UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മസൂദ് അസര്‍ സംരക്ഷിത കസ്റ്റഡിയിലെന്ന്‌ പാക് മന്ത്രി

അഴിമുഖം പ്രതിനിധി

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറെ സംരക്ഷിത കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പാകിസ്താന്‍ മന്ത്രിയെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അസറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പഞ്ചാബ് പ്രവിശ്യയിലെ നിയമ മന്ത്രി റാണാ സനാഉള്ള പറയുന്നു.

പഞ്ചാബ് പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗമാണ് അസറിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് സനാഉള്ള കൂട്ടിച്ചേര്‍ത്തു. അസറിനെ കസ്റ്റഡിയിലെടുത്തുവെന്ന് ഒരു മന്ത്രി ആദ്യമായാണ് വെളിപ്പെടുത്തുന്നത്. അസറിനെ അറസ്റ്റ് ചെയ്തതായി അറിവൊന്നുമില്ലെന്ന് ഇന്നലെ പാക് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അസറിനേയും കൂട്ടാളികളേയും സംരക്ഷിത കസ്റ്റഡിയിലെടുത്തുവെന്ന് സനാഉള്ള പറയുന്നു. പത്താന്‍കോട്ട് ആക്രമണത്തില്‍ അസറിന്റെ പങ്ക് തെളിഞ്ഞാലേ അറസ്റ്റ് ചെയ്യുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനുവരി രണ്ടിന് നടന്ന ആക്രമണത്തിന്റെ ആസൂത്രകന്‍ അസറാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അതിര്‍ത്തി കടന്ന് എത്തിയ ഭീകരര്‍ അസറിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടതിനുള്ള തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു. ഭീകരര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരുകളല്ല ഇന്ത്യ നല്‍കിയത് എന്ന് പറഞ്ഞ് പാകിസ്താന്‍ തെളിവുകള്‍ തള്ളിയിരുന്നു.

അസറിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെയ്‌ഷെയുമായി ബന്ധപ്പെട്ട അനവധിപേരെ പിടികൂടിയെന്നും ചില ഓഫീസുകള്‍ സീല്‍ ചെയ്തുവെന്നും നവാസ് ഷെറീഫിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നുവെങ്കിലും അസറിനെ അറസ്റ്റ് സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍