UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാട്ട് സമരം വിരല്‍ ചൂണ്ടുന്നത് സംവരണനയത്തിന്റെ പൊളിച്ചെഴുത്തിലേക്ക്

Avatar

ടീം അഴിമുഖം

വിശാലമായ ദേശീയ സാഹചര്യത്തില്‍ സ്വത്വ രാഷ്ട്രീയത്തിന് പല ചതിക്കുഴികളുമുണ്ട്. ഒരു ജാതിയോ സമുദായമോ ഒന്നടങ്കം ഒരു കക്ഷിക്ക് വോട്ടുചെയ്യുമ്പോള്‍ അവര്‍ തിരിച്ചു വലിയ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കും എന്നത് തീര്‍ച്ചയാണ്.

ഉദാഹരണത്തിന്, 2014-ലെ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ജാട്ടുകള്‍ നിര്‍ണായകമായ രീതിയില്‍ ബി ജെ പിക്കാണ് വോട്ടു ചെയ്തത്. ആദ്യതവണ സാമാജികനായ മനോഹര്‍ ലാല്‍ ഖട്ടറെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍, അധികാരമേറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു ജാട്ട് പ്രക്ഷോഭം ആ സര്‍ക്കാരിനെ മുട്ടുകുത്തിക്കുമെന്ന് ആരും കരുതിയില്ല. സംവരണം നല്‍കുന്നതിനുള്ള നിയമ തടസങ്ങള്‍ക്കും പ്രബലസമുദായത്തിന്റെ  ഒ ബി സി പദവിക്കുള്ള സമ്മര്‍ദത്തിന്നുമിടയില്‍ ചക്രശ്വാസം വലിക്കുകയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ജാട്ട് സമുദായത്തിന് പുറത്തുനിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ ഖട്ടര്‍.

ഹരിയാനയില്‍ ഏതാണ്ടെല്ലായിടത്തും സൈന്യത്തെ വിന്യസിച്ചിരിക്കുന്നു. പ്രക്ഷോഭത്തില്‍ 10 പേര്‍ മരിക്കുകയും 150-ലേറെ പെര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനം സ്തംഭിച്ചിരിക്കുന്നു എന്നുപറയാം. മാരുതിയുടെ കാര്‍ നിര്‍മാണശാലയ്ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരികയും ഡല്‍ഹിയിലേക്കുള്ള ജലവിതരണം മുടങ്ങുകയും ചെയ്തു. സ്വത്വ രാഷ്ട്രീയവും സംവരണവും കൂടിച്ചേര്‍ന്ന മാരകമായ പ്രതിപ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണ്  ജാട്ട് പ്രക്ഷോഭം ഒരിക്കല്‍ക്കൂടി വെളിച്ചത്ത് കൊണ്ടുവന്നത്.

ഹരിയാനയുടെ 7 മുഖ്യമന്ത്രിമാര്‍ ജാട്ട് സമുദായക്കാരായിരുന്നു. സംസ്ഥാന ജനസംഖ്യയുടെ 25% വരുന്ന അവര്‍ക്ക് 90 നിയമസഭാ മണ്ഡലങ്ങളിലെ മൂന്നിലൊന്നിലും മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ്, INLD കക്ഷികളെ നയിക്കുന്നതും ജാട്ട് നേതാക്കളാണ്. എന്നിട്ടും തങ്ങള്‍ക്ക് OBC പദവി വേണമെന്നാണ് പ്രക്ഷോഭത്തിന്റെ നേതാക്കളുടെ ആവശ്യം. അല്ലെങ്കില്‍ ആര്‍ക്കും സംവരണം നല്‍കരുതെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

പ്രബലരായ മുന്നോക്ക സമുദായക്കാര്‍ താഴെതട്ടിലുള്ള ജാതിപദവിയും സംവരണാനുകൂല്യങ്ങളും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന ദേശവ്യാപകമായ പ്രവണതയുടെ  ഭാഗമാണ് ജാട്ട് പ്രക്ഷോഭവും. ഗുജറാത്തില്‍ പട്ടേല്‍, ആന്ധ്രപ്രദേശില്‍ കാപു, മഹാരാഷ്ട്രയില്‍ മറാഠ എന്നീ സമുദായങ്ങളും ഇതേ ആവശ്യക്കാരാണ്. അസമിലെ അഹോം സമുദായം പട്ടികജാതി പദവിയാണ് ആവശ്യപ്പെടുന്നത്. ഈ മുന്നേറ്റങ്ങള്‍ രണ്ടു പ്രധാന പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. തൊഴില്‍സേനയിലേക്ക് കയറിവരുന്ന യുവാക്കള്‍ക്കായി രാജ്യത്തു പ്രതിമാസം ചുരുങ്ങിയത് 10 ലക്ഷം തൊഴിലവസരങ്ങളെങ്കിലും ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ സമ്പദ് രംഗം അതിന്റെ അടുത്തൊന്നും എത്തുന്നില്ല എന്നതാണു വസ്തുത. ഇന്ത്യയുടെ ജനസംഖ്യ മുന്‍തൂക്കം എന്നത് ജനസംഖ്യ ദുരന്തമായി മാറുകയാണ്. രണ്ടാമതായി മേല്‍ക്കയ്യുള്ള കാര്‍ഷികസമുദായങ്ങള്‍ക്ക് -ജാട്ടുകളെപ്പോലെ (അവരില്‍ 87% കര്‍ഷകരാണ്)- കൃഷിയില്‍ നിന്നും വരുമാനം കുറയുകയും വിദ്യാഭ്യാസത്തില്‍ പിന്നിലാവുകയും ചെയ്തു.

ജാട്ടുകളെ ഒ ബി സി കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം 2015-ല്‍ സുപ്രീം കോടതി തടഞ്ഞിരുന്നു. ഹരിയാനയിലെ മുന്‍ ഹൂഡ സര്‍ക്കാരിന്റെ സമാനമായൊരു ഉത്തരവ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും റദ്ദാക്കി. സംവരണമല്ല പരിഹാരം; വിദ്യാഭ്യാസവും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കലുമാണ്. എല്ലാവര്ക്കും പ്രത്യേക പദവി കിട്ടിയാല്‍ പിന്നെ ആരാണ് അതിനു പുറത്തുണ്ടാവുക? ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ചുള്ള ഒരു പുതിയ സംവാദം ഇന്ത്യയില്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയ്ക്ക് ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ് ജാട്ട് പ്രക്ഷോഭം. മികവിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥയ്ക്കും  വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍