UPDATES

ജനതാ പരിവാര്‍ ഐക്യം; കേരളത്തില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കും

അഴിമുഖം പ്രതിനിധി

ആറ് ജനതാ പരിവാര്‍ കക്ഷികള്‍ ഒന്നിക്കാന്‍ ദേശീയതലത്തില്‍ തീരുമാനമായതോടെ കേരളത്തിലെ യുഡിഎഫ് കനത്ത് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ യുഡിഎഫിലുള്ള എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എസിന് ലയനത്തോടെ എല്‍ഡിഎഫിലേക്ക് വരേണ്ടി വരുമെന്നാണ് സൂചന. മാത്യൂ ടി തോമസിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിലുള്ള ജനതാദളിന് നാല് എംഎല്‍എമാര്‍ ഉള്ളതിനാല്‍ ലയനത്തില്‍ അവസാനവാക്ക് അവര്‍ക്കാകാനാണ് സൂചന. ഇടതുമുന്നണിയില്‍ തുടരുക തന്നെ ചെയ്യുമെന്ന് മാത്യൂ ടി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

വീരേന്ദ്രകുമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം കോണ്‍ഗ്രസ് പാലം വലിച്ചതാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ മുന്നണിയില്‍ അതൃപ്തരായാണ് തുടരുന്നത്. മാത്രമല്ല, ഘടകക്ഷികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു എന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ വെളിപ്പെടുത്തിയതിലും അവര്‍ അസ്വസ്ഥരാണ്. വിഷയം ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്ന് പാര്‍ട്ടി നേതാവ് ഡോ വര്‍ഗ്ഗീസ് ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടി യുഡിഎഫ് വിടാനുള്ള സാധ്യതകള്‍ക്കാണ് മുന്‍തൂക്കം. ഇങ്ങനെ വരികയാണെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കാനുള്ള സാധ്യത വിരളമാണ്. മാത്രമല്ല വരാനിരിക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ഇത് മുന്നണിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യംവച്ചാണ് ജനതപരിവാറിലെ ആറ് പാര്‍ട്ടികള്‍ മുലായം സിങ് യാദവിന്റെ നേതൃത്വത്തില്‍ ഒന്നിച്ചത്. പാര്‍ട്ടിയുടെ പേരും ചിഹ്‌നവും സംബന്ധിച്ചു ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല. ഇതും പാര്‍ട്ടിയുടെ നയവും തീരുമാനിക്കാന്‍ നേതാക്കളുടെ കമ്മറ്റിയെ ചുമതലപ്പെടുത്തി. 

നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്), ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ജനതാദള്‍ (സെക്യുലര്‍), സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് ഒന്നിച്ചത്.

കേരളത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ശരദ് യാദവ് ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍