UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

ദ്രാവിഡ മണ്‍ട്രം

പി കെ ശ്രീനിവാസന്‍

ജെല്ലിക്കെട്ടു വിപ്ലവം; ക്ഷോഭിക്കുന്നവരുടെ രാഷ്ട്രീയ തന്ത്രങ്ങള്‍

അധികാരമെന്ന അപ്പക്കഷണമാണ് കാളക്കൂറ്റന്മാരെ രംഗത്തിറക്കാന്‍ രാഷ്ട്രീയ ദല്ലാളന്മാരെ പ്രേരിപ്പിക്കുന്നത്

വിളവെടുപ്പിന്റെ ഉത്സവമാണ് തമിഴകത്തെ പൊങ്കല്‍. തമിഴ് മക്കളുടെ വൈകാരികതയില്‍ വേരോടിനില്‍ക്കുന്ന ഈ ആഘോഷത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയമേല്‍ക്കോയ്മകളുടേയും നിറപ്പകിട്ടുകളില്‍ ഈ വിളവെടുപ്പുത്സവത്തിന്റെ തനതുരൂപം നഷ്ടപ്പെട്ടു. പൊങ്കലിന്റെ സുപ്രധാനഘടകം ജെല്ലിക്കെട്ടെന്ന കാളപ്പോരാണ്. പൊങ്കലിന്റെ മൂന്നാം നാളായ മാട്ടുപൊങ്കല്‍ ദിനത്തില്‍ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ കൊണ്ടാടിയിരുന്ന ജെല്ലിക്കെട്ട് 2014 ല്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ജെല്ലിക്കെട്ടില്ലാത്ത പൊങ്കലാണ് കര്‍ഷകഗ്രാമങ്ങളില്‍ അരങ്ങേറുന്നത്. എന്നാല്‍ പ്രത്യേക ഓര്‍ഡിനന്‍സ് വഴി ജെല്ലിക്കെട്ടിനു അനുമതി നല്‍കണമെന്നാണ് തമിഴകത്തെ രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ആക്രോശിക്കുന്നത്. ദ്രാവിഡമുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) വര്‍ക്കിംഗ് പ്രസിഡന്റായ ഇളയ ദളപതി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ അതിശക്തമായ സമരമുറകളാണ് കേന്ദ്രസര്‍ക്കാരിനെതിരെ ആരംഭിച്ചിരിക്കുന്നത്. കോടതിവിധിയുടെ വെളിച്ചത്തില്‍ പ്രധാനമന്ത്രി മോദി ഒരു ജനതയെ മൊത്തത്തില്‍ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സ്റ്റാലിന്‍ ആരോപിക്കുന്നത്.

ജെല്ലിക്കെട്ട് കേസില്‍ പൊങ്കലിനു മുമ്പ് വിധി പ്രഖ്യാപിക്കണമെന്ന ആവശ്യം വ്യാഴാഴ്ച ജസ്റ്റിസ് ദീപക് മിശ്ര, ഭാനുമതി എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് തള്ളിയതോടെയാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായത്. കേസില്‍ വിധിയുടെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ അവസാന വിധി പ്രഖ്യാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ആയിരുന്നു കോടതിയുടെ നിലപാട്. ഇതാണ് തമിഴകത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ സുപ്രീംകോടതി വിധിയെ ധിക്കരിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം ജെല്ലിക്കെട്ട് നടത്താനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സ് വഴി നിരോധനം നീക്കി ജെല്ലിക്കെട്ടിനു അനുമതി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മോദിയെ കാണാന്‍ ചെന്ന എംപിമാരെ കൂടിക്കാഴ്ചക്ക് സമയം കൊടുക്കാതെ പറഞ്ഞുവിട്ടതാണ് തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളെ പ്രകോപിച്ച മറ്റൊരു നടപടി.

രജനികാന്ത്, കമലഹാസന്‍, വിജയ്, കുശ്ബു ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും സമരമുറകളുമായി രംഗത്തുവന്നതോടെ ജെല്ലിക്കെട്ട് ആവശ്യം ഉഷാറായി. എന്നാല്‍ ജെല്ലിക്കെട്ടിനെതിരെ നിലപാടെടുത്ത മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’യെ അനുകൂലിച്ചതിനു നടി തൃഷക്കെതിരെ രാഷ്ട്രീയക്കാര്‍ രംഗത്തു വന്നു. അവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍വരെ തമിഴകത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ജെല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായും ജെല്ലിക്കെട്ട് ആവശ്യം ഉയര്‍ന്നിരുന്നു. ജെല്ലിക്കെട്ടിനു ഏര്‍പ്പെടുത്തിയ നിരോധനം ഓര്‍ഡിനന്‍സ് വഴി കേന്ദ്രം നീക്കണമെന്നാണ് വോട്ടുബാങ്കില്‍ കണ്ണുംനട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അന്നും ആവശ്യപ്പെട്ടത്. അങ്ങനെയാണ് കാളക്കൂറ്റന്മാര്‍ വീണ്ടും സജീവരാഷ്ട്രീയത്തിലെത്തിയത്. ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പട ഒന്നടങ്കമാണ് ജെല്ലിക്കെട്ടിന്റെ മാഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇന്ന് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ഗോപാലപുരത്തു കഴിയുന്ന കലൈഞ്ജര്‍ക്ക് ജെല്ലിക്കെട്ട് എന്താണെന്നുപോലും അറിയില്ല.

നൂറ്റാണ്ടുകളായി തമിഴകത്തെ തേവര്‍ സമുദായവും യാദവര്‍, ദേവേന്ദ്രകുല വെള്ളാളര്‍ തുടങ്ങിയ മറ്റു ദളിത് സമുദായങ്ങളും കുത്തകയായി വച്ചിരിക്കുന്ന കായിക കലാപരിപാടിയാണ് ജെല്ലിക്കെട്ട്. ഈ സമുദായങ്ങള്‍ തെക്കന്‍ ജില്ലകളിലെ നിര്‍ണായക ഘടകമാണ്. തെരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്നും ആര് ഭരണക്കസേരയില്‍ കയറിയിരിക്കണമെന്നും നിശ്ചയിക്കുന്നത് ഈ സമ്പന്ന സമുദായമാണ്. ഇവരുടെ ഇംഗിതങ്ങള്‍ക്ക് പോറലേല്‍പ്പിച്ചുകൊണ്ട് ആരും രാഷ്ട്രീയത്തില്‍ കളിക്കാന്‍ ഇറങ്ങേണ്ടതില്ല. അതാണ് സുപ്രീംകോടതി നിരോധിച്ചിരിക്കുന്ന ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സ് വഴി പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയക്കോമരങ്ങള്‍ തലയറഞ്ഞ് ആവര്‍ത്തിക്കുന്നത്.

തമിഴകത്തിന്റെ ഫ്യൂഡല്‍ വ്യവസ്ഥയില്‍ കെട്ടുപിണഞ്ഞു കിടക്കുതാണ് ജെല്ലിക്കെട്ട് എന്ന മാരക കായികവിനോദം. പണക്കിഴി എന്നാണ് ജെല്ലിക്കെട്ടിന്റെ അര്‍ത്ഥം. (ജെല്ലി= നാണയം, കെട്ട്= കിഴി) കൂറ്റന്‍കാളയുടെ കൊമ്പില്‍ കെട്ടിവയ്ക്കുന്ന പണക്കിഴി കൈവശമാക്കുന്നവര്‍ക്ക് സ്വര്‍ണവും വെള്ളിയുമൊക്കെ സമ്മാനമായി ലഭിക്കും. അതില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് അങ്ങനെ ധീരപരിവേഷവും ചാര്‍ത്തിക്കിട്ടും. പണ്ടു കാലത്ത് ധീരവിജയികള്‍ക്ക് കന്യകമാരെയും സമ്മാനമായി നല്‍കിയിരുന്നു. തമിഴ് സിനിമയില്‍ എംജിആറും രജനീകാന്തുമൊക്കെ ജെല്ലിക്കെട്ട് വിഷയമുള്ള സിനിമകളില്‍ അഭിനയിച്ച് കൈയടി നേടിയിട്ടുമുണ്ട്. മധുര ജില്ലയിലെ ആലങ്ങനല്ലൂരിലാണ് ജെല്ലിക്കെട്ടിന്റെ ഏറ്റവും വലിയ കെട്ടുകാഴ്ചകള്‍ അരങ്ങേറുന്നത്. ഇടത്തരക്കാരായ സമ്പന്നരാണ് കാളക്കൂറ്റന്മാരെ ജെല്ലിക്കെട്ടിനു വേണ്ടി സജ്ജമാക്കുന്നത്. വമ്പിച്ച സാമ്പത്തിക ബാധ്യതയുള്ള ഏര്‍പ്പാടാണ് ഇത്. നൂറു കണക്കിനു സാധാരണക്കാരായ യുവാക്കള്‍ ഈ വിനോദത്തില്‍ വര്‍ഷാവര്‍ഷം ചത്തൊഴിയുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാളപ്പോരു നിരോധിക്കണമെന്ന ആവശ്യവുമായി അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുന്നത്. മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയുമായി ബന്ധപ്പെട്ട ചട്ടം (പിസിഎ) ആണ് കോടതി മുഖ്യമായും പരിഗണിച്ചത്.

മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയും കാളക്കുത്തേറ്റ് ചത്തുവീഴുന്ന പാവങ്ങളുടെ കുടുംബങ്ങളേയും പരിഗണിക്കണമെന്നും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. ജെല്ലിക്കെട്ടിന്റെ പേരില്‍ മൃഗങ്ങളോട് നിഷ്‌ക്കരുണമായാണ് പെരുമാറുന്നത് എന്ന് ബോര്‍ഡ് ഉദാഹരണസഹിതം സ്ഥാപിച്ചു. കാളകളുടെ വാല്‍ മടക്കി ഒടിക്കുക, കണ്ണുകളില്‍ രാസവസ്തുക്കള്‍ ഒഴിക്കുക, ചെവികള്‍ വെട്ടുക, അവയെ ചൊടിപ്പിക്കാന്‍ മൂര്‍ച്ചയുള്ള കത്തികള്‍ പ്രയോഗിക്കുക, വായില്‍ മദ്യം ഒഴിച്ചുകൊടുക്കുക തുടങ്ങിയ പ്രാകൃതമായ ‘വിനോദങ്ങ’ളാണ് ജെല്ലിക്കെട്ടു സംഘാടകര്‍ വര്‍ഷങ്ങളായി നടത്തിയിരുന്നത്. പ്രാണരക്ഷാര്‍ത്ഥം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുന്ന കാളകളുടെ ചവുട്ടേറ്റ നിരവധി കാഴ്ചക്കാരാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കനു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേ സാമയം ദുരന്തം ഏറ്റുവാങ്ങുന്ന കാളകളുടെ ദയനീയത മനസ്സിലാക്കാന്‍ ആരുമുണ്ടായില്ല.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ 2010 നവംബര്‍ 27 നു ചില നിബന്ധനകളോടെ ജെല്ലിക്കെട്ടു നടത്താന്‍ സുപ്രീംകോടതി സമ്മതിച്ചു. എല്ലാ വര്‍ഷവും ജനുവരി 15 മുതല്‍ അഞ്ചു മാസത്തേക്കാണ് ഈ അനുവാദം. നിബന്ധനകള്‍ ഇതൊക്കെ ആയിരുന്നു: ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളക്കൂറ്റന്മാരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രകടനം വിലയിരുത്താന്‍ പ്രതിനിധികളെ നിയോഗിക്കണം. കൂടാതെ ജെല്ലിക്കെട്ടില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിന്റേയും സംരക്ഷണത്തിനു വേണ്ടി സംഘാടകര്‍ രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണം. പോരില്‍ പങ്കെടുക്കുന്ന കാളകളെ പരിശോധിക്കാനും ജെല്ലിക്കെട്ടിനു ശേഷമുള്ള അവയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ബോധ്യപ്പെടുത്താനും മൃഗഡോക്ടര്‍മാരെ സര്‍ക്കാര്‍ നിയോഗിക്കണം. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഇതൊക്കെ ചെയ്യേണ്ടത്.

എന്നാല്‍ 2011 ല്‍ നിബന്ധനകള്‍ക്ക് കോട്ടം വന്നപ്പോള്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പിടിമുറുക്കി. തുടര്‍ന്ന് കോടതി ഇടപെട്ടു. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് കോടതി കേന്ദ്രത്തോടു ആവശ്യപ്പെട്ടു. ഒടുവില്‍ 2014 മേയ് ഏഴിനു സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചു. സംസ്‌ക്കാര ശൂന്യമായ സംഭവം എന്നാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ ജെല്ലിക്കെട്ടിനെ അന്ന് വിശേഷിപ്പിച്ചത്. സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഇത്തരം കലാപരിപാടികള്‍ പണ്ടേ തന്നെ ഉപേക്ഷിച്ചതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓര്‍ഡിനന്‍സ് വഴി സുപ്രീംകോടതി വിധിയെ മറികടന്നുള്ള നീക്കങ്ങള്‍ അപകടകരമാകുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി കേന്ദ്രസര്‍ക്കാരിനു അന്ന് നിയമോപദേശം നല്‍കുകയും ചെയ്തിരുന്നു.

ജയലളിതയുടെ അഭാവത്തില്‍ ശശികലയാണ് ആള്‍ ഇന്ത്യ അണ്ണാ ദ്രവിഡ മുന്നേറ്റ കഴകത്തിനു (എഐഎഡിഎംകെ) വേണ്ടി ജെല്ലിക്കെട്ടിനായി മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജയലളിത ആവശ്യപ്പെട്ടതുപോലെ ഈ കായികവിനോദം പുനഃസ്ഥാപിക്കണമെന്നാണ് ശശികല കേന്ദ്രത്തോടു പറയുന്നത്. സീമാന്റെ നേതൃത്വത്തില്‍ ഉള്ള നാം തമഴര്‍ കക്ഷി നിരോധനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കടലൂരില്‍ ജെല്ലിക്കെട്ടിനു കാളകളെ രംഗത്തിറിക്കി. 28 പേരെ പൊലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലാക്കി. അധികാരമെന്ന അപ്പക്കഷണമാണ് കാളക്കൂറ്റന്മാരെ രംഗത്തിറക്കാന്‍ രാഷ്ട്രീയ ദല്ലാളന്മാരെ പ്രേരിപ്പിക്കുന്നത്. എത്ര സമ്മര്‍ദ്ദമുണ്ടായാലും സുപ്രീം കോടതി വിധിയെ തിരസ്‌ക്കരിക്കാനാവില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. അതിനാല്‍ അവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമെന്ന് വ്യക്തം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍