UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുന്ധതി മുതൽ ജമീല പ്രകാശം വരെ; അഴുകിയ സദാചാര മലയാളിയോട്

Avatar

റിബിന്‍ കരീം

എഴുപതുകളില്‍ എഴുതപ്പെട്ട ഒരു ചൈനീസ് ചെറുകഥയെ ആസ്പദമാക്കി ഉണ്ണി ആർ തിരക്കഥ എഴുതി അമൽ നീരദ് സംവിധാനം ചെയ്ത ഹ്ര്വസ്വ ചിത്രമാണ് ‘കുള്ളന്റെ ഭാര്യ’. ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ ‘റിയര്‍ വിന്‍ഡോ’ എന്ന ചിത്രത്തിലെ നായകനെ അനുസ്മരിപ്പിക്കുന്നു ചിത്രത്തിലെ മുകള്‍ നിലയിലെ ഒരു മുറിയില്‍ വീല്‍ ചെയറിലിരുന്ന് ചുറ്റുപാടും നിരീക്ഷിക്കുന്ന ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം‍.

ഒരു ഹൌസിംഗ് കോളനിയാണ് സിനിമയുടെ പശ്ചാത്തലം. ഇതിലെ ഓരോ കഥാപാത്രവും നമുക്ക് ചുറ്റുമുള്ള മനുഷ്യരായി തോന്നിയാല്‍ അത് യാദൃശ്ചികമല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. കോളനിയിലേക്ക് പുതുതായി താമസിക്കാന്‍ എത്തുന്ന ദമ്പതികളാണ് മുഖ്യ കഥാപാത്രങ്ങള്‍. സുന്ദരിയായ സ്ത്രീയുടെ ഭര്‍ത്താവ് ഒരു കുള്ളനായതാണ് പരിസരവാസികളെ അലോസരപ്പെടുത്തുന്നത്. മലയാളി സമൂഹത്തിലെ കപട സദാചാരബോധങ്ങളുടേയും പരകാര്യ തത്പരതയുടേയും ജീര്‍ണചിന്തകളുടേയും പ്രതിഫലനമാണ് ‘കുള്ളന്റെ ഭാര്യ’ എന്ന ചിത്രം. 

ഭര്‍ത്താവില്ലാതെ, ഒരു പുരുഷന്റെ തണലില്‍ അല്ലാതെ കഴിയുന്ന സ്ത്രീ എന്നത് പൊതുസമൂഹത്തിന് ഒരു കൌതുക വസ്തുവാണ്. അതുപോലെ പട്ടാളക്കാരുടെ ഭാര്യമാർ, ഗൾഫുകാരുടെ ഭാര്യമാർ ഇവരെയെല്ലാം നമ്മുടെ മലയാള സിനിമകൾ തന്നെ ചിത്രീകരിക്കുന്ന രീതി ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. അതെ സമയം വിഭാര്യനോ ഭാര്യയുമായി അകന്നു കഴിയുന്ന പുരുഷനെ സംബന്ധിച്ചോ ഇത്തരം ഒരു അവസ്ഥ ഇല്ലെന്നത് പുരുഷാധിപത്യ സമൂഹത്തിന്റെ ആത്മവിശ്വാസത്തെ അരക്കെട്ടുറപ്പിക്കുന്നുണ്ട്.

സൈബര്‍ ലോകം പൊതു സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ്. അതുകൊണ്ട് അവിടെയും പുരുഷാധിപത്യ മൂല്യങ്ങൾ തന്നെയാണ് പ്രതിഫലിക്കുന്നത്. അഭിനേത്രിയും സാമൂഹ്യ പ്രവർത്തകയും ആയ അരുന്ധതി ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്ത ശേഷം അവരുടെ ഇൻബോക്സിൽ ലഭിച്ച സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപത്തെ കുറിച്ച് ഒരു കുറിപ്പ് പുറത്തു വിട്ടിരുന്നു. അതിനു ലഭിച്ച പ്രതികരണങ്ങൾ നമ്മോടു പറയുന്നത് അരുന്ധതിയുടെ പ്രശ്നം ഒറ്റപ്പെട്ടതല്ല, മറിച്ച് സാമൂഹ്യ രാഷ്ട്രീയ സമകാലീക വിഷയങ്ങളിൽ ഇടപെടുന്ന ഓരോ സ്ത്രീക്കും സമാന അനുഭവങ്ങൾ ഉണ്ടെന്നാണ്. ഇതിനെയെല്ലാം നേരിടാന്‍ ഉള്ള സൈബര്‍ ലോകത്തിലെ സ്ത്രീകളുടെ ധൈര്യം ഈ എതിര്‍പ്പുകളുടെ സമാനമായി അല്ലെങ്കിലും താരതമ്യേന കൂടുകയും ചെയ്യുന്നുണ്ട് എന്നത് അങ്ങേയറ്റം പ്രതീക്ഷ തരുന്നതാണ്. 

പോയ വര്‍ഷം കേരളം കണ്ട ഏറ്റവും പ്രോഗ്രസ്സീവ് ആയ മൂവ്മെന്റുകളിൽ ഒന്നായിരുന്നു ചുംബന സമരം. സദാചാര പോലീസിങ്ങിനെതിരെ ഉയര്‍ന്നുവന്ന ഒരു പ്രതിഷേധ രൂപം എന്ന നിലയിൽ വലിയ ചർച്ചകൾക്ക് ഇത് തിരി തെളിയിച്ചിരുന്നു. അതിന്റെ ഭാഗമായി എന്നതിന്റെ പേരിൽ ഒരു സ്ത്രീയെ കിടക്ക പങ്കിടാൻ ക്ഷണിക്കുന്ന പുരുഷന്മാർ സൂക്ഷിക്കുന്ന മനോഭാവം അങ്ങേയറ്റം വികൃതമാണ്. അതിനെ ഭയപ്പെടാതെ തരമില്ല. ഒരു ബി ബി സി ഡോക്യുമെന്ററി നിരോധിച്ചതുകൊണ്ട് കഴുകിക്കളയാവുന്ന കറ അല്ല രാജ്യത്തുള്ളത്. മുകേഷ് സിങ്ങുമാരിൽ ഏറെയും ഇപ്പോഴും പുറത്തുതന്നെയാണ്.

ബാർകോഴ ആരോപണത്തിൽ ധനമന്ത്രി കെ. എം. മാണിക്കെതിരെ സ്‌പെഷ്യൽ വിജിലൻസ് സെൽ കേസ് എടുത്ത പശ്ചാത്തലത്തിൽ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിനിടെ കയ്യേറ്റം ചെയ്യപ്പെട്ടെന്നു ചൂണ്ടി കാട്ടി ജമീല പ്രകാശം, ബിജി മോൾ എം എൽ എ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.

പതിവ് പോലെ മലയാളി പുരുഷബോധം ഇവിടെയും വേട്ടക്കാരുടെ കൂടെ അണി നിരന്നു. ഒരു പ്രശസ്ത മാധ്യമ സ്ഥാപനം ” ജമീലയുടെ ലീലകൾ ” എന്ന തലക്കെട്ടിൽ ആണ് വാർത്തകളെ ആഘോഷിച്ചത്. കൃത്യമായ ക്ളിപ്പിങ്ങ്സും ചിത്രങ്ങളും സഹിതം കാര്യങ്ങൾ വിശദീകരിച്ചിട്ടും കയ്യേറ്റം ചെയ്ത ശിവദാസൻ നായരുടെയോ ഷിബുവിന്റെയൊ ലീലകൾ എന്നെഴുതാൻ തോന്നാത്തതിനു പിന്നിൽ രാഷ്ട്രീയ വിരോധം മാത്രമല്ല സ്ത്രീകളെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ ലഭിക്കുന്ന സ്വീകാര്യത കൂടിയാണ്. 

മുഖ്യമന്ത്രി മുതൽ ചാനൽ ചർച്ചയിൽ സണ്ണി ജോസഫ് വരെ ഉള്ളവരും സോഷ്യൽ മീഡിയയിലെ ഒരു മെജോറിറ്റി വിഭാഗവും ഉയര്‍ത്തുന്ന വാദം, സ്ത്രീകൾ സംരക്ഷിക്കപ്പെടെണ്ടവർ ആണ്, അല്ലെങ്കിൽ സമരത്തിന്‌ മുന്നിൽ പോയി നിന്നതാണ് കാരണം എന്ന തരത്തിലാണ്. ആറു മണിക്ക് ശേഷം പുറത്തിറങ്ങരുത്, വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കണം, ബലാല്‍സംഘം ഒഴിവാക്കുന്നതിനു കൂടുതൽ ശ്രമിക്കേണ്ടത് സ്ത്രീകളാണ് തുടങ്ങിയ ഫത്വകളുടെ മറ്റൊരു വേർഷൻ മാത്രം ആണ് നിയമസഭ സംഭവത്തിന്റെ പ്രതികരണങ്ങളുടെ പൊതുസ്വഭാവം.

കെ സി അബുവിനെ പോലെ വർഷങ്ങളായി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഖദർധാരിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്ന ഇത്രയും പ്രതിലോമകരമായ പ്രസ്താവനയുടെ പിന്നിലെ മാനസിക നില അപഗ്രഥിക്കപ്പേടേണ്ടതാണ്. ഇത് കേവലം ഒരു അബുവിന്റെ മാത്രം വിഷയം അല്ല. നാം കൊട്ടിഘോഷിക്കുന്ന മുഖ്യധാര മലയാളിയുടെ പോതുബോധത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അയാള്‍ അവതരിപ്പിച്ചു എന്ന് മാത്രം. ഇതിനിടയിലും ഏറെ ആനന്ദം സമ്മാനിച്ചത്, സനീഷ് ഇളയിടത്ത്, പ്രമോദ് രാമൻ , അനുപമ വെങ്കിടേഷ് , മഹേഷ്‌ ചന്ദ്രന്‍ തുടങ്ങിയ പ്രമുഖ മാധ്യമ പ്രവർത്തകർ ഫേസ്കിബുക്കിൽ നടത്തിയ പ്രതികരണങ്ങളാണ്.

2014 ലെ ഏറ്റവും ജനപ്രിയ സിനിമ ആയ ബംഗ്ലൂർ ഡെയ്സിലെ ഇന്‍ട്രൊഡക്ഷൻ സീനിൽ തന്നെ നായകൻ പറയുന്നുണ്ട് ” മണ്ണും പെണ്ണും ഇപ്പോഴും നല്ലത് നമ്മുടെ നാട്ടിലെ തന്നെ ആണെന്ന് “. അതെ നമുക്ക് ഇപ്പോഴും പെണ്ണ് എന്ന് പറയുന്നത് മണ്ണ് പോലെ, പൂവ് പോലെ, പൈനാപ്പിൾ പോലെ, ഒക്കെ ആണ്. അവര്‍ക്ക് നിശ്ചയിച്ച ചില രേഖകളുണ്ട്. അത് മറി കടക്കരുത്. അവരുടെ മേൽ നാം എപ്പോഴും ഒരു കണ്ണ് സൂക്ഷിക്കുന്നും ഉണ്ട്.

ചുംബന സമരത്തിൽ പങ്കെടുക്കുന്നു എന്നതിനർഥം വഴിയിലൂടെ പോകുന്ന ആർക്കും അവരെ കേറി ചുംബിക്കാം എന്നല്ല. പ്രസവ സീൻ അഭിനയിച്ചത് കൊണ്ടോ, ഒരു ഐറ്റം ഡാൻസ് ചെയ്തതുകൊണ്ടോ അവർ സെക്ഷ്വൽ ഫ്രസ്ട്രേഷന്‍ മൂത്ത് നടക്കുന്നവരോ അല്ല. ഒരു സമരത്തിന്റെ മുന്നണി പോരാളികൾ ആകുന്നത് അവരുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമാണ്. എന്തിനു മുന്നിൽ വന്നു നിന്ന് എന്ന ചോദ്യം അപ്രസക്തം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സമൂഹമാണ് പരാതിക്കാരാവേണ്ടത്. സ്ത്രീ അനുകൂല നിയമങ്ങള്‍ എന്നത് ഒരര്‍ത്ഥത്തില്‍ സ്ത്രീയ്ക്ക് വേണ്ടി സമൂഹം സമര്‍പ്പിക്കുന്ന മുന്‍‌കൂര്‍ പരാതിയാണ്. എന്നാല്‍ സന്ദര്‍ഭം വരുമ്പോള്‍ സമൂഹം വേട്ടക്കാരനോപ്പം ചേരുകയും ഇരയുടെ മാംസം പങ്കു വെക്കുകയും ചെയ്യുന്നു. 

മലയാളികളുടെ അഴുകിയ സദാചാരം ഒന്നുകൂടി പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ടു എന്നതില്‍ കവിഞ്ഞ് പുതിയ വിവാദങ്ങൾക്ക് മറ്റു പല തലങ്ങളും ഉണ്ട്. സോളാർ കേസ് മുതൽ ബാർ കോഴ വിവാദം വരെയുള്ള വിഷയങ്ങൾ എടുത്താൽ പലപ്പോഴും ഒരു സ്ത്രീയുടെ എലമന്റ് കടന്നു വരുന്നതോടു കൂടി കോണ്ടക്സ്റ്റ് പൂര്‍ണ്ണമായും മാറുന്ന കാഴ്ച ദയനീയമാണ്. അത് വഴി മറച്ചു വെക്കപ്പെടുന്നത് കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ്. പ്രതിപക്ഷത്തിന്റെ അക്രമവും ജമീല പ്രകാശത്തിന്റെ കടിയുടെ പാടും പൊക്കി പിടിച്ചു നടക്കുന്നവരുടെ പ്രശ്നം ഇടതുപക്ഷ വിരോധം മാത്രമാണ് എന്ന് കരുതുക വയ്യ. മലയാളിയുടെ ഈ മെന്റൽ സൈക്ക് തന്നെ വരും തലമുറയെ പോലും ബൗദ്ധികമായി നാമാവശേഷമാക്കാൻ പോന്നതാണ്.

വായിക്കുന്ന വരികൾക്കിടയിലൂടെ കടന്നു പോവുമ്പോൾ ” പെണ്ണ് ” എന്ന വാക്ക് കാണുമ്പോൾ മനസ്സ് ഒരു ഇക്കിളിയിലൂടെ കടന്നു പോകുന്ന മാനസികാവസ്ഥ നമ്മുടെ ഭൂരിപക്ഷത്തിനും ഉണ്ടെന്നു പറയാതെ വയ്യ. ഒരു സമൂഹം മൊത്തം ഹിസ്റ്റീരിയ പോലെ പടർന്നു പിടിച്ച ഈ അസുഖത്തിനെ ചികിൽസിക്കേണ്ടത് ആര് എന്ന കാത്തുനില്പ്പിനു ഇനി വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഞങ്ങൾ ഞങ്ങള്‍ക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിച്ചോളാം, ഞങ്ങൾ എന്ത് ധരിക്കണം, എവിടെ പോകണം, ആരുടെ കൂടെ പോകണം എന്ന് തൽക്കാലം ഞങ്ങൾ തീരുമാനിച്ചോളാം എന്ന്‍ പെണ്‍കുട്ടികൾ ആര്‍ജവത്തോടെ പറയുന്ന കാലത്ത് നമുക്കും അതിനെ പിന്തുണച്ചു നിൽക്കാം.

 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍