UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

തമിഴകത്ത് ജെല്ലിക്കെട്ടു വിപ്ലവം

തമിഴകത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്നില്‍ ഇപ്പോള്‍ നിരന്നു നില്‍ക്കുന്നത് അധികാരത്തിന്റെ കാളക്കൂറ്റന്മാരാണ്. അതെ, സംശയിക്കേണ്ട. തിണ്ണമിടുക്കുള്ള കാളക്കൂറ്റന്മാരാണ് ഇനി തമിഴകരാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ഉപ്പുരുണികളുമായി തെരുവലിറങ്ങുന്നത്. സംസ്ഥാനത്ത് ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആക്രോശം കേട്ടുതുടങ്ങിയപ്പോള്‍തന്നെ ഇവിടെത്തെ ദ്രാവിഡപ്പെരുമാക്കള്‍ കാളക്കൂറ്റന്മാരെ കെട്ടഴിച്ചു പുറത്തിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ ദിശ തിരിച്ചുവിടാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ജെല്ലിക്കെട്ട് എന്ന കാളപ്പോരാണ്. പൊങ്കല്‍ ദിവസങ്ങളില്‍ മധുര തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ കൊണ്ടാടിയിരുന്ന ജെല്ലിക്കെട്ട് 2014 ല്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. എന്നാല്‍ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വോട്ടുബാങ്കില്‍ കണ്ണുംനട്ടിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനം ഓര്‍ഡിനന്‍സ് വഴികേന്ദ്രം നീക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അങ്ങനെ തമിഴകത്ത് ജെല്ലിക്കെട്ടുവിപ്ലവം ആസന്നമായിരിക്കുന്നു. കാളക്കൂറ്റന്മാര്‍ വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്!

ദ്രാവിഡമുന്നേറ്റകഴകം നേതാവ് സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പട ഒന്നടങ്കമാണ് ജെല്ലിക്കെട്ടിന്റെ മാഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളായി തമിഴകത്തെ തേവര്‍ സമുദായവും യാദവര്‍, ദേവേന്ദ്രകുല, വെള്ളാളര്‍ തുടങ്ങിയ മറ്റു ദളിത് സമുദായങ്ങളും കുത്തകയായിവച്ചിരിക്കുന്ന കായിക കലാപരിപാടിയാണ് ജെല്ലിക്കെട്ട്. ഈ സമുദായങ്ങള്‍ തെക്കന്‍ ജില്ലകളിലെ നിര്‍ണായകഘടകമാണ്. തെരഞ്ഞെടുപ്പില്‍ ആരു ജയിക്കണമെന്നും ആര് ഭരണക്കസേരയില്‍ കയറിയിരിക്കണമെന്നും നിശ്ചയിക്കുന്നത് ഈ സമ്പന്ന സമുദായമാണ്. ഇവരുടെ ഇംഗിതങ്ങള്‍ക്ക് പോറലേല്‍പ്പിച്ചുകൊണ്ട് ആരും രാഷ്ട്രീയത്തില്‍ കളിക്കാന്‍ ഇറങ്ങേണ്ടതില്ല. അതാണ് സുപ്രീംകോടതി നിരോധിച്ചിരിക്കുന്ന ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സ് വഴി പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയക്കോമരങ്ങള്‍ തലയറഞ്ഞ് ആവര്‍ത്തിക്കുന്നത്.

കോടതി ജെല്ലിക്കെട്ടിനു തടസ്സം ഉന്നയിക്കുമ്പോള്‍ കരുണാനിധിയുള്‍പ്പെടെ ഉള്ളരാഷ്ട്രീയ ചാണക്യന്മാര്‍ രംഗത്തുവന്നു അടവുകള്‍ പയറ്റുകയാണ്.. ഈ സന്ദര്‍ഭത്തില്‍ അങ്കലാപ്പിലായത് മുഖ്യമന്ത്രി സാക്ഷാല്‍ പുരട്ച്ചിത്തലൈവി ജയലളിതയാണ്. വെള്ളപ്പൊക്കക്കെടുതിയില്‍ നിന്നുകരയറിവരുന്ന വേളയിലാണ് ജെല്ലിക്കെട്ടിന്റെ കെടുതി വഴിയില്‍ തള്ളിക്കയറിവരുന്നത്. അതുകൊണ്ടാണ് ഇത്തവണത്തെ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ജെല്ലിക്കെട്ട് ഉണ്ടാകണമെന്ന് പുരട്ച്ചിത്തലൈവി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതും. പക്ഷേ അതു രാഷ്ട്രീയ കോലാഹലങ്ങള്‍ സൃഷ്ടിക്കുമെന്ന് ജയാമ്മയും പ്രതീക്ഷിച്ചിരുന്നില്ല. ജെല്ലിക്കെട്ടിനു അനുവാദം കൊടുത്തില്ലെങ്കില്‍ നിരാഹാരം നടത്താന്‍ വരെതയ്യാറായി എത്തിയിരിക്കുകയാണ് എം കെ സ്റ്റാലിനും പീപ്പിള്‍സ് വെല്‍ഫയര്‍ ഫ്രണ്ടിന്റെ നേതാക്കളും.

തമിഴകത്തിന്റെ ഫ്യൂഡല്‍ വ്യവസ്ഥയില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ് ജെല്ലിക്കെട്ട് എന്ന മാരകമായ കായികവിനോദം. പണക്കിഴി എന്നാണ് ജെല്ലിക്കെട്ടിന്റെഅര്‍ത്ഥം(ജെല്ലി= നാണയം, കെട്ട്= കിഴി). കൂറ്റന്‍ കാളയുടെ കൊമ്പില്‍ കെട്ടിവയ്ക്കുന്ന പണക്കിഴി കൈവശമാക്കുന്നവര്‍ക്ക് സ്വര്‍ണവും വെള്ളിയുമൊക്കെ സമ്മാനമായി ലഭിക്കും. അതില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് അങ്ങനെ ധീര പരിവേഷവും ചാര്‍ത്തിക്കിട്ടും. പണ്ടു കാലത്ത് ധീരവിജയികള്‍ക്ക് കന്യകമാരെയും സമ്മാനമായി നല്‍കിയിരുന്നു. തമിഴ് സിനിമയില്‍ എംജിആറും രജനീകാന്തുമൊക്കെ ജെല്ലിക്കെട്ട് വിഷയമുള്ള സിനിമകളില്‍ അഭിനയിച്ച് കൈയടി നേടിയിട്ടുമുണ്ട് .മധുര ജില്ലയിലെ ആലങ്ങനല്ലൂരിലാണ് ജെല്ലിക്കെട്ടിന്റെ ഏറ്റവും വലിയ കെട്ടുകാഴ്ചകള്‍ അരങ്ങേറുന്നത്. ഇടത്തരക്കാരായ സമ്പന്നരാണ് കാളക്കൂറ്റന്മാരെ ജെല്ലിക്കെട്ടിനു വേണ്ടി സജ്ജമാക്കുന്നത്. വമ്പിച്ച സാമ്പത്തിക ബാധ്യതയുള്ള ഏര്‍പ്പാടാണ് ഇത്. നൂറുകണക്കിനു സാധാരണക്കാരായ യുവാക്കള്‍ ഈ വിനോദത്തില്‍ വര്‍ഷാവര്‍ഷം ചത്തൊഴിയുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാളപ്പോരു നിരോധിക്കണമെന്ന ആവശ്യവുമായി അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിക്കുന്നത്. മൃഗങ്ങളോടുകാട്ടുന്ന ക്രൂരതയുമായി ബന്ധപ്പെട്ട ചട്ടം (പിസിഎ) ആണ് കോടതി മുഖ്യമായും പരിഗണിച്ചത്.

മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയും കാളക്കുത്തേറ്റ് ചത്തുവീഴുന്ന പാവങ്ങളുടെകുടുംബങ്ങളേയും പരിഗണിക്കണമെന്നുംഅനിമല്‍ വെല്‍ഫയര്‍ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. ജെല്ലിക്കെട്ടിന്റെ പേരില്‍ മൃഗങ്ങളോട് നിഷ്‌ക്കരുണമായാണ് പെരുമാറുന്നത് എന്ന് ബോര്‍ഡ് ഉദാഹരണ സഹിതം സ്ഥാപിച്ചു. കാളകളുടെ വാല്‍മടക്കി ഒടിക്കുക, കണ്ണുകളില്‍ രാസവസ്തുക്കള്‍ ഒഴിക്കുക, ചെവികള്‍ വെട്ടുക, അവയെ ചൊടിപ്പിക്കാന്‍ മൂര്‍ച്ചയുള്ള കത്തികള്‍ പ്രയോഗിക്കുക, വായില്‍ മദ്യം ഒഴിച്ചു കൊടുക്കുക തുടങ്ങിയ പ്രാകൃതമായ’വിനോദങ്ങ’ളാണ് ജെല്ലിക്കെട്ടു സംഘാടകര്‍ വര്‍ഷങ്ങളായി നടത്തിയിരുന്നത്. പ്രാണരക്ഷാര്‍ത്ഥം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുന്ന കാളകളുടെ ചവുട്ടേറ്റ നിരവധി കാഴ്ചക്കാരാണു കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കനു പേര്‍ക്കു ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദുരന്തം ഏറ്റുവാങ്ങുന്ന കാളകളുടെ ദയനീയത മനസ്സിലാക്കാന്‍ ആരുമുണ്ടായില്ല.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ 2010 നവംബര്‍ 27 നു ചില നിബന്ധനകളോടെ ജെല്ലിക്കെട്ടു നടത്താന്‍ സുപ്രീംകോടതി സമ്മതിച്ചു. എല്ലാവര്‍ഷവും ജനുവരി 15 മുതല്‍ അഞ്ചുമാസത്തേക്കാണ് ഈ അനുവാദം. നിബന്ധനകള്‍ ഇതൊക്കെ ആയിരുന്നു: ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളക്കൂറ്റന്മാരെ അനിമല്‍ വെല്‍ഫെയര്‍ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രകടനം വിലയിരുത്താന്‍ പ്രതിനിധികളെ നിയോഗിക്കണം. കൂടാതെ ജെല്ലിക്കെട്ടില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിന്റേയും സംരക്ഷണത്തിനു വേണ്ടി സംഘാടകര്‍ രണ്ടുലക്ഷംരൂപ കെട്ടിവയ്ക്കണം. പോരില്‍ പങ്കെടുക്കുന്ന കാളകളെ പരിശോധിക്കാനും ജെല്ലിക്കെട്ടിനു ശേഷമുള്ള അവയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ബോധ്യപ്പെടുത്താനും മൃഗഡോക്ടറന്മാരെ സര്‍ക്കാര്‍ നിയോഗിക്കണം. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഇതൊക്കെ ചെയ്യേണ്ടത്. പക്ഷേ 2011 ല്‍ നിബന്ധനകള്‍ക്ക് കോട്ടം വന്നപ്പോള്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പിടിമുറുക്കി. തുടര്‍ന്ന് കോടതി ഇടപെട്ടു. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒടുവില്‍ 2014 മേയ് ഏഴിനു സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചു. സംസ്‌ക്കാരശൂന്യമായ സംഭവം എന്നാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ ജെല്ലിക്കെട്ടിനെ വിശേഷിപ്പിച്ചത്. സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഇത്തരം കലാപരിപാടികള്‍ പണ്ടേ തന്നെ ഉപേക്ഷിച്ചതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഇക്കുറി ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ആശാവഹമായ മറുപടിയാണ് നല്‍കിയത്. പൊങ്കല്‍ ദിനത്തില്‍ ജെല്ലിക്കെട്ട് പുനരാരംഭിക്കുന്നതിനുള്ള വഴികള്‍ തേടുമെന്ന് വോട്ടുബാങ്കില്‍ കണ്ണുംനട്ടിരിക്കുന്ന ബിജെപി നേതാക്കളും തമിഴകത്തില്‍ നിന്നുള്ള ബിജെപി മന്ത്രി പൊന്‍ രാധാകൃഷ്ണനും ഉറപ്പു നല്‍കി. പക്ഷേ സുപ്രീം കോടതി വിധിയെ മറികടന്നുള്ള നീക്കങ്ങള്‍ അപകടകരമാകുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി നിയമോപദേശം നല്‍കിയതോടെ പരിസ്ഥിതി മന്ത്രിക്കും ബിജെപി നേതാക്കള്‍ക്കും മിണ്ടാട്ടമില്ലാതായി. ജെല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി ജയലളിതയുടെ കത്ത് കേന്ദ്രസര്‍ക്കാരിന്റെ മേശപ്പുറത്തു പൊടിയടിച്ചിരിക്കുന്നു എന്നാണ് പിന്നാമ്പുറ വാര്‍ത്തകള്‍.

അധികാരമെന്ന അപ്പക്കഷണത്തിനു വേണ്ടികാളക്കൂറ്റന്മാരെ രംഗത്തിറക്കാന്‍ തുനിഞ്ഞിറങ്ങുന്ന രാഷ്ട്രീയ ദല്ലാളന്മാരുടെ ചങ്കില്‍കൊള്ളുന്ന നിര്‍ദ്ദേശമാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയിരിക്കുന്നത്. എത്ര സമ്മര്‍ദ്ദമുണ്ടായാലും സുപ്രീംകോടതി വിധിയെ തിരസ്‌ക്കരിക്കാനാവില്ല. ആസന്നമായ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കാണുന്ന തമിഴകത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമെന്ന് വ്യക്തം.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍