UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാട്ട് പ്രക്ഷോഭം: ഹരിയാനയില്‍ സൈന്യമിറങ്ങി

അഴിമുഖം പ്രതിനിധി

സംവരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ജാട്ട് സമുദായത്തിന്റെ പ്രക്ഷോഭം ഹരിയാനയിലെ സാധാരണ ജനജീവിതത്തെ ബാധിച്ചു. 150-ഓളം ട്രെയിനുകള്‍ റദ്ദാക്കുകയും ബസ് ഗതാഗതം താറുമാറാകുകയും ചെയ്തു. റോത്തക്, ഭിവാനി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. ഹരിയാനയിലെ ബുദ്ധ ഖേര റെയില്‍വേ സ്റ്റേഷന് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തീയിട്ടു.

ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രക്ഷോഭകര്‍ പ്രധാന റോഡുകളും മറ്റും ഉപരോധിച്ചു. ജാട്ടുകള്‍ക്ക് സംവരണം നല്‍കുന്നതിനായി ബില്‍ തയ്യാറാക്കുമെന്നും സമരം അവസാനിപ്പിക്കണം എന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വഴങ്ങിയില്ല.

ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് അവരുടെ നിലപാട്. വിശ്വസനീയമായ വാഗ്ദാനങ്ങളൊന്നും മുന്നോട്ടു വച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു.

അതേസമയം, സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സൈന്യം റൂട്ട് മാര്‍ച്ച് നടത്തി. റോത്തക്കില്‍ അക്രമങ്ങള്‍ നടക്കുന്ന മേഖലകളില്‍ എത്തുന്നതിനായി സൈന്യം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു. ഇന്നലെ പ്രക്ഷോഭകര്‍ അക്രമാസക്തര്‍ ആകുകയും പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ജാട്ട് പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് ഹരിയാന പൊലീസ് സമ്മതിച്ചു. ഒഴിവാക്കാനാകുമായിരുന്ന ചില വീഴ്ചകള്‍ വന്നുവെന്ന് ഹരിയാന പൊലീസ് ഡിജിപി യാഷ് പാല്‍ സിംഗാള്‍ പറഞ്ഞു. ശരിയായ വിധമല്ല പൊലീസിനെ വിന്യസിച്ചതെന്നും വീഴ്ചകള്‍ പിന്നീട് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.

റോത്തക്കിലെ പൊലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതായിരുന്നു.

ഇതുവരെ പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും 129 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അക്രമസംഭവങ്ങളില്‍ ഒരാള്‍ മരിക്കുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യോഗങ്ങള്‍ ഒഴിവാക്കാന്‍ ഖാപ് പഞ്ചായത്തുകളോട് പൊലീസ് തലവന്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ വീട്ടിലെ യുവാക്കള്‍ സമരത്തിനായി നഗരത്തിലേക്ക് പോകുന്നതിനെ തടയണമെന്ന് മുതിര്‍ന്നവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തിന് കേന്ദ്രീകൃത നേതൃത്വം ഇല്ലാത്തതും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. നേതൃത്വമില്ലാത്തതിനാല്‍ ചര്‍ച്ച നടത്താന്‍ സാധിക്കുന്നില്ലെന്ന് ഡിജിപി പറഞ്ഞു. 

ബിജെപി എംപി രാജ് കുമാര്‍ സൈനിയുടെ വീട് ഇന്നലെ രാത്രി പ്രക്ഷോഭകര്‍ ആക്രമിച്ചു. കഴിഞ്ഞദിവസം ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീടും ആക്രമണത്തിന് ഇരയായിരുന്നു.

ഒമ്പത് ജില്ലകളിലായി പൊലീസിനെ സഹായിക്കാനായി 13 സൈനിക ദളത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 3000 അര്‍ദ്ധ സൈനികരും രംഗത്തുണ്ട്. കൂടാതെ 23 കമ്പനി സൈനികരെ കൂടെ ഉടന്‍ വിന്യസിക്കും.

റോത്തക്, ജജ്ജാര്‍, ഭിവാനി ജില്ലകളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. കിംവദന്തികള്‍ പരക്കുന്നത് തടയാന്‍ ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് എസ് എം എസ് സംവിധാനങ്ങളും സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്.

ഗതാഗതസൗകര്യങ്ങള്‍ തടസ്സപ്പെട്ടു കിടക്കുന്നതിനാല്‍ ഹരിയാന-ഡല്‍ഹി അതിര്‍ത്തി കടക്കാനാകാതെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഗുഡ്ഗാവ്, സിര്‍സ തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍