UPDATES

സിനിമ

ജമ്നപ്യാരി; ന്യൂ ജനറേഷന്‍കാരോട് വീണ്ടും ചില കലിപ്പുകള്‍

Avatar

സഫിയ ഒ സി 

ജാനകി ചേച്ചി ഒരു ചെറുകിട സംരംഭകയാണ്. ഒരു കോഴി ഫാം തുടങ്ങുകയാണ് ലക്ഷ്യം. ഇപ്പോള്‍ ആകെ കയ്യിലുള്ളത് ഒരു പിടക്കോഴിയും പത്തു മുട്ടയുമാണ്. 100 കോഴിക്കുഞ്ഞുങ്ങള്‍ ഉണ്ടെങ്കിലേ കുടുംബശ്രീയില്‍ നിന്നു ലോണ്‍ കിട്ടുകയുള്ളൂ. 12 മുട്ട അപ്പുറത്തെ വീട്ടിലെ ആമിനുമ്മ തരാമെന്നേറ്റിട്ടുണ്ട്. 34 എണ്ണം തോമസ് കുട്ടി ആലപ്പുഴയില്‍ നിന്നു വരുമ്പോ കൊണ്ടുവരും. ജാനകി ചേച്ചിയുടെ കുഞ്ഞുമോന്‍ സ്കൂളില്‍ പോയി സംഗതി അവതരിപ്പിച്ചപ്പോള്‍ അവന്റെ ക്ലാസ് ടീച്ചര്‍ 5 മുട്ട കൊടുക്കാമെന്ന് പറഞ്ഞു. 100 മുട്ട തികയാന്‍ ബാക്കി ഇനി എത്ര മുട്ട വേണം? ഇത് നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും നമ്മളെ ഉത്തരം മുട്ടിച്ച വഴിക്കണക്കാണ്. ഇത് ഒരു സിനിമയ്ക്ക് തിരക്കഥയായാലോ? അതാണ് ജമ്നാപ്യാരി.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷേപഹാസ്യ സിനിമകള്‍ക്ക് നിരവധി മികച്ച ഉദാഹരണങ്ങള്‍ മലയാള സിനിമയിലുണ്ട്. കള്ളന്‍ പവിത്രനും പൊന്മുട്ടയിടുന്ന താറാവും ഇങ്ങേയറ്റത്ത് ലാല്‍ ജോസിന്റെ മീശമാധവനും വരെ. അവര്‍ വരച്ചിട്ട കള്ളനും തട്ടാനും വെളിച്ചപ്പാടിനും ഹാജിയാര്‍ക്കും മുടിവെട്ടുകാരനും പരദൂഷണക്കാരിക്കും അപ്പുറം അഴകും ജീവനുമുള്ള ഗ്രാമീണ കഥാപാത്രങ്ങള്‍ ഏറെയൊന്നും മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ സിനിമയില്‍ എന്നും മാര്‍ക്കറ്റുള്ള സാധനമാണ് ഗ്രാമീണ കഥാഖ്യാനങ്ങള്‍. നാഗരിക മനസിലേക്ക് അതിവേഗം കുടിയേറിക്കൊണ്ടിരിക്കുന്ന മലയാളിക്ക് അതൊരു മോഹിപ്പിക്കുന്ന ഗൃഹാതുരത കൂടിയാണ്. അതുകൊണ്ടാണ് വര്‍ഷത്തില്‍ ഒന്നെന്ന മട്ടില്‍ പ്രത്യക്ഷപ്പെടുന്ന സത്യന്‍ അന്തിക്കാട് സിനിമകള്‍ മലയാളികള്‍ പലപ്പോഴും ഏറ്റെടുക്കുന്നത്. ഒടുവിലും ശങ്കരാടിയും തിലകനും ജഗതിയും പറവൂര്‍ ഭരതനും ഫിലോമിനയും അടൂര്‍ ഭവാനിയുമൊക്കെ അവതരിപ്പിച്ച നിഷ്കളങ്കരായ ഗ്രാമീണ കഥാപാത്രങ്ങള്‍ (മണ്ടന്‍മാരല്ല കേട്ടോ) എത്രയോവട്ടം നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. 90-കള്‍ക്ക് ശേഷം മലയാള സിനിമയില്‍ ജീവിതം നിറഞ്ഞു തുളുമ്പുന്ന ഗ്രാമീണ സിനിമകളുടെ എണ്ണം കുറയുകയും പകരം ഗ്രാമീണ പശ്ചാത്തലമുള്ള തട്ടിക്കൂട്ട് കോമഡി പടങ്ങള്‍ തല്‍സ്ഥാനം കയ്യടക്കുകയും ചെയ്തു. ഒപ്പം മീശപിരിയന്‍ സൂപ്പര്‍താര പടങ്ങളും. അവയിലൊക്കെ ദൃശ്യവത്ക്കരിച്ച സ്യൂഡോ ഗ്രാമങ്ങളില്‍ മനുഷ്യന്‍മാരുടെ നാനാത്വം അപൂര്‍വ്വമായി. 2010 ഓടെ നാഗരിക കഥകളുമായി ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ എത്തിയതോടെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള നല്ല ചിത്രങ്ങള്‍ കിട്ടാക്കനിയായി. ആ ഇടത്തിലേക്കാണ് ജമ്നപ്യാരി പോലുള്ള ‘ഗ്രാമീണ/നിഷ്കളങ്ക’ ചിത്രങ്ങള്‍ കടന്നു വരുന്നത്. രാജസേനനെയും തുളസീദാസിനെയും പോലുള്ളവര്‍ പോലും  കയ്യൊഴിഞ്ഞ സിംഹാസനത്തില്‍ ഇനിയും കയറി ഇരിക്കാന്‍ യുവസംവിധായകര്‍ക്ക് താത്പര്യമുണ്ട് എന്നതിന് തെളിവാണ് ജമ്നാപ്യാരി.

വടക്കാഞ്ചേരിയാണ് സ്ഥലം. എല്ലാ കേരളീയ ഗ്രാമങ്ങളെയും പോലെ നാഗരികതയുടെ അടയാളങ്ങളുള്ള ഒരു ഗ്രാമം. അവിടത്തെ വാസൂട്ടന്‍ (കുഞ്ചാക്കോ ബോബന്‍) എന്ന നിഷ്കളങ്ക പരോപകാരിയാണ് നായകന്‍. ഓട്ടോഡ്രൈവര്‍ ബൈ പ്രൊഫഷന്‍. ഒരു ദിവസം അപ്രതീക്ഷിതമായി തന്റെ ഓട്ടോയില്‍ കയറിയ നായികയെ ഒരു സര്‍ക്കസുകാരന്റെ മെയ്വഴക്കത്തോടെ റെയില്‍വെ സ്റ്റേഷനില്‍ നിമിഷങ്ങള്‍ക്കൊണ്ട് എത്തിച്ചതാണ് കഥയുടെ ട്വിസ്റ്റ്. അഥവാ നായകന്റെയും നായികയുടെയും ആദ്യ സമാഗമം. പിന്നെ കഥ ജമ്നാപ്യാരിയെ തേടിയുള്ള അന്വേഷണമായി. നായികയെയും കുടുംബത്തെയും രക്ഷിക്കാന്‍. ബാങ്ക് ജപ്തിയില്‍ നിന്ന് ഒഴിവാക്കാന്‍. അതുവഴി ഒരു കര്‍ഷക/സംരംഭക കുടുംബത്തിന്‍റെ ആത്മഹത്യ തടയാന്‍. കേരളത്തില്‍ അങ്ങോളമിങ്ങോളവും തമിഴ്നാട്ടിലും നായകനും സംഘവും (സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, നീരജ് മാധവന്‍) സഞ്ചരിക്കുന്നു. വേണമെങ്കില്‍ ഒരു സെമി റോഡ് മൂവി ഗണത്തില്‍ പ്പെടുത്താം കേട്ടോ ഈ ചിത്രത്തെ! ഇനി എന്താണ് ജമ്നാപ്യാരി എന്നല്ലേ? ആ സസ്പെന്‍സ് ഞാനായിട്ട് പൊളിക്കുന്നില്ല. കണ്ടു (കൊണ്ടു) തന്നെയറിയട്ടെ.

മലയാള സിനിമ അനുഭവിക്കുന്ന കഥാദാരിദ്ര്യം എത്ര ഭീകരമാണ് എന്നു തെളിയിക്കുന്ന സിനിമയാണ് ജമ്നാപ്യാരി. നന്നായി പറയാന്‍ അറിയാമെങ്കില്‍ പ്രത്യേകിച്ച് കഥയിലൊന്നും കാര്യമില്ലെന്ന് തെളിയിച്ച് വിജയം കൊയ്ത പ്രേമം നമ്മുടെ മുന്നിലുണ്ട്. അപ്പോള്‍ കഥയല്ല പ്രശ്നം. കഥ പറച്ചിലാണ്. ഒരു സംവിധായകന്റെ മിടുക്ക് പ്രകടമാവുന്നത് അവിടെയാണ്. ഇവിടെ തോമസ് സെബാസ്റ്റ്യന് (മമ്മൂട്ടിയുടെ മായാബസാര്‍ ആദ്യ സിനിമ) അങ്ങനെ എന്തെങ്കിലും മിടുക്ക് കാണിക്കണമെന്ന ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ല. കുറേ അധികം മുന്‍മാതൃകകള്‍ ചേര്‍ത്ത് (മോഹന്‍ലാലിന്റെ ബാലേട്ടന്‍ പോലെ അല്ലെങ്കില്‍ കുഞ്ചാക്കോ ബോബന്‍ തന്നെ ഈ അടുത്ത കാലത്ത് അവതരിപ്പിച്ച പോളിടെക്നിക്ക് പോലെ) ചമച്ച ഈ ചിത്രം കഥാഗതികൊണ്ടും കഥാ പരിചരണരീതി കൊണ്ടും അവതരിപ്പിക്കുന്ന തമാശകള്‍കൊണ്ടും യാതൊരു തരത്തിലും ഉള്ള പുതുമയും പ്രേക്ഷകന് സമ്മാനിക്കുന്നില്ല എന്നു മാത്രമല്ല വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

ലോഹത്തില്‍ കണ്ടത് പോലെ ഈ ചിത്രത്തിലും കാണാം ന്യൂ ജനറേഷന്‍കാരോടുള്ള പഴയ ജനറേഷന്‍ കലിപ്പ്. നീരജ് മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്മാര്‍ട്ട് ഫോണുമായി ജമ്നാപ്യാരി തേടിയുള്ള യാത്ര ചിത്രീകരിക്കുന്ന ഒരു യു ട്യൂബ് ഫിലിം മെയ്ക്കറാണ്. വേഷഭൂഷകള്‍കൊണ്ടും ‘ബ്രോ’, ‘ഡ്യൂഡ്’ വിളികള്‍ക്കൊണ്ടും ഒരു ജോക്കറായി പ്രത്യക്ഷപ്പെടുന്നയാള്‍ മലയാളത്തിലെ യുവ സംവിധായകരുടെ കോമിക് പതിപ്പാണെന്ന് വ്യാഖ്യാനിക്കാം. കൂടാതെ ഫേസ്ബുക്കില്‍ റിവ്യൂ എഴുതി സിനിമയെ കൊല്ലുകയാണ് ഇയാളുടെ മറ്റൊരു പണി എന്നും ചിത്രത്തില്‍ പരാമര്‍ശമുണ്ട്.

അപ്പോള്‍ ഒരു സംശയം. തോമസ് സെബാസ്റ്റ്യന്‍ താങ്കള്‍ ഏത് ജനറേഷനാണ്? പറഞ്ഞു പഴകിയ കഥകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഓള്‍ഡ് ജനറേഷനോ? അതോ ദൃശ്യപരിചരണത്തിന്റെ പുതിയ വഴികള്‍ തേടാന്‍ ശ്രമിക്കുന്ന പുതു തലമുറയോ? (ന്യൂ ജനറേഷനിലും ചില ഓള്‍ഡ് ജനറേഷന്‍ ഉണ്ട് കേട്ടോ?)

ഈ സംശയത്തിനും കാരണമുണ്ട്. നായകനും സംഘവും ഓരോ സെറ്റ് ജമ്നാപ്യാരികളെ സംഘടിപ്പിച്ചു കൊണ്ടുവരുമ്പോഴും പാരവെപ്പ് കാരണം ചിലവ നഷ്ടപ്പെടുമ്പോഴും ഒരു  ജമ്നാപ്യാരി ഐക്കണ്‍ സ്ക്രീനിന്റെ വലതു മൂലയില്‍ പ്രത്യക്ഷപ്പെടും. അതിന് നേരെ നായക സംഘത്തിന്റെ കൈവശം അപ്പോഴുള്ള പ്യാരികളുടെ എണ്ണം സ്ക്രോള്‍ ചെയ്തു കാണിക്കും. വോട്ടെണ്ണുമ്പോള്‍ ഭൂരിപക്ഷം കാണിക്കുന്നത് പോലെ. തമാശകള്‍ ആസ്വദിച്ച് മതിമറന്നു പോകുന്ന പ്രേക്ഷകര്‍ ജമ്നാപ്യാരികളുടെ എണ്ണം മറന്നു പോയാലോ? കാരണം എണ്ണം തികയ്ക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ളതാണല്ലോ സസ്പെന്‍സ്. നമ്മുടെ സംവിധായകര്‍ കണ്ടെത്തുന്ന ഓരോ പുതിയ ടെക്ക്നിക്കുകളെ? ആശ്ചര്യം തന്നെ!

ഇനി ചില കാര്യങ്ങള്‍ കൂടി എഴുതിയാല്‍ മാത്രമേ സിനിമാ റിവ്യൂ ആകുകയുള്ളൂ എങ്കില്‍ ഇന്നാ പിടിച്ചോ. കുഞ്ചാക്കോ ബോബന് തന്റെ സ്ഥിരം കഥാപാത്ര ആവതരണത്തില്‍ കൂടുതലായി ഒന്നും ചെയ്യാനില്ല. പുതുമുഖ നായിക ഗായത്രി സുരേഷ് നിരാശപ്പെടുത്തി. ജോയ് മാത്യുവിന്റെ കോഴിക്കോട്ടുകാരന്‍ കൊള്ളാം. നീരജ് മാധവനും അജു വര്‍ഗ്ഗീസും സ്ഥിരം ട്രാക്കില്‍ തന്നെ. ദേശീയ അവാര്‍ഡ് കിട്ടിയതുകൊണ്ടാണോ എന്തോ സുരാജ് വെഞ്ഞാറമൂടിന് അല്പം മസില് പിടുത്തമുണ്ട്. രഞ്ജി പണിക്കര്‍ അഭിനയത്തില്‍ നിന്ന് വി ആര്‍ എസ് എടുത്ത് പഴയ പരിപാടിയിലേക്ക് തിരിച്ചു പോകണം. (തിരക്കഥയെഴുത്തും സംവിധാനവുമല്ല ഉദ്ദേശിച്ചത്. പത്രപ്രവര്‍ത്തനം). പാട്ടും ഡാന്‍സും സ്റ്റണ്ടും സമാസമം ചേര്‍ത്തിട്ടുണ്ട്. ഒപ്പം തൃശ്ശൂര്‍ ഭാഷയും. ക്യാമറ (ശരാശരി), എഡിറ്റിംഗ് (പോര), പശ്ചാത്തല സംഗീതം (ഗംഫീരം), വസ്ത്രാലങ്കാരം, കലാസംവിധാനം etc. 

 

അപ്പോ എന്തുട്ട്ഡാ ഗഡീ ഈ ജമ്നാപ്യാരി…..?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍