UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

ദ്രാവിഡ മണ്‍ട്രം

പി കെ ശ്രീനിവാസന്‍

ട്രെന്‍ഡിങ്ങ്

തമിഴകം മാറുകയാണ്; ഓര്‍ഡിനന്‍സില്‍ അവസാനിക്കില്ല ജെല്ലിക്കെട്ട് വിപ്ലവം; യുവജന പാര്‍ട്ടിയുണ്ടാക്കാന്‍ നീക്കം

ജെല്ലിക്കെട്ട് വിപ്ലവത്തിന്റെ പടനിലമായ ചെന്നൈയിലെ മറീനാ ബീച്ചില്‍ അടുത്ത 15 ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ നഗരവാസികള്‍ക്കിടയില്‍ വീണ്ടും ആശങ്കയുടെ വിത്തുകള്‍ മുളച്ചുപൊന്താന്‍ തുടങ്ങിയിരിക്കുന്നു.

ജെല്ലിക്കെട്ട് വിപ്ലവത്തിന്റെ പടനിലമായ ചെന്നൈയിലെ മറീനാ ബീച്ചില്‍ വീണ്ടും കാര്‍മേഘങ്ങള്‍ പടരുകയാണ്. അടുത്ത 15 ദിവസത്തേക്ക് പൊലീസ് ഈ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ നഗരവാസികള്‍ക്കിടയില്‍ വീണ്ടും ആശങ്കയുടെ വിത്തുകള്‍ മുളച്ചുപൊന്താന്‍ തുടങ്ങിയിരിക്കുന്നു. യുവാക്കളുടെ സമരമുറയുടെ വീര്യം കണ്ടറിഞ്ഞ പൊലീസിനു മറ്റൊരു ദുരന്തം ക്ഷണിച്ചുവരുത്താന്‍ ആഗ്രഹമില്ല. അതിനാലാണ് 144 പ്രഖ്യാപിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായത്. പ്രതിഷേധ സമ്മേളനം, പ്രകടനം, മനുഷ്യച്ചങ്ങല എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാരികളെ വിലക്കില്ലെന്നു പൊലീസ് പറയുന്നുണ്ട്. ജെല്ലിക്കെട്ടു നിരോധനത്തിലൂടെ തമിഴ്‌ദേശീയതയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ലക്ഷക്കണക്കിനു യുവജനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ സംഘടിച്ചപ്പോള്‍ മറീന കടല്‍പ്പുറത്തിന്റെ നിറംമാറിയത് രാഷ്ട്രം കണ്ടതാണ്. അതാകട്ടെ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളെ വെട്ടിലാഴ്ത്തുകയും ചെയ്തിരുന്നു.

ജെല്ലിക്കെട്ടു നിരോധനം പിന്‍വലിക്കാതെ തങ്ങള്‍ പിന്നോട്ടില്ലെന്ന് കക്ഷിരാഷ്ട്രീയമില്ലാതെ മറീനാ കടല്‍പ്പുറത്തെത്തിയ യുവാക്കള്‍ ഉറക്കെ പ്രസ്താവിച്ചപ്പോള്‍ ഭരണകൂടത്തിന്റെ നിസ്സഹായത പ്രകടമായി. അവരെ പിന്തുണക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെത്തി. പുതിയ ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സിനും തുടര്‍ന്ന് നിയമനിര്‍മ്മാണത്തിനും തമിഴക സര്‍ക്കാര്‍ മുന്നോട്ടു വന്നത് ഉരുണ്ടുകൂടാന്‍ സാധ്യതയുള്ള യുവതയുടെ സമരവീര്യം തിരിച്ചറിഞ്ഞിട്ടാണ്. അത്തരത്തിലുള്ള പ്രകോപനങ്ങളൊന്നും ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ ഇഷ്ട ബീച്ചായ മറീനയില്‍ പതിനഞ്ച് ദിവസത്തേക്ക് 144 പ്രഖ്യാപിക്കാന്‍ സിറ്റി പൊലീസ് തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ സമരാഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതോടെ പൊലീസും രാഷ്ട്രീയക്കാരും ജാഗരൂകരായി. മറീന, മൈലാപ്പൂര്‍, ഐസ് ഹൗസ്, ഫോര്‍ഷോര്‍ എസ്റ്റേറ്റ്, ട്രിപ്ലിക്കേന്‍, അണ്ണ സ്‌ക്വയര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. ഫെബ്രുവരി 12 വരെ ആജ്ഞ നിലനില്‍ക്കും.

സമാധാനമായി നടന്ന ജെല്ലിക്കെട്ടനുകൂല സമരത്തിലേക്ക് അവസാനനാള്‍ സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരും കടന്നുകയറിയെന്ന പൊലീസ് ഇന്റലിജെന്‍സിന്റെ ഭാഷ്യം സര്‍ക്കാരിനേറ്റ തിരിച്ചടിയായിരുന്നു. തമിഴ്‌നാടിന്റെ ഭരണസിരാകേന്ദ്രമായ സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിനും പൊലീസ് ആസ്ഥാനത്തിനും (ഡിജിപി) ഇടയിലുള്ള ആറോളം കിലോമീറ്റര്‍ ദൂരത്തിലാണ് ജെല്ലിക്കെട്ടനുകൂലികള്‍ പ്രകോപനമില്ലാത്ത സമരവുമായി മുന്നേറിയത്. അവരെ സംഘടിപ്പിക്കാനും ഒരുമിപ്പിക്കാനും സഹായിച്ചത് സ്മാര്‍ട്ടുഫോണുകളും സോഷ്യല്‍ മീഡിയയുമായിരുന്നു. തമിഴ്‌നാടിന്റെ പല സ്ഥലങ്ങളില്‍ പടര്‍ന്നുപിടിച്ച ജെല്ലിക്കെട്ട് അവബോധം ഐടി രംഗത്തെ യുവാക്കളെയും പിടികൂടി. ചെന്നൈയിലെ ഐടി കോറിഡോറില്‍ നിന്ന് അന്‍പതിനായിരം പേരാണ് ഐക്യദാര്‍ഢ്യവുമായി മറീനയിലെത്തിയത്. അഞ്ചാംനാള്‍ രണ്ടു ലക്ഷത്തോളം പേരാണ് മറീനയില്‍ എത്തിയത്. ഇതൊക്കെ ഇവിടത്തെ ഭരണകൂടത്തിനു തലവേദനയായി.

പുതിയ സമരാവേശം ഉണ്ടാകുമെന്ന സൂചന ജനുവരി 27 ന് ലഭിച്ചപ്പോള്‍ തന്നെ പൊലീസ് നിരോധനാജ്ഞയുമായി രംഗത്തുവന്നു. 29-ന് എത്തണമെന്ന് കാണിച്ച് ഫെയ്‌സ് ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പൗരസമൂഹത്തിനു സന്ദേശം ലഭിക്കുന്നു. ‘തമിഴ്‌നാടിന്റെ പുതിയ യുവജനപാര്‍ട്ടി’യെക്കുറിച്ച് ആലോചിക്കാനാണ് ഈ ഒത്തുചേരല്‍ എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തമിഴ്‌നാടിനു മാറ്റം അനിവാര്യമാണെന്നും പതിനാറാമത്തെ നിയമസഭ പുതിയ രീതിയില്‍ യുവാക്കളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. കുറഞ്ഞത് ഒന്നര ലക്ഷം ആള്‍ക്കാര്‍ക്കാണ് സോഷ്യല്‍ മീഡിയാ സന്ദേശം ലഭിക്കുന്നത്. അതില്‍ 16,000 പേര്‍ യോഗത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. 43,000 പേര്‍ താല്‍പ്പര്യവും കാണിച്ചു. എന്നാല്‍ സംഘാടകര്‍ കാരണമൊന്നും കാണിക്കാതെ ഒത്തുചേരല്‍ റദ്ദ് ചെയ്തു. യോഗപദ്ധതി മാറ്റിയിട്ടില്ലെന്നും വീണ്ടും ബന്ധപ്പെടാമെന്നും അടുത്ത സന്ദേശം ലഭിക്കുന്നു. ഇതാണ് അധികാരികളെ കൂടുതല്‍ ചിന്താക്കുഴപ്പത്തിലാക്കിയത്. ഉടന്‍ പൊലീസ് മറീനയില്‍ 144 പ്രഖ്യാപിക്കുകയായിരുന്നു.

പൊലീസിന്റെ പിടിപ്പുകേടാണ് കഴിഞ്ഞ തവണത്തെ ദുരന്തസംഭവങ്ങള്‍ക്ക് കാരണമായതെന്ന ആരോപണം എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നപ്പോള്‍ അതിനെ ഖണ്ഡിക്കാന്‍ ഭരണകൂടത്തിനായില്ല. ജെല്ലിക്കെട്ടിനനനുകൂലമായ നിയമം വന്നു എന്നത് ശരിയായിരിക്കാം. എന്നാല്‍ സമാധാനപ്രിയരായ സമരക്കാരോടു പെരുമാറിയ രീതിയില്‍ തെറ്റുപറ്റിയെന്ന പൊതുധാരണ ഉയര്‍ന്നിരുന്നു. മാത്രമല്ല ഇരുപത്തിമൂന്നാം തിയതി സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം മുന്‍കൂട്ടി മനസ്സിലാക്കാന്‍ പൊലീസിന്റെ രഹസ്യവിഭാഗത്തിനു കഴിഞ്ഞതുമില്ല. അതുവരെ സമരക്കാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പൊലീസിന്റെ പ്രതിച്ഛായ തകര്‍ന്നു. തമിഴ്‌നാട് പൊലീസിലെ 30 ശതമാനം ക്രിമിനലുകള്‍ക്കൊപ്പമാണെന്ന ചില നിരീക്ഷകരുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതായിരുന്നു തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ ഐഎസ്‌ഐ പോലുള്ള നീച സംഘടനകള്‍ ഉണ്ടോ എന്ന് സംശയിക്കുന്നതായും ചില നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

തമിഴകത്ത് കുമിഞ്ഞുകൂടുന്ന അസ്വസ്ഥതകളുടെ നിമിത്തം മാത്രമായിരുന്നു ജെല്ലിക്കെട്ട് സമരമുറകള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടത്തെ യുവാക്കള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ ചില്ലറയല്ല. തെരഞ്ഞെടുപ്പു വരുമ്പോള്‍ സൗജന്യങ്ങളുമായി സമീപിക്കുന്ന രാഷ്ട്രീയക്കാരാണ് നാടിനെ ഒന്നടങ്കം നശിപ്പിച്ചതെന്ന ചിന്താഗതി മറീനയിലെ പ്ലക്കാര്‍ഡുകളില്‍ പടര്‍ന്നുപിടിച്ചിരുന്നു. രാഷ്ട്രീയക്കാരെ അകറ്റിനിര്‍ത്താനായിരുന്നു യുവാക്കളുടെ ആഹ്വാനം. തമിഴകത്ത് ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ പെയ്‌തൊഴിയുമെന്ന് കരുതുക പ്രയാസമാണ്. അതിന്റെ ചിഹ്നങ്ങള്‍ ഇവിടെ കണ്ടുതുടങ്ങിയിരിക്കുന്നു. മറീനയില്‍ 144 പ്രഖ്യാപിച്ചതിലൂടെ പൊലീസ് ഇത് തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വേണം കരുതാന്‍. മനുഷ്യഹൃദയങ്ങളില്‍ സീസ്‌മോഗ്രാഫുകള്‍ സ്ഥാപിച്ചാലും മനസ്സിലാക്കാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍