UPDATES

അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖെഹാര്‍

അഴിമുഖം പ്രതിനിധി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പഞ്ചാബില്‍ നിന്നുള്ള ജസ്റ്റിസ് ജഗദീഷ് സിംഗ് ഖെഹാര്‍ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. സുപ്രീം കോടതിയില്‍ നിലവിലുള്ള ജഡ്ജിമാരില്‍ ഏറ്റവും മുതിര്‍ന്ന ആളായ ജസ്റ്റിസ് ഖെഹാറിനെ തന്റെ പിന്‍ഗാമിയാക്കണം എന്ന് കാണിച്ച് ചീഫ് ജസ്റ്റിസ് തിരാത് സിംഗ് താക്കൂര്‍ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിന് ഔദ്ധ്യോഗികമായി കത്തയച്ചു. കത്ത് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് ലഭിച്ചതായാണ് അറിയാന്‍ കഴിയുന്നത്.

വരുന്ന ജനുവരി നാലിന് ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് ഖെഹാര്‍, ഈ ഉന്നത പദവിയിലെത്തുന്ന ആദ്യത്തെ സിഖ് വംശജനാണ്. 2011 സെപ്തംബറിലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. തന്റെ പിന്‍ഗാമിയെ നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നിയമമന്ത്രി നേരത്തെ ചീഫ് ജസ്റ്റിസ് താക്കൂറിന് കത്തയച്ചിരുന്നു. ജസ്റ്റിസ് ഖെഹാറിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. രാഷ്ട്രപതി തീരുമാനം അംഗീകരിക്കുന്നതോടെ ഇത് സംബന്ധിച്ച് ഔദ്ധ്യോഗിക പ്രഖ്യാപനമുണ്ടാകും.

ജഡ്ജിമാരെ നിയമിക്കുന്നതിന് പ്രത്യേക ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന എന്‍ ജെ എ സി നിയമം അസാധുവാക്കിയ അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ അദ്ധ്യക്ഷനായിരുന്നു ജസ്റ്റിസ് ഖെഹാര്‍. ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയ വളരെ സങ്കീര്‍ണമാണെന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റായ നിയമനങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും തന്റെ വിധിന്യായത്തില്‍ ജസ്റ്റിസ് ഖെഹാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ ഉന്നത നീതിപീഠത്തിലേക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന തീരുമാനത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് വലിയ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രാജിവെച്ചകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. രാജിയെല്ലാം സ്വന്തം താല്‍പര്യപ്രകാരമായിരുന്നോ എന്ന് ഒരാള്‍ അത്ഭുതപ്പെട്ടാല്‍ തെറ്റ് പറയാനാവില്ലെന്നും ജസ്റ്റിസ് ഖെഹാര്‍ പറഞ്ഞിരുന്നു. ഭരണഘടന സ്ഥാപനങ്ങളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിരുന്ന മറ്റ് നിരവധി പേരും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ രാജിവെച്ചിരുന്നതായും വിധിന്യായത്തില്‍ എടുത്ത് പറഞ്ഞിരുന്നു.

അരുണാചല്‍ പ്രദേശില്‍, 2016 ജനുവരി 14 ന് പകരം 2015 ഡിസംബര്‍ 16ന് നിയമസഭ സമ്മേളനം നടത്താനുള്ള ഗവര്‍ണര്‍ ജെ പി രാജ്‌കോവയുടെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി ബഞ്ചിന്റെ അദ്ധ്യക്ഷനും അദ്ദേഹമായിരുന്നു. സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെക്കുന്നതിലേക്ക് ഗവര്‍ണറുടെ തീരുമാനം നയിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ തിരിച്ച് അധികാരത്തില്‍ പ്രതിഷ്ഠിച്ച ചരിത്രപരമായ വിധിയും ബഞ്ചില്‍ നിന്നുണ്ടായി. എന്നാല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ അംഗങ്ങളും ബിജെപിയിലേക്ക് കൂറുമാറിയതിനാല്‍ സര്‍ക്കാരിന് അധികദിവസത്തെ ആയുസ്സുണ്ടായില്ല.

സഹാറ അദ്ധ്യക്ഷന്‍ സുബ്രതോ റോയിയെ പണം കബളിപ്പിച്ചതിന്റെ പേരില്‍ ജയിലിലേക്കയച്ച നിര്‍ണായക വിധി പുറപ്പെടുവിച്ച് ബഞ്ചിന്റെ അദ്ധ്യക്ഷനും ജസ്റ്റിസ് ഖെഹാറായിരുന്നു. ദിവസത്തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ വേതനം നല്‍കണമെന്ന് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച ബഞ്ചിന്റെ അദ്ധ്യക്ഷനും അദ്ദേഹമായിരുന്നു.

പഞ്ചാബില്‍ ജനിച്ച അറുപത്തിനാലുകാരനായ ജസ്റ്റിസ് ഖെഹാര്‍, 1999 ലാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. 2009ല്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായി. കര്‍ണാടകത്തിലും അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതല നിര്‍വഹിച്ചിട്ടുണ്ട്. 2017 ഓഗസ്റ്റ് 27 വരെയാണ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ കാലാവധി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍