UPDATES

കേരളത്തിലെ ഒരു സിവില്‍ എഞ്ചിനീയര്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ വിദഗ്ദ്ധനായതെങ്ങനെ

ജെയിംസ് വില്‍സന്റെ ആഴത്തില്‍ പഠിച്ച ബ്ലോഗുകളും ട്വീറ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടി

സാമ്പത്തിക ശാസ്ത്രത്തില്‍ ഒരു തുടക്കക്കാരന്‍ മാത്രമാണെന്നു പറയുന്ന ജയിംസ് വിത്സന്‍  ഒരു സിവില്‍ എഞ്ചിനീയറാണ്. എന്നാല്‍ അദ്ദേഹം നരേന്ദ്ര മോദിയുടെ വിമുദ്രീകരണ നീക്കത്തെക്കുറിച്ച് ഒരു വിശകലന വിദഗ്ദ്ധനായി മാറിയിരിക്കുന്നു. വിവിധ സ്രോതസുകളില്‍ നിന്നും വിശ്വസനീയമായ കണക്കുകള്‍ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള കഴിവാണ് ജയിംസിനെ അതിനു സഹായിച്ചത്.

കേരള സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തര്‍ക്കത്തിലെ പ്രത്യേക വിഭാഗത്തില്‍ ജോലിചെയ്യുന്ന 47-കാരനായ ഈ എഞ്ചിനീയര്‍ അവിചാരിതമായാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. ‘ഞാന്‍ പ്രശസ്തനാകാന്‍ വേണ്ടി ബ്ലോഗ് എഴുതിയതല്ല,’ വില്‍സണ്‍ പറയുന്നു. ‘ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു വിഷയത്തെ പിന്തുടരുകയായിരുന്നു എന്റെ ലക്ഷ്യം. പ്രമുഖ വ്യക്തികളില്‍ നിന്നും അഭിനന്ദനം കിട്ടിയതില്‍ സന്തോഷമുണ്ട്.’

എങ്ങനെയാണത് തുടങ്ങിയത്
റിസര്‍വ് ബാങ്ക്, National Payment Corporation of India, പ്രമുഖ സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍, വിശ്വസനീയമായ വാര്‍ത്തകള്‍ എന്നിവ ശേഖരിക്കുന്ന വില്‍സണ്‍ അവയെ വിശകലനം ചെയ്യുന്നു. നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ അന്ന് രാത്രിയാണ് അദ്ദേഹത്തിന്റെ  ആദ്യ ട്വീറ്റ് വന്നത്. ‘ഇന്ത്യയില്‍ ഇത് സംഭവിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, കണക്കില്‍പ്പെടാത്ത പണം തടയാനായി 1946 ജനുവരിയില്‍ 1000 രൂപയുടെയും 10,000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ചിരുന്നു.

1954ല്‍ 1,000, 5,000, 10,000 രൂപയുടെ നോട്ടുകള്‍ വീണ്ടും പുറത്തിറക്കി. ഇവ 1978 ജനുവരിയില്‍ വീണ്ടും പിന്‍വലിച്ചു. അന്നായിരുന്നു ഇന്ത്യയില്‍ അവസാനമായി വിമുദ്രീകരണം നടത്തിയത്. ഏതാണ്ട് 36 കൊല്ലം മുമ്പ്.’

‘അന്നുമുതല്‍ ട്വിറ്ററില്‍ എനിക്കു വലിയതോതില്‍ പ്രതികരണങ്ങള്‍ ലഭിച്ചു,’ വില്‍സണ്‍ പറഞ്ഞു. ‘അത് ട്വിറ്ററില്‍ മുങ്ങിപ്പോകാതിരിക്കാന്‍ എന്നോടാവശ്യപ്പെട്ടു. അങ്ങനെയാണ് ബ്ലോഗ് തുടങ്ങിയത്.’

വിമുദ്രീകരണ പ്രഖ്യാപനത്തിന് 5 ആഴ്ച്ചകള്‍ക്ക് ശേഷം ഡിസംബര്‍ 17നാണ് വില്‍സണ്‍ ബ്ലോഗ് തുടങ്ങിയത്. വിതരണത്തിലുള്ള കാശിനെ അതെങ്ങിനെ ബാധിക്കും, വാഗ്ദാനം ചെയ്ത പോലെ 50 ദിവസത്തിനുള്ളില്‍ നോട്ടുകള്‍ പകരമെത്തിക്കാന്‍ കഴിയുമോ എന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക താത്പര്യം. 500 രൂപ നോട്ടുകളുടെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ആദ്യ ബ്ലോഗ്. തന്റെ വാദത്തെ സമര്‍ത്ഥിക്കാന്‍ പട്ടികകള്‍, ഗ്രാഫ്, പൈ ചാര്‍ട് എന്നിവയെല്ലാം ഉണ്ടായിരുന്നു.

ഡിസംബര്‍ 21നു മറ്റൊരു തീക്ഷ്ണ വിമര്‍ശനക്കുറിപ്പ് വില്‍സണ്‍ പ്രസിദ്ധീകരിച്ചു. ‘ഒരു ഭീമന്‍ ദുരന്തം കാത്തിരിക്കുന്നു’; അതില്‍ കാശ് അച്ചടിക്കുന്ന പ്രസുകളുടെ ശേഷിയും അച്ചടി ജോലി വിദേശ രാജ്യങ്ങളിലേക്ക് പുറംജോലിക്കരാര്‍ നല്‍കുന്നതും ചര്‍ച്ച ചെയ്യുന്നു. അതില്‍ കാശ്, വിതരണ സംവിധാനത്തിലേക്ക് തിരികെയെത്തുന്ന സാഹചര്യങ്ങളും അനുമാനിക്കുന്നു. ‘കാശ് ഞെരുക്കം മനസിലാക്കാന്‍ പരസ്യമായി ലഭ്യമായ രേഖകളെയാണ് ഞാന്‍ ആശ്രയിച്ചത്. വിഭവ കൈകാര്യത്തില്‍ പരിശീലനം നേടിയ ഒരാളെന്ന നിലയില്‍ കണക്കുകള്‍ വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്താന്‍ എനിക്ക് എളുപ്പമായിരുന്നു. തുറന്നുപറഞ്ഞാല്‍, എനിക്ക് സാമ്പത്തികശാസ്ത്രവും ധനകാര്യവും അത്രയൊന്നും പിടിയില്ല.’

മുഖ്യധാര മാധ്യമങ്ങളില്‍ വിമുദ്രീകരണത്തെക്കുറിച്ച് വേണ്ടത്ര പഠിച്ച വിശകലനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് താന്‍ ഇതെഴുതാന്‍ തുടങ്ങിയതെന്ന് വില്‍സണ്‍ പറയുന്നു. ‘തുടക്കം മുതലേ കയ്യില്‍ ആവശ്യത്തിന് കാശുണ്ടെങ്കില്‍ കാശ് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍, ഈ സാഹചര്യത്തെക്കുറിച്ചുള്ള പണ്ഡിതോചിതമായ പഠനങ്ങള്‍ എനിക്ക് കാണാനായില്ല. ഭൂരിപക്ഷം മാധ്യമങ്ങളും സര്‍ക്കാരിന്റെ ഉറപ്പുകള്‍ ദിവസംതോറും കൊടുക്കുക മാത്രമാണ്  ചെയ്തിരുന്നത്.’ വില്‍സന്റെ കുറിപ്പുകളെ തുടര്‍ന്ന് പുതിയ നോട്ടുകളുടെ എണ്ണത്തെക്കുറിച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധി ഇറക്കിയ ഒരു പ്രസ്താവന പിന്‍വലിക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതമായി. ‘കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുള്ള തൊഴില്‍ വൈദഗ്ദ്ധ്യക്കുറവാണ് അത് കാണിച്ചത്,’ വില്‍സണ്‍ പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അനുയായികള്‍ ആ രേഖ പൊക്കിയെടുക്കാന്‍ വില്‍സനെ സഹായിച്ചു. ‘രേഖ മുക്കിയപ്പോളും അത് ശേഖരത്തില്‍ നിന്നും കളയാന്‍ ആര്‍ബിഐ അധികൃതര്‍ മറന്നു. കാശ് രഹിതരാകാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് പോലും ഒരു രേഖ തങ്ങളുടെ സംവിധാനത്തില്‍ നിന്നും കാണാതാക്കാനുള്ള ഡിജിറ്റല്‍ സാക്ഷരതയുടെ അടിസ്ഥാനപാഠം പോലുമില്ലെന്നത് അമ്പരപ്പിക്കുന്നതാണ്.’

ഗവേഷണവും വസ്തുത പരിശോധനകളും
നന്നായി ഗവേഷണം ചെയ്‌തെഴുതുന്നവ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് തന്റെ ബ്ലോഗിന്റെ ജനപ്രിയതയ്ക്ക് കാരണമെന്ന് വില്‍സണ്‍ വിശ്വസിക്കുന്നു. ‘ബ്ലോഗ് എഴുതുന്നതിന് മുമ്പ് ഒരു മാസം ഞാന്‍ ഗവേഷണം നടത്തി. ജോലി കഴിഞ്ഞുവന്ന് രണ്ടും മൂന്നും മണിക്കൂര്‍ ഞാന്‍ വായിക്കുമായിരുന്നു. പൊതുമണ്ഡലത്തില്‍ എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ എനിക്ക് വേദി നല്‍കി.’

സാധ്യമാവുന്നത്ര കൃത്യത പാലിക്കാനുള്ള പരിശീലനം 1994ല്‍ വില്‍സണ്‍ ചേര്‍ന്ന കേരള വൈദ്യുതി ബോര്‍ഡിലെ ജോലിയില്‍ നിന്നാണ് അദ്ദേഹത്തിന് ലഭിച്ചത്. 2001ല്‍ അണക്കെട്ട് കൈകാര്യ വിഭാഗത്തിലേക്ക് മാറി. 2006ലാണ് മുല്ലപ്പെരിയാര്‍ പ്രത്യേക വിഭാഗത്തില്‍ എത്തിയത്.

‘ജല തര്‍ക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുകയാണ് എന്റെ ജോലി. സര്‍ക്കാരിന് നല്‍കും മുമ്പ് എന്റെ കടലാസുകള്‍ എനിക്ക് 10 തവണ വീണ്ടും വീണ്ടും നോക്കണം. ബ്ലോഗ് എഴുതുമ്പോഴും ഞാനിതുതന്നെയാണ് പിന്തുടര്‍ന്നത്.’

ഇന്നത്തെക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ വിഷയങ്ങള്‍ വേണ്ടത്ര വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നിലെന്ന് വില്‍സണ്‍ പറയുന്നു. ‘അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ മത്സരമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍കാലത്തെപ്പോലെ സമയവും സ്വാതന്ത്ര്യവും ഇല്ല. ഭൂരിഭാഗം പേരും സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ അതേപോലെ വിശ്വസിക്കുന്നവരാണ്.’ ബ്ലോഗ്, ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കുന്നു. ഒരു ട്വിറ്റര്‍ ഉപയോക്താവ് വില്‍സന്റെ രീതിശാസ്ത്രത്തെക്കുറിച്ച് സംശയം ഉന്നയിച്ച്. ‘പ്രസുകളുടെ വര്‍ദ്ധിപ്പിച്ച ശേഷിയെ ഞാന്‍ കണക്കിലെടുക്കുന്നില്ലെന്ന് ഒരാള്‍ പറഞ്ഞു. പക്ഷേ, ഒരു കറന്‍സി പ്രസിന്റെയും ശേഷി ഇതുവരെയും വര്‍ദ്ധിപ്പിച്ചിട്ടില്ല. അത് കടലാസ് ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷിയായിരുന്നു.’

വിമുദ്രീകരണത്തിന് മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ട് മധ്യകേരളത്തിനുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചായിരുന്നു വില്‍സണ്‍ എഴുതിയത്.

രണ്ടു വിഷയങ്ങളും തമ്മിലുള്ള സമാനതകള്‍ കാണിച്ചു വില്‍സണ്‍ പറയുന്നു, ‘മുല്ലപ്പെരിയാര്‍ കേരളത്തിന് ഒരു വൈകാരിക പ്രശ്‌നമാണ്. വിമുദ്രീകരണം ഇന്ത്യയെ ആകെ ബാധിക്കുന്ന പ്രശ്‌നമാണ്.’

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ‘ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ ഇനിയും എഴുതും.’

(scroll.in പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ സ്വതന്ത്ര പരിഭാഷ)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍