UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഫൂലന്‍ ദേവിയുടെ ജനനവും ജപ്പാന്റെ കീഴടങ്ങലും

Avatar

1945 ആഗസ്ത് 10
ജപ്പാന്‍ കീഴടങ്ങുന്നു

നാഗസാക്കിയില്‍ ആറ്റം ബോംബ് വിണ് 24 മണിക്കൂറിനകം ആഗസത് 10ന് ജപ്പാന്‍ കീഴടങ്ങല്‍ സന്നദ്ധ അറിയിച്ചു. ഈ പ്രഖ്യാപനം ലോകം മുഴുവന്‍ ആഹ്ലാദം പകര്‍ന്നുകൊണ്ട് രക്തരൂക്ഷിതമായ രണ്ടാം ലോകമഹായുദ്ധത്തിന് അവസാനവും കുറിച്ചു. 

രാജാധികാരം സംരക്ഷിക്കണം എന്ന ആവശ്യം മാത്രമാണ് കീഴടങ്ങലിനുള്ള ഉപാധിയായി ജപ്പാന്‍ മുന്നോട്ട് വച്ചത്. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഹിരോഷിമ-നാഗസാക്കി ആറ്റംബോംബാക്രമണത്ത തുടര്‍ന്ന് ജപ്പാനിലെ ചക്രവര്‍ത്തി ഹിരോഷിതോ ആഗസ്ത് 15 ന് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് കീഴടങ്ങല്‍ പ്രഖ്യാപനം നടത്തിയത്. 
ശത്രു പുതിയതും ഭീകരവുമായ ആയുധം പ്രയോഗിച്ചിരിക്കുന്നു എന്ന് പറഞ്ഞ ചക്രവര്‍ത്തി തുടര്‍ന്ന് സഖ്യസേനയോട് അപേക്ഷിച്ചത്-സഹിക്കാനാവാത്ത അവസ്ഥ ഞങ്ങള്‍ സഹിക്കുന്നു എന്നാണ്.

ജപ്പാന്‍ ചക്രവര്‍ത്തിയുടെ കീഴടങ്ങല്‍ പ്രഖ്യാപനം ആറു വര്‍ഷം നീണ്ടുനിന്ന ലോകമഹായുദ്ധത്തിനാണ് അവസാനം കുറിച്ചത്. എന്നാല്‍ ഈ കീഴടങ്ങലിനു മുമ്പ് ജപ്പാന്‍ സൈന്യം ഒത്തിരി പരാക്രമങ്ങള്‍ നടത്തിയിരുന്നു. 1941 ഡിംസബറില്‍ അമേരിക്കയുടെ പസഫിക് നാവികസേന ആസ്ഥാനമായ പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ സൈന്യം തകര്‍ത്തിരുന്നു. ബ്രിട്ടീഷ്- ഏഷ്യന്‍ കോളനികള്‍ പിടിച്ചെടുത്ത ജാപ്പനീസ് സൈന്യം ഇന്ത്യയുടെ പടിവാതില്‍ വരെ എത്തിയിരുന്നു.
ജപ്പാന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ ക്രൂരത നടമാടിയത് 1937 ല്‍ ചൈനയിലാണ്.റേപ്പ് ഓഫ് നാന്‍കിങ്. എന്ന് കുപ്രസിദ്ധി നേടിയ പ്രവര്‍ത്തിയില്‍ നാന്‍കിങിലുള്ള( നിലവില്‍ നാന്‍ജിങ് ) രണ്ടുലക്ഷത്തോളം ചൈനക്കാരെയാണ് ബലാത്സംഗം ചെയ്തതും കൊന്നൊടുക്കിയതും. യുദ്ധകുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ഹീനമായപ്രവര്‍ത്തിയായിട്ടാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.

1963 ആഗസ്ത് 10
ഫൂലന്‍ ദേവിയുടെ ജനനം

കൊള്ളക്കാരിയില്‍ നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ ഫൂലന്‍ദേവി നാല്‍പ്പത്തിനാലാം വയസ്സില്‍ ഷേര്‍സിംഗിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഷേര്‍സിംഗ് കുറ്റവാളിയാണെന്ന് വിചാരണ കോടതി കണ്ടെത്തുന്നത് ആഗസ്ത് 8-ആം തീയതിയാണ്. ഫൂലന്‍ ദേവിയുടെ ജന്മദിനത്തിനു രണ്ടു ദിവസം മുമ്പ്.

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധയായ കൊള്ളക്കാരി ജനിക്കുന്നത് 1963 ആഗസ്ത് 10-നാണ്. ചമ്പല്‍ക്കാടുകളിലെ ഭീകരതയുടെ പര്യായമായി മാറിയിരുന്നു ഫൂലന്‍ ദേവി എന്ന പേര്. ഒരു കീഴ്ജാതിക്കാരിയായ സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ഏവരും ഭയക്കുന്ന ക്രൂരയായ കൊള്ളക്കാരിയിലേക്കുള്ള ഫൂലന്‍ ദേവിയുടെ ജീവിതയാത്ര ഒരു നാടോടിക്കഥപോലെയാണ്. ഉത്തര്‍പ്രദേശിലെ ഖുരക പുര്‍വ ഗ്രാമത്തില്‍ തോണിക്കാരുടെ കുടുംബത്തിലാണ് ഫൂലന്‍ ദേവി ജനിക്കുന്നത്. ജാതിവൈര്യത്തിന്റെ പേരില്‍ പിടികൂടപ്പെട്ട ഫൂലന്‍ ദേവി ക്രൂരമായ ബലാത്സംഗത്തിനു ഇരയായി. അവളെ പിന്നീട് നഗ്നയായി നടത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തന്നെ ദ്രോഹിച്ചവര്‍ക്ക് തിരച്ചടികൊടുക്കാനുള്ള തീരുമാനമാണ് 1979 ല്‍ ഒരു കൊള്ളസംഘത്തിനൊപ്പം ചേരാനും അടുത്ത നാലുവര്‍ഷത്തോളം ചമ്പല്‍ തന്റെ നായാട്ട്‌ മൈതാനമാക്കി മാറ്റാനും ഫൂലന്‍ ദേവിയെ പ്രേരിപ്പിച്ചത്. ഈ കൊള്ളംസംഘത്തിന്റെ തലവന്‍ വിക്രം മല്ലായുമായി ഫൂലന്‍ദേവി അടുപ്പത്തിലുമായി. 1981 ഫെബ്രുവരി 14ന് തന്നെ ബലാത്സംഗം ചെയ്ത ഉന്നതകുല ജാതിയില്‍പ്പെട്ട 22 പേരെ ഫൂലന്‍ദേവിയും സംഘവും കൂട്ടക്കൊല ചെയ്തു. ബഹാമി കൂട്ടക്കൊല്ലയെന്ന് അറിയപ്പെട്ട ഈ അരുംകൊലയ്‌ക്കെതിരെ രാജ്യവാപകമായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് 1983 ഫെബ്രുവരിയയില്‍ കീഴടങ്ങാന്‍ ഫൂലന്‍ ദേവി സന്നദ്ധയായി. അതെത്തുടര്‍ന്ന് അവര്‍ ജയില്‍ ജീവിതത്തിന് അയക്കപ്പെട്ടു.

പതിനഞ്ച് വര്‍ഷത്തിനുശേഷം 1996 ലാണ് ഫൂലന്‍ ദേവി ജയിലില്‍ നിന്ന് സ്വതന്ത്രയാകുന്നത്. പുറത്തിറങ്ങിയ അവര്‍ തെരഞ്ഞെടുത്തതാകട്ടെ രാഷ്ട്രീയവും. പതിനൊന്നാം ലോകസഭയിലേക്ക് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച അവര്‍ ഉത്തര്‍പ്രദേശിലെ മിസാപൂര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1998 ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ പരാജയമായിരുന്നെങ്കിലും 1999 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.

2001 ജൂലായ് 25 നാണ് പാര്‍ലമെന്റില്‍ നിന്ന് അധികം അകലെയല്ലാത്ത അവരുടെ ഔദ്യോഗികവസതിയുടെ മുന്നില്‍വച്ച് മുഖംമൂടികളായ മൂന്ന്‌ പേരുടെ വെടിയേറ്റ് ഫൂലന്‍ ദേവി കൊല്ലപ്പെടുന്നത്. പിന്നീട് പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെട്ട ശ്യാം ഷേര്‍സിംഗ് റാണ സവര്‍ണ്ണജാതിയോട് ഫൂലന്‍ദേവി ചെയ്തതിന് പ്രതികാരമായാണ് അവരെ കൊന്നതെന്ന് പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍