UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ജനത ഗാരേജ്; ഈ തെലുങ്ക് മസാലയുടെ ഏക ഫ്ലേവര്‍ മോഹന്‍ലാലാണ്

അപര്‍ണ്ണ

മോഹന്‍ലാലിന്റെ മറ്റൊരു അന്യഭാഷാ സിനിമ കൂടി റിലീസ് ചെയ്തു. മാനമന്തക്ക് ശേഷം കഷ്ടിച്ച് ഒരു മാസത്തിനിടയിലാണ് ജനതാ ഗാരേജ് റിലീസ് ആവുന്നത്. മിര്‍ച്ചി പോലുള്ള വലിയ ഹിറ്റുകള്‍ ഒരുക്കിയ കൊരട്ടല ശിവ ആണ് സിനിമയുടെ സംവിധായകന്‍. ജനത ഗാരേജിന്റെ മൊഴിമാറ്റത്തിന് കേരളത്തില്‍ പല മലയാള സിനിമകളേക്കാള്‍ തീയറ്ററുകള്‍ കിട്ടി. ജൂനിയര്‍ എന്‍ടിആര്‍, സാമന്ത, തെലുങ്ക് വില്ലന്‍ സായ്കുമാര്‍, നിത്യ മേനോന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങി കോളിവുഡ്, ടോളിവുഡ് സിനിമകളില്‍ സജീവ സാന്നിധ്യങ്ങളായ വമ്പന്‍ താരനിര സിനിമയിലുണ്ട്. ജൂനിയര്‍ എന്‍ടിആറിന്റെ സമയത്തിനായി ഒന്നരക്കൊല്ലത്തിലധികം സിനിമ നീണ്ടു പോയതും മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്ന ആക്ഷന്‍ സിനിമ എന്ന് തോന്നിപ്പിച്ച ട്രെയിലറുകളും ഒക്കെ വാര്‍ത്തയായിരുന്നു.

 

1980-കളുടെ തുടക്കം മുതല്‍ മൂന്നു പതിറ്റാണ്ടിലെ കഥയാണ് ജനത ഗാരേജ് പറയുന്നത്. ജനത ഗാരേജിന്റെ ഉടമയും മെയിന്‍ മെക്കാനിക്കുമാണ് സത്യം (മോഹന്‍ലാല്‍). ഇയാളും സഹമെക്കാനിക്കുകളും അനിയനും (റഹ്മാന്‍) ചേര്‍ന്ന് നാട്ടിലെ അനീതികള്‍ക്കെതിരെ പോരാടുകയാണ്. നിയമവും ഭരണകൂടങ്ങളും കൈയ്യൊഴിഴിഞ്ഞ, വിട്ടുവീഴ്ചകള്‍ നടത്തിയ കേസുകള്‍ ഇവര്‍ക്കടുത്ത് എത്തുന്നു. ഹൈദ്രാബാദിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ തങ്ങളുടെ പരാതികളുമായി ഇവര്‍ക്കടുത്ത് എത്തുന്നുണ്ട്. ഇവര്‍ തല്ലിയും കൊന്നും തോന്നും പോലെ എല്ലാം നീതി നടപ്പാക്കുന്നു. സത്യത്തിന്റെ അനിയനെയും ഭാര്യയേയും ശത്രുക്കള്‍ കൊല്ലുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെ ഭാര്യ വീട്ടുകാര്‍ കൊണ്ട് പോകുന്നു. ജനത ഗാരേജിനെ പറ്റിയും മരിച്ചു പോയ അച്ഛനമ്മമാരെയും പറ്റി അറിയിക്കാതെ മുംബൈ നഗരത്തില്‍ വളര്‍ത്തുന്നു. അതാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന ആനന്ദ് എന്ന കഥാപാത്രം. ഗാരേജിലെ സത്യത്തിന്റെ പോലെ അവനും നന്മ നിറഞ്ഞവനും പ്രകൃതി സ്‌നേഹിയും ധീരനുമായി വളരുന്നു. എന്നാല്‍ രാഘവ (ഉണ്ണി മുകുന്ദന്‍) എന്ന സത്യത്തിന്റെ സ്വന്തം മകന്‍ അത്യാഗ്രഹിയും വന്‍കിട കോര്‍പറേറ്റ് താത്പര്യങ്ങള്‍ ഉള്ളവനുമൊക്കെയായി മാറി. ബന്ധുക്കള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ആനന്ദ് അവസാനം ജനത ഗാരേജിന്റെ ഭാഗമാകുന്നു. രാഘവ ഏറ്റവും വലിയ വില്ലന്മാരുടെ കയ്യിലെ പാവയാകുന്നു. തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങള്‍ ആണ് സിനിമ.

 

മൂന്നു മണിക്കൂറോളം നീണ്ട സംഭവവികാസങ്ങളുടെ സുപ്രധാന ഭാഗങ്ങള്‍ ആണിത്. ഇതിലും ചുരുക്കി പറഞ്ഞാല്‍ പല കുറി, പല രീതിയില്‍ കണ്ട തെലുങ്ക് മസാല സിനിമകളുടെ ആവര്‍ത്തനം എന്ന് പറയാം. ജൂനിയര്‍ എന്‍ടിആര്‍ ആണ് നായകന്‍, മോഹന്‍ലാല്‍ അത്രത്തോളം വലിയ ബിംബവും. പതിവുപോലെ തന്നെ ഏഴടി ഉയരമുള്ള വലിയ സംഘത്തെ ഇദ്ദേഹം ഒറ്റക്ക് മറിച്ചിടുന്നു, ശേഷം കൊതുകിനെ കൊന്ന ലാഘവത്തോടെ സ്ലോ മോഷനില്‍ നടന്നു പോകുന്നു. ഇടയ്ക്ക് നന്മമരവും മിക്കവാറും സമയം അതിമാനുഷനുമായി നിറഞ്ഞു നില്‍ക്കുന്നു.

 

മഹാഭാരത മാതൃകയിലുള്ള കുടുംബ സംഘര്‍ഷങ്ങള്‍, യുക്തി കണ്ടാല്‍ പേടിച്ചോടുന്ന തല്ലലും കൊല്ലലും, നായക്‌നറെ രണ്ടു പ്രേമം, നായികയുടെ ശരീര ഭാഗങ്ങള്‍ വിസ്തരിച്ചു കാട്ടുന്ന പാട്ട് (സാമന്തയുടെ ഒറ്റ ക്ലോസ് അപ്പ് ഷോട്ട് എങ്കിലും ഉണ്ടോ എന്ന് സംശയമാണ്), മറ്റൊരു നടിയുടെ ഐറ്റം ഡാന്‍സ്, അടി, വെടി, കൊല, കരച്ചില്‍, പ്രേമപരാജയം, അടുത്ത പ്രേമം, കൂട്ടത്തല്ല്, ശുഭം.. ഇടക്ക് എല്ലാ തെലുങ്ക് മുഖ്യധാരാ സിനിമയിലെയും പോലെ സന്ദേശങ്ങള്‍ തരുന്നുണ്ട്. കണ്ടവര്‍ക്ക് എത്രത്തോളം മനസിലാവും എന്നറിയില്ലെങ്കിലും കുടുംബത്തേക്കാള്‍ സമൂഹമാണ് വലുത്, മനുഷ്യര്‍ മാത്രമല്ല ഭൂമിയുടെ അവകാശികള്‍ തുടങ്ങീ സന്ദേശങ്ങള്‍ തരുന്നു എന്ന് സിനിമ അവകാശപ്പെടുന്നുണ്ട്. കോണ്‍ക്രീറ്റ് ഫ്ലാറ്റില്‍ താമസിച്ച്, സ്വന്തമായി പെട്രോള്‍ വാഹനം ഉപയോഗിച്ച് പ്രകൃതിക്കായി യുദ്ധം ചെയുന്ന നായകന്‍; വേണ്ട, കഥയില്‍ ചോദ്യമില്ലാതിരിക്കുന്നതാണ് നല്ലത്.

മോഹന്‍ലാലിന്റെ റോള്‍ ഉത്തരവിടുന്ന മഹാരാജന്റെയാണ്. അദ്ദേഹം കാര്യമായി തല്ലാന്‍ ഇറങ്ങുന്നില്ല. സുപ്രധാനമായ ആദ്യത്തെയും അവസാനത്തെയും പ്രഹരമേല്പിച്ചു മാറി നില്‍ക്കുന്നു. തെലുങ്ക് നടന്മാരുടെ ബാലെ പ്രകടങ്ങള്‍ക്കിടയില്‍ അഭിനയിക്കുന്നത് അല്ലെങ്കില്‍ ബീഹെവ് ചെയുന്നത് മോഹന്‍ലാലിനെ പോലൊരു നടന് അദ്ദേഹം തന്നെ പറഞ്ഞ പോലെ ‘പൂ പറിക്കും പോലെ’ എളുപ്പമാണ്. സിനിമയെ ആകര്‍ഷകമാക്കുന്ന ഒരേയൊരു ഘടകവും മോഹന്‍ലാല്‍ ആണ്. പതിവ് പോലെ തന്നെ സ്ത്രീകള്‍ നഗ്‌നത കൊണ്ട് ഇക്കിളി കൂട്ടാനും കുലീനകളായി ഭക്ഷണം വിളമ്പാനും കരയാനും പേടിക്കാനും മാത്രമുള്ള ബൊമ്മകളായി.

 

സബ് ടൈറ്റിലുകള്‍ വച്ചും പരിഭാഷകരുടെ യുക്തി അനുസരിച്ചും മാത്രമാണ് പലപ്പോഴും മുഖ്യധാരാ തെലുങ്ക് സിനിമയിലെ സംഭാഷണങ്ങള്‍ നമ്മള്‍ മനസിലാക്കി എടുക്കുന്നത്. മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളുമായി അകന്നു നില്‍ക്കുന്നു തെലുങ്ക്. ഫെസ്റ്റിവലിന് ലോക ഭാഷകളില്‍ സിനിമകള്‍ കാണുന്നവര്‍ ഇല്ലേ? ഭാഷയേ ഇല്ലാത്ത സിനിമകളെ ആസ്വദിക്കുന്നവരില്ലേ? തുടങ്ങി മറുചോദ്യങ്ങളുടെയൊന്നും പരിധിയില്‍ തെലുങ്ക് മസാല സിനിമയും അതിലെ നെടു നീളന്‍ ഡയലോഗുകളും നില്‍ക്കുന്നില്ല. ജനത ഗാരേജിലെ ഡബ് ചെയ്യാതെ വന്ന ഐറ്റം സോങ്ങിന്റെ തീയറ്റര്‍ റിയാക്ഷന്‍ ഒന്നുകൊണ്ട് മാത്രം നമുക്കിത് മനസിലാവും. ഡയലോഗുകളിലൂടെ, അതിലൂടെയുള്ള തീപ്പൊരി ആക്ഷന്‍ ഹീറോയിസത്തിന്റെ വളര്‍ച്ചയും പരിണാമവും ഒക്കെയാണ് ഈ സിനിമകള്‍. അല്ലാതെ ആര്‍ട്ടും ക്രാഫ്റ്റും ഒന്നുമാണെന്ന് തോന്നുന്നില്ല. ഡബ്ബ് ചെയ്ത വരുന്ന പാട്ടുവരികള്‍ ഓര്‍ത്താല്‍ അറിയാം.

 

തെലുങ്ക് മാസ്സ് പടങ്ങള്‍ക്ക് യുക്തിയില്ല, കഥയില്ല, സിനിമ എന്ന രീതിയില്‍ വികസിച്ചിട്ടില്ല, അഭിനയിക്കാന്‍ അറിയുന്ന മുന്‍നിര താരങ്ങള്‍ ഇല്ല തുടങ്ങി പല പരിഹാസങ്ങളും കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ഇറങ്ങിയ പ്രേമത്തിന്റെ തെലുങ്ക് വേര്‍ഷനും ട്രോളുകളും തന്നെ അത്തരത്തില്‍ ഉള്ളതാണ്. പക്ഷെ പലപ്പോഴും ഇതും ഒരു മുന്‍വിധി ആകാറുണ്ട്. അത് കൊണ്ടാണല്ലോ യുക്തി കൊണ്ട് ആലോചിച്ചാല്‍ ഒരെത്തും പിടിയും കിട്ടാത്ത, അതിശയോക്തികളുടെയും അസ്വാഭാവികതകളുടെയും കൂടാരമായ അല്ലു അര്‍ജുന്‍ സിനിമകള്‍ ഇവിടെ വമ്പന്‍ ഹിറ്റുകള്‍ ആയത്. ‘മല്ലു അര്‍ജുന്‍’ എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്. ബാഹുബലി പോലൊരു സിനിമ ഇവിടെ സംഭവിക്കാത്തത് കുറച്ചിലായി കാണുന്നവരും ഉണ്ട്. അത്തരം സിനിമാ താത്പര്യങ്ങളെ ജനത ഗാരേജ് എത്രകണ്ട് തൃപ്തിപ്പെടുത്തും എന്നത് അപ്രവചനീയമാണ്. അതൊന്നുമല്ല നിങ്ങളുടെ സിനിമാ യുക്തികള്‍ എങ്കില്‍ മൂന്നു മണിക്കൂര്‍ നീണ്ട ജയില്‍ വാസത്തിനു സമാനമായ അനുഭവമായിരിക്കാന്‍ സാധ്യതയുണ്ട് ഈ സിനിമ.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍