UPDATES

കേരളം

ദൃശ്യമാധ്യമരംഗത്ത് പുതിയ മാറ്റങ്ങളുമായി ജനം ടിവി ഏപ്രില്‍ 19-ന് സംപ്രേക്ഷണം ആരംഭിക്കുന്നു

Avatar

അഴിമുഖം  പ്രതിനിധി

മലയാള ദൃശ്യമാധ്യമ രംഗത്ത് മാറ്റത്തിന്റെ നവവാതായനങ്ങള്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി ജനം ടിവി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. 2015 ഏപ്രില്‍ 19 മുതല്‍ ജനം ടിവി സംപ്രേക്ഷണം ആരംഭിക്കും. 19 ന് വൈകുന്നേരം 6 മണിക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യവും ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെയും കലാ-സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികളുടെയും പങ്കാളിത്തവും ഉദ്ഘാടന ചടങ്ങിലുണ്ടാകും. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍വെച്ച് ജനം ടിവിയുടെ ചെയര്‍മാനും പ്രമുഖ സംവിധായകനുമായ എസ്. പ്രിയദര്‍ശനാണ് ചാനല്‍ ഉദ്ഘാടന ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപന്‍, ഡയറക്ടര്‍ യു എസ് കൃഷ്ണകുമാര്‍, സി.ഒ.ഒ യും എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്ററുമായ രാജേഷ്.ജി.പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍  പങ്കെടുത്തു.

ദേശീയബോധവും സാംസ്‌കാരിക അടിത്തറയുമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ഒരു വാര്‍ത്താമാധ്യമം എന്ന നിലയില്‍ പങ്കുവഹിക്കുക എന്നതാണ് ജനം ടിവിയുടെ പ്രധാനലക്ഷ്യമെന്ന് ചാനലിന്റെ അണിയറക്കാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനശക്തിയുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പുതിയ ചിന്താസരണികള്‍ക്ക് ഊര്‍ജ്ജം പകരാനും പ്രശ്‌നപരിഹാരത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കാനും ഒരു ദൃശ്യമാധ്യമത്തിന് സാധിക്കും എന്നതുതന്നെയാണ് ജനം ടിവിക്ക് സമൂഹത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രസക്തിയും- അവര്‍ വ്യക്തമാക്കി. 

തൃശൂര്‍ കേന്ദ്രമായ പബ്ലിക് ലിമിറ്റഡ് കമ്പനി ജനം മള്‍ട്ടി മീഡിയയാണ് ഈ ചാനല്‍ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഏതാനും ചില വ്യക്തികളുടെയോ പ്രത്യേക സംഘടനയുടെയോ ചട്ടക്കൂടുകളില്‍ ഒതുങ്ങാതെ സമൂഹത്തിന്റെ ഒരു പരിഛേദം ഈ ചാനലിന്റെ പിന്നിലെ ശക്തിയാകണം എന്ന ഉദ്ദേശ്യത്തോടെയാണ് ജനത്തിന്റെ ഓഹരിഘടന വിഭാവനം ചെയ്തിരിക്കുന്നതെന്നും ചാനല്‍ മേധാവികള്‍ പറഞ്ഞു. 50 കോടി രൂപയാണ് ജനം പ്രൊജക്ടിന്റെ ആകെ മുതല്‍ മുടക്ക്. 

അത്യന്താധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വാര്‍ത്താ-വിനോദ പരിപാടികള്‍ക്ക് തുല്യ പ്രാധാന്യം നല്‍കി പ്രവര്‍ത്തനം ആരംഭിക്കുന്ന ജനം ടിവി മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ എച്ച് ഡി ( ഹൈ- ഡെഫനിഷന്‍) ചാനലായിരിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. ഇന്റല്‍സാറ്റ്-17 വഴിയാണ് ജനം സംപ്രേക്ഷണം നടത്തുക. കേരളത്തിലെ മറ്റു ചാനലുകള്‍ അവകാശപ്പെടാനാവാത്ത ദൃശ്യഭംഗി ഉറപ്പുനല്‍കുന്ന ജനം അതിന്റെ ഉള്ളടക്കത്തിലെ വ്യത്യസ്തയും സത്യസന്ധതയും കൊണ്ടും മലയാളി പ്രേക്ഷകര്‍ക്ക് അനുപമായ കാഴ്ചാനുഭവമായിരിക്കും പ്രദാനം ചെയ്യുകയെന്ന് അണിയറക്കാര്‍ വ്യക്തമാക്കി.

സംപ്രേക്ഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് കിട്ടിയ സ്വീകരണം അത്ഭുതപ്പെടുത്തുകയും അതേസമയം ഉത്തരവാദിത്വത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുകയാണെന്നും ചാനലിന്റെ അണിയറക്കാര്‍ പറയുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ചാനല്‍ വലിയ പ്രചാരം ഇതിനകം നേടിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ ജനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കാന്‍ പോകുന്ന സ്വീകരണത്തിന്റെ മുന്നോടിയായി ഇതിനെ കാണുന്നെന്നും അണിയറക്കാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ശ്രീവരാഹത്താണ് ചാനലിന്റെ ആസ്ഥാനം. അത്യാധുനിക സൗകര്യങ്ങളുള്ള സെന്‍ട്രല്‍ സ്റ്റുഡിയോ കോംപ്ലക്‌സ് അവിടെ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. എറണാകുളത്ത് ആലുവായിലാണ് പ്രോഗ്രാം സ്റ്റുഡിയോ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ റീജ്യണല്‍ ബ്യൂറോകള്‍ ഉണ്ടായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഡല്‍ഹിയുള്‍പ്പെടെ രാജ്യത്തെ പ്രധാനനഗരങ്ങളിലെല്ലാം ജനം ചാനലിന് പ്രതിനിധികള്‍ ഉണ്ടാവും.

2014 ഓഗസ്റ്റിലാണ് ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചത്. ഏപ്രില്‍ 20 നായിരുന്നു ജനത്തിന്റെ ലോഗോ ഔദ്യോഗികകമായി പ്രകാശനം ചെയ്തത്. സിനിമാതാരം സുരേഷ് ഗോപിയായിരുന്നു ലോഗോ പ്രകാശനം ചെയ്തത്. ഇതേ ചടങ്ങില്‍വെച്ചായിരുന്നു ചാനലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍