UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണ്ടേപ്പോലെ ഫലിക്കുമോ ജനതയുടെ പല്ലിന്‍ ശൌര്യം?

Avatar

ജിജി ജോണ്‍ തോമസ്‌

ജനതാ കുടുംബത്തിലെ ആറു കൂട്ടര്‍ ഒന്നിച്ചിരിക്കുന്നു. മുലായം സിങ്ങിന്റെ സമാജ് വാദി പാര്‍ട്ടി (എസ്.പി), നിതീഷ് കുമാര്‍- ശരത് യാദവിന്റെ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു), ലാലൂ പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ദേവ ഗൗഡയുടെ ജനതാദള്‍ സെക്യുലര്‍ (ജെ ഡി -എസ്), ഓം പ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) എന്നിവരാണ് ലയിച്ച് ഒന്നാവുന്നത്.

സോഷ്യലിസ്റ്റ് – ജനതാ പരിവാറിന്റെ ലയനം ഇതു മൂന്നാംവട്ടമാണ്. രാഷ്ട്രീയ എതിരാളിയുടെ കരുത്തിനു മുന്‍പില്‍ വിഘടിച്ചു നിന്നാല്‍ നാമാവശേഷമാകും എന്നു ഉത്തമ ബോധ്യമുണ്ടായപ്പോഴാണ് ഇപ്പോഴത്തെ എന്നതു പോലെ മുന്‍പും ഏകീകരണം നടന്നിട്ടുള്ളത്. 1977 -ല്‍ ശക്തയായ ഇന്ദിരാ ഗാന്ധിയെ പരാജയപ്പെടുത്താനും, 1989 -ല്‍ തൊട്ടുമുന്‍പത്തെ തെരെഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷവുമായി അധികാരത്തിലേറിയ രാജീവ് ഗാന്ധിയെ തളയ്ക്കാനും, ഇപ്പോള്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുക്കാനും അവര്‍ ഒന്നിക്കുന്നു. (ഇടയ്ക്ക് 1996 -ല്‍ കേന്ദ്രത്തില്‍ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇവരിലേറെയും ഒന്നിച്ചിട്ടുണ്ടായിരുന്നെങ്കിലും പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ചിരുന്നില്ല.)

മുന്‍പു രണ്ടു വട്ടവും ലോക്‌സഭാ തെരെഞ്ഞെടുപ്പിനോട് അനുബന്ധമായാണ് ഏകീകരണം ഉണ്ടായതെങ്കില്‍ ഇക്കുറി ലോക്‌സഭാ ഇലക്ഷന്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലാണ്, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അടുത്ത ലോക്‌സഭാ ഇലക്ഷന് നാലു വര്‍ഷങ്ങള്‍ ശേഷിച്ചിരിക്കേയാണ് അതുണ്ടായിരിക്കുന്നത്. അതായത് മുന്‍പു രണ്ടു തവണയും ദേശീയ രാഷ്ട്രീയ താല്പര്യങ്ങളായിരുന്നു ജനതാ പരിവാര്‍ അംഗങ്ങളെ ഒന്നിച്ചു ചേരാന്‍ പ്രേരിപ്പിച്ചതെങ്കില്‍, ഇത്തവണ അതിനൊപ്പം അല്ലെങ്കില്‍ അതിലുമേറെ, പ്രാദേശിക തലത്തില്‍ തന്നെ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന തിരിച്ചറിവാണ് ലയനത്തിനു വഴിയൊരുക്കിയത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ ജയം പ്രാദേശിക കക്ഷികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കും ബി.ജെ.പി വിജയം ആവര്‍ത്തിച്ചപ്പോള്‍ ചിത്രം ഏറെ വ്യക്തമായി. രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരില്‍ അധികാരം പങ്കിടുവാന്‍ തക്ക സ്ഥിതിയിലേക്കു ബി.ജെ.പി. കുതിച്ചപ്പോള്‍, ഡല്‍ഹിയില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞത് കേജരിവാളിന്റെ ജനമുന്നേറ്റത്തിനു മുന്‍പിലായിരുന്നു എന്നതും അവര്‍ക്കു ചിന്തിക്കാന്‍ അവസരം നല്‍കി. കാര്യങ്ങള്‍ ഈ വിധം മുന്നോട്ടു പോയാല്‍, ബി.ജെ.പി.യെ ജനം തിരസ്‌കരിച്ചാലും പകരം പ്രതിഷ്ഠിക്കപ്പെടുക ഒരു പക്ഷേ തങ്ങളായേക്കില്ല എന്ന രാഷ്ട്രീയ യാഥാര്‍ഥ്യമാണവരെ തുറിച്ചു നോക്കിയത്.

ഏകീകരണത്തിനൊരുങ്ങുന്ന ജനതാ പരിവാറിന്റെ സാദ്ധ്യതകള്‍ പ്രധാനമായും മൂന്നു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിര്‍ണയിക്കപ്പെടുക. ഒന്നാമതായി ഏകീകരണത്തിലൂടെ എത്രത്തോളം വിഘടിത വോട്ടുകള്‍ ഒന്നിപ്പിക്കാനാകുന്നുണ്ട് എന്നത്, രണ്ടാമത് ഐക്യത്തിലേര്‍പ്പെടുന്ന നേതാക്കളില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയും വിശ്വാസ്യതയും – നേതാക്കള്‍ക്ക് പുതു വോട്ടുകളാകര്‍ഷിക്കാന്‍ ഉള്ള ശേഷി, മൂന്നാമത് സ്വന്തം തട്ടകം സരക്ഷിക്കുക എന്നതിലുപരി ദേശീയ താല്‍പര്യത്തോടെ എത്രനാള്‍ ഈ സഖ്യം തുടരും എന്നത്.

ലയനത്തിനൊരുങ്ങുന്ന ജനതാ വിഭാഗങ്ങള്‍ക്കൊന്നും തന്നെ നേതാവിന്റെ സ്വന്തം സംസ്ഥാനങ്ങള്‍ക്കു പുറത്ത് സ്വാധീനം ഇല്ലെന്നതാണ് വാസ്തവം. അതായത് ഇവരുടെ ലയനങ്ങളിലൂടെ വിഘടിത വോട്ടുകള്‍ ഏകോപിക്കപ്പെടുന്നത് പ്രധാനമായും ഇവരില്‍ രണ്ടു കൂട്ടര്‍ പരസ്പരം പോരടിച്ചിരുന്ന ബീഹാറില്‍ മാത്രം. നീതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും ഒന്നിക്കുന്നതിലൂടെ ബീഹാറില്‍ മതേതര വോട്ടുകള്‍ വ്യക്തമായും ഏകോപിക്കപ്പെടുകയും ബി.ജെ.പി.ക്ക് കടുത്ത മത്സരം ഉറപ്പു നല്‍കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. എന്നാല്‍ ബീഹാറിനപ്പുറം ഒരിടത്തും ഇങ്ങനെയൊരു ധ്രുവീകരണത്തിന് ലയനം വഴിതുറക്കുന്നില്ല എന്നത് കൊട്ടിഘോഷിക്കപ്പെടുന്നതുപോലെ ചലനങ്ങള്‍ക്കു വഴിമരുന്നിടാന്‍ ജനതാപരിവാര്‍ ലയനം കാരണമായേക്കില്ല എന്ന വസ്തുതയിലേക്കു വിരല്‍ ചൂണ്ടുന്നു.

ബീഹാറിനു പുറത്ത് പേരിനെങ്കിലും എതിര്‍ ചേരിയിലുളളവര്‍ ലയനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കേരളത്തിലാണ്. ഇവിടെ നിതീഷിനൊപ്പം നില്‍ക്കുന്ന വീരേന്ദ്രകുമാറിന്റെ വിഭാഗം ഐക്യ ജനാധിപത്യ മുന്നണിയിലും, ദേവ ഗൗഡയ്‌ക്കൊപ്പം നില്‍ക്കുന്ന മാത്യു ടി. തോമസിന്റെ വിഭാഗം ഇടതുപക്ഷ മുന്നണിയിലുമാണ്. എന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിന് ഏതെങ്കിലും ഒരു ദേശീയ ബാന്ധവം നല്ലെതാണെന്ന ബോധ്യത്താല്‍ വീരേന്ദ്രകുമാര്‍ നിതീഷിനൊപ്പവും മാത്യു ടി. ഗൗഡയ്‌ക്കൊപ്പവും നിലയുറപ്പിച്ചു എന്നതിനപ്പുറം, നിതീഷിനോ ദേവഗൗഡയേ്ക്കാ കേരളരാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനമൊന്നുമില്ല.

രാഷ്ട്രീയമായി വ്യക്തമായ ഇടതു – വലതു മുന്നണി ധ്രുവീകരണം നിലനില്‍ക്കുന്ന ഇവിടെ ജനതാ വിഭാഗങ്ങള്‍ക്ക് തനതു നിലയില്‍ കാര്യമായ വോട്ട് ബാങ്ക് ഇല്ലയെന്നതിനാല്‍ (കുറച്ചെങ്കിലും അതുള്ളത് വീരേന്ദ്രകുമാര്‍ വിഭാഗത്തിനു മാത്രം) ലയനത്തിലൂടെ ഐക്യ ജനതയുടെ വോട്ടില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകാന്‍ പോകുന്നതുമില്ല. മുന്നണി വീതം വയ്പില്‍ ഇരുമുന്നണികളിലുമായി അവര്‍ കൈയ്യടക്കി വച്ചിരിക്കുന്നതിലേറെ സീറ്റുകള്‍ ഏതെങ്കിലും ഒരു മുന്നണിയില്‍ നിന്നുകൊണ്ട് അവര്‍ക്കു നേടുകയും അത്ര എളുപ്പമായിരിക്കില്ല.

ലയനത്തിനു ശേഷം ഐക്യ ജനത കേരളത്തില്‍ ഏതു മുന്നണിയിലാകും നിലയുറപ്പിക്കുകയെന്നതാണ് സങ്കീര്‍ണമായ പ്രശ്‌നം, ഒപ്പം ആ തീരുമാനത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗം സംസ്ഥാന തലത്തില്‍ മറ്റൊരു പിളര്‍പ്പിനു വിധേയമാകപ്പെടുമോ എന്നുള്ളതും. ലയനം പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ കാര്യമായ വര്‍ദ്ധനയ്ക്കു കാരണമാകില്ലയെങ്കിലും, നിലവിലെ ഭരണ- പ്രതിപക്ഷ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഏതു ചേരിയില്‍ നിലയുറപ്പിക്കും എന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുലായം സിങ്ങിനും നിതീഷിനും തങ്ങളുടെ സംസ്ഥാനങ്ങളിലെ മുഖ്യ എതിരാളി കോണ്‍ഗ്രസ്സ് അല്ല എന്നതിനാല്‍ അവര്‍ക്കൊപ്പം സഖ്യമാകാം എന്ന സമീപനം ഉണ്ടെങ്കിലും, തന്റെ സംസ്ഥാനത്തെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസ്സിനൊപ്പം കൈകോര്‍ക്കുന്നത് ദേവഗൗഡയ്ക്ക് അത്ര സ്വീകാര്യമായിരിക്കില്ല. (ഇത് കേരള വിഷയത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ സഖ്യ രൂപീകരണങ്ങളില്‍ ഐക്യ ജനതയ്ക്ക് കീറാമുട്ടിയായേക്കാവുന്ന പ്രശ്‌നമാണ്.)

നിര്‍ണായകമായ ബീഹാര്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കൂടി സഖ്യം ആഗ്രഹിക്കുന്ന നിതിഷും ലാലുവും അതിനുമുന്‍പ് എന്തായാലും ഒരു കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ താഴെ ഇറക്കുന്ന തീരുമാനം നിര്‍ബന്ധിക്കാനിടയില്ല. മാത്യു ടി വിഭാഗം കോണ്‍ഗ്രസ്സ് മുന്നണിയോട് പൂര്‍ണ ചതുര്‍ഥി വച്ചു പുലര്‍ത്തുന്നവരാണ്, മറിച്ച് വീരേന്ദ്രകുമാര്‍ വിഭാഗത്തിന് ഇടതുപക്ഷം അത്രമേല്‍ ചതുര്‍ഥിയല്ല. രാഷ്ട്രീയ മര്യാദയുടേയും ധാര്‍മികതയുടേയും പേരില്‍ വീരേന്ദ്രകുമാര്‍ ഈ സര്‍ക്കാറിന്റെ കാലാവധി തീരുംവരെ ഐക്യ ജനാധിപത്യ മുന്നണിയില്‍ തുടരുവാനും, അടുത്ത തെരെഞ്ഞുടുപ്പുകാലയളവില്‍ ഇടതുപക്ഷത്തോടൊപ്പം ചേരാനും സാദ്ധ്യതകളേറെ കല്‍പ്പിക്കപ്പെടുന്നത് ഇക്കാരണങ്ങളാല്‍ തന്നെ.

ഐക്യമുന്നണി നേതൃത്വം തങ്ങളോടു നീതി കാട്ടിയില്ലെന്ന പരിഭവം വീരേന്ദ്രകുമാര്‍ പ്രകടമാക്കിയത് ഇത്തരമൊരു വിടപറച്ചിലിനുള്ള മുന്നൊരുക്കമായി വേണം കരുതാന്‍. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറിയായി വി.എസ്സ് പക്ഷത്തിന് ഏറെ ആഭിമുഖ്യമുള്ള സീതാറം യെച്ചൂരി അവരോധിതനായത് വീരേന്ദ്രകുമാര്‍ വിഭാഗം ഇടതു മുന്നണിയിലേക്കു ചേക്കേറുന്നതിന് കൂടുതല്‍ പ്രേരകമായിക്കൂടായ്കയുമില്ല. കോണ്‍ഗ്രസ്സ് നേത്രൃത്വം പ്രത്യേക താല്‍പ്പര്യമെടുത്ത് (അതിനു സാദ്ധ്യത കുറവാണ്) നിതീഷിലും, മുലായം സിങ്ങിലും സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമാകും മിക്കവാറും ഐക്യ ജനത ഐക്യമുന്നണിയില്‍ നിലയുറപ്പിക്കുക. പക്ഷേ, അങ്ങിനെ സംഭവിച്ചാല്‍ മാത്യു.ടി വിഭാഗത്തില്‍ പിളര്‍പ്പുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്.

നേതാക്കളിലുള്ള പ്രതീക്ഷയും വിശ്വാസ്യതയും അവരുടെ പുതുവോട്ടുകളാകര്‍ഷിക്കാന്‍ ഉള്ള ശേഷിയും കണക്കിലെടുക്കുമ്പോള്‍ 1977-ലേയും 1989-ലേതുമായി ഇപ്പോഴത്തെ സാഹചര്യം അജഗജാന്തര വ്യത്യാസം പു ലര്‍ത്തുന്നു. അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഇന്ദിരയ്‌ക്കെതിരെ വ്യാപകമായിരുന്ന ജനവികാരത്തിനൊപ്പം മൊറാര്‍ജി ദേശായി – ചരണ്‍സിങ്ങ് – ജയപ്രകാശ് നാരായണന്‍ തുടങ്ങിയ നേതാക്കള്‍ 1977-ലും, വിശ്വനാഥ് പ്രതാപ് സിങ്ങ് 1989-ലും ജനങ്ങള്‍ക്ക് പ്രതീക്ഷയേകി- രണ്ടുവട്ടവും പ്രതീക്ഷകള്‍ അസ്ഥാനത്തായി എങ്കിലും. എന്നാല്‍ ഇത്തവണത്തെ ലയനത്തില്‍ പുതു പ്രതീക്ഷയായി ഒരു നേതാവും അവതരിക്കുന്നില്ല. മൂന്നു പതിറ്റാണ്ടിലേറെയായി ജനങ്ങള്‍ കണ്ടുപഴകിയ, പലവട്ടം വിശ്വസിച്ച് അധികാരത്തിലേറ്റിയിട്ട് പ്രതീക്ഷിയ്‌ക്കൊത്ത് ഉയരാതിരുന്ന ഒരുകൂട്ടം നേതാക്കള്‍. നിതീഷ് ഒഴിച്ചാല്‍ മറ്റെല്ലാവരും വിവിധ അഴിമതികളില്‍ പേരെഴുതപ്പെട്ടവര്‍, ഭൂരിഭാഗവും പാര്‍ട്ടിയെ കുടുംബത്തിനു തീറെഴുതിയവര്‍. ഇക്കാരണങ്ങളാല്‍ ഒക്കെ തന്നെ കാര്യമായ തോതിലുള്ള പുതുവോട്ട് സമാഹരണത്തിന് പ്രഭനഷ്ടമായ ഈ നേതൃനിരയ്ക്ക് ത്രാണിയുണ്ടാവുമെന്നു കരുതുക വയ്യ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വന്തം തട്ടകം പരിരക്ഷിച്ചു നിര്‍ത്തുകയെന്നതിനപ്പുറം വിശാലമായ ദേശീയ കാഴ്ചപ്പാട് ഈ നേതാക്കള്‍ എത്രമേല്‍ വച്ചുപുലര്‍ത്തും എന്നതായിരിക്കും ജനത പരിവാറിന്റെ ഭാവി നിശ്ചയിക്കുന്നത്. കൂടിച്ചേരലില്‍ പങ്കാളികളായിരിക്കുന്നവരുടെ മുന്‍കാല ചെയ്തികള്‍ സൂചനയായി കണക്കാക്കിയാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമാവില്ല. വാസ്തവത്തില്‍ ജനതാപരിവാറിന്റെ ഇപ്പോഴത്തെ ലയനത്തിന്റെ സൂത്രധാരും ഗുണഭോക്താക്കളൂം നിതീഷും ലാലുവും തന്നെ. വര്‍ഷാന്ത്യം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയരുതെന്ന അവരുടെ ഉത്കടമായ അഭിവാഞ്ചയാണ് ലോക്‌സഭാ വേളയിലല്ലാതെ തന്നെയുള്ള ലയനം അനിവാര്യമാക്കിയത്. ബീഹാറിനപ്പുറം ഒരിടത്തും നിലപാടുകളില്‍ ധാരണയോ വ്യക്തതയോ കൈവന്നിട്ടില്ലെന്നതാണ് വാസ്തവം.

31 ശതമാനം വോട്ടു നേടിയ രാഷ്ട്രീയ കക്ഷിയ്ക്ക് കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറാനും 20 ശതമാനത്തിനടുത്ത് വോട്ടു നേടിയ കക്ഷിയ്ക്ക് പ്രതിപക്ഷ നേതൃത്വത്തിനു വേണ്ട 10 ശതമാനം സീറ്റുകള്‍ പോലും നേടാന്‍ കഴിയാതെ പോയ വൈരുദ്ധ്യം രാജ്യത്തെ വിഭജിത വോട്ടുകളുടെ സാദ്ധ്യതകള്‍ എടുത്തു കാട്ടുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ കുറച്ചുപേര്‍ ഒന്നിക്കുന്നതിലൂടെ വിഭജിത വോട്ടുകള്‍ ക്രോഡീകരിക്കപ്പെടുകയില്ല. പുതു വോട്ടുകള്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ അതിന് ആവിധം ആവേശവും പ്രതീക്ഷയുമേകുന്ന നേതൃത്വം അനിവാര്യവുമാണ്. വിവിധ സംസ്ഥാന നേതാക്കളുടെ താല്‍പ്പര്യങ്ങള്‍ വ്യത്യസ്തമാവുന്നത് സഖ്യ രൂപീകരണങ്ങളിലൂടെയുള്ള വിപുലീകരണത്തിന് ഒട്ടേറെ കടമ്പകള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ ജനത പരിവാറിന് സാദ്ധ്യതകളേക്കാള്‍ പരിമിതികള്‍ മുന്നിട്ടു നില്‍ക്കുന്നുവെന്ന് പറയേണ്ടിവരുന്നു.

കുറഞ്ഞപക്ഷം, സഖ്യ രൂപീകരണത്തിലൂടെയെങ്കിലും വിഭജിത വോട്ടുകളുടെ ഏകോപനവും ജനങ്ങളില്‍ ആവേശവും പ്രതീക്ഷയും നിറയ്ക്കുന്ന നേതൃത്വവും സര്‍വോപരി താല്‍ക്കാലിക നേട്ടങ്ങള്‍ക്കുപരിയായി ദേശീയതാല്‍പ്പര്യത്തിനു പ്രാമുഖ്യം നല്‍കി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരുമിച്ചു നില്‍ക്കുന്ന നേതൃനിരയും ഉണ്ടെങ്കിലേ കാര്യങ്ങള്‍ ശുഭകരമാകൂ.

(മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുള്ള ജിജി ജോണ്‍ തോമസ് തിരുവല്ല സ്വദേശിയാണ്)  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍