോലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല– പ്രൊഫസര്‍ പി സി ഏലിയാസ് അഭിപ്രായപ്പെടുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ തല്ലും പോര്‍വിളികളുമായി തെരുവിലിറങ്ങുന്നത് യുഡിഎഫിനും തലവേദനയാകുന്നുണ്ട്. ആര്‍ക്ക് അനുകൂലമായ നിലപാടെടുത്താലും മറുവിഭാഗത്തിന്റെ അപ്രീതിക്കു പാത്രമാകുമെന്നതാണ് ഈ വിഷയത്തിനു പിന്നിലെ മറ്റൊരു വിരോധാഭാസം. ഇതിനിടെ വൈദികരും വിശ്വാസികളും തമ്മില്‍ തല്ലുന്നതും കല്ലെറിയുന്നതും ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ കല്ലും കോടാലിയുമാണോ നിങ്ങള്‍ ആരാധന നടത്താന്‍ പോകുന്നതെന്നും പള്ളികള്‍ സംരക്ഷിക്കാന്‍ പോകുന്നതെന്നുമുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍