UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറയുന്നത് സിപിഐ ആണെങ്കിലും ചിലതൊക്കെ സിപിഎം കേള്‍ക്കേണ്ടതുണ്ട്

Avatar

കെ എ ആന്റണി

പറയുന്നത് വല്യേട്ടനാണെങ്കിലും ചെറിയേട്ടനാണെങ്കിലും കാര്യത്തിന്റെ ഗൗരവം അളന്നുകീറി ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നു തോന്നുന്നു. സിപിഎമ്മുകാര്‍ക്ക് ഇന്നു സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന എഡിറ്റോറിയല്‍ അത്രകണ്ട് ദഹിച്ചു എന്നു തോന്നുന്നില്ല. സിപിഎമ്മിനു മാത്രമല്ല, പാര്‍ട്ടിവിട്ട ആളുകള്‍ക്കും ഇക്കാര്യത്തില്‍ ചില തര്‍ക്കങ്ങളുണ്ട്. അവര്‍ക്കൊക്കെ പറയാനുള്ള ഒരു കാര്യം. സിപിഐയുടെ ഭരണപക്ഷ നിലപാടുകളെ കുറിച്ചാണ്. എക്കാലത്തും ഭരണത്തില്‍ തുടരുന്ന ഒരു പാര്‍ട്ടി എന്ന നിലയിലാണ് 1964 ലെ പിളര്‍പ്പിനുശേഷം സിപിഐയെ കേരളം കണ്ടത്. ഭരണത്തോടാര്‍ത്തി പൂണ്ട ഒരു പാര്‍ട്ടി എന്നതിനപ്പുറം നിലനില്‍പ്പിന്റെ രാഷ്ട്രീയംകൂടിയായിരുന്നു അവരന്നു കണ്ടതെന്ന് എത്രപേര്‍ തിരിച്ചറിഞ്ഞുവോ ആവോ? അടിയന്തിരാവസ്ഥയും അക്കാലത്ത് കേരള മുഖ്യനായിരുന്ന സി അച്യുതമേനോനെ സിപിഐ കോണ്‍ട്രിബ്യൂഷന്‍ എന്ന നിലയില്‍ പുച്ഛിച്ചു തള്ളിയ സിപിഎമ്മുകാരും ജനസംഘക്കാരും എങ്ങനെ ഇന്നാ പാര്‍ട്ടിയില്‍ വിലയിരുത്തുന്നു എന്നറിയില്ല. അധികാരശ്രേണികളിലെ ഇടനിലക്കാരായല്ല ഭരണത്തിലേക്ക് ഒരുപടി മുന്നോട്ട് എന്നുകൂടി ആരെങ്കിലും ആ പാര്‍ട്ടിയെ വിലയിരുത്തിയാല്‍ കുറ്റം പറയാനുമാകില്ല.

എന്നുകരുതി സിപിഐ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നു നിര്‍ണയിക്കുന്നത് രാഷ്ട്രീയത്തില്‍ തികച്ചും അത്തുംപുത്തുമായ രാഷ്ട്രീയനേതൃത്വങ്ങളുടെ ഒരു ചൊല്‍ക്കാഴ്ചയായി മാത്രമെ കാണേണ്ടതുള്ളൂ.

ന്യായം ആരു പറഞ്ഞാലും ന്യായമാണ്. ജനയുഗം എഡിറ്റോറിയല്‍ പറഞ്ഞത് വളരെ ലളിതമായ കാര്യമാണ്. അവര്‍ പറഞ്ഞത് ഇത്രമാത്രം; കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു. അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുകൊലയുടേയും വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണ്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങളും മതവിശ്വാസങ്ങളും സ്വഛന്തം പ്രവര്‍ത്തനം നടത്തുന്ന മതേതര ജനാധിപത്യ രാജ്യത്ത് ദാര്‍ഷ്ട്യംകൊണ്ടും ക്രൂരത വിതറി ഭയപ്പെടുത്തിക്കൊണ്ടും ആര്‍ക്കെങ്കിലും വിജയിക്കാമെന്ന് കരുതുന്നത് മൂഢതയാണ്. 

ഇതു പറയുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഔദാര്യത്തോടുകൂടി സര്‍ക്കാരിലെത്തുന്ന സിപിഐ മുഖപത്രം പറയുന്ന അടുത്ത വാചകങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഉത്തരേന്ത്യയിലെ ദളിത് പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് അധികാരത്തിന്റെ അമരത്തിരിക്കാന്‍ ആര്‍ത്തിപൂണ്ട ഡാങ്കേവാദികള്‍ക്ക് വീണുകിട്ടിയ അവസരം ഉപയോഗിക്കുന്ന അവസരാവാദികളായി മാത്രമെ തുടര്‍ന്നങ്ങോട്ടുള്ള ജനയുഗത്തിലെ ചില വാചകങ്ങള്‍ വായിക്കാനാകൂ.

‘കേരളത്തിന് പുറത്ത് പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഈ തന്ത്രം ഉപയോഗിക്കുന്നതിന് പകരം ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്കെതിരെയാണ് ഇത് നടപ്പിലാക്കുന്നത്.’ ഈ പറഞ്ഞതൊക്കെയും യാഥാര്‍ത്ഥ്യമാണ്. പക്ഷേ കണ്ണൂരിലേക്ക് എത്തുമ്പോള്‍, കനയ്യ കുമാറിനെ ഒരു രാഷ്ട്രീയ ഉത്പാദന കേന്ദ്രമാക്കി മാറ്റുന്ന സിപിഐക്ക് എന്താണിത്ര വേവലാതി എന്നു ചിലരെങ്കിലും ചോദിച്ചു കൂടായികയില്ല. 

ഭരണത്തില്‍ തുടര്‍ന്നാലെ പാര്‍ട്ടി വളര്‍ത്താനാവൂ എന്ന ചില ദുഷ്ചിന്തകള്‍ സിപിഐക്കും ഉണ്ടാകും. സോവിയ്റ്റ് പബ്ലിക്കേഷന്‍സ് നിന്നുപോകുന്ന കാലത്ത് ഇതേ സിപിഐ കോണ്‍ഗ്രസിനൊപ്പം ആയിരുന്നുവെന്ന് ഇന്നും സിപിഎമ്മിന്റെ കുട്ടിസഖാക്കള്‍പോലും വിശ്വസിക്കുന്നു. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. രാജന്‍ കേസില്‍ പോലും മൗനം പാലിച്ച അച്യുതമേനോനെ നിര്‍ണയിക്കാനാവാതെ നടന്നവരില്‍ പി കെ വാസുദേവന്‍ നായരും എന്‍ ഇ ബലറാമും ഒക്കെയുണ്ടെന്നത് ചരിത്രത്തിന്റെ ഭാഗമായിരിക്കാം.

ഇവിടെ പ്രശ്‌നം അതല്ല. സിപിഐ മുഖപത്രം ഉന്നയിച്ച പ്രശ്‌നം അത്ര ലളിതമല്ല. ഗവര്‍ണറുടെ പെട്ടെന്നുള്ള ഇടപെടല്‍ പിണറായി അധികാരം ഏല്‍ക്കുമെന്ന് തോന്നുന്ന കാലം മുതല്‍ ബിജെപി-ആര്‍എസ്എസ് ആഗ്രഹിച്ചിരുന്നു എന്നതിന്റെ സൂചനകളായിരുന്നു പിന്നീട് നടന്ന സംഭവങ്ങളത്രയും പിണറായിയുടെ ധര്‍മടം മണ്ഡലത്തെ കേന്ദ്രീകരിച്ച് നടക്കുന്ന പുതുകാല കൊലപാതകങ്ങളെ ചെറുതായി കാണാന്‍ ആകില്ല.

അവിടെയാണ് സിപിഐ മുഖപത്രമായ ജനയുഗം പറയുന്ന ചിലകാര്യങ്ങള്‍ വല്യേട്ടന്‍ പാര്‍ട്ടിയും ഏറ്റെടുക്കേണ്ടത്. കണ്ണൂര്‍ കുളമാണെന്നു കരുതി അങ്ങനെ വരുത്തി തീര്‍ക്കാന്‍ വരുന്ന പ്രലോഭനകാരികളെ കണ്ടില്ലെന്നു നടിക്കുന്നത് സിപിഐ മുഖപത്രം പറയുന്നത് കുറച്ചു കാണേണ്ടതില്ല. ആര്‍ത്തിപൂണ്ട ആര്‍എസ്എസ്സുകാരന്റെ കൊലക്കത്തിക്ക് അടിയറവ് വയ്‌ക്കേണ്ടതല്ല കേരളത്തിന്റെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന കുഞ്ഞേട്ടന്‍ അഥവ സിപിഐയുടെ ഈ നിര്‍ദേശത്തെ ഭരണത്തില്‍ ഇരിക്കുമ്പോഴെങ്കിലും സിപിഎം നേതൃത്വം കാണേണ്ടതുണ്ട്. 

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍