UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളില്‍ നടന്നത് സിപിഐ എം നയങ്ങളുടെ നീചമായ ലംഘനം; പാര്‍ട്ടി സഖാക്കള്‍ക്ക് ജഗ്മതി സംഗ്വാന്റെ കത്ത്

Avatar

പ്രിയപ്പെട്ട സുഹൃത്തുക്കളെ സഖാക്കളെ,

ഞാന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ച കാര്യം നിങ്ങളെല്ലാവരും അറിഞ്ഞതാണല്ലോ. എന്നിരുന്നാലും അക്കാര്യത്തില്‍ എന്‍റെ അഭിപ്രായങ്ങളും പാര്‍ട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും നിങ്ങളെ അറിയിക്കേണ്ടത് എന്‍റെ ചുമതലയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ബംഗാളില്‍ പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ ഉണ്ടാക്കിയ “ധാരണ” തന്നെ, നിരവധി തവണ നീണ്ട ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പാര്‍ട്ടി തീരുമാനിച്ച നയങ്ങളുടെ ഏറ്റവും നീചമായ ലംഘനമാണ്. ഈ തീരുമാനമാണ് ബംഗാളില്‍ പാര്‍ട്ടി ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ദയനീയമായ പ്രകടനം നടത്തുന്നതിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചത്. ബംഗാളില്‍ തന്നെ പലതവണ നമ്മുടെ തന്നെ സഖാക്കളെ അക്രമിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുമായി “അവസരവാദ” കൂട്ടുകെട്ടുണ്ടാക്കിയ പാര്‍ട്ടിക്ക് ഇലക്ഷനില്‍ കിട്ടിയ തിരിച്ചടി ഒരു സൂചനയാണ്. ഇങ്ങനെയൊരു ബൂര്‍ഷ്വാ പാര്‍ട്ടിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് ജനങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിനുള്ള തെളിവാണ് ഇലക്ഷന്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇലക്ഷന് ശേഷവും പല സംസ്ഥാന നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കേന്ദ്ര കമ്മറ്റിക്ക് എതിരാണെന്ന് മാത്രമല്ല വലിയൊരു വിഭാഗം ജനങ്ങളുടെ ആഗ്രഹത്തിന് എതിരുമാണ്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി ഇലക്ഷനും അതിന്‍റെ ഫലങ്ങളും ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര കമ്മറ്റി വിളിച്ചുചേര്‍ത്തത്. അതില്‍ ബംഗാള്‍ സഖ്യം വലിയൊരു ചര്‍ച്ചാവിഷയം തന്നെയായിരുന്നു. പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ഉണ്ടാക്കിയ ഈ സഖ്യം പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന നിലപാടായിരുന്നു മിക്കവാറും പിബി അംഗങ്ങള്‍ക്ക്. അവരുടെ അഭിപ്രായം കേന്ദ്ര കമ്മറ്റിയില്‍ അവതരിപ്പിച്ചിരുന്നു. ജനറല്‍ സെക്രട്ടറി വളരെ ചെറിയ വിഭാഗം പിബി അംഗങ്ങളുടെ അഭിപ്രായം മാത്രമാണ് രേഖപ്പെടുത്തിയത്. അതാകട്ടെ ‘അനുചിതമായ ഒന്നും സംഭവിച്ചിട്ടില്ല’ എന്ന അഭിപ്രായക്കാരും ആയിരുന്നു. ബംഗാളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ ബംഗാളില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരായതാണ് സംഭവിച്ചതെന്ന പിബി അഭിപ്രായം കേന്ദ്ര കമ്മറ്റി അതേപടി അംഗീകരിച്ചാല്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് പറഞ്ഞ് മുഴുവന്‍ കേന്ദ്രകമ്മറ്റി അംഗങ്ങളെയും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഈ ബ്ലാക്ക് മെയില്‍ ശ്രമങ്ങള്‍ ഒന്നും വകവയ്ക്കാതെ മൂന്നില്‍ രണ്ട് ഭാഗം കേന്ദ്രകമ്മറ്റി അംഗങ്ങളും ബംഗാളില്‍ പാര്‍ട്ടി എടുത്ത തീരുമാനം പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പരിപാടികള്‍ക്കും എതിരാണെന്ന വാദവും ബംഗാളിലെ ഈ തീരുമാനം അവരവരുടെ സംസ്ഥാനങ്ങളില്‍ അവരെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന വാദവും അവര്‍ ഉന്നയിച്ചു. എന്നിട്ടും പോളിറ്റ് ബ്യൂറോയുടെ ‘നയങ്ങളുടെ ലംഘനം’ നടന്നു എന്ന വാദത്തെ ‘അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല’ എന്ന രീതിയില്‍ കേന്ദ്ര കമ്മറ്റി ഭേദഗതി വരുത്തി. ഇതാകട്ടെ ഭൂരിപക്ഷം കേന്ദ്രകമ്മറ്റി അംഗങ്ങളുടെയും അഭിപ്രായം മറികടന്ന് പാസാക്കിയ ഭേദഗതിയാണ്. ഇതുതന്നെ പാര്‍ട്ടിയുടെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കുള്ള സൂചനയാണ്.

ജീവിതത്തിന്‍റെ ഒട്ടുമിക്ക ഭാഗവും പാര്‍ട്ടിക്ക് നല്‍കിയ ഒരാളെന്ന നിലയില്‍, അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍, പാവങ്ങളുടെയും ദളിതുകളുടെയും കൂടെനിന്ന് പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ ഇതൊക്കെ എന്‍റെ ധാരണകളെ നിര്‍മ്മിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്ത കാര്യങ്ങളാണ്. പാര്‍ലമെന്‍ററി ലാഭങ്ങളുടെ പേരില്‍ എനിക്ക് ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുക എന്നത് ആശയപരമായി ഞാന്‍ കരസ്ഥമാക്കിയ സകല ചട്ടക്കൂടുകളും നഷ്ടപ്പെടുക  എന്നാണര്‍ത്ഥം.

എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ സഖാക്കളെ, ഇപ്പോള്‍ ഞാനെടുത്ത തീരുമാനം തികച്ചും ആശയപരമായ തീരുമാനമാണ്. അതേ സമയം നിങ്ങളുമായും ജനാധിപത്യ മഹിളാ അസോസിയേഷനുമായുമുള്ള ബന്ധം ഓര്‍ക്കുമ്പോള്‍ ഞാന്‍ തികച്ചും വികാരാധീനയാണ്. കാലങ്ങളായി സഖാക്കള്‍ കഷ്ടപ്പാടുകളും യാതനകളും സഹിച്ച് നേടിത്തന്ന പാര്‍ട്ടി സംസ്കാരത്തിലും പാര്‍ട്ടി പരിപാടികളിലും എനിക്ക് അഭിപ്രായ വ്യത്യാസങ്ങളില്ല. ആ സഖാക്കള്‍ നടത്തിയ പോരാട്ടങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അവരുടെ പോരാട്ടത്തിന് മുതല്‍ക്കൂട്ടാന്‍ ഞാന്‍ ഇനിയും ശ്രമിക്കുമെന്നും ഉറപ്പ് പറയുന്നു.

അഭിവാദ്യങ്ങള്‍
ജഗ്മതി സംഗ്വാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍