UPDATES

സയന്‍സ്/ടെക്നോളജി

‘വര്‍ണവെറിയന്‍’ ജിം വാട്സണ്‍ നൊബേല്‍ പുരസ്‌കാരം വില്‍ക്കാന്‍ ഒരുങ്ങുന്നു

Avatar

ലോറ ഹെല്‍മത്
(സ്ലേറ്റ്)

ഇരുപതാം  നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരില്‍ ഒരാളാണ് ജിം വാട്‌സണ്‍. വെറിപിടിച്ച ആശയ ഭ്രാന്തന്‍ കൂടിയാണ് അദ്ദേഹം. 1953ല്‍, ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ ഒരാള്‍ എന്ന നിലയിലാവും ചരിത്രത്തില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടുക. വാട്‌സണ്‍ ഈ ആഴ്ച ആ ചരിത്രം ഇന്‍ഷ്വര്‍ ചെയ്യുകയാണ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ചരമവാര്‍ത്തയുടെ ആമുഖത്തില്‍, അദ്ദേഹം ഒരു വട്ടന്‍ കൂടിയായിരുന്നു എന്ന് രേഖപ്പെടുത്താനും അദ്ദേഹത്തിന്റെ പുതിയ നീക്കം ഉപകരിക്കും.

കാലുഷ്യത്തിന്റെയും ആത്മാനുകമ്പയുടെയും തിരതള്ളലില്‍ അദ്ദേഹം തന്റെ നോബല്‍ മെഡല്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി നോബല്‍ മെഡല്‍ വില്‍ക്കുന്ന നോബല്‍ സമ്മാന ജേതാവായിരിക്കും അദ്ദേഹം. ശാസ്ത്രത്തിലെ ഏറ്റവും വലിയ ബഹുമതിയായ (പ്രതീക്ഷിക്കുന്ന വില: 3.5 മില്യണ്‍ ഡോളര്‍ വരെ) സുവര്‍ണ ഫലകം ഈ വ്യാഴാഴ്ച ലേലം ചെയ്യുന്നതിനുള്ള നിരവധി കാരണങ്ങള്‍ അദ്ദേഹം ഫിനാന്‍ഷ്യല്‍ ടൈംസിനോട് വിശദീകരിച്ചു. 79-ാം വയസുവരെ പല പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങള്‍ നടത്തുകയും കോര്‍പ്പറേറ്റ് ബോര്‍ഡുകളില്‍ അംഗമാവുകയും ചെയ്തിരുന്നുവെങ്കിലും തനിക്കിപ്പോഴും പണത്തിന്റെ ആവശ്യമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അത് സര്‍വലാശാലകള്‍ക്ക് സംഭാവന നല്‍കുകയോ അല്ലെങ്കില്‍ ഡേവിഡ് ഹോക്‌നെയുടെ പെയ്ന്റിംഗ് വാങ്ങാന്‍ വേണ്ടി വിനിയോഗിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ‘വ്യക്തിത്വം ഇല്ലാതായെന്നും’ ‘താന്‍ ജീവിച്ചിരിക്കുന്നുവെന്ന് സമ്മതിക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും’ അതിനാലാണ് താന്‍ മെഡല്‍ വില്‍ക്കുന്നതെന്നും അദ്ദേഹം എഫ്ടിയോട് പറഞ്ഞു.

ഇത് ഹോക്‌നെയെ സംബന്ധിക്കുന്നതല്ല. 2007 മുതല്‍ അദ്ദേഹത്തെ മിക്കവാറും അകറ്റി നിര്‍ത്തിയ ശാസ്ത്ര സ്ഥാപനങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുന്നതിനുള്ള വാട്‌സണിന്റെ രീതിയാണ് മെഡല്‍ വില്‍പന. തന്റെ ജീവിതകാലം മുഴുവന്‍ വര്‍ണപരവും ലിംഗപരവുമായ വിവാദ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സണ്‍ഡെ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍ പരാമര്‍ശങ്ങളെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു. ‘ആഫ്രിക്കയുടെ സാധ്യതകളെ കുറിച്ച് ഞാന്‍ ജന്മനാ തന്നെ സംശയാലുവാണ്,’ ആ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, കാരണം ‘അവരുടെ ബുദ്ധി നമ്മുടേതിന് തുല്യമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ സാമൂഹിക നയങ്ങള്‍ക്കെല്ലാം രൂപം നല്‍കിയിരിക്കുന്നത്-പക്ഷെ അങ്ങനെയല്ലെന്നാണ് എല്ലാ പരീക്ഷണങ്ങളും പറയുന്നത്. ‘വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ബുദ്ധിയില്‍ തുല്യത വേണമെന്നാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നതെങ്കിലും, ‘കറുത്ത വര്‍ഗ്ഗത്തില്‍ പെട്ട തൊഴിലാളികളുമായി ഇടപഴകുന്നവര്‍ ഇത് ശരിയല്ലെന്ന് പറയും,’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

അവസാനമായി, വിവരക്കേടും മുന്‍വിധിയും നിറഞ്ഞ പ്രസ്താവനകള്‍ നടത്താത്ത ഒരു സന്ദര്‍ഭവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അദ്ദേഹം 40 വര്‍ഷം തലവനായിരുന്ന കോള്‍ സ്പ്രിംഗ് ഹാര്‍ബര്‍ സര്‍വകലാശാല അദ്ദേഹത്തെ പുറത്താക്കി (അദ്ദേഹം ഇപ്പോഴും അവിടെ ചാന്‍സിലര്‍ എമിറേറ്റ്‌സ് ആണെങ്കിലും). ‘അദ്ദേഹം ഞങ്ങളെ ഏറ്റവും മോശമായ രീതിയില്‍ നിരാശപ്പെടുത്തി. ശ്രദ്ധേയമായ ഒരു കരിയറിന്റെ ദുഃഖകരവും ജുഗുപ്‌സാവഹവുമായ അന്ത്യമാണിത്,’ എന്ന് അമേരിക്കന്‍ സയന്റിസ്റ്റ് ഫെഡറേഷന്റെ പ്രസിഡന്റ് പറഞ്ഞു. വാട്‌സണ്‍ വളരെ വര്‍ഷങ്ങള്‍ ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ തലവനായി പ്രവര്‍ത്തിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടര്‍ പറഞ്ഞത്, ‘വാട്‌സണിന്റെ പരാമര്‍ശങ്ങള്‍, ഏത് കാഴ്ചപ്പാടില്‍ നോക്കിയാലും തെറ്റാണ്. ഈ മേഖലയിലുള്ള ഗവേഷണ പ്രബന്ധങ്ങളിലെ പരാമര്‍ശങ്ങള്‍ക്ക് അപ്പാടെ വിരുദ്ധമാണിത്,’ എന്നാണ്.

ജനിതക ശാസ്ത്രത്തെ ലജ്ജിപ്പിക്കുന്ന, കിറുക്കന്‍ കാരണവരാണ് വാട്‌സണ്‍ എന്ന് അദ്ദേഹത്തിന്റെ 79-ാം വയസിലാണ് അദ്ദേഹത്തിന്റെ മേഖലയില്‍ അറിവുള്ളവര്‍ തിരിച്ചറിയുന്നത്. പക്ഷെ, യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാനുള്ള ശക്തി നഷ്ടപ്പെട്ട ഒരാളുടെ വാചാടോപമായിരുന്നില്ല ഇത്. അദ്ദേഹം എല്ലാക്കാലത്തും അസഹനീയനായ ഒരു വ്യക്തിയായിരുന്നു.

അദ്ദേഹത്തിന്റെ ആദ്യകാല പാപങ്ങളില്‍ ഒന്ന്: ആ സമയത്ത് ഡിഎന്‍എയില്‍ പഠനം നടത്തുകയായിരുന്ന കെമിസ്റ്റായ റോസലിന്റ് ഫ്രാങ്കിളിന്റെ പേര് പരാമര്‍ശിക്കാന്‍ വാട്‌സണ്‍ തയ്യാറായില്ല. എക്‌സ്-റെ ഡിഫ്രാക്ഷന്‍ ബിംബങ്ങളിലുള്ള അവരുടെ നിര്‍ണായക ഗവേഷണം ഇല്ലായിരുന്നെങ്കില്‍ ഡബിള്‍ ഹെലിക്‌സ് ഘടന കണ്ടുപിടിക്കുന്ന ആദ്യ ശാസ്ത്രജ്ഞര്‍ വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ആയിരിക്കുമായിരുന്നില്ല (അവരുടെ തൊട്ടു പിന്നില്‍ തന്നെയുണ്ടായിരുന്ന ലീനസ് പൗളിംഗും മറ്റുള്ളവരും അത് കണ്ടുപിടിക്കുമായിരുന്നു). വാട്‌സണിന്റെ ദ ഡബിള്‍ ഹെലിക്‌സ് ഓര്‍മയില്‍, ഫ്രാങ്ക്ലിനെ ‘റോസി’ (അവര്‍ ഉപയോഗിക്കാത്ത ഒരു ഇരട്ടപ്പേര്) എന്ന് വിളിക്കുകയും അവരുടെ വേഷവിധാനത്തെയും മേക്കപ്പിനെയും കളിയാക്കുകയും മറ്റൊരു ശാസ്ത്രജ്ഞന്റെ അസിസ്റ്റന്റ് എന്ന് തെറ്റായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഹാര്‍വാര്‍ഡ് പ്രൊഫസര്‍ എന്ന നിലയില്‍ അദ്ദേഹം മറ്റുള്ളവരെ അധിക്ഷേപിക്കുകയും ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും ചെയ്തിരുന്നു. മറ്റൊരു ഹാര്‍വാര്‍ഡ് പ്രൊഫസര്‍ക്ക് പോലും സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു ഇത്. തന്മാത്രകളെ കുറിച്ചല്ലാതെ മറ്റെന്തിനെ കുറിച്ചും പഠിക്കുന്ന ശാസ്ത്രജ്ഞന്മാരോടുള്ള വാട്‌സണിന്റെ പുച്ഛം കാരണം അദ്ദേഹത്തെ ‘കലിഗുല ഓഫ് ബയോളജി’ എന്നാണ് 1950 കളിലേയും 60 കളിലേയും അദ്ദേഹത്തിന്റെ സഹ ഫാക്കല്‍ട്ടി ആയിരുന്ന ഇ ഒ വില്‍സണ്‍ വിശേഷിപ്പിച്ചത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, വാട്‌സണ്‍ 25-ാം വയസില്‍ തന്നെ പ്രതിഭയുടെ ഉന്നതിയില്‍ എത്തിയതിനാല്‍, ‘അദ്ദേഹത്തിന്റെ മനസില്‍ വരുന്നതെന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് നല്‍കപ്പെടുകയും, എല്ലാവരും അത് ഗൗരവമായി എടുക്കപ്പെടും എന്ന് പ്രതീക്ഷിക്കുകയും ചെയ്തു’, എന്ന് വില്‍സണ്‍ എഴുതി.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഭരണകൂടത്തിന്‍റെ ചാരക്കണ്ണുകളില്‍ നിന്ന് ഐഫോണ്‍ നിങ്ങളെ രക്ഷിക്കുമോ?
തോമസ് ആല്‍വ എഡിസണ്‍ എന്തുകൊണ്ട് പെട്രോളിയം വ്യവസായത്തില്‍ പണം മുടക്കിയില്ല?
ബെന്‍ ബ്രാഡ്ലീ : ഇതിഹാസം ഈ പത്രാധിപര്‍
കൊടുംകുറ്റവാളികളും ജനിതകവേരുകളും
എവിടെ നമ്മുടെ സ്റ്റീവ് ജോബ്സ്?

2000 ല്‍ ബര്‍ക്കിലിയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സൂര്യപ്രകാശവും ലൈംഗികതൃഷ്ണയും തമ്മില്‍ ബന്ധമുണ്ടെന്ന് വാട്‌സണ്‍ തട്ടിമൂളിച്ചു. അതുകൊണ്ടാണത്രെ, ‘നിങ്ങള്‍ ലാറ്റിന്‍ പ്രേമികളായി മാറുന്നത്.’ സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്ത ആ പ്രസംഗത്തില്‍ മെലിഞ്ഞവര്‍ തീവ്ര ഉല്‍കര്‍ഷേച്ഛയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ തടിച്ച മനുഷ്യരുമായി അഭിമുഖം നടത്തുമ്പോള്‍,’ അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ക്ക് ഉത്സാഹം ഉണ്ടാവില്ല. കാരണം, അവരെ നിങ്ങള്‍ നിയമിക്കാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാം’.

2007ല്‍ അപമതിക്ക് വിധേയനായ ശേഷവും ചില വിഭാഗം മനുഷ്യരെ തള്ളിക്കളയുന്ന സ്വഭാവം അദ്ദേഹം നിറുത്തിയതേയില്ല. ഉദാഹരണത്തിന്, 2012ല്‍ നടന്ന ഒരു ശാസ്ത്ര കോണ്‍ഗ്രസ്സില്‍, ശാസ്ത്രരംഗത്തുള്ള സ്ത്രീകളെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: ‘ഇത്രയും സ്ത്രീകള്‍ ചുറ്റുമുള്ളത് പുരഷന്മാര്‍ക്ക് സന്തോഷപ്രദമായിരിക്കും, പക്ഷെ അവരുടെ കാര്യക്ഷമത താരതമ്യേന കുറവാവാകാനാണ് സാധ്യത.’

തനിക്ക് ശരിക്കും മനസിലാവാത്ത കാര്യങ്ങളെ കുറിച്ച് വാചകമടിക്കുന്ന ഒരാളെന്ന നിലയിലാണ് ശാസ്ത്ര ലേഖകരുടെ ഇടയില്‍ വാട്‌സണുള്ള പ്രശസ്തി. ഇത് അദ്ദേഹത്തെ നല്ലൊരു അത്താഴമേശ കൂട്ടുകാരനാക്കും, പക്ഷെ ഒരു മോശം വാര്‍ത്ത സ്രോതസും. ഉദാഹരണത്തിന്, ‘രണ്ട് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ ഭേദമാക്കുന്ന,’ ഒരു ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് 16 വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് ലേഖകനോട് പറഞ്ഞുകളഞ്ഞു. ജനിതക പേറ്റന്റ് നിയമപരാതികളില്‍ അദ്ദേഹം സ്വയം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അമിക്കസ് കുറിപ്പുകള്‍ നല്‍കും. എന്നാല്‍ സംഗതമായ നിയമ പ്രശ്‌നങ്ങളില്‍ അടിസ്ഥാന തെറ്റിധാരണ പുലര്‍ത്തുകയും ചെയ്യും.

തീര്‍ച്ചയായും വര്‍ഗ്ഗം, ജീനുകള്‍, ബൗദ്ധികത എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളില്‍ വാട്‌സണ്‍ അടിസ്ഥാന തെറ്റിധാരണ പുലര്‍ത്തുന്നുണ്ട്. ബെല്‍ കര്‍വ് സ്റ്റാറ്റിസ്റ്റിക്കല്‍ അപഗ്രഥനത്തെ കളിയാക്കുന്നതിന് വളരെ മുമ്പേ തന്നെ ശാസ്ത്രജ്ഞന്മാര്‍ അദ്ദേഹത്തിന്റെ പോലുള്ള ആശയങ്ങളുടെ പൊള്ളത്തരം പുറത്ത് കൊണ്ടുവരാന്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം നിക്കോളാസ് വാഡിന്റെ ‘ട്രബിള്‍സം ഇന്‍ഹെറിറ്റന്‍സ്’ എന്ന പുസ്തകം പുറത്ത് വന്നതോടെയാണ് ഇനിയും ഞങ്ങള്‍ ഇത് ആവര്‍ത്തിക്കണോ എന്ന ഉച്ചത്തിലുള്ള നിലവിളി കേട്ടു തുടങ്ങിയത്. പുസ്തകത്തിന്റെ ബ്ലര്‍ബില്‍ വാട്‌സണ്‍ ഇങ്ങനെ എഴുതി, ‘നമ്മുടെ ഓരോരുത്തരുടെയും വംശപാരമ്പര്യത്തെ കുറിച്ചുള്ള ആധികാരികമായ പഠനം. മനുഷ്യവര്‍ഗത്തിന്റെ പരിണാമത്തെ കുറിച്ച് ഇനി നമുക്ക് മനസിലാക്കാന്‍ തുടങ്ങാം.’ വംശാടിസ്ഥാനത്തിലുള്ള സ്വഭാവങ്ങളെ കുറിച്ചുള്ള പുസ്തകത്തിലെ നിഗമനങ്ങള്‍ എന്തുകൊണ്ട് തെറ്റാണെന്ന് നരവംശ ശാസ്ത്രജ്ഞരും പരിണാമ ജീവശാസ്ത്രജ്ഞരും മാത്രമല്ല വിഷയത്തില്‍ ശരിയായ പ്രവീണ്യമുള്ള എല്ലാവരും വിശദീകരിച്ചു. ദൗര്‍ഭാഗ്യവശാല്‍, തന്റെ ചിന്തകളെ കുറിച്ച് വാട്സണേക്കാള്‍ കൂടുതല്‍ ആര്‍ജവം പ്രദര്‍ശിപ്പിച്ചത് വാഡായിരുന്നു.

61 വര്‍ഷം മുമ്പ് ഡിഎന്‍എയുടെ ഭൗതിക ഘടനയെ കുറിച്ച് പ്രധാനപ്പെട്ട ഒരു ഉള്‍ക്കാഴ്ച വാട്‌സണ് ഉണ്ടായി. ആധുനിക ബയോളജിയുടെ വളരെ പ്രധാനപ്പെട്ടതും എന്നാല്‍ വളരെ സൂക്ഷമവുമായ ഒരു ഉപവിഭാഗത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. മാത്രമല്ല, അദ്ദേഹത്തിന്റെ ശിഷ്ടകാലത്തിന്റെ ഭൂരിഭാഗം സമയവും കാന്‍സര്‍ ബയോളജിയുടെ പഠനത്തിനായി മാറ്റി വയ്ക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിന് ചരിത്രം, മനുഷ്യ പരിണാമം, നരവംശശാസ്ത്രം, സാമൂഹിക ശാസ്ത്രം, മനഃശാസ്ത്രം, ബുദ്ധിയെ കുറിച്ചോ വംശത്തെ കുറിച്ചോ ഉള്ള ഏതെങ്കിലും കഠിനമായ പഠനങ്ങള്‍ എന്ന് വേണ്ട സകലതിനെ കുറിച്ചും അറിവുണ്ട്! പക്ഷെ, തന്റെ അപഗ്രഥന തലമായ തന്മാത്ര തലത്തില്‍ നിന്നു കൊണ്ട് ഏത് ഉയര്‍ന്ന തലത്തിലുള്ള അപഗ്രഥനങ്ങളും നടത്താനുള്ള വൈദഗ്ധ്യം തനിക്കുണ്ടെന്ന തോന്നല്‍, ശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള തെറ്റിധാരണയില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. ഒരു ഡിഎന്‍എയുടെ ഘടന ഒരു കോശത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിക്കുന്നില്ല. ഒരു കോശത്തിന്റെ പ്രവര്‍ത്തനം ശരീരത്തിന്റെ രൂപത്തെ കുറിച്ച് വിശദീകരിക്കുന്നില്ല. ശരീരത്തിന്റെ രൂപം ഒരു സംസ്‌കാരത്തിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് വിശദീകരിക്കുന്നില്ല. ജിം വാട്‌സണ്‍ വരികയും സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നത് വരെ, കറുത്ത തൊലിയുള്ള മനുഷ്യര്‍ വെള്ളത്തൊലിയുള്ളവരെക്കാള്‍ താഴ്ന്നവരാണെന്ന ഭയാനകമായ സത്യം ശാസ്ത്രജ്ഞന്മാര്‍ ലോകത്തില്‍ നിന്നും ഒളിച്ചു പിടിക്കുകയായിരുന്നു എന്ന് സങ്കല്‍പിക്കുന്ന തരത്തിലുള്ള ഇടപാടൊന്നുമല്ല ഇത്. അങ്ങനെ ധരിക്കുന്നത് ശുദ്ധ ഭോഷ്‌കാണ്.

ഗവേഷണത്തിലെ ഒരു നിശ്ചിത ഭാഗത്തിന് മാത്രമാണ് ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നല്‍കുന്നത് എന്ന അറിവ് അല്‍പം ആശ്വാസം നല്‍കുന്നു. അത് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡൊന്നുമല്ല; ഒരു ശാസ്ത്രജ്ഞന് മാത്രമായല്ല അത് നല്‍കുന്നത്; എന്തെങ്കിലും ഒരു കാര്യത്തിനാണ് അത് നല്‍കുന്നത്. ഇവിടെ ‘ന്യൂക്ലിക് ആസിഡുകളുടെ തന്മാത്ര ഘടനയെ കുറിച്ചും ജൈവ ഘടകങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിലുള്ള അതിന്റെ പ്രാധാന്യത്തെയും സംബന്ധിച്ചുള്ള അവരുടെ കണ്ടെത്തലുകള്‍ക്കാണ്,’ വാട്‌സണ്‍, ക്രിക്, മൗറിസ് വില്‍കിന്‍സ് എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കിയിരിക്കുന്നത്.

ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നിന്റെ അംഗീകാരം എന്ന നിലയില്‍ വാട്‌സണ് ലഭിച്ച നോബല്‍ മെഡല്‍ ലേലം ചെയ്യാനുള്ള ആലോചന ഏറെ മുന്നെ ആരംഭിച്ചതാണെന്ന് വേണം സംശയിക്കാന്‍. അതിന്റെ വില്‍പന ‘പൊതു ജിവിതത്തിലേക്ക് പുനഃപ്രവേശിക്കാനുള്ള’ ഒരു മാര്‍ഗമാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞ വാട്‌സണ്‍, താന്‍ ‘പരമ്പരാഗത രീതിയിലുള്ള ഒരു വര്‍ണവെറിയനല്ല,’ എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ അപരിഷ്‌കൃതരായി മുദ്രകുത്തുന്ന കറുത്തവര്‍ക്കെതിരായ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ പ്രതിഷേധിക്കുന്ന സമയത്താണ് ലേല വിവരം പ്രഖ്യാപിച്ചതെന്ന കാര്യം വാട്‌സണ്‍ അറിഞ്ഞിരിക്കാന്‍ ഇടയില്ല. പക്ഷെ വര്‍ണവെറിയുടെ അജ്ഞത സര്‍വവ്യാപിയും അപകടകാരിയുമാണെന്ന്, ശ്രദ്ധ ആകര്‍ഷിക്കാനായി ജിം വാട്‌സണ്‍ പ്രഖ്യാപിച്ച ലേലം അദ്ദേഹത്തിന്റെ പാരമ്പര്യത്തെ കരിതേക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ഈ ജനപ്രതിഷേധങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍