UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസിനെ മാറ്റും എന്ന കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി

വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയിലുള്ള ജേക്കബ് തോമസിന്റെ ഹൃസ്വകാല അഴിമതി വിരുദ്ധ കുരിശുയുദ്ധം അവസാനിക്കാന്‍ പോകുന്നോ?

വിജിലന്‍സില്‍ ലഭിച്ച പരാതികള്‍ കൂട്ടത്തോടെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തു കൊണ്ട് സര്‍ക്കാരിനോടുള്ള പ്രതിഷേധം ഡയറക്ടര്‍ ജേക്കബ് തോമസ് കടുപ്പിച്ചതോടെ സര്‍ക്കാര്‍ മുള്‍മുനയില്‍. വിജിലന്‍സ് വിഷയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജേക്കബ് തോമസിനെ മാറ്റും എന്നാ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വ്യക്തമാക്കി.

വിജിലന്‍സിന് ലഭിച്ച ഏതെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിപ്പിച്ച് എടുക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ്‌ പരാതികള്‍ അയച്ചു കൊടുത്തത്. വിജിലന്‍സിന് മൂക്ക് കയറിട്ട മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജേക്കബ് തോമസിന്റെ ഈ നടപടി എന്നു മലയാള മനോരമ റിപ്പോര്ട്ട് ചെയ്യുന്നു.  അഴിമതി സംബന്ധിച്ച പരാതികള്‍ വകുപ്പ് തലത്തില്‍ പരിശോധിച്ച ശേഷം മാത്രം വിജിലന്‍സിന് നല്കിയാല്‍ മതിയെന്ന പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

ഇന്നലെ ദിവസം വരെ വിജിലന്‍സിന് ലഭിച്ച അറുപതോളം പരാതികളാണ് ജേക്കബ് തോമസ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് അയച്ചു കൊടുത്തിരിക്കുന്നത്. ഏതെങ്കിലും ഐ എ എസ് ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിപ്പിക്കണം എന്നൊരു കത്തും കൂടെ വെച്ചിട്ടുണ്ട്.

നേരത്തെ ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം ഉണ്ടായപ്പോള്‍ ‘ഇവിടെ വലിയ അഴിമതി പരാതികള്‍ സ്വീകരിക്കില്ല’ എന്ന ബോര്‍ഡ് വിജിലന്‍സ് ആസ്ഥാനത്ത് വെച്ചാണ് ജേക്കബ് തോമസ് പ്രതിഷേധിച്ചത്. അത് വലിയ നാണക്കേടാണ് സര്‍ക്കാരിന് ഉണ്ടാക്കിയത്.

അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെഎം എബ്രഹാം, ടോം ജോസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസ് വലിയ വിവാദമായതിനെ തുടര്‍ന്ന് ഭരണ രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഐ‌എഎസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസും തമ്മിലുള്ള പോര്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലും മറ്റും അടിയന്തിര ഫയലുകള്‍ അടക്കം നീങ്ങുന്നില്ല എന്ന പരാതി വ്യാപാകമായി ഉയര്‍ന്നു കഴിഞ്ഞു. ഒരു വേള ഐഎഎസ് ഉദ്യോഗസ്ഥന്‍മാര്‍ അപ്രഖ്യാപിത ‘പണിമുടക്ക്’ സമരവുമായി വരെ രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന് അവര്‍ അതില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. അതേ സമയം ജേക്കബ് തോമസിനെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്നതിലും ചില ഐ എ എസ് ഉദ്യോഗസ്ഥര്‍ ചരട് വലിച്ചുകൊണ്ടിരുന്നു.

ഇതിന്റെ ഏറ്റവും ഒടുവിലുത്തേതാണ് ജേക്കബ് തോമസ് ബിനാമി ഇടപാടിലൂടെ തമിഴ്‌നാട്ടില്‍ അമ്പത് ഏക്കറോളം ഭൂമി സ്വന്തമാക്കിയതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്. 2001ല്‍ വിദുരനഗര്‍ ജില്ലയില്‍ രാജപ്പാളയം താലൂക്കില്‍ സേതൂര്‍ വില്ലേജില്‍ 33 പേരില്‍ നിന്നായി ജേക്കബ് തോമസ് 50.33 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയെന്നാണ് ആരോപണം.

അതേ സമയം ഇപി ജയരാജന്‍ മന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത് സിപിഎമ്മിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ ബലി കൊടുക്കാന്‍ തോമസ് ജേക്കബും തയ്യാറല്ല. ഇതും കൂടി കണക്കിലെടുക്കുമ്പോള്‍ ഈ പ്രതിസന്ധി എങ്ങനെ സര്‍ക്കാര്‍ മറികടക്കും എന്നാണ് ഇനി അറിയേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍