UPDATES

ഇ അഹമ്മദിന്റെ മരണം ലീഗിലേക്ക് നുഴഞ്ഞു കയറാനുള്ള വഴിയാക്കി ജമാഅത്തെ ഇസ്ലാമി മാറ്റിയതെങ്ങിനെ?

ജീവിതകാലം മുഴുവൻ തീവ്രവാദ പ്രസ്ഥാനങ്ങളോട് പൊരുതി നിന്ന ആളുടെ മരണം തന്നെ ലീഗിൽ നുഴഞ്ഞു കയറാൻ മൗദൂദികൾക്ക് ഇടയായി എന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസമായിരിക്കും

മുസ്ളീംലീഗിന് ജമാഅത്തെ ഇസ്ലാമിയോട് ആരാധന തോന്നിയത് ഇ അഹമ്മദിന്റെ മരണത്തിനു ശേഷമായിരുന്നു. മരണം മറച്ചു വയ്ക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നാടകങ്ങളെ മലയാളികളിൽ എത്തിച്ചതിനു മീഡിയ വൺ ചാനലിനെയും മാധ്യമം പത്രത്തെയും മുസ്ളീംലീഗ് വാനോളം പുകഴ്ത്തി. മാനേജ്മെന്റിന്റെ പിടിപ്പുകേട് മൂലം ചന്ദ്രികയ്ക്കോ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ദർശന ടിവിയ്‌ക്കോ ഇതുവരെ ക്ലച്ച് പിടിക്കാൻ കഴിഞ്ഞിട്ടില്ല.

മുസ്‌ലിം പ്രശ്നം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും കൈകാര്യം ചെയ്യുന്നതെങ്കിലും മതവിശ്വാസികൾക്കിടയിൽ അഞ്ച് ശതമാനത്തിന്റെ പോലും പിന്തുണ നേടിയെടുക്കാൻ ജമാഅത്തെ ഇസ്ലാമിക്കോ വെൽഫെയർ പാർട്ടിക്കോ കഴിഞ്ഞിട്ടില്ല. ജനകീയ പ്രശ്‍നങ്ങൾ ഉയർത്തി കൊണ്ടുവന്നു ശ്രദ്ധ നേടാറുണ്ടെങ്കിലും സ്ത്രീ-സംവരണം തുടങ്ങിയ വിഷയങ്ങളിൽ അറുപിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്നതിനാൽ ഇവരുടെ യുവജന സംഘടനയും പരാജയപ്പെടുകയാണ് പതിവ്. അതേ സമയം ബുദ്ധിജീവികൾക്കിടയിലും മതേതര വാദികൾക്കിടയിലും കൃത്യമായ മുഖം സൃഷ്ടിച്ചെടുക്കാൻ മാധ്യമം പത്രത്തിനും ആഴ്ചപ്പതിപ്പിനും ഇരുപത്തി അഞ്ചു വർഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

മത വിശ്വാസികൾക്ക് അപ്പുറത്തേക്ക് സാമൂഹ്യധാരണയുടെ നിർമ്മിതിയ്ക്കു ഒരു പങ്കും വഹിക്കാൻ കഴിയാത്തതാണ് ചന്ദ്രിക ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രശ്നം. മലയാളത്തിലെ മികച്ച വാരികകളിൽ ഒന്നാണെങ്കിൽ പോലും കൃത്യമായ രാഷ്ട്രീയം മുന്നോട്ടു വയ്ക്കാൻ കഴിയാത്തതാണ് മാധ്യമം വീക്കിലിയെ അപേക്ഷിച്ചു ചന്ദ്രികയുടെ പോരായ്മ. ആദിവാസി, ദളിത്, പരിസ്ഥിതി രാഷ്ട്രീയം പരസ്യമായി ഉയർത്തുമ്പോഴും മൗദീദിയൻ ആദർശങ്ങളെ ഭംഗിയായി ഒളിച്ചു കടത്താൻ മാധ്യമത്തിന് കഴിയുന്നുണ്ട്.

അഹമ്മദിന്റെ മരണം മറച്ചു വച്ചതിനേക്കാൾ മാധ്യമം ലേഖകൻ ശ്രദ്ധിച്ചത് അന്ത്യ സമയത്ത് കലിമ ചൊല്ലാൻ ബിജെപി സർക്കാർ അനുവദിച്ചില്ല എന്നതായിരുന്നു. അന്താരാഷ്‌ട്ര രംഗത്ത് എന്നും ഇന്ത്യയുടെ പാലമായി നിന്നിരുന്ന അഹമ്മദ് ജീവിതകാലം മുഴുവൻ ശ്രദ്ധിച്ചത് ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും ലീഗിൽ തിരുകി കയറുന്നതു തടയാനായിരുന്നു. അതുകൊണ്ടു തന്നെ അഹമ്മദിനെ തരം കിട്ടുമ്പോഴെല്ലാം മാധ്യമം ആക്രമിച്ചു കൊണ്ടേയിരുന്നു. ഹജ്ജ് ക്വാട്ട, തെരഞ്ഞെടുപ്പിലെ പ്രായാധിക്യം എന്നീ വിഷയങ്ങളിൽ അഹമ്മദിനെ തെരെഞ്ഞുപിടിച്ചു ആക്രമിച്ചിരുന്നു.

ബിജെപിയെ ആക്രമിക്കാനും ലീഗിൽ നുഴഞ്ഞു കയറാനും പറ്റിയ സംഭവമാണ് എന്ന് മനസിലാക്കിയതോടെ ആണ് അഹമ്മദിന്റെ മരണത്തെ ക്കുറിച്ചു മാധ്യമം എഴുതി തുടങ്ങിയത്. സത്യം പറഞ്ഞാൽ അഹമ്മദിന്റെ മരണം നടന്ന ദിവസം മൊബൈൽ ദൃശ്യങ്ങളിലൂടെ വാർത്ത ഏറ്റവും കൂടുതൽ കവർ ചെയ്തത് ന്യൂസ് 18 ആയിരുന്നു. പാതിരാത്രി കഴിഞ്ഞിട്ടും അവർ ചർച്ച മുന്നോട്ടു കൊണ്ടുപോകുകയും മരണം ഔദ്യോഗികമായി പ്രഖ്യാപിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. ഔട്‍ലുക്കിലെ ജേർണലിസ്റ് ആണ് മരണം മറച്ചു വയ്ക്കുന്നതിലെ സംശയം ആദ്യം ചിക്കി പുറത്തിട്ടത്. എന്നാൽ ഇവർക്ക് ആർക്കും കിട്ടാത്ത മൈലേജ് ലീഗിനിടയിൽ സൃഷ്ടിച്ചെടുക്കാൻ ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണത്തിന് കഴിഞ്ഞു.

ജീവിതകാലം മുഴുവൻ തീവ്രവാദ പ്രസ്ഥാനങ്ങളോട് പൊരുതി നിന്ന ആളുടെ മരണം തന്നെ ലീഗിൽ നുഴഞ്ഞു കയറാൻ മൗദൂദികൾക്ക് ഇടയായി എന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസമായിരിക്കും.

Avatar

സി ബി ശ്രീനിവാസ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍