UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

കുടുംബ പുരാണങ്ങള്‍ ആവര്‍ത്തിച്ചോളൂ, വലിച്ചു നീട്ടി ഇഴയ്ക്കാതിരുന്നാ മതി

അപര്‍ണ്ണ

ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റെ കന്നി സംവിധാന സംരംഭമാണ് ജെയിംസ് ആന്‍ഡ് ആലിസ്. ഒരു പാട് നീണ്ടു പോയിരുന്നു സിനിമയുടെ റിലീസ്. പേരും പാട്ടും ട്രെയിലറും സൂചിപ്പിച്ച പോലെ ജയിംസും ആലിസും തമ്മിലുള്ള പ്രണയത്തില്‍ ഊന്നിയാണ് സിനിമ മുന്നോട്ട് പോകുന്നത്. പൃഥ്വിരാജും വേദികയുമാണ് ജയിംസും അലിസും. ഇവരുടെ വിവാഹ പൂര്‍വ/അനന്തര പ്രണയ ജീവിതത്തില്‍ സംഭവിക്കുന്ന കുറെ പരിഭവങ്ങളും അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് സിനിമ.

ഒരേ സമയം കുടുംബ സിനിമയും പ്രണയ സിനിമയും ആകുന്നു ജെയിംസ് ആന്‍ഡ് ആലിസ്. പ്രണയ തുടക്കത്തില്‍ വിപ്ലവകാരിയും ധീരനും അനാഥനും ആയ ജയിംസും കോടീശ്വര പുത്രിയായ അലിസും നിറഞ്ഞ സന്തോഷത്തിലാണ്. പരസ്യചിത്ര മേഖലയിലെ അത്ര ഉറപ്പില്ലാത്ത ജോലി നോക്കുന്ന ജയിംസും ബാങ്കറായ അലിസും തങ്ങളുടെ പ്രണയത്തിന്റെ ഏഴാം വര്‍ഷത്തിലേക്കെത്തുമ്പോള്‍ നിരാശകളുടെ പാരമ്യത്തിലാണ്. എഴുപതുകള്‍ മുതലെങ്കിലും മലയാള സിനിമയില്‍ കണ്ടു തുടങ്ങിയ പതിവ് കാരണങ്ങള്‍ തന്നെയാണ് ഇവിടെയും. രണ്ടു പേര്‍ക്കും പരസ്പരം മനസിലാവുന്നില്ല, രണ്ടു പേരും വിട്ടുവീഴ്ചകള്‍ ചെയ്യുന്നില്ല. പരസ്പരമുള്ള പഴിചാരലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും പിന്നാലെയാണ് സിനിമ ഒന്നര മണിക്കൂര്‍. അച്ഛന്‍ ഇറക്കി വിടുന്നു, തിരിച്ചു വിളിക്കുന്നു, ഹാര്‍ട്ട് അറ്റാക്ക് ആയി മരിക്കുന്നു. പതിവ് ക്ലീഷേകള്‍ക്ക് ഒരു മാറ്റവുമില്ല, കുറവുമില്ല. ഒന്നര മണിക്കൂര്‍ നീണ്ട ഒന്നാം പകുതി ബാക്കിയാക്കിയത് പകുതി കസേരകള്‍ ഒഴിഞ്ഞ തിയേറ്റര്‍. പരിദേവനങ്ങള്‍ക്കിടയില്‍ ‘ആശുപത്രിക്കിടക്കയില്‍ വച്ച് അവര്‍ ഒന്നിക്കും’ എന്ന പൊതു തത്വവും അലിസിന്റെ പ്രതീക്ഷിത ക്ഷമാപണവും കഴിഞ്ഞും സിനിമ തീരുന്നില്ല.

വേണമെങ്കില്‍ ഒരു റിവേര്‍സ് ക്രമത്തിലും കഥ പറയാനുള്ള സാധ്യത സിനിമ തരുന്നുണ്ട്. ഇവിടെ എലിസബത്ത് എന്ന കുറഞ്ഞത് 16 വയസ്സെങ്കിലുമുള്ള പെണ്‍കുട്ടിയാണ് കേന്ദ്ര കഥാപാത്രം. അവള്‍ അച്ഛനെ പോലെ ചിത്രം വരക്കും. അവളുടെ പപ്പയ്ക്കും അമ്മയ്ക്കും പക്ഷെ 10 കൊല്ലം മുന്നേ ഐ ഫോണിന്റെ ഇപ്പോഴിറങ്ങിയ മോഡല്‍ ഫോണ്‍ ഉണ്ട്. കനല്‍. എന്ന മാസങ്ങള്‍ മാത്രം പഴക്കമുള്ള മോഹന്‍ലാല്‍ ചിത്രത്തിന്റെ നെടുങ്കന്‍ പോസ്റ്ററുകള്‍ ഒട്ടിച്ച തിരക്കിട്ട വഴിയിലൂടെ അവളുടെ അച്ഛന്‍ പണ്ടേക്കു പണ്ടേ കാര്‍ ഓടിക്കുന്നുണ്ട്. ഇത്തരം യുക്തികളെ വലിച്ചെറിഞ്ഞു പോയാലും ചിലപ്പോള്‍ നമ്മള്‍ ഇതൊക്കെ കണ്ട് പേടിച്ചു പോവും.

പൂര്‍ണമായും വിനോദോപാധിയായ സിനിമയാണ് ജെയിംസ് ആന്‍ഡ് ആലിസ്. ഹിറ്റ് ചാര്‍ട്ടിലേക്കു പൃഥ്വിരാജിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വാല്യു വച്ച് ഒന്ന് കടന്നു കയറാം എന്ന ഒരു ഉദ്ദേശമേ ഈ സിനിമക്ക് പിന്നില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളു. ഇനിയിപ്പോള്‍ സൈദ്ധാന്തികമായി എന്തെങ്കിലും കണ്ടെത്താന്‍ ആഗ്രഹം ഉള്ളവര്‍ക്ക് ജയിംസും പീറ്ററും തമ്മില്ലുള്ള സംഭാഷണങ്ങളില്‍ അത് കണ്ടെത്താന്‍ കിണഞ്ഞു ശ്രമിക്കാം. ജീവിതം തരാത്ത രണ്ടാം ചാന്‍സ് തന്ന മരണം പോലെ, തുടങ്ങിയ ഡയലോഗുകള്‍ കേള്‍ക്കാം. പക്ഷെ വല്ലാത്തൊരു അശ്രദ്ധ സിനിമയുടെ ഓരോ ഫ്രെയിമിലുമുണ്ട്. പണ്ട് 90 കളില്‍ മിഥുനവും കുസൃതിക്കാറ്റും പോലുള്ള കുടുംബ സിനിമകള്‍ ഇറങ്ങിയിരുന്നു. വളരെ സരസമായ ചിരി ഉണ്ടാക്കുന്ന സത്യസന്ധമായ രംഗങ്ങള്‍ ഉണ്ടായിരുന്നു അത്തരം സിനിമകളില്‍. അത്തരം ചില സിനിമകള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളോട് കലഹിക്കുമ്പോഴും അതിലെ മേക്കിങ്ങിന്റെ നേരിട്ടുള്ള ഇടപെടലുകളെ നമ്മള്‍ ആസ്വദിച്ചിരുന്നു. ജെയിംസ് ആന്‍ഡ് ആലിസ് അതെ കഥയെ വലിച്ചു നീട്ടി ഇഴയ്ക്കുന്നു.

പ്രണയത്തിന്റെ വിവാഹത്തിനു മുന്നേയും ശേഷവും ഉള്ള അവസ്ഥകള്‍ക്ക് മാറ്റം ഉണ്ടാകാം. അതുകൊണ്ട് കുടുംബ വഴക്കുകളും ഉണ്ടായിട്ടുണ്ടാവം. പക്ഷെ അതിനു പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച് പരിഹാരം കണ്ടെത്താന്‍ ആവില്ലല്ലോ.അഭിനേതാക്കള്‍ ആരും മോശമാക്കിയില്ല.

ബഹുഭാഷ സിനിമകളില്‍ നൂറാവര്‍ത്തി കണ്ട കുടുംബ പ്രശ്‌നങ്ങള്‍ ഒന്ന് കൂടി കാണാന്‍ താത്പര്യമുണ്ടെങ്കില്‍ മാത്രം ജെയിംസ് ആന്‍ഡ് അലിസിനു കയറുന്നത്. കേരളത്തിലെ അല്ലെങ്കില്‍ ലോകത്തിലെ കുടുംബ ഛിദ്രങ്ങളെക്കുറിച്ച് നിങ്ങള്‍ അസ്വസ്ഥരാണെങ്കില്‍ ഒരു പക്ഷെ ഇതിലെ ഉപദേശ നിര്‍ദേശങ്ങള്‍ ഗുണം ചെയ്‌തേക്കാം. ഈ രണ്ടു ഗണത്തിലും പെടാത്തവരെ സിനിമ നിരാശപ്പെടുത്താനാണ് സാധ്യത..

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍