UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമുക്ക് മനസിലാകില്ല കാശ്മീരിന്റെ വേദന

Avatar

ടീം അഴിമുഖം

ഐതീഹ്യ പ്രകാരം കാശ്മീര്‍ ഒരു തടാകമായിരുന്നു. കാശ്യപ മഹര്‍ഷി ബാരമുള്ള കുന്നുകള്‍ തുരക്കുകയും വെള്ളം തുറന്നു വിടുകയും ചെയ്തതോടെ അത് മനോഹരമായ ഒരു താഴ്വരയായി മാറി എന്നാണ് കഥ. കല്‍ഹണ എഴുതിയ രാജതരംഗിണി ഉള്‍പ്പടെ കാശ്മീരിനെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളില്‍ ഈ കഥ കാണാന്‍ കഴിയും.

അതിന് ശേഷം താഴ്വരയില്‍ താമസിയ്ക്കാന്‍ ബ്രാഹ്മണരോട് കാശ്യപന്‍ ആവശ്യപ്പെട്ടു. ചരിത്രത്തിലെമ്പാടും താഴ്വര പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഹെറോഡോട്ടസും ടോളമിയും അതിനെ കുറിച്ചെഴുതി. മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗിര്‍ ഇങ്ങനെ പറഞ്ഞു: ‘ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ്.’ വിസ്മയിപ്പിയ്ക്കുന്ന ഈ ഭൂവിഭാഗത്തെ കുറിച്ച് നിരവധി ബ്രിട്ടീഷുകാരും പാശ്ചാത്യരും എഴുതി. പൂക്കളും പൂന്തോട്ടങ്ങളും നിറഞ്ഞ മനോഹര താഴ്വര ഇടയ്ക്കിടെ മഞ്ഞിന്‍ പാളികള്‍ കിരീടം തീര്‍ക്കുന്ന പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടിരിയ്ക്കുന്നു. അസ്തമനം വരയ്ക്കുന്ന ചുവപ്പിലും മഞ്ഞയിലും കുളിച്ചു നില്‍ക്കുന്ന തടാകങ്ങളിലൂടെ ഹൗസ്‌ബോട്ടുകളില്‍ വിനോദസഞ്ചാരികള്‍ അലസഗമനം നടത്തുന്നു.

ഈ താഴ്വരയുടെ അവിശ്വസനീയ സൗന്ദര്യത്തിന്റെ ഏക കൂട്ടാളി ദുരന്തങ്ങള്‍ മാത്രമാണ്. ചരിത്രത്തിലെമ്പാടും അത് ആക്രമിയ്ക്കപ്പെട്ടു. ആക്രമണകാരികള്‍, മതപ്രചാരകര്‍,നിഷ്ഠൂരരായ സൈന്യങ്ങള്‍, വിഭാഗീയതയുടെ പ്രവാചകര്‍, ഇന്ത്യ, പാകിസ്ഥാന്‍ ഒക്കെ അതിനെ കീറിമുറിച്ചു. അവിടെ ദുരന്തം വിതച്ചു.

കഴിഞ്ഞയാഴ്ച സംഭവിച്ച അപ്രതീക്ഷിത മഴയായിരുന്നു അവിടെ ദുരിതം പാകിയത്. കാശ്മീര്‍ താഴ്വരയില്‍ മാത്രമല്ല ജമ്മു പ്രദേശത്തെ മുഴുവന്‍ നദികളും കരകവിഞ്ഞൊഴുകുകയും പാലങ്ങളും റോഡുകളും ഒലിച്ചുപോവുകയും വീടുകളിലേക്ക് വെള്ളം പാഞ്ഞുകയറുകയും നിരവധി ഗ്രാമങ്ങളെ ഒറ്റപ്പെടുത്തുകയും നാശവും മരണവും വിതയ്ക്കുകയും ചെയ്തു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും നടക്കാനിരിയ്ക്കുന്നതേ ഉള്ളു.

സംസ്ഥാന ഭരണകൂടവും സൈന്യവും ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷെ ഇത്തരം ദുരന്തങ്ങള്‍ നേരിടാന്‍ ഒരു തയ്യാറെടുപ്പും നടത്താത്ത ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആഘാതം കനത്തതായിരിയ്ക്കും. ജമ്മു കാശ്മീര്‍ അനുഭവത്തില്‍ നിന്നും എല്ലാവര്‍ക്കും ചില പാഠങ്ങള്‍ പഠിയ്ക്കാനുണ്ട്: ഏറ്റവും അനഭിലഷണീയമായ കാര്യങ്ങള്‍ക്ക് മുന്‍കരുതല്‍ എടുക്കുക. ജമ്മുകാശ്മീര്‍ അങ്ങനെ ഒരു മുന്‍കരുതല്‍ എടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടുത്തെ നദികള്‍ കരകവിഞ്ഞൊഴുകുകയും ശ്രീനഗറിലും മറ്റ് പട്ടണങ്ങളിലുമുള്ള മധ്യവര്‍ഗ്ഗ കോളനികളിലെ വലിയ വീടുകളില്‍ പോലും വെള്ളം ഇരച്ചുകയറുകയും ചെയ്തു. പ്രകൃതി ശാപം പാവങ്ങള്‍ക്ക് മാത്രം വിധിക്കപ്പെട്ടതായിരുന്നില്ല അവിടെ.

കാശ്മീരികളെ പോലെ ഇത്രയും ശപിയ്ക്കപ്പെട്ട മറ്റൊരു ജനവിഭാഗം ഉണ്ടാവില്ല. മാതാപിതാക്കളെയും കുട്ടികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും വേര്‍പെടുത്തിക്കൊണ്ട് 1948ല്‍ ഇന്ത്യയും പാകിസ്ഥാനും ആ ഭൂപ്രദേശത്തെ രണ്ടായി വെട്ടിമുറിച്ചു. അതിനുശേഷം ഭീകരവാഴ്ചയുടെ കാലമായിരുന്നു കാശ്മീരികള്‍ക്ക്. കഴിഞ്ഞ 25 വര്‍ഷമായി ഭീകരര്‍ക്കും ഇന്ത്യന്‍ സുരക്ഷ ഭടന്മാര്‍ക്കും ഇടയില്‍ ഞെരുങ്ങുകയാണ് അവരുടെ ജീവിതം. മുസ്ലീം തീവ്രവാദികള്‍ അവരുടെ ഹിന്ദു സഹോദരരെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് പണ്ടിറ്റുകള്‍ക്ക് സംസ്ഥാനം വിട്ടുപോകേണ്ടി വന്നു. ഇപ്പോഴും അവരില്‍ ഭൂരിപക്ഷത്തിനും ജമ്മുവിലേയും ഡല്‍ഹിയിലേയും ദുരിതപൂരിതമായ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിതം തള്ളിനീക്കേണ്ടി വരുന്നു.

മുസ്ലീം തീവ്രവാദികള്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടുന്നത്. എന്നാല്‍ അവരുടെ വെടിയുണ്ടകള്‍ ഇതിനകം തന്നെ നിരവധി സ്വന്തക്കാരെ കൊന്നു കഴിഞ്ഞു. ഈ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സുരക്ഷസേനയും വലിയ സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ല. സായുധ നടപടികളുടെ ഫലമായി ആയിരങ്ങള്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ അപ്രത്യക്ഷമാവുകയും നൂറുകണക്കിന് സ്ത്രീകള്‍ വിധവകളാക്കപ്പെടുകയും എണ്ണമില്ലാത്ത കുട്ടികള്‍ അനാഥരാക്കപ്പെടുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം 

കാശ്മീര്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍
പ്രളയം: മറയ്ക്കുന്നതും മറക്കുന്നതും
സംസ്ഥാനങ്ങളെ വിഭജിക്കുക തന്നെ വേണം
മുസാഫര്‍നഗര്‍ 2013: കലാപത്തിന്റെ മറുപുറങ്ങള്‍
ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തി മുറിച്ചുകടക്കുമ്പോള്‍

ജമ്മുകാശ്മീരിന്റെ ഈ ഹതഭാഗ്യം തിരിച്ചറിയുന്ന കാര്യത്തില്‍ ഇനിയെങ്കിലും ന്യൂഡല്‍ഹി ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കണം. ഇന്ത്യന്‍ സുരക്ഷസേന ഇപ്പോള്‍ നടത്തുന്ന ദുരിതാശ്വാസ, രക്ഷ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിയ്ക്കുന്ന സഹായങ്ങളും കാശ്മീരിനെ ഇന്ത്യയോട് കൂടുതല്‍ അടുപ്പിച്ച് നിറുത്താന്‍ സഹായിക്കുമെന്ന് ദേശീയ തലസ്ഥാനത്തെ ചില കേന്ദ്രങ്ങളെങ്കിലും വാദിയ്ക്കുന്നുണ്ട്. ഇന്ത്യയുടെ കാശ്മീര്‍ ബന്ധങ്ങളെ ഈ നടപടികള്‍ നാടകീയമായി മെച്ചപ്പെടുത്തുമെന്നും ഇവര്‍ വാദിയ്ക്കുന്നു. ഇത് സത്യമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. 2005-ലെ ഭൂകമ്പ സമയത്ത് സംഭവിച്ചത് പോലെ സഹായങ്ങളെ കാശ്മീര്‍ ജനത നന്ദിയോടെ ഓര്‍ക്കും. പക്ഷെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദുരിതങ്ങളുടെയും വ്യക്തിപരമായ അനുഭവങ്ങളുടെ ആഴത്തിലുള്ള മുറിവുകളെയും ഉണക്കിക്കളയാന്‍ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാവില്ല.

ദുരിതാശ്വാസ, രക്ഷ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മാത്രം പരിഹരിയ്ക്കാവുന്ന ഒരു പ്രതിസന്ധിയല്ല കാശ്മീര്‍. തെറ്റുകള്‍ സംഭവിച്ചുവെന്നും കുറ്റങ്ങള്‍ ശിക്ഷിയ്ക്കപ്പെടണമെന്നുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ന്യൂഡല്‍ഹിയ്ക്ക് ഉണ്ടാവേണ്ടിയിരിയ്ക്കുന്നത്. കാശ്മീരിലെ വിധവകളുടെയും അനാഥരരുടേയും മറ്റ് ബലിയാടുകളുടെയും കണ്ണീരൊപ്പാനുള്ള ഒരേഒരു മാര്‍ഗം അതാണ്. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, കാശ്മീരികളുടെ സാമൂഹിക നിസഹായവസ്ഥയുടെയും രോഷത്തിന്റെയും ആഴമളക്കാന്‍ ശേഷിയുള്ള ഒരു രാഷ്ട്രീയ നേതൃത്വം നമുക്ക് നിലവിലില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍