UPDATES

അംബേദ്ക്കറൈറ്റുകളോട് സമരസപ്പെടാന്‍ ജമാഅത്ത ഇസ്ലാമിക്ക് സാധിക്കുന്നതെങ്ങനെ? തിരിച്ചും?

എങ്ങനെയാണ് ജമാത്ത ഇസ്ലാമിക്ക് ഒരുകയ്യില്‍ പര്‍ദ്ദ ഉയര്‍ത്തിപിടിക്കാനും, മറുകൈകൊണ്ട് മനുസ്മൃതി കത്തിക്കാനും ‘മനുവാദ്‌സേ ആസാദി ‘എന്ന് ഉറക്കെ വിളിക്കാനും സാധിക്കുന്നത് ?

ജമാഅത്തെ ഇസ്ലാമിക്ക് അല്ലെങ്കില്‍ അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന് (എസ്ഐഒ) എങ്ങനെയാണ് ക്യാമ്പസുകളില്‍ അംബേദ്ക്കറൈറ്റുകളോട് ഒരുമിച്ചു നില്‍ക്കാന്‍ സാധിക്കുന്നത്? രാഷ്ട്രീയ ഒത്തുചേരലുകളില്‍ ഒരുപക്ഷേ കശ്മീരീലെ ബിജെപി-പിഡിപി കൈക്കോര്‍ക്കലിനു ശേഷം വിരോധാഭാസമായി തോന്നിയ ഒരു ഐക്യമാണ് എസ്ഐഒ-എഎസ്എ സംഘടനകളുടേത്. സ്വയം ദളിത് സംരക്ഷകരായി അവരോധിക്കാനുള്ള ശ്രമത്തിനിടയില്‍ തങ്ങളുടെ സ്വത്വമെന്തെന്ന് സ്വത്വവാദികള്‍ മറന്നു പോയോ? വെബ്‌സൈറ്റുകളില്‍ ഇസ്ലാമിന്റെ പ്രചരണമല്ലാതെ മറ്റൊന്നും ലക്ഷ്യമായി ഇല്ലാത്ത ജമാഅത്തെയും എസ്‌ഐഒയും എങ്ങനെയാണ് ഒരു ബഹുജനത്തെ പ്രതിനിധീകരിക്കാന്‍ ധാര്‍മികതയുള്ള അംബേദ്ക്കറൈറ്റ് സംഘടനകളുടെ കൂടെ കൂടുന്നത്? അംബേദ്ക്കര്‍ സംഘടനകള്‍ എന്തിനാണ് അവരെ കൂടെ കൂട്ടുന്നത്? ഇന്ന്‍ ഹൈദരാബാദും ജെഎന്‍യുവും അടക്കം രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളില്‍ എല്ലാം എസ്‌ഐഒ സാന്നിധ്യമുണ്ട്. മിക്കയിടത്തും അവര്‍ പ്രവര്‍ത്തിക്കുന്നതാവട്ടെ, എസ്ഐഒ സ്വത്വം മറച്ചുവെച്ച് അംബേദ്ക്കര്‍ സംഘടനകളില്‍ സജീവമായിക്കൊണ്ടാണ്. തങ്ങളുടെ ഇരുകൂട്ടരുടേയും രാഷ്ട്രീയം ഒന്നാണെന്നു സമര്‍ത്ഥിക്കുന്ന എസ്ഐഓക്കാര്‍ക്ക് ഒന്നുകില്‍ ജമാഅത്തയുടെ രാഷ്ട്രീയം അറിയില്ല, അല്ലെങ്കില്‍ അംബേദ്ക്കറിനെ അറിയില്ല, ഇനി അതുമല്ലെങ്കില്‍ രണ്ടുമറിഞ്ഞുകൊണ്ട് അവര്‍ ഇന്ത്യന്‍ ജാതി രാഷ്ട്രീയത്തെ വഴിതിരിച്ചു വിടുകയാണ്.

എന്താണു മൗലാന മൗദൂദിയുടെ അശയങ്ങള്‍ പിന്തുടരുന്ന ജമാഅത്തിന്റെ രാഷ്ട്രീയം? മൗദൂദിയുടെ പര്‍ദ്ദ, മീനിംഗ് ഓഫ് ഖുറാന്‍ എന്നീ പുസ്തകങ്ങളും ജമാഅത്ത ഇസ്ലാമി ഹിന്ദ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍ ഘടകങ്ങളുടെ വെബ്‌സൈറ്റുകളും പ്രസ് റിലീസുകളും ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളു അത്. ആര്‍എസ്എസിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത തീവ്ര വലത് നിലപാടുകള്‍ കൈക്കൊള്ളുന്ന ഒരു ഇസ്ലാം ഫണ്ടമെന്റലിസ്റ്റ് സംഘടന. സ്വവര്‍ഗ്ഗാനുരാഗം സമൂഹത്തിന് ഭീഷണിയാണെന്നും മാസമുറയുടെ സമയത്ത് സ്ത്രീയുടെ സമീപത്ത് പോലും പോവരുത് എന്നും (മീനിംഗ് ഓഫ് ഖുറാന്‍ 222-223) പറഞ്ഞ മൗദൂദിയുടെ പാര്‍ട്ടി എന്നു മുതലാണ് സമത്വത്തിനു വേണ്ടിയുള്ള വര്‍ഗ്ഗസമരങ്ങളില്‍ ശബ്ദിച്ചു തുടങ്ങിയത്? ആര്‍എസ്എസിനെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ജമാഅത്തയുടെ പാക്കിസ്താനി, ബംഗ്ലാദേശി ഘടകങ്ങളുടെ വെബ്‌സൈറ്റുകളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനും ശരീയയ്ക്കുംവേണ്ടി ഘോരഘോരം വാദിക്കുമ്പോള്‍ പക്ഷേ, ജമാഅത്ത, ഇന്ത്യയില്‍ ഇസ്ലാം മതം പ്രചരിപ്പിക്കുന്ന ഒരു സാധുസംഘടനയാണ്.

ആര്‍എസ്എസിന്റെ ഫാസിസത്തിനും സ്റ്റാലിന്റെ കൂട്ടക്കുരുതികള്‍ക്കും മുന്നില്‍ അശ്രുക്കള്‍ പൊഴിക്കുമ്പോള്‍ എന്തോ ബംഗ്ലാദേശ് കൂട്ടക്കൊലകള്‍ക്ക് മുന്നില്‍ അവര്‍ മൗനം പാലിക്കുന്നു. ആര്‍എസ്എസ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതിനെപ്പറ്റി വാചാലരാവുമ്പോള്‍, തങ്ങള്‍ക്ക് ബംഗ്ലാദേശില്‍ നേരിടേണ്ടി വന്ന നിരോധനം അറിഞ്ഞില്ലെന്ന് നടിക്കുന്നു. ഇന്ത്യന്‍ ഇടതിനെ മുഴുവന്‍ കപടം എന്നു മുദ്രകുത്താന്‍, പൊളിറ്റ് ബ്യൂറോയില്‍ എത്ര ദളിതരുണ്ടെന്നു ചോദിക്കുന്നു. തിരിച്ച് നിങ്ങളുടെ നേതൃത്വത്തില്‍ എത്ര അജ്‌ലഫ് മുസ്ലിങ്ങളും സ്ത്രീകളുമുണ്ടെന്നു ചോദിച്ചാലോ? വെല്‍ഫെയര്‍ പാര്‍ട്ടി ഇതുവരെ എത്ര ദളിത് മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി എന്നു ചോദിച്ചാലോ മറുപടിയില്ല. ചോദ്യങ്ങള്‍ ചോദിക്കാന്‍, വിശേഷിച്ചും ഇന്ത്യന്‍ ഇടതിനോടു ചോദിക്കാന്‍ മാത്രം ചുമതലപ്പെട്ട ഒരു സംഘടനയായി ജമാഅത്ത സ്വയം കരുതുന്നതാവാനേ തരമുള്ളു, അല്ലെങ്കില്‍ പാര്‍ട്ടിയുടെ യഥാര്‍ഥ ആശയങ്ങളും പ്രഖ്യാപിത ആശയങ്ങളും തമ്മിലുള്ള ഈ പരസ്പര വിരുദ്ധതയ്ക്ക് ജമാഅത്ത മറുപടി പറയേണ്ടുന്നതും, ഒന്നുകില്‍ പാര്‍ട്ടിയെ അല്ലെങ്കില്‍ പ്രവര്‍ത്തനത്തെ തിരുത്താന്‍ തയ്യാറാവേണ്ടതും ആയിരുന്നു.

ജമാഅത്തയുടെ രാഷ്ട്രീയാചാര്യന്‍ മൗലാന മൗദൂദിയുടെ പുസ്തകങ്ങളിലൂടെ ഒന്നുപോയി നോക്കിയാല്‍, അംബേദ്ര്‍ക്കര്‍ കത്തിച്ചു കളഞ്ഞ മനുസ്മൃതിയില്‍ നിന്നും ഏറെ വ്യത്യസ്തമല്ല അതില്‍ പറയുന്ന കാര്യങ്ങള്‍ എന്നു മനസ്സിലാക്കാം. മൗദൂദിയന്‍ പുസ്തകങ്ങളിലെ വീക്ഷണങ്ങളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.

‘പുരുഷന്റെ സ്ഥാനം സ്ത്രീക്ക് മുകളിലാണ്’ (മീനിംഗ് ഓഫ് ഖുറാന്‍)

‘സ്ത്രീ വീട്ടിലെ രാജ്ഞിയാണ്, വീട് നടത്തേണ്ടവള്‍, പുറംലോകവുമായി ബന്ധപെടുന്ന കാര്യങ്ങള്‍ അവളുടെ ഉത്തരവാദിത്തത്തില്‍ ഇല്ല’ (പര്‍ദ്ദ)

‘മാസമുറയുള്ള സ്ത്രീയുടെ സാമീപ്യം പാടില്ല. അവള്‍ സ്വയം വൃത്തിയായശേഷം മാത്രം അവളെ സമീപിക്കുക’ (മീനിംഗ് ഓഫ് ഖുറാന്‍)

‘സ്ത്രീയില്‍ നിന്ന് അരിസ്‌റ്റോട്ടില്‍, ഇബ്‌നുസീന, ഷേക്‌സ്പിയര്‍, നെപ്പോളിയന്‍, സ്വാലഹുദ്ദീന്‍, അലക്‌സാണ്ടര്‍ പോലുള്ളവര്‍ ഒരിക്കലും ഉണ്ടാവുകയില്ല’ (പര്‍ദ്ദ)

സ്ത്രീവിരുദ്ധമായ മൗദൂദി വചനങ്ങള്‍ നിരവധിയുണ്ട്. പര്‍ദ്ദ, മീനിംഗ് ഓഫ് ഖുറാന്‍ എന്നീ പുസ്തകങ്ങളിലൂടെ വെറുതെ കണ്ണോടിച്ചാല്‍ മതി. അതുകൊണ്ട് കൂടുതല്‍ ഉള്‍ക്കൊള്ളിക്കുന്നില്ല. ഈ ഗ്രന്ഥങ്ങള്‍ മിക്കതും ജമാഅത്തയുടെ സൈറ്റില്‍ ലഭ്യമാണ് (ഇംഗ്ലീഷ്, മലയാളം പരിഭാഷകളിലും). സ്ത്രീവിരുദ്ധതയ്ക്ക് പുറമേ സ്വവര്‍ഗ്ഗപ്രണയം സമൂഹത്തിന് ഭീഷണിയാണെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിളിച്ചു പറയാനും ഒപ്പം അവകാശപ്പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മുന്നോട്ടു വരാനും ഈ സംഘടന മടിക്കുന്നില്ല. അടിമകളായ സ്ത്രീകളോട് എന്തുമാവാം എന്ന ഭാഷ്യവും മൗദൂദിയിലെ സവര്‍ണ്ണ ഫാസിസ്റ്റിനെ വെളിച്ചത്ത് കൊണ്ടു വരുന്നതാണ്. മീനിംഗ് ഓഫ് ഖുറാനില്‍ മൗദൂദി യുദ്ധതടവുകാരായി പിടിക്കുന്ന സ്ത്രീകളെ രണ്ടാംതരക്കാരായും അടിമകളായാണു പരിഗണിക്കുന്നത്. മൗദൂദിപറയുന്നതു നോക്കാം.

‘എല്ലാ ഭാര്യമാരോടും നീതി പുലര്‍ത്താന്‍ കഴിയും എന്ന് സ്വയംവിശ്വാസമില്ലാത്തവര്‍ക്ക്, അടിമകളായ സ്ത്രീകളെ സമീപിക്കാം. കാരണം, അത് കാര്യമായ ബാധ്യതകള്‍ ഉണ്ടാക്കുന്നില്ല’ (മീനിംഗ് ഓഫ് ഖുറാന്‍).

അടിമകളെ രണ്ടാംതരക്കാരായി കാണിക്കുന്ന പരാമര്‍ശങ്ങള്‍ വേറെയും നിരവധിയുണ്ട്. വര്‍ഗ്ഗസമരങ്ങള്‍ക്കു വേണ്ടി തൊണ്ടപൊട്ടി മുദ്രവാക്യം വിളിക്കുന്ന മൗദൂദിസ്റ്റുകള്‍ ഇത് കണ്ടില്ലെന്നുണ്ടോ? ഇതിനെല്ലാം പുറമേ, ഇസ്ലാം വ്യക്തി നിയമം എന്ന പുസ്തകത്തില്‍ ഇസ്ലാമില്‍ നിന്നു പുറത്തു വരുന്നവര്‍ക്കുള്ള ശിക്ഷ മരണമാണെന്ന് സമര്‍ത്ഥിക്കാനും മൗദൂദി മടിക്കുന്നില്ല. മനുസ്മൃതിയില്‍ നിന്നും എങ്ങനെയാണു മൗദൂദിയന്‍ ആശയങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്? ഹിന്ദു എന്ന് ചേര്‍ക്കേണ്ടിടത്ത് ഇസ്ലാം എന്നു ചേര്‍ത്തു എന്നതല്ലാതെ മറ്റു വ്യത്യാസങ്ങളൊന്നും മനുവിനും മൗദൂദിക്കുമിടയിലില്ല. രണ്ടുപേരും വലതുസവര്‍ണ്ണപുരുഷാധിപത്യരാഷ്ട്രീയത്തിന്റെ സമാന മുഖങ്ങള്‍മാത്രം.

രസം അതല്ല, ഒരുവശത്ത് സ്ത്രീ സമത്വം എന്നപേരില്‍ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകളിടുന്ന ജമാഅത്തിന്റെ വനിതാവിഭാഗം അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ പുസ്തകങ്ങളുടെ ഈ ബുക്ക് കോപ്പി ലഭ്യമാക്കുകയും ഈ പുസ്തകങ്ങളെ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങാന്‍ സാധിക്കാത്ത വിധം പൂവിട്ട് പൂജിക്കുന്നുമുണ്ട്. പിന്നെ എങ്ങനെയാണ് ജമാഅത്ത ഇസ്ലാമിക്ക് ഒരുകയ്യില്‍ പര്‍ദ്ദ ഉയര്‍ത്തിപ്പിടിക്കാനും മറുകൈകൊണ്ട് മനുസ്മൃതി കത്തിക്കാനും ‘മനുവാദ്‌ സേ ആസാദി’എന്ന് ഉറക്കെ വിളിക്കാനും സാധിക്കുന്നത്? മനുവിന് കാലഘട്ടത്തിന്റെ ന്യായീകരണം ഉണ്ടെങ്കില്‍, തൊള്ളായിരങ്ങളില്‍ ജീവിച്ച മൗദൂദിക്ക് അതും അവകാശപ്പെടാനില്ല. കാലത്തിനൊത്ത് സഞ്ചരിക്കാത്ത ഒരു യാഥാസ്ഥിതികനായി മാത്രമേ മൗദൂദിയേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും കാണാന്‍ സാധിക്കുകയുള്ളു. ഒരുപക്ഷേ അംബേദ്ക്കര്‍, മൗദൂദിയെ വായിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരുനിമിഷം വൈകാതെ ആ പുസ്തകങ്ങളും കത്തിച്ച് കളയുമായിരുന്നിരിക്കണം.

ഇനി ജമാഅത്തയും അംബേദ്ക്കറൈറ്റുകളും പറയണം നിങ്ങള്‍ക്ക് എങ്ങിനെയാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്ന്. മുസ്ലീം എന്ന സ്വത്വത്തില്‍ തന്നെ ഒരാളെ ഉള്‍ക്കൊള്ളാന്‍ അംബേദ്ക്കര്‍ സംഘടനകള്‍ക്ക് ബുദ്ധിമുട്ടുണ്ടോ? അതിന് എസ്ഐഒ എന്ന ഇടനിലക്കാര്‍ എന്തിനാണ്?

അംബേദ്ക്കറൈറ്റ് സംഘടനകളുടേത് എന്നപേരില്‍ പുറത്തു വരുന്ന നിലപാടുകളുടേയും പ്രവര്‍ത്തങ്ങളുടേയും പിന്നില്‍ പോലും ജമാഅത്ത/എസ്ഐഒ എന്ന ഇത്തിള്‍ക്കണ്ണികള്‍ക്ക് കൃത്യമായ പങ്കുണ്ട്. ദളിത്, ആദിവാസി സംഘടനകള്‍ കൂടി ഉള്‍പ്പെട്ട മുന്നണി ആയിട്ടും ഹൈദരാബാദില്‍ എസ്എഫ്ഐ, എഎസ്എയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്ന പേരില്‍ കോലാഹലമുണ്ടാക്കിയത് ഇതിനുദാഹരണമാണ്. ഒരുതരത്തിലും ഇടതിനേയും അംബേദ്ക്കര്‍ സംഘടനകളേയും ഒന്നുചേരാന്‍ ഇക്കൂട്ടര്‍ സമ്മതിക്കില്ല. മാര്‍ക്‌സും അംബേദ്ക്കറും ചേരുന്നിടത്ത് തങ്ങള്‍ക്ക് സാധ്യതകളില്ലെന്നുള്ള കൃത്യമായ ബോധം ഇവര്‍ക്കുണ്ട്. എന്നിരുന്നാല്‍ തന്നെയും തങ്ങളുടെ ജമാഅത്ത് സ്വത്വം ഒരു കലാലയങ്ങളിലും ഇവര്‍ തുറന്ന് പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒന്നുകില്‍ എഎസ്എ പ്രവര്‍ത്തനം അല്ലെങ്കില്‍ ഇങ്ക്വിലാബ് പാര്‍ട്ടി അതുമല്ലെങ്കില്‍ കേവലമൊരു രാഷ്ട്രീയനിരീക്ഷകനായ അമാനവന്‍. പരിഹാസ്യരായേക്കുമോ എന്ന ഭയം തന്നെ കാരണം. സ്വന്തം രാഷ്ട്രീയ ആദര്‍ശങ്ങളിലെ പിടിപ്പുകേടും പരസ്പരവിരുദ്ധതയും ഇവര്‍ക്കുതന്നെ അറിയാമെന്ന് ചുരുക്കും.

രാഷ്ട്രീയാദര്‍ശങ്ങളിലെ ഈ പൊരുത്തമില്ലായ്മയ്ക്ക് മറുപടി കൊടുക്കാന്‍ അംബേദ്ക്കറൈറ്റുകള്‍ക്കും മൗദൂദിസ്റ്റുകള്‍ക്കും ഒരുപോലെ ധാര്‍മികതയുണ്ട്. ജമാഅത്ത് എന്ന് ഉപയോഗിക്കേണ്ട ഇടത്ത് മുഴുവന്‍ മുസ്ലിം എന്ന പദം ഉപയോഗിച്ച് നല്‍കുന്ന മറുപടികളില്‍ കാപട്യം മാത്രമേയുള്ളു. രോഹിത് വെമുല എസ്എഫ്ഐക്കെതിരെയിട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ഏറെനാള്‍ മുന്നോട്ട് പോവാനാവില്ലെന്നറിയുക.

(പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍