UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍

Avatar

ടീം അഴിമുഖം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മോദി തരംഗം കാശ്മീരിലേക്ക് വ്യാപിപ്പിക്കേണ്ടത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

87 അംഗ ജമ്മു-കാശ്മീര്‍ നിയമസഭയിലെ ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനം 2008-ല്‍ നേടിയ 11 സീറ്റുകളാണ്. കാശ്മീര്‍, ലഡാക് മേഖലകളില്‍ നിന്നും ഒറ്റ അംഗത്തെ പോലും ജയിപ്പിക്കാനാവാത്ത പാര്‍ട്ടി പക്ഷെ നിയമസഭയില്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. പരമ്പരാഗതമായി നോക്കുകയാണെങ്കില്‍ ഇത് അതിമോഹമാണെന്ന് പറയാതിരിക്കാനാവില്ല.

ജമ്മു മേഖലയിലെയും ലഡാക്കിലെയും ഇരു ലോക്‌സഭ സീറ്റുകളും വിജയിച്ച ബിജെപി ഈ മേഖലയിലെ 41 നിയമസഭ സീറ്റുകളില്‍ 27 എണ്ണത്തിലും ആധിപത്യം പുലര്‍ത്തി. എന്നാല്‍ മുസ്ലീം ഭൂരിപക്ഷ കാശ്മീര്‍ മേഖലയിലെ 46 സീറ്റുകളില്‍ ഒന്നില്‍ പോലും ആധിപത്യം സ്ഥാപിയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പക്ഷെ ഭരണമുന്നണിയിലെ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പ്രത്യേകം പ്രത്യേകം മത്സരിക്കാന്‍ തീരുമാനിച്ചത് ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാശ്മീര്‍ താഴ്വരയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി പ്രത്യേക പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. ശ്രീനഗറിലെ അമിറ ഖാദല്‍, ഹബ്ബ ഖാദല്‍, ബാരമുള്ളയിലെ സോപോര്‍, തെക്കന്‍ കാശ്മീരിലെ അനന്തനാഗ്, ത്രാള്‍ എന്നീ മണ്ഡലങ്ങളാണിത്. ഇവിടെയൊക്കെ വിഘടനവാദികളുടെ ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്ന് മുസ്ലിം വോട്ടുകളില്‍ ഭിന്നത ഉണ്ടാവുമെന്നും കുടിയേറ്റക്കാരായ കാശ്മീര്‍ പണ്ഡിറ്റുകളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. തൂക്ക് മന്ത്രിസഭ നിലവില്‍ വന്നാല്‍ പാര്‍ട്ടിയെ പിന്തുണയ്ക്കും എന്നുറപ്പുള്ള ചില സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കാനും ബിജെപി പദ്ധതിയിടുന്നുണ്ട്.

കയ്യാലപ്പുറത്തിരിക്കുന്ന പലരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഭരണമുന്നണിയ്ക്ക് ഒരു ബദല്‍ എന്ന നിലയില്‍ ആദ്യമായി ബിജെപി സ്വയം ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ മേഖലകളിലുമുള്ള വികസനത്തിന് അത് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. ബിജെ പി ഉന്നയിക്കുന്ന പ്രധാന പ്രശ്‌നമായ 370-ആം വകുപ്പിനെ തുറന്ന് എതിര്‍ക്കുന്നതിന് പകരം അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ജനങ്ങളോട് ആവശ്യപ്പെടുകയാണെന്ന് ജനറല്‍ സെക്രട്ടറി ബാലി ഭഗത്ത് പറയുന്നു. 370 -ആം വകുപ്പ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്നു എന്ന് തെളിയിക്കുന്ന പത്ത് കാരണങ്ങള്‍ നിരത്താന്‍ പാര്‍ട്ടി എതിരാളികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

മുസ്ലീം മേധാവിത്വം എന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന അവസ്ഥ ഒഴിവാക്കുകയും ബിജെപി ഭരണം ഉറപ്പാക്കുന്ന തരത്തില്‍ ഹിന്ദു വോട്ടുകളിലെ ഭിന്നിപ്പ് ഒഴിവാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് പാര്‍ട്ടിയുടെ അടിസ്ഥാന തന്ത്രം. ബിജെപിയുടെ സമ്മര്‍ദം ശക്തമായതോടെ കോണ്‍ഗ്രസ് നേതൃത്വം പോലും ഹിന്ദു വോട്ട് ബാങ്കില്‍ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആദ്യ ഹിന്ദു മുഖ്യമന്ത്രി എന്ന ആവശ്യം കോണ്‍ഗ്രസ് മന്ത്രി ശാം ലാല്‍ ശര്‍മ ഉയര്‍ത്തിക്കഴിഞ്ഞു.

ജമ്മുവിലുള്ള കാശ്മീരികളല്ലാത്ത മുസ്ലീംങ്ങളുടെ – പ്രത്യേകിച്ചും ഗുജ്ജറുകളുടെ- വോട്ട് നേടിയെടുക്കാനും ബിജെപി തന്ത്രങ്ങള്‍ മെനയുന്നുണ്ട്. മോദി തരംഗവും കിഷ്ത്വര്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കേന്ദ്രീകരണവുമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തുണയായത്. എന്നാല്‍ മുസ്ലീം പിന്നോക്ക മേഖലകളില്‍ സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടി നേട്ടങ്ങളുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. 1989-ല്‍ കാശ്മീര്‍ അസ്വസ്ഥമാകാന്‍ തുടങ്ങിയതിനുശേഷം സുരക്ഷ സേനയ്ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന്റെ പേരില്‍ തീവ്രവാദികള്‍ ലക്ഷ്യമിട്ട മുസ്ലീം കുടുംബങ്ങളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു.

ലഡാഖിലെ ബുദ്ധമതക്കാര്‍  ആര്‍എസ്എസിനോട് തുടക്കത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നെങ്കിലും നിരവധി എന്‍ജിഒകളുടെയും ഏകദേശം 70 സ്‌കൂളുകളുടെയും സ്ഥാപനത്തിലൂടെ സംഘപരിവാര്‍ അവിടെ നിരവധി അനുയായികളെ സൃഷ്ടിച്ചുകഴിഞ്ഞു. ഒരു ഹില്‍ കൗണ്‍സില്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി 1979-ല്‍ അടല്‍ ബിഹാരി വാജ്‌പേയ് ലേ സന്ദര്‍ശിച്ച കാര്യം സംഘപരിവാര്‍ ഉയര്‍ത്തിക്കാണിക്കുന്നു. 2010-ലെ മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന ലേ പ്രദേശത്തെ ഇരകള്‍ക്കായി രാജ്യത്തെമ്പാടും നിന്നും സഹായങ്ങള്‍ എത്തിക്കാനും ആര്‍എസ്എസിന് സാധിച്ചു.

ഹിന്ദു ഭൂരിപക്ഷമുള്ള നഗരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ കൂടാതെ താഴ്വരയിലുള്‍പ്പെടെയുള്ള പിന്നോക്ക പ്രദേശങ്ങളില്‍ 5000-ത്തില്‍പ്പരം ഏകാദ്ധ്യാപക വിദ്യാലയങ്ങളും നടത്തുന്നതായി ആര്‍എസ്എസ് അവകാശപ്പെടുന്നു. വീടുകളില്‍ സൗജന്യമായാണ് ഇവ നടത്തുന്നത്. രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി, ജമ്മു സര്‍കലാശാലയിലും ജമ്മുവിലെമ്പാടുമുള്ള കോളേജുകളിലും സജീവമാണ്. പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗമായ ഭാരതീയ മസ്ദൂര്‍ സംഘ്, സംസ്ഥാനത്തെമ്പാടും യൂണിറ്റുകള്‍ സ്ഥാപിക്കുകയും ഏകദേശം നാലായിരത്തോളം അംഗന്‍വാടി തൊഴിലാളികളെ അംഗങ്ങളാക്കുകയും ചെയ്തിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

മുതലാളിത്ത ഇന്ത്യയുടെ സ്വന്തം ആര്‍ എസ് എസ്
പഠനമുറികളിലേക്ക് ഒളിച്ചു കടത്തുന്ന (കാവി) ചരിത്രം
ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?
അയോധ്യ വീണ്ടും കത്തിക്കേണ്ടത് ആരുടെ ആവശ്യമാണ്?
കാവിരാജ്യക്കാര്‍ ചരിത്രത്തില്‍ നടത്തുന്ന കുത്തിത്തിരുപ്പുകള്‍

2008ല്‍-സംസ്ഥാനത്തെ ആറുവര്‍ഷ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നപ്പോള്‍- ബിജെപിയ്ക്ക് 11 സീറ്റുകള്‍ ലഭിക്കാനുണ്ടായ പ്രധാന കാരണം ആ വര്‍ഷം സംഘപരിവാര്‍ ഏറ്റെടുത്ത അമര്‍നാഥ് ഭൂമി പ്രക്ഷോഭമായിരുന്നു. മുഖ്യധാര രാഷ്ട്രീയ കക്ഷികളും  വിഘടനവാദികളും പൗരസമൂഹ സംഘടനകളും വനഭൂമി അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന് പതിച്ചു നല്‍കുന്നതിനെതിരെ സമരം നടത്തിയപ്പോള്‍, സംഘപരിവാര്‍ ഈ സമരത്തെ ഹൈന്ദവ വിരുദ്ധവും ജമ്മു വിരുദ്ധവുമായി ഉയര്‍ത്തിക്കാണിക്കുകയും കാശ്മീരിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ചില പ്രാദേശിക ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് വോട്ട് കേന്ദ്രീകരണത്തിന് കാരണമായി. സര്‍ക്കാരിന്റെ പാകിസ്ഥാന്‍ നയവുമായും കാശ്മീര്‍ തന്ത്രം ബന്ധപ്പെട്ട് കിടക്കുന്നു. ഭരണഘടനയുടെ 370-ആം വകുപ്പ് എടുത്ത് കളയാനുള്ള ഏതൊരു നീക്കവും കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പാകിസ്ഥാനെ സഹായിക്കും എന്നതിനാലാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍