UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുസമൂഹമേ, മാധ്യമങ്ങളേ…ഇങ്ങനെയൊരു യാത്രകൂടി വടക്കുനിന്നു വരുന്നുണ്ട്

Avatar

അഴിമുഖം പ്രതിനിധി

കേരളത്തിലിത് രാഷ്ട്രീയ യാത്രകളുടെ സീസണാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്രയോടെയായിരുന്നു ഇത്തവണത്തെ യാത്രാകാലത്തിനു തുടക്കം കുറിച്ചത്. വെള്ളാപ്പള്ളിപോലും വിചാരിക്കാത്ത മൈലേജ് നല്‍കി മാധ്യമങ്ങള്‍ അദ്ദേഹത്തെയും സംഘത്തെയും ശംഖുമുഖം കടപ്പുറത്തെത്തിക്കുകയും ഭാരതീയ ജന്‍ ധര്‍മ സേന എന്ന പുതിയ പാര്‍ട്ടിയുടെ കൊടിക്കൂറ വീശുന്നതുവരെ കൂടെ നില്‍ക്കുകയും ചെയ്തു. പിന്നാലെ തുടങ്ങിയത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ജനരക്ഷ യാത്രയാണ്. യാത്രയിപ്പോള്‍ ഓണ്‍ ദ വേ ആണ്. ഇതിപ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ രണ്ടാമത്തെ യാത്രയാണ്. പച്ചക്കറി യാത്രയാണെന്നു സ്വന്തം പാര്‍ട്ടിക്കാര്‍ വരെ ആക്ഷേപിച്ചിട്ടും ആദ്യ യാത്രയായ ജനപക്ഷയാത്രയ്ക്ക് അത്യാവശ്യം കവറേജ് നല്‍കാന്‍ ചാനലുകളും പത്രങ്ങളും തയ്യാറായതാണ്. പക്ഷേ ജനരക്ഷ യാത്രയോട് അത്രവലിയ താത്പര്യമൊന്നും ആരും കാണിക്കുന്നുമില്ല. ഇനിയിപ്പോള്‍ ചാനലുകള്‍ കാമറ തയ്യാക്കിവച്ചു കാത്തിരിക്കുന്നതും പത്രങ്ങളെല്ലാം പേനതിരുമി ഇരിക്കുന്നതും പിണറായി വിജയന്റെ നവകേരള യാത്രയ്ക്കുവേണ്ടിയാണ്. തൊട്ടു പിന്നാലെ ലീഗിന്റെയും ബിജെപിയുടെയുമൊക്കെ യാത്രകളും തുടങ്ങും. എന്തിനെന്നുപോലും അറിയാത്ത രാഷ്ട്രീയക്കാരുടെ ഈ ആഡംബര യാത്രകള്‍ വാര്‍ത്തകളായി മാറുമ്പോള്‍, ആരുമധികം ശ്രദ്ധകൊടുക്കാത്ത മറ്റൊരു യാത്ര ജനുവരി ഒമ്പതിന് കാസര്‍ഗോഡു നിന്നും തുടങ്ങിയിരുന്നു. ജനകീയ നീതി യാത്ര.

കേരള ജനകീയ നീതിവേദിയുടെ ആഭിമുഖ്യത്തില്‍ നീതിനിഷേധത്തിന്റെ ഇരകളും കേരള അഡ്വക്കേറ്റ്‌സ് കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷനും(കെഎസിഎച്ആര്‍പി) ഒരുമിച്ച് സമൂഹത്തിന്റെ വിവിധതുറകളിലായി നീതിക്കുവേണ്ടി പോരാടുന്നവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവര്‍ക്കാവശ്യമായ നിയമസഹായം നല്‍കുകയും നീതി കിട്ടുന്നതുവരെ ഒപ്പം നില്‍ക്കാനുമുള്ള തങ്ങളുടെ ബാധ്യത അറിയിക്കാനാണ് ഇത്തരമൊരു യാത്ര നടത്തുന്നത്. തുറന്ന ജീപ്പില്‍ നിന്നു കൈവീശി കാണിച്ചോ വഴി നീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയോ, മാധ്യമങ്ങള്‍ക്ക് അടുപ്പത്തിടാന്‍ വിവാദങ്ങള്‍ ഉണ്ടാക്കി കൊടത്തോ അല്ല ഇവരുടെ യാത്ര എന്നതിനാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരും നിസഹായരും മാത്രമാണ് ഇവരെ കാത്തിരിക്കുന്നത്. പൊതുസമൂഹമെന്ന് വിളിക്കപ്പെടുന്ന ഉപരിവര്‍ഗത്തിനും നാലാംതൂണുകാര്‍ക്കും വലിയ താത്പര്യമൊന്നും ഇല്ല.

ജനകീയ നീതിയാത്രയില്‍ നിയമ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ളത് ഇരുപതോളം ഇരകളാണ്. കള്ളക്കേസില്‍ കുടുങ്ങിയവര്‍, പൊലീസില്‍ നിന്നും കോടതിയില്‍ നിന്നും അവകാശപ്പെട്ട നീതി കിട്ടാത്തവര്‍, ജോലി സ്ഥലത്തു നിന്ന് അന്യായമായി പിരിച്ചുവിടപ്പെട്ടവര്‍, അക്രമത്തിനിരയായവര്‍ എന്നു തുടങ്ങി ജനാധിപത്യ ഭരണഘടന പൗരന് അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഇരുപതോളം പേര്‍.

കേരളത്തിലെ ഓരോ ജില്ലകളിലും തങ്ങളുടെ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്‍കുകയാണ്. അതാതു പ്രദേശങ്ങളിലെ മനുഷ്യാവകാശ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് നിയമസഹായം ആവശ്യമുള്ളവരെ ഇവര്‍ കണ്ടെത്തുന്നത്. ഓരോരുത്തര്‍ക്കും നേരിട്ട് വന്നു തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും, വേണ്ടുന്ന സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യാം. സാങ്കേതികമായ സഹായങ്ങള്‍ക്കൊപ്പം പൊരുതാനുള്ള കരുത്ത് പകരുന്ന മാനസിക പിന്തുണയും ഇരകള്‍ക്ക് കൊടുക്കുന്നു.

സമൂഹത്തിലെ തൊണ്ണൂറു ശതമാനം പേരും ഒരോവിധത്തില്‍ നീതിനിഷേധത്തിന്റെ ഇരകളാണ്. നമ്മുടെ നീതിപീഠങ്ങളും ഭരണകൂടവും ഇവരെ അവഗണിക്കുന്നു. ദരിദ്രരും അശരണരുമാണ് ഇത്തരം ഇരകളാകുന്നവരില്‍ അധികവുമെന്നതിനാല്‍ ഇവരെ ചൂഷണം ചെയ്യുന്നവര്‍ ആരാലും ചോദ്യം ചെയ്യപ്പെടുന്നതുപോലുമില്ല. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത ഈ ദുരവസ്ഥയക്ക് ചെറുതെങ്കിലും ഒരു മാറ്റം ഉണ്ടാക്കുക എന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്; ജനകീയ നീതി യാത്രയിലെ അംഗമായ ഹൈക്കോടതി അഭിഭാഷന്‍ സുനില്‍ പറയുന്നു. സുനിലിനെ കൂടാതെ, ജോലിസ്ഥലത്ത് കയ്യേറ്റം ചെയ്യപ്പെട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനി, തോമസ്, ബാബു അഗളി, രവീന്ദ്രന്‍ ആലുവ, ജോളി പീറ്റര്‍, കുമാരി തുടങ്ങിയവരും യാത്രയിലെ സ്ഥിരാംഗങ്ങളാണ്.

മുന്‍കൂട്ടി നിശ്ചയിച്ച ഓരോ സ്ഥലങ്ങളിലും ജനകീയ നീതിമേള, സെമിനാറുകള്‍, സൗജന്യ നിയമസഹായം എന്നിവയൊരുക്കുന്നു. പരാതികളും പ്രശ്‌നങ്ങളും കേട്ട് അവയ്ക്ക് നിര്‍ദേശം നല്‍കിയശേഷം ഒരു പൊതുസമ്മേളനത്തോടെയാണ് ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് നീങ്ങുന്നത്. കാസര്‍ഗോഡ് ആദിവാസി മേഖലകളില്‍ നിന്നുമാണ് ഒമ്പതാം തീയതി യാത്ര ആരംഭിച്ചത്. ആദിവാസികള്‍ ഉള്‍പ്പെടെ വിവിധ തുറകളിലെ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പരാതികള്‍ സമര്‍പ്പിക്കാനും നിര്‍ദേശങ്ങള്‍ ആരായാനും എത്തിയിരുന്നു. ഞങ്ങളുടെ സന്ദര്‍ശനം തുടങ്ങിയതേയുള്ളൂ, അതിനിടയില്‍ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് കിട്ടുന്നത്. രാഷ്ട്രീയത്തെയോ രാഷ്ട്രീയക്കാരെയോ കണ്ണടച്ചു എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. പക്ഷേ ഇത്രയധികം ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഈ സമൂഹത്തില്‍ തന്നെ ജീവിക്കുമ്പോള്‍ ഭരണകൂടവും രാഷ്ട്രീയക്കാരും ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ഓരോ പാര്‍ട്ടിയുടെയും നേതാക്കന്മാര്‍ മാറി മാറി നടത്തുന്ന യാത്രകളില്‍ ഉയര്‍ത്തുന്ന രക്ഷയും മോചനവും മാറ്റവുമൊക്കെ ആരെ ഉദ്ദേശിച്ചാണ്? ആര്‍ക്കു വേണ്ടിയാണ്? അഡ്വ സുനില്‍ ചോദിക്കുന്നു.

ഒരു തിരുവോണ നാളില്‍ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ ചെറുപ്പക്കാരന്‍ പിറ്റേദിവസം പറമടയില്‍ മരിച്ചു കിടക്കുന്നു. ആത്മഹത്യയെന്ന് പൊലീസ്. സത്യമതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ആ ചെറുപ്പക്കാരന്റെ കുടുംബത്തിന് സത്യം അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ഒരു സ്ത്രിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് ജോലിയില്‍ നിന്നും അകാരണമായി പുറത്താക്കുക, സ്വന്തം പുരയിടത്തില്‍ നിന്നും അന്യായമായി കുടിയിറക്കപ്പെടുന്ന കുടുംബം, മാഫിയകളുടെ ഭീഷണിയില്‍ ജീവിക്കേണ്ടി വരുന്ന കുടുംബം ; ഉദാഹരണങ്ങള്‍ ഒത്തിരിയുണ്ട്. പലപ്പോഴും ജനങ്ങള്‍ ഏറ്റവുമാദ്യം ആശ്രയിക്കുന്ന പൊലീസ് സ്റ്റേഷനുകളില്‍ നിന്നു തന്നെയാണ് കൂടുതല്‍ അവഗണന നേരിടുന്നത്. നമ്മുടെ പൊലീസ് സ്റ്റേഷനുകള്‍ പേരില്‍മാത്രം ജനമൈത്രി കാണിച്ചാല്‍ പോര. കോടതികളെപ്പോലും വിമര്‍ശിക്കേണ്ട സ്ഥിതിയുണ്ട് എന്നതും നിര്‍ഭാഗ്യകരമാണ്. നീതിന്യായ വ്യവസ്ഥയെ സമീപിക്കാന്‍ പലപ്പോഴും ഇരകള്‍ക്ക് കഴിയാതെ പോകുന്നുവെന്നതാണ് ഏറ്റവും വലിയ നിര്‍ഭാഗ്യം. പലപ്പോഴും ഈ നീതിനിഷേധത്തെ അവര്‍ ഗത്യന്തരമില്ലാതെ സഹിക്കുകയാണ്. ഇരകള്‍ സ്വയം തങ്ങള്‍ വിധിക്കപ്പെട്ടവരായി ചിന്തിക്കുന്നു. ആ വിധിയെ പഴിക്കുക മാത്രമാണവര്‍ക്ക് സാധിക്കുക. പണമില്ലാത്തവര്‍ക്ക്, സ്വാധീനമില്ലാത്തവര്‍ക്ക് സമൂഹത്തില്‍ നിന്നുകിട്ടുന്നത് തിരിച്ചടികള്‍ മാത്രമണെന്ന് വിശ്വസിക്കാന്‍ അവരെ പഠിപ്പിച്ചിരിക്കുന്നു. അങ്ങനെയല്ലെന്നും, ജനാധിപത്യത്തിലെ പൗരവാകാശം ഏതൊരാള്‍ക്കും തുല്യമായി കിട്ടേണ്ടതാണെന്നും അതെവിടെ നിന്നും തടയപ്പെടുന്നോ ആ സ്ഥാനങ്ങളെ ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അവര്‍ക്കെതിരെ പോരാടാനും ഒപ്പം ഞങ്ങളുമുണ്ടെന്ന് ഉറപ്പു കൊടുക്കാനുമാണ് ജനകീയ നീതിയാത്ര; അഡ്വ. സുനില്‍ വ്യക്തമാക്കുന്നു.

ജനുവരി 26 ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം. സാങ്കേതികമായൊരു സമാപനം മാത്രമാണത്. മറ്റുള്ളവരുടെ യാത്രാസമാപനം പോലെ വഴി നീളെ പറഞ്ഞതും ചെയ്തതുമെല്ലാം വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ ഒന്നുകൂടി വിളിച്ചു പറഞ്ഞു കൈയടിയും വാങ്ങി, എന്തെങ്കിലുമൊക്കെ നേട്ടങ്ങളും ഉറപ്പിച്ചു പോകുന്നവര്‍ ആകില്ല ഇവരെന്നു വിശ്വസിക്കാം. കാരണം അവര്‍ വ്യക്തമാക്കുന്നുണ്ട്; ഇതൊരു തുടങ്ങിവയ്ക്കലാണ്. ജനാധിപത്യ സമൂഹമാണെങ്കിലും ഇവിടെ നിന്നു നീതി വാങ്ങിയെടുക്കുക എന്നതു കൊടുങ്കാറ്റിനോട് യുദ്ധം ചെയ്യേണ്ടതുപോലെ കഠിനമാണ്. ഇര ഒറ്റയ്ക്കാണെങ്കില്‍ വിജയം എതിരാളി കൊണ്ടുപോകും. അവിടെയാണ് ഞങ്ങള്‍ ഓരോ ഇരയോടൊപ്പവും നില്‍ക്കാന്‍ തയ്യാറായി വരുന്നത്. ആരാണോ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്നത് അവര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ ശബ്ദമുയര്‍ത്തും…പൊലീസ് സ്റ്റേഷനില്‍ നിന്നാണ് നീതി കിട്ടേണ്ടതെങ്കില്‍ അതു കിട്ടുന്നതുവരെ ആ സ്റ്റേഷനു മുന്നില്‍ സമരം നടത്തും, സെക്രട്ടേറിയേറ്റില്‍ നിന്നാണെങ്കില്‍ അവിടെ സമരം നടത്തും. കോടതിയില്‍ നിന്നും നേടിയെടുക്കേണ്ടതാണെങ്കില്‍ അവിടെ നിന്ന്…സമരമെന്നാല്‍ ഞങ്ങള്‍ക്ക് അക്രമം അല്ല, സഹനത്തിലൂടെയുള്ള എതിര്‍പ്പാണ്. പക്ഷേ തോറ്റു പിന്മാറില്ല. ഇതൊരു ജനാധിപത്യരാജ്യമാണെങ്കില്‍ ഇവിടെ ഇരകള്‍ ഉണ്ടാകരുത്…നീതി തടഞ്ഞുവയ്ക്കപ്പെടരുത്…അതു യാഥാര്‍ത്ഥ്യമാകുന്നതുവരെ ഈ യാത്ര തുടരും…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍