UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യശോദാ ബെന്‍ മോദി അവകാശങ്ങളെക്കുറിച്ച് പറയുമ്പോള്‍

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലക്ക് തനിക്കുള്ള അധികാരാവകാശങ്ങളെക്കുറിച്ച് അറിയണമെന്ന് നരേന്ദ്ര മോദിയുടെ ഭാര്യ ആവശ്യപ്പെട്ട വാര്‍ത്ത പുറത്തുവന്നിട്ട് ഏതാനും ദിവസങ്ങളായി. 

ഈ പദവി ലഭിച്ചിട്ട് ആറ് മാസമായതിനുശേഷമാണ്, തന്റെ സുരക്ഷാ ഭടന്മാര്‍ സര്‍ക്കാര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ താനെന്തുകൊണ്ടു ബസില്‍ സഞ്ചരിക്കുന്നു എന്നും, രാജ്യത്തെ ഏറ്റവും ശക്തനായ മനുഷ്യന്റെ ഭാര്യക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കേണ്ടതെന്നും യശോദാ ബെന്‍ ചോദ്യങ്ങളുയര്‍ത്തിയിരിക്കുന്നത്.

“ഞാന്‍ പ്രധാനമന്ത്രിയുടെ ഭാര്യയാണ്. ഔദ്യോഗിക നടപടിക്രമങ്ങളനുസരിച്ച് എനിക്കു ലഭിക്കേണ്ട സേവനങ്ങള്‍ എന്തൊക്കെയാണെന്നാണ് എനിക്കറിയേണ്ടത്,” എന്നാണ് വിവരാവകാശ നിയമമനുസരിച്ച് ശ്രീമതി മോദി സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നല്കിയ അപേക്ഷയില്‍ ആരാഞ്ഞിരിക്കുന്നത്.

അങ്ങനെയൊരാള്‍ അത്തരമൊരപേക്ഷ നല്കിയത് അല്പം വിചിത്രമായിത്തോന്നാം. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

രണ്ടുപേരുടെയും വിവാഹം കൌമാരകാലത്താണ് കഴിഞ്ഞത്. ചടങ്ങ് നടന്നു ഏറെക്കഴിയും മുമ്പ്  മോദി സ്ഥലംവിട്ടു. വിവാഹമോചിതരായില്ലെങ്കിലും അന്നുമുതല്‍ അവര്‍ വേറിട്ടാണ് കഴിയുന്നതും.

പക്ഷേ, മെയ് മാസത്തില്‍ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ, ഒരു സ്കൂള്‍ അധ്യാപികയായി വിരമിച്ച, മോദിയുടെ ഭാര്യയ്ക്കായി ഗുജറാത്ത് പോലീസിലെ അഞ്ച് സുരക്ഷാ കമാന്‍ഡോകള്‍ 24 മണിക്കൂറും സുരക്ഷാവലയമൊരുക്കി.

പോലീസ് വക്താവ് പറയുന്നതനുസരിച്ചാണെങ്കില്‍ “ഇന്ത്യന്‍ ഭരണഘടനയിലെ നിയമപരമായ ഏത് വകുപ്പുകളും/ചട്ടങ്ങളും അനുസരിച്ചാണ് എനിക്കു സുരക്ഷാ വലയം ഒരുക്കിയിരുക്കുന്നത് എന്നറിയണം” എന്നാണ് യശോദാ ബെന്‍ ആവശ്യപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1984-ല്‍ സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ട സംഭവം സൂചിപ്പിച്ചുകൊണ്ട് കമാന്‍ഡോകളുടെ സാന്നിധ്യത്തില്‍ “തനിക്ക് ഭയം തോന്നുന്നുണ്ടെന്നും” “അംഗരക്ഷകരുടെ എല്ലാ വിശദാംശങ്ങളും അറിയണമെന്നും” യശോദാ ബെന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

ഇതുകൂടാതെ പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലക്ക് തനിക്കര്‍ഹതപ്പെട്ട “മറ്റ് ബഹുമതികളും, സൌകര്യങ്ങളും” എന്തൊക്കെയാണെന്നുമാണ് അവര്‍ ചോദിച്ചിരിക്കുന്നത്.

“ഞാന്‍ പൊതുയാത്രാസൌകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എന്റെ സുരക്ഷാ ഭടന്മാര്‍ അവരുടെ ഔദ്യോഗിക കാറിലാണ് എന്നെ എല്ലായിടത്തും പിന്തുടരുന്നത്,” കത്തില്‍ പറയുന്നു.

“ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമായതുകൊണ്ട്” ഇതിന്റെ വിശദമായ മറുപടി അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി പോലീസ് വക്താവ് അറിയിച്ചു.

അപ്പോള്‍ എന്തൊക്കെ ‘ആനുകൂല്യ’ങ്ങളാണ് യശോദാ ബെന്‍ മോദി പ്രതീക്ഷിക്കുന്നത്? പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും സുരക്ഷ Special Protection Group Act 1988-നു കീഴിലാണ് വരുന്നത്. ഇതനുസരിച്ച് പ്രധാനമന്ത്രിക്കും തൊട്ടടുത്ത കുടുംബാംഗങ്ങള്‍ക്കും പ്രത്യേക സംരക്ഷണ സംഘത്തിലെ സായുധഭടന്മാര്‍ സുരക്ഷാ നല്‍കണം.

പക്ഷേ, പ്രധാനമന്ത്രിയുടെ ഭാര്യക്ക് വേണമെങ്കില്‍ ഈ സുരക്ഷ വേണ്ടെന്നുവെക്കാം.

മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ തൊട്ടടുത്ത കുടുംബാംഗങ്ങള്‍ക്കും സ്ഥാനമൊഴിഞ്ഞതിനുശേഷം, ഒരു വര്‍ഷം ഇതേ സുരക്ഷ ലഭിക്കും. ഏതെങ്കിലും തീവ്രവാദി, ഭീകരവാദി സംഘങ്ങളില്‍നിന്നും ‘കടുത്ത ഭീഷണി തുടരുന്നു’വെങ്കില്‍ അക്കാലയളവിന് ശേഷവും ലഭിക്കും.

തന്റെ സുരക്ഷാ ജീവനക്കാരുടെ പശ്ചാത്തലത്തെക്കുറിച്ചും അവര്‍  ചോദിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ തൊട്ടടുത്ത കുടുംബക്കാര്‍ക്ക് സുരക്ഷാ നല്‍കുന്നവര്‍ ഏതെങ്കിലും തൊഴിലാളി സംഘടനയിലോ, രാഷ്ട്രീയ സംഘടനയിലോ അംഗങ്ങളാവരുതെന്നും,  വിനോദ, സാമൂഹ്യ, മത സ്വഭാവമില്ലാത്തതായ ഏതെങ്കിലും സംഘം, കേന്ദ്രം, കൂട്ടം, സംഘടന എന്നിവയിലോ അംഗങ്ങളാകരുതെന്നും നിയമം അനുശാസിക്കുന്നു.

മാധ്യമങ്ങളുമായി സംവദിക്കുന്നതില്‍നിന്നും, ഏതെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനോ, അതിനു വഴിവെക്കുന്നതിനോ, ജോലിയുടെ ആവശ്യത്തിനല്ലാതെയോ, പൂര്‍ണമായും സാഹിത്യം, കല, ശാസ്ത്രവിഷയങ്ങള്‍ എന്നിവയല്ലാത്തതൊ ആയ  എന്തെങ്കിലും കത്തോ മറ്റ് രേഖകളോ പ്രസിദ്ധീകരിക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ട്.

മന്ത്രിയുടെ ജീവിതപങ്കാളി എന്ന നിലക്ക് വാടകയില്ലാത്ത, സൌകര്യങ്ങളോടുകൂടിയ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഔദ്യോഗിക കാലയളവിലും, അതിനുശേഷം തൊട്ടുള്ള ഒരു മാസവും ഉപയോഗിക്കാന്‍ അദ്ദേഹത്തിന്റെ പങ്കാളിക്ക് അവകാശമുണ്ട്. മന്ത്രി ആ പദവിയിലിരിക്കെ മരിക്കുകയാണെങ്കില്‍ അടുത്ത ഒരു മാസം സൌജന്യമായും പിന്നീട് ഒരു മാസം വാടക നല്‍കിയും അവിടെ താമസിക്കാന്‍ പങ്കാളിക്ക് അവകാശമുണ്ടെന്നാണ് നിയമം. 

ഒരു പാര്‍ലമെന്‍റ് അംഗത്തിന്റെ ഭാര്യയെന്ന നിലക്ക് മോദിയോടൊപ്പം 34 വിമാനയാത്രക്കും, ഒറ്റയ്ക്കാണെങ്കില്‍ എട്ട് യാത്രക്കും അവര്‍ക്ക് അര്‍ഹതയുണ്ട്.

പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്ന കാലത്ത് ഒരു വര്‍ഷം എട്ട് തവണ വരെ തന്റെ താമസസ്ഥലത്തുനിന്നും ഏത് തീവണ്ടിയിലും ഡല്‍ഹിയിലേക്ക് സൌജന്യ തീവണ്ടിയാത്രയും അവര്‍ക്ക് ലഭിക്കും.

യശോദാ ബെന്‍ പ്രതിമാസം 500 രൂപ നല്കിയാല്‍ അവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ മികച്ച മിക്ക ആശുപത്രികളും ഡല്‍ഹിയിലും ശ്രീമതി മോദി താമസിക്കുന്നത് അങ്ങ് ഗുജറാത്തിലുമാണെന്ന് മാത്രം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍