UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ജാഗ്വാര്‍ എഫ് ടൈപ്പ്‌; നിങ്ങളെ ത്രില്ലടിപ്പിക്കും ഈ സ്പോര്‍ട്ട്സ് കാര്‍

കേരളം എന്നത് ഇന്ത്യയുടെ ഏറ്റവും താഴെ ഒരു കഷണം സ്ഥലമാണെങ്കിലും ഇവിടെ വാഹനങ്ങള്‍ക്ക് ഒരു കുറവുമില്ല. ഡല്‍ഹി കഴിഞ്ഞാല്‍ മാരുതിയുടെ വാഹനങ്ങള്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സംസ്ഥാനവും കേരളം തന്നെ. സ്‌പോര്‍ട്‌സ് കാറുകളുടെ കാര്യവും വ്യത്യസ്തമല്ല. കേരളത്തില്‍ ഷോറൂമുകളില്ലെങ്കിലും മസരാറ്റി മുതല്‍ ഫെരാരി വരെ കേരളത്തില്‍ സുലഭം. (അതിനിടയ്ക്ക് എനിക്ക് ‘പറ്റുമായിരുന്ന’ ഒരു അബദ്ധം കൂടി പറയട്ടെ. തൃശൂരില്‍ ഒരാള്‍ക്ക് കുറേ എക്‌സ്‌ക്ലൂസീവ് കാറുകള്‍ ഉണ്ടെന്നറിഞ്ഞ് ഞാന്‍ അയാളെക്കുറിച്ച് സ്മാര്‍ട്ട്‌ഡ്രൈവില്‍ ഫീച്ചര്‍ ചെയ്യാനായി ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. പിറ്റേന്ന് രാവിലെ അയാളെ വിളിക്കാമെന്നു കരുതി. രാവിലത്തെ പത്രം തുറന്നു ഞാന്‍ ഞെട്ടി. അയാളെക്കുറിച്ച് പത്രവാര്‍ത്ത: പോലീസ്‌കാരിയെ തന്റെ റോള്‍സ് റോയ്‌സില്‍ പൂട്ടിയിട്ട ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തി. പേര് നിഷാം. അതേ, നിങ്ങള്‍ വിചാരിച്ച ആള്‍ തന്നെ. സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മൃഗീയമായി ഹമ്മര്‍ ഇടിപ്പിച്ചു കൊന്ന അതേ നിഷാം. നിഷാമിന്റെ വാഹനങ്ങളെക്കുറിച്ച് ഫീച്ചര്‍ എഴുതിയ ശേഷമാണ് ഇതൊക്കെ സംഭവിച്ചിരുന്നതെങ്കില്‍ ഞാന്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തി വീട്ടിലിരിക്കേണ്ടി വന്നേനെ ദൈവം കാത്തു).

അങ്ങനെ സര്‍വ്വവിധ സ്‌പോര്‍ട്‌സ് കാറുകളും സുലഭമായ കേരളത്തില്‍ അധികമാരും കണ്ടിട്ടില്ലാത്ത ഒരു മോഡലുണ്ട് ജാഗ്വര്‍ എഫ് ടൈപ്പ്. അടുത്തിടെ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ കൊച്ചിയിലെ ഡീലര്‍ഷിപ്പായ മുത്തൂറ്റ് മോട്ടോഴ്‌സ് സന്ദര്‍ശിച്ച എഫ് ടൈപ്പിനെ സ്മാര്‍ട്ട് ഡ്രൈവ് കെണി വെച്ചുപിടിച്ചു. അക്കഥയാണ് ഇനി പറയാന്‍ പോകുന്നത്.

എഫ് ടൈപ്പ്

2 സീറ്റര്‍ കണ്‍വര്‍ട്ടബ്ള്‍ സ്‌പോര്‍ട്‌സ് കാറായ എഫ് ടൈപ്പ് 2011-ലാണ് വിപണിയിലെത്തിയത്. എന്നാല്‍ അതിനു വളരെ മുമ്പേ ജാഗ്വര്‍, സ്‌പോര്‍ട്‌സ് കാറുകള്‍ നിര്‍മ്മിച്ചു തുടങ്ങിയിരുന്നു. തന്നെയുമല്ല ഇ ടൈപ്പ് എന്ന മോഡലിനെ ‘ലോകത്തിലെ ഏറ്റവും മനോഹരമായ കാര്‍’ എന്ന് ഫെരാരിയുടെ സ്ഥാപകനായ എന്‍സോഫെരാരി പ്രശംസിക്കുകയും ചെയ്തിരുന്നു. പക്ഷേ, ‘ഇ’ ടൈപ്പിന്റെ നിര്‍മ്മാണം നിലച്ച് 39 വര്‍ഷം കഴിഞ്ഞിട്ടേ പുതിയൊരു സ്‌പോര്‍ട്‌സ് കാറിനെക്കുറിച്ച് ജാഗ്വര്‍ ചിന്തിച്ചുള്ളു. കാരണം, ഇനി തങ്ങള്‍ നിര്‍മ്മിക്കുന്ന മോഡല്‍ അത്രയേറെ ആധുനികവും തകര്‍പ്പനുമായിരിക്കണമെന്ന് ജാഗ്വറിന്റെ തലപ്പത്തുള്ളവര്‍ ആഗ്രഹിച്ചു. ആ ആഗ്രഹ പൂര്‍ത്തീകരണമാണ് എഫ് ടൈപ്പ്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് കാറുകളുടെ ശ്രേണിയിലാണ് എഫ് ടൈപ്പിനു സ്ഥാനം.|


കാഴ്ച

വളരെ ‘ഹെവി’ ലുക്കിങ്ങ് ആണ് എഫ് ടൈപ്പിന്റെ മുന്‍ഭാഗം. വീര്‍ത്ത കവിളുകള്‍ പോലെയാണ് സൈഡ് ഫെന്‍ഡറുകള്‍. മുകളില്‍ നിന്ന് താഴേക്കാണ് ഹെഡ്‌ലൈറ്റ്. ഈ ബൈസെനന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളില്‍ ‘എല്‍’ ഷേയ്പ്പുള്ള ഡേ ടൈം റണ്ണിങ് ലാമ്പുമുണ്ട്. ഗ്രില്‍ അല്പം താഴെ മറ്റു വാഹനങ്ങളില്‍ എയര്‍ഡാം കൊടുക്കാറുള്ള സ്ഥാനത്താണ്. വാ തുറന്നിരിക്കുന്നതുപോലെയുള്ള രൂപമാണ് ഗ്രില്ലിന്. അതിനും താഴെ ബമ്പറിന്റെ ലോവര്‍ലിപ്പില്‍ എയര്‍ ഡാമും കാണാം. 

മുന്‍ ഭാഗത്തെ ബമ്പറിന്റെ വശങ്ങളില്‍ ഈരണ്ടു വീതം എയര്‍ സ്‌കൂപ്പുകള്‍. നീണ്ട ബോണറ്റിലുമുണ്ട് സ്‌പോര്‍ട്ടി എയര്‍ സ്‌കൂപ്പുകള്‍. വലിയ വീല്‍ ആര്‍ച്ചുകളില്‍ 20 ഇഞ്ച് ടയറുകള്‍.

സൈഡ് പ്രൊഫൈലില്‍ എഫ് ടൈപ്പിന്റെ ഭംഗിയേറുന്നു. നീണ്ട ബോണറ്റും ചെറിയ ബൂട്ടും ചേരുമ്പോള്‍ അത്യാധുനിക സ്‌പോര്‍ട്‌സ് കാറിന്റെ രൂപമായി മാറുന്നു. മസില്‍ ലൈനുകള്‍ ബോഡിയിലുണ്ട്. കൂടാതെ ഒരു എയര്‍ ഇന്‍ടേക്കും മുന്‍ ടയറിനുമേലെയായി കാണാം. സോഫ്റ്റ് ടോപ്പാണ് ഈ 2 സീറ്റര്‍ സ്‌പോര്‍ട്‌സ് കാറിനുള്ളത്.

വശങ്ങളിലെ എയ്‌റോഡൈനാമികത നഷ്ടപ്പെടാതിരിക്കാനായി ഡോര്‍ ഹാന്‍ഡ്‌ലുകള്‍ ബോഡിയുടെ നിരപ്പിലാണ് ക്രമീകരിച്ചിരിക്കുന്നത്. കീയിലെ സ്വിച്ചമര്‍ത്തി വാഹനം അണ്‍ലോക്ക് ചെയ്യുമ്പോള്‍ ഡോര്‍ഹാന്‍ഡ്‌ലും ഉയര്‍ന്നുവരും. ലോക്ക് ചെയ്യുമ്പോള്‍ താഴുകയും ചെയ്യും.

പിന്‍ഭാഗത്ത് സ്വിച്ചിട്ടാല്‍ ഉയരുകയും താഴുകയും ചെയ്യുന്ന സ്‌പോയ്‌ലര്‍ ഉണ്ട്. നീണ്ട ടെയ്ല്‍ ലാമ്പും വലിയ രണ്ട് എക്‌സ്‌ഹോസ്റ്റുകളും വളരെ ചെറിയ ബൂട്ട്‌സ്‌പേസുമുണ്ട്.

ഒരു തരത്തിലും എയ്‌റോഡൈനാമികത നഷ്ടപ്പെടാതെ, സ്‌പോര്‍ട്ടിനെസ് കളയാതെയുള്ള ഡിസൈന്‍ രീതികളാണ് ജാഗ്വര്‍, എഫ് ടൈപ്പില്‍ പിന്തുടര്‍ന്നിരിക്കുന്നത്.


ഉള്ളില്‍

രണ്ട് സീറ്റുകള്‍. മുന്‍ഭാഗത്ത് ഇഷ്ടംപോലെ സ്ഥലം. മുന്‍സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. എന്നാല്‍ പിന്‍ഭാഗത്ത് അല്പം പോലും സ്ഥലം പ്രതീക്ഷിക്കരുത്. അങ്ങേയറ്റം സ്‌പോര്‍ട്ടിയും സുന്ദരവുമാണ് ഉള്‍ഭാഗം. ആഡംബരം ഓരോ ഇഞ്ചിലുമുണ്ട്. ഡ്രൈവറുടെ നേരെ തിരിഞ്ഞിരിക്കുന്ന സെന്റര്‍ കണ്‍സോള്‍ വിമാനങ്ങളുടെ കോക്പിറ്റിനെ ഓര്‍മ്മിപ്പിക്കുന്നു. 3 സ്‌പോക്ക് സ്റ്റിയറിങ് വീല്‍. മീറ്റര്‍ ഡയലുകള്‍ കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത നിറത്തില്‍. ടാക്കോ മീറ്ററില്‍ വലിയ ഫോണ്ടുകള്‍ ഉപയോഗിച്ചിരിക്കുന്നു. മീറ്റര്‍ കണ്‍സോളിലെ ചെറിയ സ്‌ക്രീനില്‍ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കാണാം.

‘നാടകം’ നടക്കുന്നത് വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴാണ്. അതുവരെ ഒരേ നിരപ്പില്‍ കാണുന്ന ഡാഷ് ബോര്‍ഡിന്റെ മേലെ നിന്ന് ഒരു വലിയ ഭാഗം ഉയര്‍ന്ന് വരും. അത് എസി വെന്റുകളാണ്. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ നാവിഗേഷന്‍ ഓഡിയോ, ഫോണ്‍ എന്നിവ കണ്‍ട്രോള്‍ ചെയ്യാം. റിവേഴ്‌സ് ക്യാമറയുമുണ്ട്.

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിന്റെ റോട്ടറി സ്വിച്ചുകള്‍ സ്‌പോര്‍ട്‌സ് കാറിനു ചേരുന്നതു തന്നെ. സോഫ്റ്റ് ടച്ചാണ് ബട്ടണുകള്‍. ആംറെസ്റ്റ്, സെന്റര്‍കണ്‍സോള്‍ എന്നിവയില്‍ സ്‌റ്റോറേജ് സ്‌പേസുമുണ്ട്.

സീറ്റുകള്‍ എഫ് വണ്‍ കാറുകളെ ഓര്‍മ്മിപ്പിക്കുന്നു. 14 തരത്തില്‍ സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. പാഡ്ല്‍ ഷിഫ്റ്റ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡൈനാമിക് മോഡ്, 12 സ്പീക്കറുകളുള്ള മെറിഡിയന്‍ മ്യൂസിക് സിസ്റ്റം എന്നിവയും എടുത്തു പറയാം.

എഞ്ചിന്‍

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ എഫ് ടൈപ്പിനുണ്ട്. സ്മാര്‍ട്ട് ഡ്രൈവ് ടെസ്റ്റ് ഡ്രൈവര്‍ ചെയ്തത് 5ലിറ്റര്‍, 500 ബിഎച്ച്പി വി8 പെട്രോള്‍ എഞ്ചിനുള്ള മോഡലാണ്. മാക്‌സിമം പവര്‍ ലഭിക്കുന്നത് 6500 ആര്‍പിഎമ്മില്‍. മാക്‌സിമം ടോര്‍ക്കായ 625 എന്‍എം, 2500 5500 ആര്‍ പി എമ്മിലും ലഭിക്കുന്നു. 100 കി.മീ വേഗതയെടുക്കാന്‍ 4.3 സെക്കന്റ് മതി. 300 കി.മീ ആണ് കൂടിയ വേഗത. 8 സ്പീഡ് ക്വിക് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് നെല്ലിടപോലും പവര്‍ വ്യര്‍ത്ഥമാക്കാതെ കാക്കുന്നുണ്ട്. ഡൈനാമിക് മോഡിലിട്ടാല്‍ ട്രാക്ഷന്‍ കുറഞ്ഞ്, എഫ് ടൈപ്പ് തൂവല്‍ പോലെ പാറിപ്പറക്കും. ഏതു മോഡില്‍ പോയാലും ഇനിയും പവര്‍ ബാക്കി നില്‍ക്കുന്നത് ആക്‌സിലേറ്ററില്‍ അനുഭവിച്ചറിയാം. ഹൃദയഹാരിയാണ് എക്‌സ്‌ഹോസ്റ്റ് നോട്ട്.

ഹാന്‍ഡ്‌ലിങ് മികവും എടുത്തു പറയണം. 51:49 എന്ന റേഷ്യോയാണ് വെയ്റ്റ് ഡിസ്ട്രിബ്യൂഷന്‍. ഇതും അലൂമിനിയം ബോഡിയുടെ ഭാരക്കുറവും എഫ്‌ടൈപ്പിന്റെ പ്ലസ് പോയിന്റുകള്‍. ഇലക്‌ട്രോണിക് ആക്ടീവ് ഡിഫറന്‍ഷ്യല്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും സ്റ്റെബിലിറ്റി കാത്തുകൊണ്ട് എഫ് ടൈപ്പില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട്.

ജാഗ്വറിന്റെയും റേഞ്ച് റോവറിന്റെ മോഡലുകള്‍ എപ്പോഴും പതിവ് പാതകളില്‍ നിന്ന് വ്യത്യസ്തമായാണ് സഞ്ചരിക്കുന്നത്. എഫ് ടൈപ്പും അങ്ങനെ തന്നെ. ധാരാളം സ്‌പോര്‍ട്‌സ് കാറുകള്‍ വന്നുപോയെങ്കിലും എഫ് ടൈപ്പിന്റെ ഗരിമയും പെര്‍ഫോര്‍മന്‍സും ഒന്നുവേറെ തന്നെയാണ്. കണ്‍വര്‍ട്ട് ചെയ്ത് തകര്‍പ്പനൊരു സ്‌പോര്‍ട്‌സ് കാറായി മാറാന്‍ 11 സെക്കന്റ് മാത്രം വേണ്ടി വരുന്ന എഫ് ടൈപ്പിന് രണ്ട് കോടി രൂപയ്ക്കു മേല്‍ വിലയുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍