UPDATES

2024 ഓടെ എല്ലാവര്‍ക്കും പൈപ്പ് വെള്ളം, കുടിവെള്ള വിതരണത്തില്‍ സമഗ്ര മാറ്റം ലക്ഷ്യമിട്ട് ജല്‍ശക്തി മന്ത്രാലയം, സാങ്കേതിക സഹകരണത്തിന് ഇസ്രയേലുമായി ചര്‍ച്ച

നദീ സംയോജനമാണ് മന്ത്രാലയത്തിന്റെ  പ്രധാന പദ്ധതി

രാജ്യം നേരിടുന്ന ശുദ്ധ ജലക്ഷാമത്തിന് പരിഹാരം ലക്ഷ്യമിട്ട് നദീ സംയോജന പരിപാടിയടക്കമുള്ള സമഗ്രമാറ്റത്തിന് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ജല്‍ ശക്തി മന്ത്രാലയം പ്രത്യേകമായി രൂപികരിക്കപ്പെട്ടത്. 2024 ഓടെ എല്ലാവര്‍ക്കും പൈപ്പ് വെള്ളം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനും സാങ്കേതിക വിദ്യാ കൈമാറ്റത്തിനും ഇസ്രായിലുമായി ചര്‍ച്ച നടക്കുകയാണ്.

ആദ്യ സര്‍ക്കാറിന്റെ കാലത്ത് സ്വച്ഛ് ഭാരത് പദ്ധതിയ്ക്കാണ് മോദി ഊന്നല്‍ നല്‍കിയതെങ്കില്‍ ഇത്തവണ അത് ശുദ്ധ ജലവിതരണത്തിനായിരിക്കുമെന്നതിന്റെ സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. ജല്‍ശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ എല്ലാ വിടുകള്‍ക്കും പൈപ്പ് വെള്ളം എത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജലവിഭവ മന്ത്രാലയത്തെയും നദീ വികസന- ഗംഗാ പുനരുദ്ധാരണ വകുപ്പുകളെയും യോജിപ്പിച്ചാണ് ജല്‍ശക്തി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ജല്‍ ശക്തി മന്ത്രാലയം രൂപികരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ സൂചനകള്‍ ഉണ്ടായിരുന്നു.

നാല്‍ സെ ജെല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി സര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയാണിത്. രാജസ്ഥാനില്‍നിന്നുള്ള ഗജേന്ദ്ര സിംങ് ഷെക്കാവത്താണ് പുതിയ മന്ത്രാലയത്തെ നയിക്കുന്നത്.

രാജ്യത്തെ മൊത്തം ജലവിനിയോഗത്തിന്റെ നാല് ശതമാനം മാത്രമാണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. 80 ശതമാനവും കാര്‍ഷികാവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെടുന്നത്. ഭൂഗര്‍ഭ ജല മാനേജ്‌മെന്റിന് കൃത്യമായ സംവിധാനങ്ങളുമില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് പലയിടത്തും ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ഈ സംവിധാനം മാറ്റുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജലസംരക്ഷണമുള്‍പ്പെടെയുളള പരിപാടികള്‍ക്ക് പുതിയ മന്ത്രാലയത്തിന്റെ രൂപികരണം വലിയ മാറ്റം വരുത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജലവിഭവ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസമായി നീതി ആയോഗ് പ്രതിനിധികള്‍ ഇസ്രായേല്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പൈപ്പ് വെള്ളം എല്ലാ വീടുകളിലേക്ക് എത്തിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടക്കുമെന്നാണ് സൂചന. ഇന്ത്യയെ അപേക്ഷിച്ച് കൂടുതല്‍ നഗരവത്കരണ പ്രദേശങ്ങല്‍ ഉള്ള ഇസ്രായേല്‍ മാതൃക ഇന്ത്യയില്‍ അതേപോലെ നടപ്പിലാക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉണ്ട്. ജനവിതരണമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കപ്പെടുമോ എന്ന കാര്യം വ്യക്തമല്ല.

നദീ ജല സംരക്ഷണവുമായി ബന്ധപ്പെട്ട് ബിജെപി മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആശയം നദീ സംയോജനമാണ്. രാജ്യത്തെ വിവിധ നദീകള്‍ സംയോജിപ്പിക്കുന്നതുവഴി വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വാദം. നാഷണല്‍ റിവര്‍ ലിങ്കിങ് പ്രൊജക്റ്റ് എന്ന പേരില്‍ ഒരു പദ്ധതി ഇതിന്റെ ഭാഗമായി ഉണ്ട്. 9600 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 29 കനാലുകള്‍ വഴി നദീകളെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് നദികളുടെ ഒഴുക്കിനെ ബാധിക്കുമെന്നും ജല ദൗര്‍ലഭ്യത്തിനും വലിയ പരിസ്ഥിതി നാശത്തിനും ഇടയാക്കുമെന്നും വിവിധ പഠന റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയിരുന്നു.

2018 ലെ നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 60 ലക്ഷത്തോളം ആളുകള്‍ ഇന്ത്യയില്‍ കടുത്ത ജലക്ഷാമം അനുഭവിക്കുന്നുണ്ട്. ശുദ്ധജലം കിട്ടാത്തതുകൊണ്ട് മാത്രം രാജ്യത്ത് 2 ലക്ഷത്തോളം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 2030 ഓടെ ആകെയുളള ജലലഭ്യതയെക്കാള്‍ ആവശ്യം ഇരട്ടിയാകുകയും ചെയ്യും. ഇതു കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ആറ് ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാക്കുമെന്നുമാണ് ആശങ്ക.

Read More: വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍