UPDATES

ട്രെന്‍ഡിങ്ങ്

ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി, മജ്‌ലിസ് വുറാസെ ഇ ഷുഹുദ പുതിയ പേരെന്ന് ഇന്ത്യന്‍ ഭീകരവിരുദ്ധ ഏജന്‍സികള്‍

ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ 30 ആത്മഹത്യാ സ്ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രവർത്തനം മന്ദീഭവിപ്പിച്ചിരുന്ന പാകിസ്താന്‍ ആസ്ഥാനമായ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി പുതിയ രൂപത്തില്‍ അവതരിച്ചതായി റിപ്പോര്‍ട്ട്. മജ്‌ലിസ് വുറാസെ ഇ ഷുഹുദ ജമ്മു വാ കശ്മീര്‍ എന്ന പേരിലാണ് ഇപ്പോള്‍ സംഘടന അറിയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഭീകരവാദ വിരുദ്ധ സംഘടനകളാണ് ഭീകര സംഘടന പേര് മാറ്റി പുതിയ രൂപത്തില്‍ അവതരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറാണ് സംഘടനയുടെ പുതിയ തലവന്‍. മസൂദ് അസ്ഹര്‍ ഗുരുതരാവസ്ഥയില്‍ പാകിസ്താനില്‍ ചികില്‍സയിലാണെന്നാണ് റിപ്പോര്‍ട്ട്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാശ്മീര്‍ രക്തസാക്ഷികളുടെ പിന്‍ഗാമികളുടെ കൂട്ടായ്മ എന്നാണ് പുതിയ പേരിന്റെ അര്‍ത്ഥം. എന്നാല്‍ സംഘടനയുടെ കൊടിയില്‍ മാറ്റമില്ല. അല്‍ ജിഹാദ് എന്നിടത്ത് അല്‍ ഇസ്ലാം എന്നെഴുതി എന്നുമാത്രമാണ് കൊടിയില്‍ വരുത്തിയിരിക്കുന്ന മാറ്റം

ഇതാദ്യമായല്ല ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റുന്നത്. ഖുദം അല്‍ ഇസ്ലാം, അല്‍ റെഹ്മത് ട്രസ്റ്റ് എന്നീ പേരുകളില്‍ ജെയ്‌ഷെ മുഹമ്മദ് നേരത്തെ അറിയപ്പെട്ടിരുന്നു. ഇന്ത്യ, ഇസ്രായേല്‍, യുഎസ് എന്നീ രാജ്യങ്ങള്‍ക്കെതിരെ സംഘടന ഇതിനകം ജിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ 30 ആത്മഹത്യാ സ്ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈനിക കേന്ദ്രങ്ങളുള്‍പ്പെടെയുളളവയ്ക്ക് നേരെ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ജെയ്‌ഷെ മുഹമ്മദിന്റെ ബലാക്കോട്ടിലെ പരിശീലന കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു. ഇതിന് ശേഷമാണ് ഈ സംഘടനയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതും പാകിസ്താന്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായതും

കാശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താനില്‍ ഭീകര സംഘടനയുടെ പരിശീലന കേന്ദ്രങ്ങള്‍ സജീവമായതെന്നാണ് സൂചന. വിവിധ ഭീകര സംഘടനകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയാണ് ഇതേ തുടർന്ന് പാകിസ്താൻ ചെയ്തതെന്നാണ് ആരോപണം ഉയരുന്നത്. കാശ്മീരിലെ വിവിധ നിയന്ത്രണങ്ങൾ അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകര പ്രവർത്തനം തടയുന്നതിന് കൂടിയാണെന്നാണ് ഇന്ത്യ നൽകുന്ന വിശദീകരണം.

കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് പാകിസ്താന്റെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാവുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരത്തെ പറഞ്ഞിരുന്നു. ലക്ഷര്‍ ഇ തോയ്‌ബെ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് കാശ്മീരിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രതികരണം. പാകിസ്താൻ വെടിനിർത്തൽ കരാർ നിരന്തരം ലംഘിക്കുന്നത് സൈന്യത്തിൻ്റെ ശ്രദ്ധ തിരിച്ച് ഭീകരർക്ക് നുഴഞ്ഞുകയറാൻ വേണ്ടിയാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍