UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനത പരിവാര്‍ ലയനം; ശബ്ദഘോഷങ്ങള്‍ക്കപ്പുറം കണക്കെടുപ്പുകള്‍ക്ക് അവസരമുണ്ടാകുമോ?

Avatar

ടീം അഴിമുഖം

‘വര്‍ഗ്ഗീയ ശക്തികളെ’ എതിര്‍ക്കുകയും ഒരു ‘സമത്വാധിഷ്ഠിത സമൂഹം’ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ ജനത പാര്‍ട്ടിയുടെ പിന്മുറക്കാരായ ആറ് പാര്‍ട്ടി തമ്മില്‍ ലയനം കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കപ്പെട്ടു. 

കഴിഞ്ഞ ശതകത്തില്‍ നടന്ന നിരവധി ശ്രമങ്ങള്‍ക്കൊടുവിലാണ് സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, ജനതാദള്‍ സെക്യുലര്‍, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി ജനത പാര്‍ട്ടി എന്നിവ തമ്മില്‍ ലയിക്കാനുള്ള പ്രഖ്യാപനം ന്യൂഡല്‍ഹിയില്‍ ഉണ്ടായത്. 

പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റും പാര്‍ലമെന്ററി ബോര്‍ഡ് അദ്ധ്യക്ഷനുമായി മുലായംസിംഗ് നിയമിതനായി. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ പേര്, കൊടി, ചിഹ്നം എന്നിവയെ സംബന്ധിച്ച് ഇതുവരെ ഒരു പ്രഖ്യാപനവും വന്നിട്ടില്ല. ‘സാമുദായിക ശക്തികളെ പരാജയപ്പെടുത്തുകയും ഒരു സമത്വാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുന്നതിനായി സോഷ്യലിസ്റ്റ് ശക്തികളെ ഒരുമിപ്പിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ നയം,’ എന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. 

മുലായം സിംഗ്, ശരദ് യാദവ്, നിതീഷ് കുമാര്‍, ലാലു പ്രസാദ്, അജയ് ചൗതാല എന്നിവര്‍ പങ്കെടുത്ത ഒരു പത്രസമ്മേളനത്തിലാണ് ലയന തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. 

പാര്‍ട്ടിയുടെ പേര് തുടങ്ങിയ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതായി എച്ച് ഡി ദേവഗൗഡ, ലാലു പ്രസാദ് എന്നിവരുള്‍പ്പെടെ ആറ് അംഗങ്ങളുള്ള ഒരു കമ്മിറ്റി രൂപീകരിച്ചതായി ചൗതാല പറഞ്ഞു. തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാവും. 

ലയിക്കുന്ന കക്ഷികളിലെ നേതാക്കളുടെ ഭയാശങ്കകള്‍ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് ലയനം വേഗത്തിലാക്കിയത്. ലയനത്തിന് ശേഷം തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കകള്‍ വച്ചുപുലര്‍ത്തുന്ന സാജ്‌വാദി പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍ ഉള്ള യുപിയിലാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷം. 

ഈ വര്‍ഷം അവസാനം നടക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പാണ് പുതിയ പാര്‍ട്ടി നേരിടാന്‍ പോകുന്ന ആദ്യ രാഷ്ട്രീയ പരീക്ഷണം. 

കണക്കുകള്‍ വച്ച് നോക്കുമ്പോള്‍, തങ്ങളുടെ ജനപിന്തുണ നിലനിര്‍ത്താനും ആ വോട്ടുകള്‍ പുതിയ പാര്‍ട്ടിക്ക് കൈമാറാനും സാധ്യതയുണ്ട് എന്ന് വിലയിരുത്തപ്പെടുന്ന നിതീഷിനും ലാലു പ്രസാദിനുമാണ് ലയനം ഗുണം ചെയ്യുക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും മറ്റ് ‘മതേതര’ കക്ഷികള്‍ക്കും കൂടി എന്‍ഡിഎക്കാള്‍ അഞ്ച് ശതമാനം വോട്ട് കൂടുതലുണ്ടായിരുന്നു. 

എന്നാല്‍, ലാലു പ്രസാദിന്റെ സാന്നിധ്യം ഉള്ള ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് തന്റെ അനുയായികളോട് ആവശ്യപ്പെടാന്‍ നിതീഷിനും തിരിച്ച് നിതീഷുള്ള പാര്‍ട്ടി വോട്ട് ചെയ്യാന്‍ ആവശ്യപ്പെടാന്‍ ലാലുവിനും സാധിക്കുമോ എന്നതാണ് പ്രശ്‌നം. 

എന്നാല്‍ 2014 ലെ നരേന്ദ്ര മോദി തരംഗത്തിന്റെ ചില ഗുണഫലങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്ന ബിജെപി വിഷയത്തില്‍ അങ്കലാപ്പില്ലാതെ പ്രതികരിച്ചു. ‘അത് (പുതിയ പാര്‍ട്ടി) ഒരിക്കലും പാചകം ചെയ്യപ്പെടാത്ത ‘ബിര്‍ബലിന്റെ കിച്ചടി’ പോലെയുള്ള ഒരു സങ്കല്‍പം മാത്രമാണ്…അവര്‍ക്ക് എത്രകാലം ഒന്നിച്ച് പോകാന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്,’ എന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറയുന്നു. 

1970 കളിലെ ജനത പാര്‍ട്ടിയുടെ ഭാഗമായിരിക്കുകയും റാം മനോഹര്‍ ലോഹ്യയുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്നവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളാണ് ഇപ്പോള്‍ വീണ്ടും ലയിച്ചിരിക്കുന്നത്. പിന്നോക്ക സമുദായങ്ങളെ വേണ്ട രീതിയില്‍ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും സാധിക്കാതിരിക്കുകയും അതിന്റെ രാഷ്ട്രീയ-തിരഞ്ഞെടുപ്പ് ചുവടുവയ്പ്പുകളില്‍ പ്രത്യക്ഷമായ വിഭാഗീയ നയങ്ങള്‍ ബിജെപി വച്ചു പുലര്‍ത്തുകയും ചെയ്തിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളില്‍, സ്വയം മതേതരം എന്ന് വിശേഷിപ്പിക്കുകയും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്ന മൂന്നാം ശക്തികള്‍ പ്രസക്തവും വിജകരവുമായിരുന്നു. എന്നാല്‍ അതിന് ശേഷം വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബിജെപി അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. നല്ല ഭരണനിര്‍വഹണം ലഭ്യമാക്കുന്ന പാര്‍ട്ടി എന്ന മുഖഛായ സ്വീകരിച്ച അവര്‍, മികച്ച സംഘടനാശേഷിയും അതിവേഗം വളരുന്ന സാമൂഹിക അടിത്തറയുമുള്ള ദേശീയ പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. രാഷ്ട്രീയ ആഖ്യാനങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. അത് കൂടുതല്‍ അഭിലാഷപൂര്‍ണമായ ശൈലിയും നിറക്കൂട്ടും സ്വീകരിച്ചു കഴിഞ്ഞു. ഭൂതകാലത്തില്‍ അത് തളയ്ക്കപ്പെടുകയോ അല്ലെങ്കില്‍ അതിനത്ര വിലമതിക്കുകയോ ചെയ്യുന്നില്ല. നിഷേധാത്മക നയങ്ങളുടെയും വ്യക്തി കേന്ദ്രീകൃത സംഘാടത്തില്‍ നിന്നുള്ള ക്ഷയോന്മുഖ ലാഭങ്ങളുടെയും പരിമിധികള്‍ സമീപകാല തിരഞ്ഞെടുപ്പുകള്‍ പുറത്തുകൊണ്ടുവന്നു. മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ശക്തമായ ഭരണനിര്‍വഹണ നയങ്ങളോടാണ് യുവവോട്ടര്‍മാര്‍ക്ക് താല്‍പര്യം. 

ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും 2017ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തുടച്ചുനീക്കപ്പെട്ടത് ജനത പരിവാര്‍ കക്ഷികള്‍ കണ്ടു. ലയനത്തിന്റെ സംഖ്യാശാസ്ത്രം വിടവുകളടയ്ക്കാന്‍ തങ്ങളെ സഹായിക്കുമെന്ന് ജനത നേതാക്കള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. സാമൂഹിക നീതിയും വികസനവും തമ്മിലുള്ള ക്രിയാത്മകവും വിവേകപൂര്‍ണവുമായ ഒരു സന്തുലനം വാഗ്ദാനം ചെയ്താണ് ബിഹാറില്‍ നിതീഷ് കുമാര്‍ അധികാരത്തില്‍ എത്തിയത്. ഒരു പരിധി വരെ തന്റെ വാഗ്ദാനത്തോട് നീതി പുലര്‍ത്തുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍, നല്ല ഭരണനിര്‍വഹണത്തിന്റെ മാറ്റത്തിന്റെയും പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടാണ് അഖിലേഷ് യാദവ് അധികാരത്തില്‍ ഏറിയത്. എന്നാല്‍ ഈ രണ്ട് പ്രതീക്ഷകളും നിലനിറുത്തുന്നതില്‍ അഖിലേഷ് പൂര്‍ണമായും പരാജയപ്പെട്ടു. ബിജെപിയുമായുള്ള സംഖ്യം പിരിഞ്ഞതിന് ശേഷം ലക്ഷ്യം നഷ്ടപ്പെട്ട അവസ്ഥയിലാണ് നിതീഷ് കുമാര്‍. 

ബിജെപിയുടെ മുന്നേറ്റം തടയുന്നതില്‍ ജനത കൂട്ടുകെട്ട് വിജയിക്കുകയോ പരാജയപ്പെടുയോ ചെയ്യാം. പക്ഷെ 2014 ല്‍ ഏകദേശം തുടച്ചുമാറ്റപ്പെടുന്നതിന് കാരണമായ പൊരുത്തക്കേടുകളേയും പരാജയങ്ങളേയും കുറിച്ച് പരിശോധിക്കുന്നതില്‍ നിന്നും പിന്തിരിയാന്‍ കണക്കുകളുടെ സൗക്യങ്ങള്‍ കൊണ്ടു മാത്രം അതിന്റെ നേതാക്കള്‍ക്ക് സാധിക്കുമോ? ലയനത്തിന്റെ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ കണക്കെടുപ്പുകളുടെ വ്യക്തിപരമായ നിമിഷങ്ങള്‍ വീണ്ടും ശ്രദ്ധിക്കപ്പെടാതെ പോകുമോ? ജനത പരിവാര്‍ നേതാക്കളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ ചോദ്യമാകും കൂടുതല്‍ ശ്രദ്ധേയം. 

കേരളത്തെ സംബന്ധിച്ചത്തോളം മാത്രമാണ് പുതിയ പാര്‍ട്ടി രൂപീകരണം വന്‍ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. കേരളത്തിലെ രണ്ട് ജനത പരിവാര്‍ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇടതു, വലതു മുന്നണികളിലായി വിഭജിച്ച് നില്‍ക്കുകയാണ്. എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) ഭരണമുന്നണിയിലും മാത്യു ടി തോമസ് നയിക്കുന്ന ജനതാദള്‍ (എസ്‌) പ്രതിപക്ഷത്തും. രണ്ട് പാര്‍ട്ടികളും ലയിക്കുന്ന പക്ഷം അവര്‍ക്ക് ഏതെങ്കിലും ഒരു മുന്നണിയില്‍ നിലയുറപ്പിക്കേണ്ടി വരും. മൂന്ന് അംഗങ്ങളുടെ മാത്രം പിന്തുണയുള്ള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രണ്ട് എംഎല്‍എമാര്‍ ഉള്ള ജനതാദള്‍ (യു) മുന്നണി വിടുന്നത് ആത്മഹത്യപരമായിരിക്കും. സര്‍ക്കാരിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന കീറാമുട്ടിയായി കേരളത്തിലെ ജനത പരിവാര്‍ ലയനം മാറുമെന്ന് സാരം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍