UPDATES

സിനിമ

ഞങ്ങള്‍ നേരിടുന്നത് ഭീകരതയുടെ ഭീഷണി മാത്രമല്ല; കശ്മീരി സംവിധായകന്‍ ജലാവുദ്ദീന്‍ ബാവ/അഭിമുഖം

Avatar

ജലാവുദ്ദീന്‍ ബാവ/ധനേഷ് രവീന്ദ്രന്‍

‘കാണുന്ന കാഴ്ചകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തണം’ പങ്കെടുക്കുന്ന ഓരോ ചര്‍ച്ചയിലും ജലാവുദ്ദീന്‍ ബാവയ്ക്ക് പറയുവാനുള്ളത് ഇതാണ്. ‘സേവിംഗ് ഓഫ് സേവിയര്‍’ എന്ന ഡോക്യുമെന്ററിയുമായി ഒമ്പതാമത് ഐഡിഎസ്എഫ്എഫ്‌കെയില്‍ കശ്മീരില്‍ നിന്ന് എത്തിയ അദ്ദേഹം തന്റെ സിനിമയിലൂടെ കശ്മീരിന്റെ ആരും കാണാത്ത മറ്റൊരു ദുരന്തമുഖം കാട്ടിത്തരുകയാണ്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വിഘടനവാദികളില്‍ നിന്നും നിരന്തരം പ്രഹരങ്ങള്‍ നേരിടുന്ന കശ്മീരി ജനതയെ തീവ്രവാദികള്‍ എന്ന് മറ്റുള്ളവര്‍ മുദ്രകുത്തുമ്പോള്‍ ഭീകരവാദത്തിനപ്പുറം ചര്‍ച്ച ചെയ്യേണ്ട കശ്മീരിന്റെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചാണ് ജലാവുദ്ദീന്‍ ബാവയ്ക്ക് പറയുവാനുള്ളത്. 

ധനേഷ്: കശ്മീരിനെ തീവ്രവാദത്തിന്റെ ദുരന്ത മുഖമായാണ് സിനിമകളില്‍ ചിത്രീകരിച്ചു കണ്ടിട്ടുള്ളത്. ഇത്തരം സിനിമകളോട് താങ്കളുടെ നിലപാട് എന്താണ് ?

ബാവ: പലപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചാണ് സിനിമകളില്‍ കശ്മീരിന്റെ അവസ്ഥ ചിത്രീകരിക്കുന്നത്. നിങ്ങള്‍ കണ്ടതിലും കേട്ടതിലും നിന്നും തീര്‍ത്തും വ്യത്യസ്തമാണ് വര്‍ത്തമാന കാലഘട്ടത്തിലെ കശ്മീരിന്റെ അവസ്ഥ. ഭീകര പ്രവര്‍ത്തനം അവിടെ ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും അത്ര കണ്ട് സത്യമല്ല. അതിലേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് കശ്മീരിന്റെ പ്രകൃതി നേരിടുന്ന ദുരന്തങ്ങള്‍. നിലവിലെ കശ്മീരിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പുറം ലോകത്തില്‍ എത്രപേര്‍ക്ക് ശരിയായി അറിയാം? ചുരുക്കം ചിലര്‍ക്ക് മാത്രം.

ധ: ലോകത്തിലെ തന്നെ വലിയ ശുദ്ധജല തടാകങ്ങളില്‍ ഒന്നായി വൂളാര്‍ തടാകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ‘സേവിംഗ് ദി സേവിയറി’നെ കുറിച്ച്…

ബാ: എന്റെ ഈ ചിത്രത്തിലൂടെ വൂളാര്‍ തടാകം നേരിടുന്ന നാശത്തിന്റെ കഥ പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. സ്‌കൂള്‍ ജീവിതം ഉപേക്ഷിച്ച് വൂളാര്‍ തടാകത്തിലെ പ്ലാസ്റ്റിക്കുകള്‍ പെറുക്കി വില്‍ക്കുന്ന ബില്ല എന്ന കഥാപാത്രത്തിലൂടെ തടാകം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നം എത്രത്തോളമുണ്ടെന്ന് ലോകത്തെ അറിയിക്കാനാണ് എന്റെ ശ്രമം. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന ആളുകള്‍ അവര്‍ ഇനി എന്ത് നേടിയെടുത്താലും ഈ തടാകവും അവിടത്തെ പ്രകൃതിയും നശിച്ചാല്‍ നേടിയത് ഒന്നുംകൊണ്ട് പ്രയോജനമില്ല എന്നുകൂടി മനസിലാക്കണം. യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യേണ്ടത് കശ്മീരിന്റെ പ്രകൃതിക്ക് ദുരന്തങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാന്‍ പ്രയത്‌നിക്കുകയാണ്.

ധ: ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഈ വിഷയത്തില്‍ അവിടുത്തെ ഭരണകൂടത്തിന്റെ നിലപാട് എന്താണ്?

ബാ: തീര്‍ത്തും വിശ്വസിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് നിലവില്‍ അവിടെ ഭരിക്കുന്നത്. വിഭിന്നമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളുടെ സര്‍ക്കാര്‍ എന്നും അവിടെ വിവാദത്തിന്റെ നടുവിലാണ്. ജനക്ഷേമത്തിനല്ല അവരുടെ ഊന്നല്‍. വൂളാര്‍ തടാകത്തിന്റെ സംരക്ഷണത്തിനായി മാറ്റിവെക്കുന്ന തുക അടിത്തട്ടില്‍ എത്തുമ്പോള്‍ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ്. കശ്മീര്‍ നേരിടുന്ന മറ്റൊരു വലിയ ദുരന്തമാണ് അഴിമതി.

ധ: വൂളാര്‍ തടാകത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങളാണോ തടാകത്തിനെ ദുരന്തത്തിലേക്ക് തള്ളി വിടുന്നത്?

ബാ: ഒരിക്കലുമല്ല. ഞാന്‍ കണ്ടെത്തിയത് അനുസരിച്ച് ഇത്രയേറെ യാത്ര ചെയ്ത് അവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ ഒരുതരത്തിലും തടാകത്തെ നശിപ്പിക്കുന്നില്ല. മറിച്ച് അവിടുത്തെ ജനങ്ങള്‍ തന്നെയാണ് തടാകം ഇല്ലാതാക്കുന്നത്. കായലിന്റെ കരകളിലെ കയ്യേറ്റം, വന നശീകരണം, മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക്കിന്റെ പുറന്തള്ളല്‍ ഇവയെല്ലാം കാര്യമായി തന്നെ തടാകത്തിലെ ശുദ്ധ ജലവും അതിന്റെ വ്യാപ്തിയേയും ബാധിച്ചിരിക്കുന്നു. പത്തു വര്‍ഷം കഴിഞ്ഞാല്‍ എന്തായി തീരും എന്നറിയില്ല. മറ്റൊരു തടാകമായ ദാല്‍ തടാകത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കായലിനു ചുറ്റുമുള്ള വനസമ്പത്തിനെ പരമാവധി നശിപ്പിച്ചു കൊണ്ട് മരങ്ങള്‍ വെട്ടിമുറിച്ച് ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരസ്യമായി വില്‍ക്കുകയാണ്. അതിനെ തടയാന്‍ സര്‍ക്കാരോ പട്ടാളമോ പോലും മുന്‍കൈ എടുക്കുന്നില്ല.

ധ: ഇതെല്ലാം ചര്‍ച്ച ചെയ്യുമ്പോഴും ‘കശ്മീരിന്റെ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യവുമായി ഉണ്ടായ പ്രവര്‍ത്തനങ്ങള്‍ കൂടി വരികയാണല്ലോ. ശരിക്കും അവിടുത്തെ ജനങ്ങള്‍ ഇത് ആഗ്രഹിക്കുന്നുണ്ടോ?

ബാ: എന്റെ അഭിപ്രായത്തില്‍ ചരിത്രത്തില്‍ ഉണ്ടായ ചില കാര്യങ്ങള്‍ അവിടുത്തെ ജനതയെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. 1953 വരെ ഞങ്ങള്‍ക്ക് ഒരു രാജ്യം എന്ന നിലയിലുള്ള എല്ലാ പദവിയും ഉണ്ടായിരുന്നു. പിന്നീട് നടന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായ ശേഖരണം നടത്തണം. അവര്‍ക്ക് ഇന്ത്യയുടെ ഒപ്പം നില്‍ക്കണോ വേണ്ടയോ എന്ന്. ഭരണകൂടം വലിയ ക്രൂരതയാണ് ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് എതിരെ ചെയ്യുന്നത്. സമാധാനമായി പ്രകടനം നടത്തുന്നവര്‍ക്ക് നേരെ നിറയൊഴിക്കുക. എത്ര പേര്‍ മരണപ്പെട്ടിരിക്കുന്നു. ഓരോ മരണവും അവിടെ ഈ വാദം ബലപ്പെടുത്തുകയാണ്. പട്ടാളത്തെ ഉപയോഗിച്ചല്ല പകരം സമാധാനമായിട്ടു വേണം സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങളെ സമീപിച്ച് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്.

ധ: താങ്കളുടെ അടുത്ത ചിത്രവും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പറയുന്നതാണോ?

ബാ: അടുത്തതായി ഞാന്‍ ചിത്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് രാജ്യാന്തര അതിര്‍ത്തികള്‍ക്ക് അപ്പുറവും ഇപ്പുറവുമായി ബന്ധവും സ്വന്തവും നഷ്ടപ്പെട്ടു പോയ ഒരു ജനതയുടെ കഥയാണ്. Pashtun’s Behind Taliban എന്നു പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത് പത്താന്‍ വിഭാഗക്കാരായ ജനതയുടെ കഥയാണ്. ഇന്ത്യയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ചിതറിക്കിടക്കുന്ന ഈ ജനത ഇന്ത്യക്കാരായ കശ്മീരി സ്വദേശികളിലൂടെ അവരുടെ വേരുകള്‍ തേടി പാകിസ്താനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നടത്തുന്ന യാത്രയാണ് പ്രമേയം. എന്നാല്‍ അതിര്‍ത്തികള്‍ മനുഷ്യബന്ധങ്ങളെ തടഞ്ഞു നിര്‍ത്തുമ്പോള്‍ ഇതിന്റെ ചിത്രീകരണം എത്രമാത്രം ഫലപ്രദമാക്കുവാന്‍ സാധിക്കും എന്നറിയില്ല.

(മാധ്യമവിദ്യാര്‍ത്ഥിയാണ് ധനേഷ് രവീന്ദ്രന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍