UPDATES

കൊല്ലവും വയനാടും കൈവിട്ട ജനതാദളും ആര്‍ എസ് പിയും ഇടതു മുന്നണിയിലേക്ക് വരുമോ?

എം കെ രാംദാസ്

കൊല്ലവും വയനാടും തമ്മില്‍ ഇണങ്ങുന്ന പൊതു സവിശേഷതകള്‍ ഒന്നും ഇല്ലാതിരിക്കെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് ഫല പ്രതികരണത്തില്‍ ഇരുപ്രദേശങ്ങളെയും ചേര്‍ത്ത് മുന്നോട്ട് വെച്ച പ്രമേയം ശ്രദ്ധേയമായി. സിപിഐ(എം) ഔദ്യോഗിക നേതൃത്വവുമായി വിയോജിച്ചും ഇണങ്ങിയും ഇടത് മുന്നണി വിട്ടുപോയ ആര്‍എസ്പിയും ജനതാദള്‍(യു)ഉം തെറ്റുകള്‍ മനസ്സിലാക്കി മുന്നണിയിലേയ്ക്ക് തിരികെ വരണമെന്നായിരുന്നു വി എസ്സിന്റെ അഭ്യര്‍ത്ഥന. കൊല്ലത്തേയും വയനാട്ടിലേയും ഇടത് ജയമായിരുന്നു ഈ നിര്‍ദ്ദേശത്തിന് ആധാരം. 

വയനാടിന്റെ മുഖം ചുവക്കുന്നതാണ് ഇത്തവണ കണ്ടത്. കോണ്‍ഗ്രസിന് ആഴത്തില്‍ സ്വാദീനമുള്ള പ്രദേശമായാണ് വയനാടിനെ പരിഗണിച്ചിരിക്കുന്നത്. 26ല്‍ 23 ഗ്രാമപഞ്ചായത്തുകളുടെയും നിയന്ത്രണം ഐക്യ ജനാധിപത്യ മുന്നണിക്കായിരുന്നു. എന്നാല്‍ ഇത്തവണ യു ഡി എഫ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് കോട്ടകളില്‍ ചുവപ്പ് കൊടി പാറി. പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയുടെ പ്രവര്‍ത്തനമേഖലയും ജന്മ സ്ഥലവുമായ കവിഞ്ഞാല്‍ ചരിത്രത്തില്‍ ആദ്യമായി എല്‍ ഡി എഫിനോട് ചേര്‍ന്നു. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍ഡിഎഫിനാണ് ജയം. അവശേഷിക്കുന്ന 7 ഇടങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജില്ലാ പഞ്ചായത്തില്‍ 11 സീറ്റ് നേടി അധികാരം ഉറപ്പിച്ചെങ്കിലും യു ഡി എഫിന് വയനാട്ടില്‍ ആശ്വസിക്കാന്‍ ഒന്നുമില്ല. കല്‍പ്പറ്റ നഗരസഭ മാത്രമാണ് യു ഡി എഫിന് നിലനിര്‍ത്താന്‍ ആയത്. അത് നേരിയ വിജയം. വീരേന്ദ്രകുമാറിന്റെ സ്വാധീന മേഖലയായ കല്‍പ്പറ്റയില്‍ ജെ ഡി യുവിന് നേട്ടമുണ്ടാക്കാനുമായില്ല. 

കൊലത്ത് സമ്പൂര്‍ണ്ണ ഇടത് ആധിപത്യമാണ് ഉണ്ടായത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭാ വ്യത്യാസമില്ലാതെ എല്‍ഡിഎഫ് തൂത്തുവാരി. 68 ഗ്രാമപഞ്ചായത്തുകളില്‍ 7 ഇടത് മാത്രം വിജയിക്കാനേ യു ഡി എഫിന് കഴിഞ്ഞുള്ളൂ. ആര്‍എസ്പി അപ്രസക്തമായെന്നാണ് കൊല്ലം തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. ആര്‍ എസ് പിയുടെ ചേരിമാറ്റം ജനം പൂര്‍ണ്ണമായും തിരസ്‌ക്കരിച്ചുവെന്ന ഫലമാണ് അവിടെനിന്ന് ഉണ്ടായത്. 

ജനതാദള്‍(യു)വിന്റെയും ആര്‍ എസ് പിയുടെയും ചേരിമാറ്റം ജനങ്ങള്‍ തിരസ്‌ക്കരിച്ചെന്ന് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാണിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇരുകക്ഷികളും ഇടത് മുന്നണിയിലേക്ക് വരണമെന്ന് വി എസ് ഇന്ന് വീണ്ടും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. 

വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജെ ഡി യുവും ആര്‍ എസ് പിയും അടുപ്പം സൂക്ഷിക്കുന്ന സി പി ഐ (എം) നേതാവാണ് വി എസ്. ഇരുകൂട്ടര്‍ക്കും പിണറായിയോടുളള പകയും പ്രസിദ്ധമാണ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ കയ്യിലേന്തിയ വി എസ് പ്രതീക്ഷിച്ചതിലേറെ തിളക്കമുള്ള വിജയമാണ് പാര്‍ട്ടിക്കും മുന്നണിയ്ക്കും സമ്മാനിച്ചത്. മുഖ്യ പ്രചാരകന്‍ എന്ന സ്ഥാനം സമ്മര്‍ദ്ദത്തിലൂടെ വി എസ് നേടിയതായിരുന്നു. ഫലം വന്നതോടെ വി എസ് കൂടുതല്‍ കരുത്തനായി. തന്നോടൊപ്പം നിന്നവരേയും പിന്തുണയ്ക്കുന്നവരേയും ചേര്‍ത്ത് നിര്‍ത്താന്‍ വി എസ് ആഗ്രഹിക്കുന്നു. വി എസ്സിന്റെ ഈ ആവശ്യം പാര്‍ട്ടിയ്ക്കും ഇന്നത്തെ സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റതുമുതല്‍ ഇരുപാര്‍ട്ടികളുമായി സൗഹൃദത്തിന് ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം വി എസ് ഇക്കാര്യത്തില്‍ മൗനിയായിരുന്നു. ഇനി അറിയേണ്ടത് വീരേന്ദ്ര കുമാറും ആര്‍ എസ് പിയും വി എസ്സിന്റെ നിര്‍ദ്ദേശം അംഗീകരിക്കുമോ എന്നതാണ്. ഇരുകക്ഷികളും യു ഡി എഫ് സമീപനത്തില്‍ സംതൃപ്തരുമല്ല.  കെ എം മാണിയുടെ രാഷ്ട്രീയ ഭാവി തുലാസില്‍ നില്‍ക്കെ വി എസ്സിന്റെ ക്ഷണത്തിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍