UPDATES

പാവങ്ങളെ അടിച്ചൊതുക്കലല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജനയുഗം

പുവൈപ്പിലെ പോലീസ് നടപടി എല്‍ഡിഎഫിന്റെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തിയെന്നും മുഖപ്രസംഗം

പുതുവൈപ്പില്‍ സ്ഥാപിക്കുന്ന ഐഒസി എല്‍പിപി സംഭരണിക്കെതിരെയുള്ള ജനകീയ പ്രക്ഷേഭത്തിന് നേരെയുണ്ടായ പോലീസ് നടപടി എല്‍ഡിഎഫിന്റെ വിശ്വാസ്യതയ്‌ക്കേറ്റ കളങ്കമാണ് സിപിഐ മുഖപത്രം ജനയുഗം. പോലീസ് നടപടിയില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന പത്രം പാവങ്ങളെ അടിച്ചൊതുക്കലല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും ഓര്‍മ്മിപ്പിക്കുന്നു.

പോലീസ് നയം പ്രഖ്യാപനത്തിലല്ല പ്രവര്‍ത്തിയിലുണ്ടാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള പത്രത്തിന്റെ ഉപദേശം. ആരുഭരിച്ചാലും പോലീസ് പഴയ പടിയേ പ്രവര്‍ത്തിക്കൂ എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകാന്‍ ഈ സംഭവം ഇടയാക്കി. ഇടതുപക്ഷ ഭരണങ്ങളില്‍ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പോലീസ് പെരുമാറുമെന്ന വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്.

കൂടാതെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം സംബന്ധിച്ച പ്രഖ്യാപനത്തെ പുതുവൈപ്പ് നരനായാട്ടുമായി കൂട്ടിവായിക്കാന്‍ പലകേന്ദ്രങ്ങളും കാട്ടിയ തിടുക്കം ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ പോലീസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി സഎല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്ന് പ്രവര്‍ത്തിയിലൂടെ കാട്ടിക്കൊടുക്കണം.

പുതുവൈപ്പില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ജനകീയ പ്രതിരോധത്തിന് പരിഹാരം കാണാനും അതിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും അതുവഴി മാത്രമേ കഴിയൂ. മനുഷ്യ ജീവിതത്തിന് ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ലഭ്യമാകണം. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെയും ജീവിത നിലനില്‍പ്പിനെ അപ്പാടെ നിഷേധിച്ചുകൊണ്ടാകരുത് അതെന്നും മുഖപ്രസംഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതവും കൊക്കോക്കോളയും സിങ്കൂരും നന്ദിഗ്രാമുമെല്ലാം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചാണ് മുഖപ്രസംഗം പുരോഗമിക്കുന്നത്. ‘വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യമാതൃകകളെ അപ്പാടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് വന്‍ദുരന്തങ്ങള്‍ക്കായിരിക്കും വഴിതെളിക്കുക. എന്‍ഡോസള്‍ഫാനും കൊക്കോക്കോളയും അതാണ് നമുക്ക് കാണിച്ചു തരുന്നത്. അത്തരം ദുരന്തങ്ങളുടെ മറുപുറമാണ് സിംഗൂരും നന്ദിഗ്രാമും. അവയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ നാം തയ്യാറാകണം’

കൂടാതെ പുതുവൈപ്പില്‍ വികസന പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച സമസ്ത മാനദണ്ഡങ്ങളുടെയും നിരാസം സംഭവിച്ചുവെന്നും മുഖപ്രസംഗം ആരോപിക്കുന്നുണ്ട്. തീരദേശ പരിപാലനം സംബന്ധിച്ച എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും അവിടെ അട്ടിമറിക്കപ്പെട്ടു. പുതുവൈപ്പിലെ ജനങ്ങളുമായി യാതൊരു മുന്‍വിധിയും കൂടാതെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും പത്രം ആവശ്യപ്പെടുന്നു. അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം. അതിക്രമങ്ങള്‍ക്ക് കാരണക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അതിലൂടെ മാത്രമേ കേരളത്തിന് പൊതുവില്‍ പ്രയോജനകരമായേക്കാവുന്ന പദ്ധതിയുടെ ഭാവിയെപ്പറ്റി സമവായത്തിനും മുന്നോട്ടുള്ള മാര്‍ഗ്ഗത്തിനും വഴിയൊരുങ്ങൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍